2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഹമാസ് ആക്രമണം നടത്തിയത്. ഇത് തുടക്കം കുറിച്ചത് വലിയ ഒരു ദുരന്തത്തിനായിരുന്നു. ലോക രാജ്യങ്ങൾ ഞെട്ടലോടെ നോക്കി കാണേണ്ടിവന്ന അവസാനമില്ലാത്ത യുദ്ധത്തിനായിരുന്നു ഇത് വഴിവെച്ചത്. ഇസ്രയേൽ-ഹമാസ് ആക്രമണം ആറുമാസം പിന്നിടുമ്പോൾ കൊല്ലപ്പെട്ടത് പതിനായിരങ്ങളാണ്. ഇസ്രയേൽ ആക്രമണം ആരംഭിച്ചത് മുതൽ ഗാസയിൽ മാത്രം കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 33000ത്തിലധികം ആയി.
സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ തുടങ്ങി യുദ്ധകാലത്തും പരിഗണന കിട്ടേണ്ട ജനവാസ മേഖലകളിൽ പോലും ഇസ്രേയൽ ആക്രമണം നടത്തി. ദിവസേന ജീവനറ്റ് വീണവരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഗർഭിണികളുമുണ്ടായിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക രാജ്യങ്ങൾ മുന്നോട്ടുവന്നു. അന്താരാഷ്ട്ര ക്രിമിനല് കോടതിയില് കേസ് എത്തിയിട്ടും ഇസ്രയേല് യുദ്ധം അവസാനിപ്പിച്ചില്ല.
ഒക്ടോബർ 7 ന് ഹമാസ് തോക്കുധാരികൾ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറുകയും 1,200 പേരെ കൊലപ്പെടുത്തുകയും ചെയ്തു. കുട്ടികളും പ്രായമായവരും സാധാരണക്കാരും സൈനികരും ഉൾപ്പെടെ 253 പേരെ തോക്കുധാരികൾ ബന്ദികളാക്കി. എന്നാൽ ഹമാസ് ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചു. ഗാസാ മുനമ്പിനെ ഉപരോധിച്ച് തുടങ്ങിയ വ്യോമാക്രമണം പിന്നീട് നാവികയുദ്ധവും കരയുദ്ധമായും മാറി. ഇതിനിടെ ഒരു ദശലക്ഷത്തിലധികം വടക്കൻ ഗാസ നിവാസികളോട് പലായനം ചെയ്യാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. വടക്കൻ ഗാസ മുനമ്പിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡസൻ കണക്കിന് പലസ്തീനികൾ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം ആഴ്ചകൾ നീണ്ടപ്പോൾ അന്താരാഷ്ട്ര ഇടപെടലുണ്ടാകുകയും ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. ബന്ദിയാക്കിയവരിൽ പകുതിയോളം പേരെ നവംബർ അവസാനത്തിൽ ഒരു ഹൃസ്വ ഉടമ്പടി കരാറിൻ്റെ ഭാഗമായി വിട്ടയക്കുകയും ചെയ്തു. എന്നാൽ മുഴുവൻ ബന്ദികളേയും ഹമാസ് വിട്ടയച്ചിരുന്നില്ല. പൂർണ്ണമായും ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലിന് സാധിക്കാത്തതിനെ തുടർന്നുള്ള അമർഷം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ആക്രണം രൂക്ഷമായതോടെ ഗാസയിൽ പട്ടിണിയും ജല ക്ഷാമവും ജനജീവിതം താറുമാറാക്കി. ഇസ്രയേൽ ഗാസയിലെ ആശുപത്രികളേയും വെറുതെ വിട്ടിരുന്നില്ല. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയ്ക്ക് നേരെയും ഇസ്രയേൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയവരും ജീവനക്കാരുമുൾപ്പടെ നിരവധി ആളുകൾ വെന്തുരുകി കൊല്ലപ്പെട്ടു. അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം നടത്തിയ 13 ദിവസത്തെ ആക്രമണത്തിനിടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. രോഗികൾ, യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ടവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിൻ്റെ ഉപരോധവും കര-വ്യോമാക്രമണവും സൃഷ്ടിച്ചത് പട്ടിണി എന്ന പ്രതിസന്ധിയായിരുന്നു. ഇപ്പോഴും ഗുരുതര സാഹചര്യമാണ് ഗാസയിലേത്. പട്ടിണി തടയാനാകുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ 74,000ത്തിലധികം പലസ്തീൻകാർ ഇവിടെ പട്ടിണിയിലാണ്. രൂക്ഷമായ പട്ടിണിയും ജലക്ഷാമവും ഗാസയെ വലിയ ദുരന്തത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പല രാജ്യങ്ങളും ഭക്ഷണ സാധാനങ്ങളായും വെള്ളം, മെഡിക്കൽ ഉപകരണങ്ങളും ഗാസയിലേയ്ക്ക് എത്തിക്കുന്നുണ്ട്. എന്നാൽ ഈജിപ്തിൽ നിന്ന് ഗാസയിലേയ്ക്ക് തുറക്കുന്ന റഫ അതിർത്തി വഴി എത്തിക്കുന്ന അവശ്യസാധനങ്ങൾക്കും പക്ഷെ ഇസ്രയേൽ നിയന്ത്രണമുണ്ട്. അതിനാൽ തന്നെ ഗാസയിലെ അവശ്യസാധനങ്ങൾക്കുള്ള ക്ഷാമം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
മെഡിറ്ററേനിയൻ കടലിൻ്റെ കിഴക്കൻ തീരത്തുള്ള ഒരു ചെറിയ പ്രദേശമാണ് ഗാസ. 2007 മുതൽ ഹമാസാണ് ഗാസ ഭരിക്കുന്നത്. വിദഗ്ധരുടെയും യുഎന്നിൻ്റെയും അഭിപ്രായത്തിൽ ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും പട്ടിണിയുടെ ഭീഷണി നേരിടുന്നുണ്ട്. ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കുമെന്ന് യുഎൻ പ്രമേയം പാസാക്കിയിരുന്നു. പല രാജ്യങ്ങളും ഭക്ഷണ സാധനങ്ങളും വെള്ളവും മെഡിക്കൽ ഉപകരണങ്ങളും ഈജിപ്തിലെ റഫ അതിർത്തി വഴി ഗാസയിലെത്തിച്ചിരുന്നത്. ഗാസയിലേക്കുള്ള എല്ലാ അതിർത്തികളും ഇസ്രയേൽ അടച്ചുപൂട്ടി. തുറന്നാൽ ഹമാസിനെ സാമ്പത്തികമായി സഹായിച്ച് വീണ്ടും തിരിച്ചുവരുമെന്നുമായിരുന്നു വാദം. റഫ അതിർത്തി കടന്നാണ് പലസ്തീനികൾ പാലയനം നടത്തിയിരുന്നത്.
ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ പോരാട്ടത്തിൻ്റെ അനന്തരഫലങ്ങൾ മിഡിൽ ഈസ്റ്റിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള അപകടസാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഇസ്രായേൽ അതിൻ്റെ വടക്കൻ അതിർത്തിയിൽ ലെബനൻ്റെ ഹിസ്ബുള്ള ഗ്രൂപ്പിൽ നിന്ന് ഒരു വെല്ലുവിളി നേരിട്ടിരുന്നു അന്നുമുതൽ ഇരുപക്ഷവും പോരാടുകയാണ്. കരഭാഗത്ത് മാത്രമല്ല കടലിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. യെമനിലെ ഹൂതികൾ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം വ്യാപകമാക്കിയിട്ടുണ്ട്. ഗാസയിലെ ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെ നിരവധി കപ്പലുകൾക്ക് സൂയസ് കനാലിന് പകരം ഗുഡ് ഹോപ്പ് മുനമ്പ് വഴി ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. ഇത് സഞ്ചാരസമയം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ സഖ്യകക്ഷികൾ പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് പിന്തുണ നീരസമായി മാറുന്നതും പിന്നീട് കണ്ടു. മാർച്ച് 25-ന് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണവും, അൽ ജസീറ ന്യൂസ് ചാനൽ അടച്ചുപൂട്ടണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതും സഖ്യകക്ഷികളെ കൂടുതൽ ഒറ്റപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഇറാൻ എംബസി ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിരുന്നു. ഇത് മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിപ്പിച്ച സംഭവവികാസമാണ്.
യുദ്ധം തുടങ്ങി ആറുമാസത്തിന് ശേഷവും ബന്ദികളുടെ മോചനം അനിശ്ചിതമായി നീളുകയാണ്. ഗാസയിൽ ബന്ദികളാക്കിയ 130 ഓളം പേരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ഞായറാഴ്ച ജറുസലേമിൽ റാലി നടത്തിയിരുന്നു. ഇസ്രയേൽ ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക എന്നിങ്ങനെയുള്ള രണ്ട് ലക്ഷ്യങ്ങളായിരുന്നു ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കാനായില്ല.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെ നിരപ്പാക്കി, കൃഷിഭൂമികൾ നശിപ്പിച്ചു, ഗാസ സ്ട്രിപ്പിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കി, യുദ്ധം അവസാനിച്ചാലും ഗാസയിലെ സമ്പദ്വ്യവസ്ഥ പുനർനിർമ്മിക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കാമെന്ന് യുഎൻ റിപ്പോർട്ട്. ഗാസക്ക് നേരെ ആറുമാസമായി തുടരുന്ന മനസാക്ഷിയില്ലാത്ത യുദ്ധനീക്കങ്ങൾക്ക് ശേഷം തെക്കൻ ഗസ്സയിൽനിന്ന് കൂടുതൽ കരസേനയെ ഇസ്രായേൽ പിൻവലിച്ചു. തങ്ങളുടെ ഒരു ബ്രിഗേഡ് മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂവെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് ഞായറാഴ്ച അറിയിച്ചിരുന്നു.
98-ാം ഡിവിഷന്റെ മൂന്നു ബ്രിഗേഡുകളെയാണ് പിൻവലിച്ചത്. നിലവിൽ ഒരു ഡിവിഷൻ മാത്രമാണ് അവശേഷിക്കുന്നത്. അടുത്തഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐഡിഎഫിന്റെ വിശദീകരണം.
ഇസ്രായേലിൻ്റെ ഈ നീക്കത്തിനു പിന്നിലെ ഉദ്ദേശമെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിസർവ് സൈനികരെ ഒഴിവാക്കാനും ഗാസയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സഖ്യകക്ഷിയായ അമേരിക്ക സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് സൈനിക പിൻമാറ്റമെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അതേസമയം, ലക്ഷക്കണക്കിന് ഗാസക്കാർ അഭയം പ്രാപിച്ച റഫയിൽ കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സൈനികരെ പിൻവലിച്ചതെന്നാണ് വിമർശകരുടെ അഭിപ്രായം.