പച്ചക്കൊടി മുതൽ സിഎഎ വരെ; യുഡിഎഫിനോടുള്ള മുസ്ലിം അതൃപ്തി നേട്ടമാക്കാൻ പൊന്നാനിയിൽ ഇടതുപക്ഷം

സമസ്തയുടെ ആശങ്കകളെയും മുസ്ലിം ലീഗിനോടുള്ള അതൃപ്തിയെയും അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് ഇടത് മുന്നണി പൊന്നാനിയില് പയറ്റുന്നത്. അതിലെ ആദ്യ ചുവടായിരുന്നു കെ എസ് ഹംസ.

ജിതി രാജ്
3 min read|06 Apr 2024, 04:54 pm
dot image

മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളില് ഒന്ന് പാര്ട്ടിയുടെ ശക്തികേന്ദ്രമെങ്കില് മറ്റേത് പൊന്നാപുരം കോട്ട. മലപ്പുറത്തെയും പൊന്നാനിയെയും മുസ്ലിം ലീഗ് പരമ്പരാഗതമായി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മുന്നണിയുടെ പിന്ബലമില്ലാതെ ഒറ്റയ്ക്ക് നിന്നാല് പോലും മുസ്ലിം ലീഗ് പുഷ്പം പോലെ ജയിക്കുമെന്ന് എതിരാളികള് പോലും പറഞ്ഞിടത്ത് വര്ത്തമാന സാഹചര്യത്തില് ലീഗിന്റെ അടിത്തറയില് എന്തെങ്കിലും ഇളക്കം സംഭവിച്ചു തുടങ്ങിയോ?

ലീഗിനെ സംബന്ധിച്ച്, മലപ്പുറത്ത് കാര്യമായ അനക്കങ്ങളില്ലെങ്കിലും പൊന്നാനിയുടെ സ്ഥിതി അത്ര സുഖകരമല്ല. സമസ്തയും മുസ്ലിം ലീഗ് നേതൃത്വും തമ്മിലുണ്ടായ പടലപ്പിണക്കങ്ങള്, കോണ്ഗ്രസ് നേതാക്കളുടെ തുടര്ച്ചയായ ബിജെപി കൂറുമാറ്റം, അയോധ്യ വിഷയത്തിലെ കോണ്ഗ്രസിന്റെ മൃദുസമീപനം, പൗരത്വ ഭേദഗതി വിഷയത്തെ കോണ്ഗ്രസ് പ്രകടന പത്രികയില് ഉള്പ്പെടുത്താത്തത്, രാഹുല് ഗാന്ധിയുടെ റോഡ്ഷോയില് നിന്ന് ലീഗിന്റെ പതാക മാറ്റി നിര്ത്തിയത് ഇങ്ങനെ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ ചൊല്ലി പരമ്പരാഗതമായ യുഡിഎഫ് മനോനിലകളില് ഉടലെടുത്തിരിക്കുന്ന 'മലബാര് അസംതൃപ്തി' പ്രകടമായി പ്രതിഫലിച്ചേക്കാവുന്ന മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. ഇത് മുസ്ലിം ലീഗിനെ സംബന്ധിച്ച് തീരെ ചെറുതല്ലാത്ത തലവേദനകള് സൃഷ്ടിക്കുന്നുണ്ട്.

ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാമണ്ഡലങ്ങളില് ഏഴും കൈയ്യിലുള്ള മലപ്പുറത്തിന്റെ അവസ്ഥയല്ല, നാലും ഇടതിനൊപ്പമുള്ള പൊന്നാനിയിലേത്. 2021ല് പൊന്നാനിയുടെ പകുതിയിലേറെയും കൈപ്പിടിയിലാക്കിയ ഇടതിന് മണ്ഡലത്തെ ചുവപ്പ് പുതപ്പിക്കാമെന്ന ആത്മവിശ്വാസം നല്കുന്നതും ഈ ഘടകങ്ങളാണ്.

സമസ്തയുടെ ആശങ്കകളെയും മുസ്ലിം ലീഗിനോടുള്ള അതൃപ്തിയെയും തങ്ങള്ക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് ഇടത് മുന്നണി പൊന്നാനിയില് പയറ്റുന്നത്.

കേരളത്തിലെ മുസ്ലിങ്ങള്ക്കിടയിലെ ഏറ്റവും വലിയ സമുദായ സംഘടനയായ സമസ്തയുടെ ഇടത് അനുകൂല നിലപാടുകളും, മുസ്ലിം ലീഗ് നേതൃത്വത്തോട് സമസ്തയ്ക്കുള്ള അഭിപ്രായ വ്യത്യാസങ്ങളും ലീഗില് പ്രതിസന്ധികള് സൃഷ്ടിച്ചിരുന്നു. സിഎഎ അടക്കമുള്ള വിഷയങ്ങളില് ലീഗ് ശക്തമായ നിലപാടുകള് കൈക്കൊള്ളാത്തതും, ബിജെപിയെ കടന്നാക്രമിക്കുന്നതിലെ വിമുഖതയും, എല്ലാം സമസ്തയെ ചൊടിപ്പിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ ക്രിസ്മസ് ആഘോഷച്ചടങ്ങില് ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രനുമായി ചേര്ന്ന് സാദിഖലി തങ്ങള് കേക്ക് മുറിച്ചതടക്കം സമസ്ത വിഷയമാക്കിയിരുന്നു. സമസ്തയ്ക്ക് വലിയ സ്വാധീനമുള്ള പൊന്നാനിയില് സമസ്ത നേതൃത്വത്തിന്റെ എതിര്പ്പ് എങ്ങനെ ലീഗ് മറികടക്കുമെന്നത് മണ്ഡലത്തില് നിര്ണ്ണായകമാണ്. 2019 ല് ബിജെപിക്കെതിരെ യുഡിഎഫിനൊപ്പം നിന്ന സമസ്ത ഇന്ന് ഒരു വിചിന്തനത്തിന്റെ പാതയില് നില്ക്കുന്നതാണ് ലീഗിന് വിനയാകുന്നത്. ബിജെപിക്കെതിരെ കേന്ദ്രത്തില് ശബ്ദമുയര്ത്താന് കോണ്ഗ്രസിനാകുമോ എന്ന ആശങ്ക സമസ്തയ്ക്കുണ്ട്.

സമസ്തയുടെ ആശങ്കകളെയും മുസ്ലിം ലീഗിനോടുള്ള അതൃപ്തിയെയും തങ്ങള്ക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് ഇടത് മുന്നണി പൊന്നാനിയില് പയറ്റുന്നത്. അതിലെ ആദ്യ ചുവടായിരുന്നു കെ എസ് ഹംസയെന്ന സ്ഥാനാര്ത്ഥി. പാര്ട്ടിയില് നിന്നുതന്നെയുള്ള സ്ഥാനാര്ത്ഥി, പാര്ട്ടി ചിഹ്നത്തിലുള്ള മത്സരം, ജില്ലാ നേതൃത്വത്തിന്റെ ഈ ആവശ്യങ്ങളെയെല്ലാം മറികടന്ന് മുസ്ലിം ലീഗ് വിമതനായ കെ എസ് ഹംസയെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയാക്കിയത് ഇതെല്ലാം കണക്കുകൂട്ടിത്തന്നെയാണ്. സമസ്തയുടെ ഇരു വിഭാഗങ്ങളുമായി അടുപ്പമുള്ള നേതാവാണ് കെ എസ് ഹംസ. മുന് മുസ്ലിം ലീഗുകാരനെന്നതിനൊപ്പം സമസ്തയുടെ പ്രീതിയുള്ള നേതാവെന്നതും പൊന്നാനിയുടെ ഇടത് സ്ഥാനാര്ത്ഥിയാകാന് കെഎസ് ഹംസയെ യോഗ്യനാക്കി.

കേന്ദ്ര സര്ക്കാര് ഏത് നിമിഷവും സിഎഎ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയില് തുടരുന്ന മുസ്ലിം സമുദായത്തിന് ഇടതുപക്ഷത്തിന്റെ നിലപാടുകള് നല്കിയ പ്രത്യാശ ചെറുതല്ല. സിഎഎ കേരളത്തില് നടപ്പിലാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, യൂനിഫോം സിവില് കോഡിനും സിഎഎക്കുമെതിരെ ആദ്യമായി പ്രതിഷേധ സംഗമങ്ങള് സംഘടിപ്പിച്ച സിപിഐഎം, ഒടുവിലായി പൗരത്വ ഭേദഗതി നിയമം പിന്വലിക്കുമെന്ന് പ്രകടന പ്രത്രികയിലൂടെ ഉറപ്പ് നല്കിയ കേന്ദ്ര നേതൃത്വം, മുസ്ലിം സമുദായത്തിന് ഒരു പാര്ട്ടിക്ക് കൈകൊടുക്കാന് വേണ്ട എല്ലാ ഘടകങ്ങളും ഇടത് മുന്നണിക്ക് അനുകൂലമായി പൊന്നാനിയിലുണ്ട്. എന്നാല് മുസ്ലിം ലീഗ് കൂടി ഉള്പ്പെട്ട യുഡിഎഫ് എന്ത് ചെയ്തു എന്ന ചോദ്യം ഉയരുമ്പോള് മുസ്ലിം സമുദായത്തെ അഡ്രസ് ചെയ്യുന്ന യുഡിഎഫ് ക്യാമ്പില് പ്രതിസന്ധികള് ഉടലെടുക്കുന്നുണ്ട്. കോണ്ഗ്രസിന്റെ പ്രകടനപത്രികയില് മുസ്ലിങ്ങള്ക്കായി എന്തുണ്ട് എന്ന ചോദ്യം ഇടതുപക്ഷം ഉയര്ത്തുകയും ചെയ്യുന്നു.

ബിജെപിക്കെതിരെ, ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനെതിരെ ശബ്ദമുയര്ത്താന് ഐക്യകണ്ഠേന കോണ്ഗ്രസിനൊപ്പം നില്ക്കുക എന്ന 2019 ലെ നിലപാടില് നിന്ന് കേവലം അനുഭാവികളായ മുസ്ലിം ലീഗുകാര് പോലും ഒന്ന് മാറി ചിന്തിച്ചേക്കാം. ഇവിടെയാണ് പൊന്നാനി മുസ്ലിം ലീഗിന് ആദ്യമായി വെല്ലുവിളിയാകുന്നത്.

കോണ്ഗ്രസിന്റെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള് ഏറെ വൈകി വന്ന വിവേകമെന്ന നിലയിലാണ് മുസ്ലിങ്ങള്ക്കിടയില് സ്വീകരിക്കപ്പെട്ടത്. സിപിഐഎമ്മും സമസ്തയും മുസ്ലിം ലീഗുമടക്കമുള്ള പാര്ട്ടികളെല്ലാം പ്രതിഷേധ റാലികള് നടത്തിയ ശേഷം ആറിത്തുടങ്ങിയിടത്ത് നടത്തിയ പ്രതിഷേധം. മാത്രമല്ല, സിഎഎയ്ക്കെതിരെ ശബ്ദമുയര്ത്തിയ ഇടത് നേതാക്കളെ വോട്ടിന് വേണ്ടിയുള്ള നിലപാടെന്ന് കോണ്ഗ്രസ് നേതാക്കള് പരിഹസിച്ചു. ഇതും പോരാഞ്ഞ്, മുസ്ലിം ലീഗ് എല്ഡിഎഫ് മുന്നണിയിലേക്ക് പോയേക്കുമോ എന്ന ചര്ച്ച വന്നു. ഇതിനിടയില് യൂനിഫോം സിവില്കോഡിനെതിരായ സിപിഐഎം സെമിനാറില് പങ്കെടുക്കണോയെന്ന് ലീഗ് നേതൃത്വം തന്നെ നേതൃയോഗം വിളിച്ച് തീരുമാനിക്കേണ്ടിടത്തെത്തിയിരുന്നു കാര്യങ്ങൾ.

ഏറ്റവും ഒടുവില്, കോണ്ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലും മുസ്ലിം സമുദായത്തിന് നിരാശയാണുള്ളത്. തൊഴില്, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല് നല്കി കോണ്ഗ്രസ് പുറത്തിറക്കിയ പത്രികയില് സിഎഎയ്ക്കെതിരായ സവിശേഷമായ പരാമര്ശം ഒന്നുമില്ല. ബിജെപിക്കെതിരെ, ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനെതിരെ ശബ്ദമുയര്ത്താന് ഐക്യകണ്ഠേന കോണ്ഗ്രസിനൊപ്പം നില്ക്കുക എന്ന 2019 ലെ നിലപാടില് നിന്ന് കേവലം അനുഭാവികളായ മുസ്ലിം ലീഗുകാര് പോലും ഒന്ന് മാറി ചിന്തിച്ചേക്കാം. ഇവിടെയാണ് പൊന്നാനി മുസ്ലിം ലീഗിന് ആദ്യമായി വെല്ലുവിളിയാകുന്നത്.

ഈ അടവുകളെയെല്ലാം പയറ്റി തോല്പ്പിക്കാനാണ് മുസ്ലിം ലീഗ് നേതാവ് എന്നതിലുപരി ആത്മീയ നേതൃത്വ പരിവേഷം കൂടിയുള്ള അബ്ദുസ്സമദ് സമദാനിയെ പാര്ട്ടി കളത്തിലിറക്കിയത്. മൂന്ന് വട്ടം തുടര്ച്ചയായി വിജയിച്ചതെങ്കിലും പൊന്നാനിയില് ഇ ടി മുഹമ്മദ് ബഷീറിന് മുസ്ലിം ലീഗ് മുതിര്ന്ന നേതാവിന്റെ പ്രതിഛായയാണുള്ളത്. ഇതിലും ഒരുപടിയാണ് യുവാക്കള്ക്കുകൂടി താല്പ്പര്യമുള്ള, സമുദായത്തിന് പുറത്തേക്ക് വളര്ന്ന സമദാനിയെന്ന ഇമേജ്.

സ്വന്തം സ്ഥാനാര്ത്ഥിയുടെ പ്രചാരണത്തില് പതാക ഉയര്ത്താനാകാത്ത ഗതികേടിലായോ യുഡിഎഫിലെ പാര്ട്ടികളെന്ന ഇടത് മുന്നണിയില് നിന്നുള്ള ചോദ്യത്തിന് മറുപടി നല്കാന് ഇവര്ക്കായിട്ടില്ല.

2019 ല് നിന്ന് വ്യത്യസ്തമായി മുസ്ലിം സമുദായത്തിനിടയില് ഉരുത്തിരിഞ്ഞിരിക്കുന്ന കോണ്ഗ്രസിനോടുള്ള വിശ്വാസക്കുറവ് യുഡിഎഫിന്, പ്രത്യേകിച്ച് മുസ്ലിം ലീഗിനാണ് തിരിച്ചടിയാകുന്നത്. വയനാട്ടില് നാമനിര്ദ്ദേശ പത്രിക നല്കിയ ശേഷം കോണ്ഗ്രസ് സ്ഥാനാര്ത്ഥി രാഹുല് ഗാന്ധി പങ്കെടുത്ത റാലിയില് കോണ്ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടി ഉയര്ത്താത്തത് വിവാദമായിരിക്കുകയാണല്ലോ! കഴിഞ്ഞ തവണ ലീഗിന്റെ കൊടി, പാക്കിസ്ഥാന് പതാകയെന്ന ആരോപണം ഉയര്ന്നത് ആരും മറന്നുകാണില്ല. ഈ ആരോപണം ആവര്ത്തിക്കാതിരിക്കാനെന്ന് പലകോണില് നിന്നും ന്യായീകരണം ഉയരുമ്പോഴും ലീഗ് നേതൃത്വമടക്കം മുന്നണിക്ക് പ്രതിരോധം തീര്ക്കുമ്പോഴും സ്വന്തം സ്ഥാനാര്ത്ഥിയുടെ പ്രചാരണത്തില് പതാക ഉയര്ത്താനാകാത്ത ഗതികേടിലായോ യുഡിഎഫിലെ പാര്ട്ടികളെന്ന ഇടത് മുന്നണിയില് നിന്നുള്ള ചോദ്യത്തിന് മറുപടി നല്കാന് ഇവര്ക്കായിട്ടില്ല.

ബിജെപിയെ എതിര്ക്കേണ്ട പാര്ട്ടി, അവരെ ഭയന്ന് സ്വന്തം പതാക ഉയര്ത്താന് പോലും മടിക്കുന്നുവെന്ന ആരോപണം ഉയര്ന്നതും പൊന്നാനിയിലടക്കം ഇടത് നേതൃത്വം ചര്ച്ചയാക്കി കഴിഞ്ഞു. സ്വന്തം പാര്ട്ടി പതാക ഉയര്ത്തിപ്പിടിക്കാന് പോലും കഴിവില്ലാത്ത പാര്ട്ടിയായി കോണ്ഗ്രസ് മാറുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ബിജെപി വിരുദ്ധ നിലപാടെടുക്കുന്നവര്ക്കിടയില് കോണ്ഗ്രസ് വേണോ എന്ന് രണ്ടാമതൊന്ന് കൂടി ആലോചിക്കാന് പ്രേരണയായേക്കും. ഈ ചോദ്യം കോണ്ഗ്രസ് ഉള്പ്പെട്ട യുഡിഎഫിലെ ഘടകകക്ഷികളെയെല്ലാം ബാധിക്കും, ഒരുപടി കൂടി കൂടുതലായിരിക്കും മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കിലുണ്ടാക്കുന്ന ആഘാതം.

2021 ലെ നിയമഭസഭാ തിരഞ്ഞെടുപ്പില് തൃത്താലയടക്കം നാല് മണ്ഡലങ്ങള് ഇടതിനൊപ്പം നിന്നത്, മുസ്ലിം വോട്ടുകള് ഇടത് മുന്നണിയിലേക്ക് ഒഴുകിയതിന് തെളിവാണ്. ഈ മണ്ഡലങ്ങളിലെ അന്നത്തെ ട്രെന്റ് നിലനിര്ത്താനാകുകയും മറ്റ് മണ്ഡലങ്ങളില് കൂടി ലീഗ് വോട്ടുകള് ചോരുക കൂടി ചെയ്താല് 53 വര്ഷമായി ബാലി കേറാമലയായി തീര്ന്ന പൊന്നാനിയിലെ കോട്ട ഇടതിന് പൊളിക്കാനായേക്കും. പൊന്നാനിയില് സമദാനി പരാജയപ്പെട്ടാല്, കെ എസ് ഹംസ വിജയിച്ചാല് മുസ്ലിം ലീഗ് - സമസ്ത പോരിന്റെ ബാക്കി പത്രമായും കോണ്ഗ്രസിനോടുള്ള വിശ്വാസ്യത മുസ്ലിങ്ങള്ക്കിടയില് നഷ്ടപ്പെട്ട് തുടങ്ങിയതായും വായിക്കാമെന്നതില് തര്ക്കമില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us