ഒരുകാലത്തെ ഉറ്റ ചങ്ങാതിമാര്; ഇറാനും ഇസ്രയേലും ബദ്ധവൈരികളായതെങ്ങനെ?

വര്ഷങ്ങളായി ഇറാനും ഇസ്രയേലിനും ഇടയില് നീളുന്ന നിഴല്യുദ്ധങ്ങളുടെ കൂടി ഭാഗമായി വേണം ഇപ്പോഴത്തെ സംഘര്ഷങ്ങളെ കാണാന്

dot image

ഇറാന്-ഇസ്രയേല് സംഘര്ഷം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേല്-ഹമാസ് യുദ്ധവും ഗാസയിലെ ആക്രമണങ്ങളുമാണ് നിലവില് ഇറാന്-ഇസ്രയേല് സംഘര്ഷത്തിന്റെ പ്രകടമായ കാരണമായി നിഴലിക്കുന്നത്. ഗാസയിലെ പോരാട്ടത്തിന് സമാന്തരമായി ഇസ്രയേല് ഹിസ്ബുള്ളയെയും ഹൂതി വിമതരെയും നേരിടേണ്ട ഗതികേടിലാണ്. ഹിസ്ബുള്ളയ്ക്കും ഹൂതി വിമതര്ക്കും ആളും അര്ത്ഥവും നല്കി സഹായിക്കുന്നത് ഇറാനാണെന്നാണ് ഇസ്രയേലിന്റെ വാദം. സിറിയന് തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയന് കോണ്സുലേറ്റിന് നേരെ ഇസ്രയേല് നടത്തിയ വ്യോമാക്രമണത്തില് ഇറാനിയന് റെവല്യൂഷനറി ഗാര്ഡ്സിലെ ഏഴ് മുതിര്ന്ന കമാന്ഡര്മാര് അടക്കമുള്ളവര് കൊല്ലപ്പെട്ടതാണ് നിലവില് ഇറാന്-ഇസ്രയേല് സംഘര്ഷം രൂക്ഷമാകാനുള്ള പ്രത്യക്ഷ കാരണം. എന്നാല് വര്ഷങ്ങളായി ഇറാനും ഇസ്രയേലിനും ഇടയില് നീളുന്ന നിഴല്യുദ്ധങ്ങളുടെ കൂടി ഭാഗമായി വേണം ഇപ്പോഴത്തെ സംഘര്ഷങ്ങളെ കാണാന്.

ഇസ്രയേല്-ഇറാന് നിഴല്യുദ്ധങ്ങളുടെ തുടര്ച്ച

ദശകങ്ങളായി മിഡില് ഈസ്റ്റില് ഇറാന്-ഇസ്രയേല് നിഴല്യുദ്ധം ശക്തമാണ്. സൈനിക-വ്യാപാരമേഖലയിലെല്ലാം ഈ നിഴല്യുദ്ധങ്ങള് ശക്തമാണ്. പുതിയ കാലത്ത് സൈബര് ഇടങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നിഴല്യുദ്ധം രൂക്ഷമായിട്ടുണ്ട്. വിദേശത്തെ നിഴല് ശക്തികളെ ഉപയോഗപ്പെടുത്തിയാണ് ഇറാന് ഇസ്രയേലിന്റെ താല്പ്പര്യങ്ങളെ വെല്ലുവിളിക്കുന്നത്. ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുക എന്നതാണ് ഇറാനെതിരായ നിഴല് യുദ്ധത്തില് ഇസ്രയേലിന്റെ രീതി. ഏറ്റവും ഒടുവില് മുതിര്ന്ന ഇറാനിയന് സൈനിക ഉദ്യോഗസ്ഥരെ ഡമാസ്കസില് വധിച്ചത് ഈ നിലയില് അടുത്തിടെ ഇസ്രയേല് ആസൂത്രണം ചെയ്ത ഏറ്റവും കടുത്ത ആക്രമണങ്ങളില് ഒന്നാണ്. എന്നാല് ഇറാന് ഇസ്രയേലില് നടത്തിയിരിക്കുന്ന ആക്രമണത്തിന് ഇത് മാത്രമല്ല കാരണം. കഴിഞ്ഞ നാലുവര്ഷത്തിനിടയില് ഇറാന്റെ നിരവധി മുതിര്ന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഇസ്രയേല് ലക്ഷ്യം വയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ രൂക്ഷപ്രഹരമായിരുന്നു സിറിയന് തലസ്ഥാനത്ത് അരങ്ങേറിയത്.

2020 ജനുവരിയില് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്ഡ്സിലെ മേജര് ജനറലായിരുന്ന ഖ്വാസിം സുലൈമാനിയുടെ കൊലപാതകം ഇറാനെ അക്ഷരാര്ത്ഥത്തില് പിടിച്ചുലച്ചിരുന്നു. ബാഗ്ദാദില് വെച്ച് അമേരിക്കന് ഡ്രോണ് ആക്രമണത്തിലായിരുന്നു സുലൈമാനിയെ വധിച്ചത്

2020 ജനുവരിയില് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്ഡ്സിലെ മേജര് ജനറലായിരുന്ന ഖ്വാസിം സുലൈമാനിയുടെ കൊലപാതകം ഇറാനെ അക്ഷരാര്ത്ഥത്തില് പിടിച്ചുലച്ചിരുന്നു. ബാഗ്ദാദില് വെച്ച് അമേരിക്കന് ഡ്രോണ് ആക്രമണത്തിലായിരുന്നു സുലൈമാനിയെ വധിച്ചത്. ആക്രമണത്തിന് ചുക്കാന് പിടിച്ചത് അമേരിക്കയാണെങ്കിലും അതില് ഇസ്രയേലിന്റെ അനുഗ്രഹാശിസ്സുകള് വ്യക്തമായിരുന്നു. ഇറാഖിലെ യുഎസ് എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്തതിന് പിന്നില് ഇറാനാണെന്നും അതിന്റെ ആസൂത്രകന് സുലൈമാനി ആണെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സര്ക്കാര് വിരുദ്ധപ്രക്ഷോഭം ശക്തമായിരുന്ന ഇറാഖില് ഇറാന് സ്വാധീനമുള്ള പുതിയ സര്ക്കാര് രൂപീകരണത്തിന് ചുക്കാന് പിടിക്കാനായിരുന്നു സുലൈമാനി ഇറാഖില് എത്തിയത്. ഇറാഖിലെ അമേരിക്കന് സൈനിക താവളങ്ങളെ ആക്രമിച്ചു കൊണ്ടായിരുന്നു ഇറാന്റെ മറുപടി. നൂറുകണക്കിന് അമേരിക്കന് സൈനികര്ക്ക് ആക്രമണത്തില് പരിക്കേറ്റിരുന്നു.

സുലൈമാനി വധത്തിന് ശേഷം ഇറാനും ഇസ്രയേലും രഹസ്യ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും സംഘടിപ്പിച്ചിരുന്നു. ഇറാന്റെ ഏറ്റവും ഉന്നതനായ ആണവശാസ്ത്രജ്ഞന് മൊഹ്സെന് ഫക്രിസാദെ, റെവല്യൂഷനറി ഗാര്ഡ് കേണല് സയാദ് ഖോദയീ എന്നിവരെ 2021ല് ഇസ്രയേല് രഹസ്യ ദൗത്യങ്ങളിലൂടെ വധിച്ചു. ഇതിന് തിരിച്ചടിയെന്ന നിലയില് ഇറാന് ഇസ്രയേല് കമ്പനി ഉടമസ്ഥതയിലുള്ള കപ്പല് ആക്രമിക്കുകയും രണ്ട് പേരെ വധിക്കുകയും ചെയ്തിരുന്നു. 2023 ഡിസംബര് മാസത്തില് ഡമാസ്കസില് വെച്ച് ഇറാനിയന് റെവല്യൂഷനറി ഗാര്ഡ്സിന്റെ ഉപദേഷ്ടാവും ബ്രിഗേഡ് ജനറലുമായ സയ്യിദ് റാസി മൗസവിയെ മിസൈല് ആക്രമണത്തില് ഇസ്രയേല് വധിച്ചു. മൗസവി നേരത്തെ കൊല്ലപ്പെട്ട ഖ്വാസിം സുലൈമാനിയുടെ അടുത്ത അനുയായി ആണെന്നും ഹിസ്ബുള്ളക്ക് ആയുധങ്ങള് നല്കുന്നതില് മേല്നോട്ടം വഹിച്ചിരുന്നുവെന്നുമായിരുന്നു ഇസ്രയേല് ആരോപണം.

സൗഹൃദത്തിന്റെ ഉയരത്തില് നിന്നും ശത്രുതയുടെ കൊടുമുടിയിലേയ്ക്ക്

ഇസ്രയേല് രൂപം കൊള്ളുമ്പോള് മധ്യപൂര്വ്വേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരിലൊരാളായിരുന്നു ഇറാനെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇസ്രയേലുമായി ശക്തമായ സൈനിക-രഹസ്യാന്വേഷണ-വ്യാപാര ബന്ധം ഇറാന് സൂക്ഷിച്ചിരുന്നു. ഒരുകാലത്ത് ഇസ്രയേലിന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്ന ഇറാന് ഇപ്പോള് ഇസ്രയേലിന്റെ ഏറ്റവും വലിയ എതിരാളിയും നമ്പര്വണ് ശത്രുവുമായി മാറിയത് മധ്യപൂര്വ്വേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ വികാസപരിണാമവുമായി ബന്ധപ്പെടുത്തി വേണം അടയാളപ്പെടുത്താന്.

1947ല് ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം പലസ്തീന് വിഷയത്തിന് പരിഹാരം കാണുന്നതിനായി ഐക്യരാഷ്ട്ര സഭ പ്രത്യേകം രൂപീകരിച്ച സമിതിയിലെ 11 അംഗങ്ങളില് ഒരാളായിരുന്നു ഇറാന്. പലസ്തീന് പ്രശ്നപരിഹാരത്തിന് അന്ന് മുന്നോട്ടുവയ്ക്കപ്പെട്ട ബദല് പദ്ധതിയില് ഇന്ത്യയ്ക്കും യുഗോസ്ലാവിയയ്ക്കുമൊപ്പം ഇറാനുമുണ്ടായിരുന്നു. പലസ്തീനിനെ ഒരൊറ്റ പാര്ലമെന്റുള്ള ഒരു സംസ്ഥാനമായി നിലനിര്ത്തുകയും അതിനെ അറബ് ജൂത കന്റോണുകളായി വിഭജിക്കുകയും ചെയ്യുന്ന ഒരു ഫെഡറേറ്റീവ് പരിഹാരമായിരുന്നു നിര്ദ്ദേശിക്കപ്പെട്ടിരുന്നത്. 1948ല് ഇസ്രയേല് രൂപം കൊണ്ടതിന് പിന്നാലെ അതിനെ അംഗീകരിക്കുന്ന രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യം ഇറാനായിരുന്നു. തുര്ക്കിയായിരുന്നു ഇറാനെ ആദ്യം അംഗീകരിച്ച മുസ്ലിം ഭൂരിപക്ഷ രാജ്യം. അന്നത്തെ ഭൗമരാഷ്ട്രീയ പശ്ചാത്തലത്തില് ഇറാന്റെ നീക്കത്തിന് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. സയണിസ്റ്റ് അനുകൂല പാശ്ചാത്യ ശക്തികളുമായി ബന്ധമുണ്ടാക്കാനുള്ള പഴുതായി ഇറാന്, ഇസ്രയേല് ബാന്ധവത്തെ കണ്ടിരുന്നു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധം നിലനിര്ത്തുന്നതിനൊപ്പം അവരുടെ അയല്ക്കാരായ മുസ്ലിം-അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമായിരുന്നു ഈ നീക്കം കൊണ്ട് ഇറാന് ലക്ഷ്യമിട്ടത്.

അറബ്-ഇസ്രയേലി സംഘര്ഷത്തില് അണിനിരന്നിരുന്ന വിശാലമായ അറബ് സൈനിക സഖ്യത്തിനെതിരെ വിശ്വസനീയമായ എതിര്സഖ്യത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മധ്യപൂര്വ്വേഷ്യയിലെയും വടക്കന് ആഫ്രിക്കയിലെയും ചില അറബ് ഇതര രാജ്യങ്ങളുമായി അടുത്ത നയതന്ത്രബന്ധം പുലര്ത്തുകയെന്നതായിരുന്നു പെരിഫെറി സിദ്ധാന്തത്തിന്റെ കാതല്

1950ല് അന്നത്തെ ഇസ്രയേല് പ്രധാനമന്ത്രിയായ ഡേവിഡ് ബെന്-ഗുറിയോണ് മുന്നോട്ടുവെച്ച പെരിഫെറി സിദ്ധാന്തവും ഇറാന്-ഇസ്രായേല് ബന്ധത്തിന് സഹായകമായി. അറബ്-ഇസ്രയേലി സംഘര്ഷത്തില് അണിനിരന്നിരുന്ന വിശാലമായ അറബ് സൈനിക സഖ്യത്തിനെതിരെ വിശ്വസനീയമായ എതിര്സഖ്യത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മധ്യപൂര്വ്വേഷ്യയിലെയും വടക്കന് ആഫ്രിക്കയിലെയും ചില അറബ് ഇതര രാജ്യങ്ങളുമായി അടുത്ത നയതന്ത്രബന്ധം പുലര്ത്തുകയെന്നതായിരുന്നു പെരിഫെറി സിദ്ധാന്തത്തിന്റെ കാതല്. തുര്ക്കി, ഇറാന്, എത്യോപ്യ, ഇറാഖിലെ കുര്ദുകള്, സിറിയ എന്നിവരെയായിരുന്നു ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല് അന്നത്തെ മധ്യപൂര്വ്വേഷ്യന് സാഹചര്യത്തില് ഈ പദ്ധതിയില് ഇസ്രയേലിന്റെ പ്രധാന പങ്കാളികള് ഇറാനായിരുന്നു.

ഇറാനിലെ ഷാ ഭരണകൂടം ഇസ്രയേലിനോട് തുടക്കത്തില് ഉണ്ടായിരുന്ന വിയോജിപ്പ് അവസാനിപ്പിച്ചുകൊണ്ടായിരുന്നു സയണിസ്റ്റ് രാജ്യത്തെ അംഗീകരിക്കാന് തയ്യാറായത്. മധ്യപൂര്വേഷ്യയില് ഒറ്റപ്പെട്ടിരുന്ന ഇസ്രയേലിനെ സംബന്ധിച്ച് ഇറാനുമായുള്ള ഊഷ്മളമായ ബന്ധം ആ ഘട്ടത്തില് അനിവാര്യമായിരുന്നു. 1956ലെ സൂയസ് യുദ്ധത്തിന് ശേഷമാണ് ഇറാനുമായുള്ള ഇസ്രയേലിന്റെ ബന്ധം കൂടുതല് ഊഷ്മളമായത്. സൂയസ് യുദ്ധത്തിന് ശേഷം ഗമാല് അബ്ദുള് നാസര് വിശാല അറബ് ആശയത്തിന്റെയും പാലസ്തീന് വിമോചനത്തിന്റെയും പ്രധാന ശബ്ദമായി മാറി. അറബ് ഇതരരാജ്യങ്ങളായ ഇറാനും തുര്ക്കിയും എത്യോപ്യയും നാസറിന്റെ വിശാല അറബ് ആശയത്തേയും സോവിയറ്റ് സ്വാധീനത്തെയും ഇസ്രയേലിനെപ്പോലെ ഭയപ്പെട്ടു. ഈ ഘട്ടത്തിലായിരുന്നു ഈ രാജ്യങ്ങളെല്ലാം ഇസ്രയേലിന്റെ പെരിഫെറി സിദ്ധാന്തത്തിന്റെ ഭാഗമായുള്ള അടുപ്പം ദൃഢമാകുന്നത്.

1960കളുടെ അവസാനമായതോടെ ഇറാനും ഇസ്രയേലിനും ഇറാഖ് ഒരുപോലെ ഭീഷണിയായി മാറി. ഇസ്രയേല്-ഇറാന് സഹകരണം മറ്റൊരു തലത്തിലേയ്ക്ക് വഴിമാറാന് ഇത് കാരണമായി. ഇറാഖി സര്ക്കാരിനെതിരായ കുര്ദ് വിഭാഗത്തിന്റെ പോരാട്ടത്തെ ഇസ്രയേലും ഇറാനും ഒരുപോലെ പിന്തുണ നല്കി. ഇസ്രായേലി ഇന്റലിജന്സ് ഏജന്സിയായ മൊസാദും ഇറാന്റെ രഹസ്യാന്വേഷണ ഏജന്സി സവാകും സംയുക്തമായാണ് ഇക്കാലയളവില് ഇറാഖി സര്ക്കാരിനെതിരായ കുര്ദ് നീക്കങ്ങളെ സഹായിച്ചിരുന്നത്. 1958ല് ഇസ്രയേല് 'ട്രിഡന്റ്' എന്ന കോഡ് പേരില് ഒരു ത്രിരാഷ്ട്ര രഹസ്യാന്വേഷണ സഖ്യം രൂപപ്പെടുത്തിയിരുന്നു. ഇസ്രയേലിന് പുറമെ തുര്ക്കിയും ഇറാനുമായിരുന്നു ഈ സഖ്യത്തില് ഉണ്ടായിരുന്നത്. ഈ നിലയില് 1950കളുടെ അവസാനത്തില് ബെന്-ഗുറിയോണും ഷായും കെട്ടിപ്പെടുത്ത സൈനിക-രഹസ്യാന്വേഷണ രംഗത്തെ ഇറാന്-ഇസ്രയേല് സൗഹൃദം 1979ലെ ഇസ്ലാമിക വിപ്ലവം വരെ ദൃഢമായി നീണ്ടു നിന്നു.

ഇസ്രയേലുമായുള്ള സൗഹൃദം വഴി അമേരിക്കയിലെ കെന്നഡി ഭരണകൂടത്തിന്റെ ഗുഡ്ബുക്കില് ഇടംപിടിക്കാമെന്ന് ഷാ കണക്കു കൂട്ടിയിരുന്നതായി വിലയിരുത്തലുകളുണ്ട്. 1960ല് ഇസ്രയേലിന് ടെഹ്റാനില് ഒരു അനൗദ്യേഗിക എംബസി തുറക്കാനും സ്ഥിരം ജീവനക്കാരെ നിയമിക്കാനും ഷാ അനുമതി നല്കി. 1967ല് നടന്ന ഇസ്രായേല്-അറബ് യുദ്ധത്തിന് ശേഷം ഇസ്രയേലിനെതിരെ ഇറാനില് എതിര്പ്പുയര്ന്നിരുന്നു. ഇറാനിയന് ജനതയ്ക്ക് എതിര്പ്പുണ്ടായിരുന്നെങ്കിലും ഷാ ഭരണകൂടം ഇസ്രയേലുമായുള്ള ബാന്ധവം തുടര്ന്നു. 1967ലെ യുദ്ധത്തില് ഈജിപ്ത്-സിറിയ-ജോര്ദ്ദാന് സഖ്യത്തെ ഇസ്രയേല് നിലംപരിശാക്കി. ഇതോടെ ഇസ്രയേല് വലിയ ശക്തിയായി മാറുമെന്നും അതിനൊപ്പം ഇറാന് മധ്യപൂര്വ്വേഷ്യയിലെ പ്രധാന ശക്തിയായി തീരുമെന്നുമായിരുന്നു ഷായുടെ കണക്കുകൂട്ടല് എന്നും വിലയിരുത്തലുകളുണ്ട്. ഈ നിലയില് ഇരുരാജ്യങ്ങള്ക്കും ഗുണകരമായ നിലയിലായിരുന്നു ഇറാനിലെ ഇസ്ലാമിക വിപ്ലവം വരെ പെരിഫെറി സിദ്ധാന്തം നടപ്പിലാക്കപ്പെട്ടത്.

ഇസ്രയേല്-ഇറാന് സഖ്യത്തില് സാമ്പത്തിക-ഇന്ധന സഹകരണവും പ്രധാന ഘടകമായിരുന്നു. ഇറാനും-ഇസ്രയേലും സംയുക്തമായി പനാമയിലും സ്വിറ്റ്സര്ലാന്ഡിലും 'ട്രാന്സ് ഏഷ്യാറ്റിക് ഓയില്' എന്നൊരു സംരഭം രൂപീകരിച്ചിരുന്നു. ഇസ്രയേലും നാഷണല് ഇറാനിയന് ഓയില് കമ്പനിയും തമ്മിലുള്ള രഹസ്യ ധാരണയുടെ അടിത്തറയായാണ് ഈ കമ്പനി നിലനിന്നിരുന്നതെന്ന് വെളിപ്പെടുത്തലുകള് ഉണ്ടായിട്ടുണ്ട്. ഇസ്രയേലിന് ഇറാനിയന് എണ്ണ നല്കിയിരുന്ന എലാറ്റ്-അഷ്കെലോണ് പൈപ്പ്ലൈന് കമ്പനി ട്രാന്സ് ഏഷ്യാറ്റിക് ഓയില് കമ്പനിയുടെ ഉപവിഭാഗമായും പ്രവര്ത്തിച്ചിരുന്നു.1973ല് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും നിലപാടില് പ്രതിഷേധിച്ച് അറബ് രാഷ്ട്രങ്ങള് എണ്ണ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു.

ഇറാന് ഇതിന്റെ ഭാഗമായില്ല. മാത്രമല്ല ഈ സാഹചര്യത്തിന്റെ ഗുണഭോക്താക്കളായി മാറാനും ഷാ ഭരണകൂടം തീരുമാനിച്ചു. ഇറാന് അവരുടെ എണ്ണ ഉത്പാദനം അതേ നിലനിലയില് തുടരുകയും അത് വരുമാനമാക്കി മാറ്റുകയും ചെയ്തു. എണ്ണയില് നിന്നും ലഭിച്ച ഇത്തരം വരുമാനം സൈനിക ആവശ്യങ്ങള്ക്കായി വിനിയോഗിക്കാനും ഇറാന് തീരുമാനിക്കുന്നത് ഈ ഘട്ടത്തിലായിരുന്നു. നൂതന മിസൈല് സംവിധാനം രൂപപ്പെടുത്തുന്നതിനായി ഇറാനും ഇസ്രയേലും സംയുക്തമായി രൂപപ്പെടുത്തി 'ഫ്ളവര് പ്രൊജക്ടി'ന് 1977ല് തുടക്കം കുറിച്ചു. എണ്ണക്ക് പകരം ആയുധം എന്ന ധാരണയുടെ പുറത്ത് ഇരുരാജ്യങ്ങളും തമ്മില് ഏര്പ്പെട്ട ആറ് കരാറുകളില് ഒന്നായിരുന്നിത്. ഇസ്രയേലിന്റെ നിരവധി ഗവേഷണ വികസന പദ്ധതികളില് ഇക്കാലയളവില് ഇറാന് പണം മുടക്കിയതിന്റെ കണക്കുകളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഈ നിലയില് ഇറാന്-ഇസ്രയേല് സഹകരണം ഏറ്റവും വിശ്വസ്തരായ ഇഴയടുപ്പക്കാര് എന്ന നിലയില് ലോകത്തെ ഏറ്റവും മികച്ച രാജ്യാന്തര സൗഹൃദക്കാര് എന്ന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരുന്നു. ഏതാണ്ട് ഈ ഘട്ടത്തിലാണ് ഇറാനില് ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതും ഷാ ഭരണകൂടം നിഷ്കാസിതരാകുന്നതും

പ്രവര്ത്തനക്ഷമമായാല് ഇരുരാജ്യങ്ങളുടെ സൈന്യം പുതിയ മിസൈല് പ്രതിരോധം വാങ്ങുമെന്ന ധാരണയോടെ ഇറാന് മിസൈല് അസംബ്ലിങ്ങും പരീക്ഷണ സൗകര്യങ്ങളും ആരംഭിച്ചു. ഇസ്രയേലായിരുന്നു ഈ പദ്ധതികളെ നയിച്ചിരുന്നത്. ഈ നിലയില് ഇറാന്-ഇസ്രയേല് സഹകരണം ഏറ്റവും വിശ്വസ്തരായ ഇഴയടുപ്പക്കാര് എന്ന നിലയില് ലോകത്തെ ഏറ്റവും മികച്ച രാജ്യാന്തര സൗഹൃദക്കാര് എന്ന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരുന്നു. ഏതാണ്ട് ഈ ഘട്ടത്തിലാണ് ഇറാനില് ഇസ്ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതും ഷാ ഭരണകൂടം നിഷ്കാസിതരാകുന്നതും. ഇതോടെ ഏതാണ്ട് കാല് നൂറ്റാണ്ടിലേറെ നീണ്ട ഇസ്രയേല്-ഇറാന് സൗഹാര്ദ്ദം പതിയെ താളം തെറ്റാന് തുടങ്ങി. മധ്യപൂര്വ്വേഷ്യയെ അമേരിക്കന് മേധാവിത്വത്തില് നിന്നും വിമോചിപ്പിക്കുകയാണ് ആദ്യപടിയെന്നായിരുന്നു ഇറാനിലെ ഇസ്ലാമിക ഭരണകൂത്തിന്റെ കാഴ്ചപ്പാട്. പേര്ഷ്യന് ഗള്ഫിലെ അമേരിക്കന് പിന്തുണയുള്ള അറബ് ഭരണകൂടങ്ങളായിരുന്നു ഇസ്ലാമിക് വിപ്ലവത്തിന്റെ അടുത്ത ലക്ഷ്യം. ഇതിനിടയില് ഇറാനില് നിന്നുള്ള ഭീഷണി നേരിടാന് പേര്ഷ്യന് ഗള്ഫിലെ രാജ്യങ്ങള് 1981ല് പേര്ഷ്യന് ഗള്ഫ് കോര്പ്പറേഷന് കൗണ്സിലിന് രൂപം നല്കി. ഇവര് ഇറാനെതിരായി യുദ്ധത്തിലുള്ള സദ്ദാം ഹുസൈന്റെ ഇറാഖിനെ സഹായിക്കുകയും ചെയ്തു.

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഇസ്രയേല്-ഇറാന് ബാന്ധവം

ഷായെപ്പോലെ തന്നെ ഇറാഖ് അടക്കം ശത്രുപക്ഷത്തുള്ള അറബ് അയല്ക്കാരുമായി ബാലന്സ് ചെയ്യുന്നതിന് ഇസ്രയേല് പോലൊരു പങ്കാളിയുടെ അനിവാര്യത ഷാ ഭരണകൂടത്തെ പോലെ ഇറാനിലെ ഇസ്ലാമിക് ഭരണകൂടവും തിരിച്ചറിഞ്ഞു. ഇതിനിടയില് ഇറാഖുമായി നടന്ന യുദ്ധവും ഇറാന്-ഇസ്രയേല് സഹകരണം മുന്നോട്ടു കൊണ്ടുപോകാനുള്ള കാരണങ്ങളിലൊന്നായി. നേര്ത്ത നിലയിലെങ്കിലും ഇസ്രയേലുമായി ഇസ്ലാമിക ഭരണകൂടത്തിന് ഉണ്ടായിരുന്ന സഹകരണം അമേരിക്കന്-ഇസ്രയേലി ആയുധങ്ങള് ലഭിക്കാന് ഇറാന് സഹായകമായി. ഇസ്രയേലിന് ഇറാഖിന്റെ പരാജയം കാണുക എന്ന സ്ഥാപിത താല്പ്പര്യവും ഈ ബന്ധത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

ഇറാഖിനെയും സദ്ദാം ഹുസൈനെയുമായിരുന്നു ഇസ്രയേല് അവര് നേരിടുന്ന ഭീഷണിയുടെ കേന്ദ്രബിന്ദുവായി അക്കാലത്ത് കണ്ടിരുന്നത്. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും സഹായം ലഭിച്ചിരുന്ന ഇറാഖ് അക്കാലത്ത് ഒരു പ്രധാന സൈനിക ശക്തിയായിരുന്നു. ഇറാനെ സംബന്ധിച്ച് അമേരിക്കന് ആയുധ വിതരണത്തില് വെട്ടിക്കുറയ്ക്കല് ഉണ്ടായ സാഹചര്യത്തില് നവീന ആയുധങ്ങള്ക്ക് ഏക ആശ്രയം ഇസ്രയേലായിരുന്നു. ആണവ ആയുധങ്ങളുടെ വിഷയത്തില് അടക്കം ഇറാഖിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും ദീര്ഘകാലത്തേയ്ക്ക് ഇറാനെക്കാള് ബാധിക്കുക തങ്ങളെയാണെന്ന് ഇസ്രയേല് ഭയപ്പെട്ടിരുന്നു. എന്തായാലും ഇറാന് ആവശ്യമുള്ള ആയുധങ്ങള് ഇസ്രയേല് കൈമാറി.

ഫാന്റം ഫൈറ്റര് ജെറ്റ് അടക്കമുള്ള ആയുധങ്ങള് ഇറാന് നല്കാന് ഇസ്രയേല് പ്രധാനമന്ത്രിയായിരുന്നു ബെനാചം ബെഗിന് തയ്യാറായി. എന്നാല് ഇസ്രയേലിന്റെ ഈ നീക്കം അമേരിക്കന് നയങ്ങളുടെ ലംഘനമായി യുഎസ് കണക്കാക്കി. ഇറാന് ആയുധങ്ങള് നല്കാനുള്ള ഇസ്രയേല് നീക്കത്തിനെതിരെ അമേരിക്ക നിലപാട് സ്വീകരിച്ചു. ഇസ്രയേലിന്റെ സഹായങ്ങള്ക്ക് പകരമായി വലിയൊരു വിഭാഗം ഇറാനിയന് ജൂതന്മാരെ ഇറാനില് നിന്നും അമേരിക്കയിലേയ്ക്കോ ഇസ്രയേലിലേയ്ക്കോ കുടിയേറാന് അയത്തൊള്ള ഖെമേനി അനുമതി നല്കി. ഇറാഖിനെതിരായ യുദ്ധത്തില് പിടിച്ചു നില്ക്കാനായി അമേരിക്കയുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാനും ഈ കാലയളവില് ഇറാനിയന് ഭരണകൂടം തയ്യാറായി. അമേരിക്കയും ഇറാനും തമ്മിലുള്ള ആയുധ ഇടപാടില് ഇസ്രയേല് ഒരു മധ്യവര്ത്തി ചാലകമായും ഇക്കാലയളവില് മാറിയതായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇറാഖുമായി യുദ്ധം മുറുകുന്ന ഘട്ടത്തില് ഇസ്രയേലുമായി ഇറാന് രഹസ്യമായി സഹകരിക്കുക്കയും പരസ്യമായി ജൂതരാഷ്ട്രത്തിനെതിരെ വാചകയുദ്ധത്തില് ഏര്പ്പെടുകയും ചെയ്തിരുന്നു.

ആയത്തൊള്ള ഖൊമേനിയുടെ മരണശേഷം ഇറാനിയന് ഭരണകൂടത്തിലെ പുരോഗമനവാദികള് അധികാരത്തിലെത്തുമെന്നും ഇസ്രായേലുമായി മെച്ചപ്പെട്ട ബന്ധം പുലര്ത്തുമെന്നുമായിരുന്നു ഇസ്രയേല് ഭരണകൂടത്തിന്റെ വിലയിരുത്തലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്

1982ല് ഇസ്രയേലിന്റെ ലെബനീസ് അധിനിവേശത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രവര്ത്തനത്തിന് ഇറാന് സഹായം ശക്തമാക്കി. ഇതിനിടയിലും ഇറാനുമായുള്ള ആയുധ വ്യാപാരത്തില് നിന്ന് ഇസ്രയേല് സാമ്പത്തികമായി നേട്ടമുണ്ടാക്കി. ആയത്തൊള്ള ഖൊമേനിയുടെ മരണശേഷം ഇറാനിയന് ഭരണകൂടത്തിലെ പുരോഗമനവാദികള് അധികാരത്തിലെത്തുമെന്നും ഇസ്രായേലുമായി മെച്ചപ്പെട്ട ബന്ധം പുലര്ത്തുമെന്നുമായിരുന്നു ഇസ്രയേല് ഭരണകൂടത്തിന്റെ വിലയിരുത്തലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ഇറാന്-ഇസ്രയേല് ബന്ധം സംഘര്ഷങ്ങള്ക്ക് വഴിമാറുന്നു

1989ല് ആയത്തൊള്ള ഖൊമേനിയുടെ മരണത്തോടെ കുറച്ചുകൂടി യാഥാസ്ഥിതികമായ നയങ്ങളാണ് പക്ഷെ ഇറാന് നടപ്പിലാക്കിയത്. 1990കളോടെ ഇരുരാജ്യങ്ങള്ക്കും ഇടയില് നിലനിന്നിരുന്ന രഹസ്യ സഹകരണവും ഏകദേശം നിലയ്ക്കുന്ന നിലയിലായി. 1990കളോടെ ഇറാന്-ഇസ്രയേല് സൗഹാര്ദ്ദം ഏതാണ്ട് തകര്ന്നു. പിന്നീടുള്ള ദശകങ്ങള് ഇരുരാജ്യങ്ങളും പതിയെ നേരിട്ടുള്ള ശത്രുക്കളായി പരിണമിക്കുന്നതിന്റേതായിരുന്നു. സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖിനെക്കാള് സുരക്ഷാ ഭീഷണിയായി ഇസ്രയേല് ഇറാനെ കാണാന് തുടങ്ങി. ഇസ്രായേല് സഹകരണത്തോടെ ആരംഭിച്ച ഇറാന്റെ മിസൈല് പദ്ധതികള്ക്ക് ഇസ്രായേലിനെ ആക്രമിക്കാന് ശേഷിയുള്ള ദീര്ഘദൂര മിസൈലുകള് രൂപപ്പെടുത്താന് സാധിച്ചിരുന്നു. ഇതിനിടയില് ഇസ്രയേലിന് ഭീഷണിയായി ഇറാന്റെ നിഴല്സംഘങ്ങളായി വിലയിരുത്തപ്പെടുന്ന ഹമാസും ഹിസ്ബുള്ളയും അതിര്ത്തികളില് ഭീഷണിയായി മാറി.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി ആണവശക്തിയാകാനുള്ള ഇറാന്റെ നീക്കങ്ങള് ത്വരിതഗതിയിലാണ്. ഇതോടെ മേഖലയിലെ തങ്ങളുടെ ഏറ്റവും അപകടകാരിയായ എതിരാളി ഇറാനാണെന്ന് ഇസ്രയേല് വിധിയെഴുതി. ഇതിനിടെ മധ്യപൂര്വ്വേഷ്യയിലെ പ്രധാനശക്തികള് തങ്ങളാണ് എന്ന വിലയിരുത്തലിലേയ്ക്ക് ഇക്കാലയളവില് ഇറാനും എത്തി

2005ലെ തിരഞ്ഞെടുപ്പില് ഇറാനിയന് പ്രസിഡന്റ് അഹമ്മദീനെജാദ് ഇസ്രയേല് വിരുദ്ധ വാചാടോപങ്ങള് അഴിച്ചു വിട്ടിരുന്നു. ഇത് ഇറാനില് ഇസ്രയേല് വിരുദ്ധതയുടെ തോതും വര്ദ്ധിപ്പിച്ചിരുന്നു. 2006 ഹിസ്ബൊള്ളയുമായും 2008ല് ഹമാസുമായും ഇസ്രയേല് ഏറ്റുമുട്ടിയിരുന്നു. ഈ രണ്ട് സന്ദര്ഭങ്ങളിലും ഈ സായുധസംഘടനകള്ക്ക് ആളും അര്ത്ഥവും ആയുധവും പരിശീലനവും നല്കി സഹായിച്ചത് ഇറാനായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണണമെങ്കില് മേഖലയില് ഇറാനുള്ള സ്വാധീനം ഇല്ലാതാക്കണമെന്ന തിരിച്ചറിവിലേയ്ക്ക് ഇസ്രയേല് എത്തി ചേര്ന്നുവെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ആണവശക്തിയാകാനുള്ള ഇറാന്റെ നീക്കങ്ങള് ത്വരിതഗതിയിലാണ്. ഇതോടെ മേഖലയിലെ തങ്ങളുടെ ഏറ്റവും അപകടകാരിയായ എതിരാളി ഇറാനാണെന്ന് ഇസ്രയേല് വിധിയെഴുതി. ഇതിനിടെ മധ്യപൂര്വ്വേഷ്യയിലെ പ്രധാനശക്തികള് തങ്ങളാണ് എന്ന വിലയിരുത്തലിലേയ്ക്ക് ഇക്കാലയളവില് ഇറാനും എത്തി. ഈ ലക്ഷ്യത്തില് തങ്ങള്ക്കുള്ള ഏക തടസ്സം ഇസ്രയേല് ആണെന്നാണ് ഇറാന് കണക്കാക്കുന്നത്. ഇതോടെയാണ് തുടക്കത്തില് സൂചിപ്പിക്കപ്പെട്ടത് പോലെ 2015ന് ശേഷം ഇസ്രയേലിനും ഇറാനും ഇടയിലുള്ള നിഴല് യുദ്ധം ശക്തമായതും അത് വ്യത്യസ്ത മേഖലകളിലേയ്ക്ക് വ്യാപിച്ചതും.

റഫറൻസ്: Israel and Iran A Dangerous Rivalry

dot image
To advertise here,contact us
dot image