തമിഴ് മണ്ണില് വിരിയുമോ താമര? അണ്ണാമലൈയെ മുന്നിര്ത്തി കൊങ്കുനാട് തുറുപ്പുചീട്ടാക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ പാർട്ടി ആദ്യം മാര്ക്ക് ചെയ്തിട്ട മണ്ഡലം കോയമ്പത്തൂരാണ്, സ്ഥാനാര്ത്ഥിയാകട്ടെ ബിജെപിയുടെ തമിഴ്നാട്ടിലെ ഫയര്ബ്രാന്ഡ് നേതാവ് അണ്ണാമലൈയും.

ജിതി രാജ്
3 min read|16 Apr 2024, 09:08 pm
dot image

കേരളവും തമിഴ്നാടും ബിജെപിയുടെ വലിയ ലക്ഷ്യങ്ങളുടെ പട്ടികയിലുള്ള തെന്നിന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില് ആ വലിയ നേട്ടത്തിലേക്കുള്ള ചുവടുറപ്പിക്കുകയാണ് പാര്ട്ടിയുടെ മുന്നിലെ പ്രധാന ലക്ഷ്യം. ഇതിനായി മണ്ഡലങ്ങളെ ഗ്രേഡ് അനുസരിച്ച് തിരിച്ച് പ്രവര്ത്തനം ഊര്ജ്ജിതമാക്കിയ ബിജെപി എ പ്ലസ് മണ്ഡലങ്ങളില് മോദിയെ തന്നെ നേരിട്ടിറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ബിജെപിയുടെ സൗത്ത് ഇന്ത്യൻ പ്ലാനിന്റെ ഭാഗമായി ഇതുവരെ അഞ്ച് തവണ കേരളത്തിലും ഏഴ് തവണ തമിഴ്നാട്ടിലും മോദി പ്രചാരണത്തിന് നേരിട്ടെത്തി. ഇനിയും റാലികളും സമ്മേളനങ്ങളും അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ലോക്സഭയിൽ ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്നത് രാജ്യത്തിന്റെ തെക്കേയറ്റത്താണെന്നതാണ് യാഥാർത്ഥ്യം.

എന്തുകൊണ്ട് തമിഴ്നാട്...!

'ഹിന്ദി തെരിയാത് പോടാ', ആരും മറന്നുകാണില്ല ഈ ക്യാംപയിന്. ഹിന്ദി ഭാഷ നിര്ബന്ധമാക്കണമെന്ന ആവശ്യം ഉയര്ന്നുവന്നതോടെ മുഖത്തടിച്ചുകൊണ്ടുള്ള മറു ക്യാംപയിനുമായെത്തിയവരാണ് തമിഴ്നാട്ടുകാര്. ഞങ്ങള്ക്ക് ഹിന്ദി വേണ്ട എന്ന് പറയുന്ന തമിഴര് ഞങ്ങള്ക്ക് താമരയും വേണ്ട അഥവാ ഗോ ബാക്ക് മോദി എന്ന് പലതവണ പറഞ്ഞിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല് ബിജെപിക്ക് വേരാഴ്ത്താന് ഇപ്പോഴും പാകപ്പെട്ട മണ്ണല്ല തമിഴ്നാട്. എന്നാല് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനും ലക്ഷ്യം നേടാനുമുള്ള പരമാവധി പരിശ്രമത്തിലാണ് ബിജെപി. ഇതിനായി ലോക്സഭാ തിരഞ്ഞെടുപ്പില് ആദ്യം മാര്ക്ക് ചെയ്തിട്ട മണ്ഡലം കോയമ്പത്തൂരാണ്, സ്ഥാനാര്ത്ഥിയാകട്ടെ ബിജെപിയുടെ തമിഴ്നാട്ടിലെ ഫയര്ബ്രാന്ഡ് നേതാവ് അണ്ണാമലൈയും.

തമിഴ്നാട് ഒരുമിച്ച് പിടിക്കുക എന്നത് മാറ്റി നിര്ത്തി, കൊങ്കുനാടിനെ ആദ്യം കൈപ്പിടിയിലാക്കാനാണ് ബിജെപി നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ആദ്യമേ മാറി നിന്ന സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം നേരിട്ട് നിര്ദ്ദേശിച്ചാണ് കോയമ്പത്തൂരിലിറക്കിയിരിക്കുന്നത്. കോയമ്പത്തൂരെന്നാല് ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമെന്ന് സാരം. പല്ലടം, സുലൂര്, കൌണ്ടംപാളയം, കോയമ്പത്തൂര് നോര്ത്ത്, കോയമ്പത്തൂര് സൗത്ത്, സിംഗനെല്ലൂര് നിയമസഭാ മണ്ഡലങ്ങള് ഉള്പ്പെട്ടതാണ് കോയമ്പത്തൂര് ലോക്സഭാ മണ്ഡലം. ഈ ആറ് നിയമസഭാ മണ്ഡലങ്ങളില്, കോയമ്പത്തൂര് സൗത്തില് ബിജെപിയുള്ളതൊഴിച്ചാല് മറ്റ് അഞ്ചിടത്തും എഐഎഡിഎംകെയാണ് വിജയിച്ച് നില്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് ഇരു പാര്ട്ടികളും സഖ്യത്തിലായിരുന്നു.

എന്നാല് എഐഎഡിഎംകെയ്ക്ക് വളക്കൂറുള്ള കോയമ്പത്തൂര് മണ്ണില് സഖ്യം അവസാനിപ്പിച്ച ശേഷം മത്സരിക്കുന്നുവെന്ന പ്രത്യേകതയും ബിജെപിക്ക് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ട്. പകരം പട്ടാളി മക്കള് കച്ചി (പിഎംകെ), തമിള് മനില കോണ്ഗ്രസ് (ടിഎംസി), അമ്മ മക്കള് മുന്നേട്ര കഴകം (എഎംഎംകെ) എന്നീ പാര്ട്ടികളുമായാണ് ഇത്തവണ ബിജെപി സഖ്യത്തിലെത്തിയിരിക്കുന്നത്.

നിയമസഭാ മണ്ഡലങ്ങളുടെ കണക്കില് എഐഎഡിഎംകെയ്ക്ക് മുന്തൂക്കം ലഭിക്കുമ്പോഴും ലോക്സഭയിലേക്ക് ഡിഎംകെയെയോ സിപിഐഎമ്മിനെയോ കോണ്ഗ്രസിനെയോ പിന്തുണയ്ക്കുന്നതായിരുന്നു 2019 വരെ ഭൂരിപക്ഷ തിരഞ്ഞെടുപ്പുകളിലും കോയമ്പത്തൂരിന്റെ വഴക്കം. ഇടത് മുന്നണിക്ക് ലോക്സഭാ സീറ്റ് ലഭിച്ചുപോരുന്ന തമിഴ്നാട്ടിലെ മണ്ഡലങ്ങളിലൊന്ന് കൂടിയാണ് കോയമ്പത്തൂര്. 1952 മുതല് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളില് 2014ല് മാത്രമാണ് എഐഎഡിഎംകെയ്ക്ക് കോയമ്പത്തൂരില് നിന്ന് വിജയിക്കാനായത്. 2019 ല് സിപിഐഎം വിജയിച്ച മണ്ഡലം കൂടിയാണ് കോയമ്പത്തൂര്. ഇവിടെ ഇതടക്കം എട്ട് തവണ ഇടത് പാര്ട്ടികള് വിജയിച്ചിട്ടുണ്ട്.

സുരക്ഷിത മണ്ഡലമായ ഡിണ്ടിഗല് സിപിഐഎമ്മിന് വിട്ടുനല്കിയാണ് ഡിഎംകെ കോയമ്പത്തൂര് പകരം വാങ്ങിയിരിക്കുന്നത്. ഇതിലൂടെ പാര്ട്ടി അണികള്ക്കും രാജ്യം ഭരിക്കുന്ന പാര്ട്ടിക്കും കൃത്യമായ സന്ദേശമാണ് സ്റ്റാലിന് നല്കുന്നത്.

ഇങ്ങനെയൊക്കെയെങ്കിലും 1998ല് എഐഎഡിഎംകെയുടെ പിന്തുണയിലും 1999ല് ഡിഎംകെ പിന്തുണയിലും കോയമ്പത്തൂരില് നിന്നും ബിജെപിയുടെ സി പി രാധാകൃഷ്ണന് വിജയിച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില് സംസ്ഥാനം മുഴുവന് ഡിഎംകെ തൂത്തുവാരിയപ്പോഴും കോയമ്പത്തൂര് ലോക്സഭാ മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില് ആറെണ്ണത്തിലും വിജയം എഐഎഡിഎംകെയുടെ ഒപ്പമായിരുന്നു. സൗത്ത് കോയമ്പത്തൂരില് വിജയം ബിജെപിക്കൊപ്പമായിരുന്നു. എന് മണ്ണ് എന് മക്കള് എന്ന പേരില് അണ്ണാമലൈ നടത്തിയ ആറ് മാസം നീണ്ട പദയാത്ര സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്. ഇതെല്ലാം ബിജെപിക്ക് പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങളാണ്.

കൊങ്കുനാട്ടിലെ ബിജെപി സ്വാധീനം

കോയമ്പത്തൂര്, ധര്മപുരി, ഈറോഡ്, കാരൂര്, കൃഷ്ണഗിരി, നാമക്കല്, നീലഗിരി, തിരുപ്പൂര്, സേലം, ഡിണ്ടിഗല്, തിരുചിറപ്പള്ളി, പാലക്കാട് എന്നീ ഭാഗങ്ങള് അടങ്ങിയ കൊങ്കുനാട് മേഖല ബിജെപി മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വയുടെ സാമുദായിക ഘടകങ്ങള്ക്ക് അനുകൂലമായ ഇടമാണ്. തമിഴ്നാട്ടില് ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള ഭാഗവും കൊങ്കുനാടാണ്. അതുകൊണ്ടുതന്നെ കൊങ്കുനാടിന്റെ ഹൃദയഭൂമിയായ കോയമ്പത്തൂരിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തമിഴ്നാട് ഒരുമിച്ച് പിടിക്കുക എന്നത് മാറ്റി നിര്ത്തി, കൊങ്കുനാടിനെ ആദ്യം കൈപ്പിടിയിലാക്കാനാണ് ബിജെപി നീക്കം. ഇതുവഴി താരതമ്യേന ഡിഎംകെയ്ക്ക് സ്വാധീനം കുറഞ്ഞ മേഖലകളില് സ്വാധീനം ശക്തമാക്കുക കൂടിയാണ് പാര്ട്ടിയുടെ ലക്ഷ്യം.

നിലവില് ഡിഎംകെ - എഐഎഡിഎംകെ - ബിജെപി ത്രികോണ മത്സരത്തിനാണ് കോയമ്പത്തൂര് വേദിയാകുന്നത്. മോദി നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന മണ്ഡലം വിട്ടുകൊടുക്കാതിരിക്കാന് അരയും തലയും മുറുക്കിയിറങ്ങാനാണ് സ്റ്റാലിന് നയിക്കുന്ന ദ്രാവിഡ പാര്ട്ടിയുടെ പ്ലാന്. കോയമ്പത്തൂരില് ഇല്ലാതാകുന്ന സ്വാധീനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവും സ്റ്റാലിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. സഖ്യകക്ഷിയായ സിപിഐഎമ്മില് നിന്ന് സീറ്റ് വാങ്ങി ബിജെപിയോട് നേരിട്ട് പോരിനിറങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുരക്ഷിത മണ്ഡലമായ ഡിണ്ടിഗല് സിപിഐഎമ്മിന് വിട്ടുനല്കിയാണ് ഡിഎംകെ കോയമ്പത്തൂര് പകരം വാങ്ങിയിരിക്കുന്നത്. ഇതിലൂടെ പാര്ട്ടി അണികള്ക്കും രാജ്യം ഭരിക്കുന്ന പാര്ട്ടിക്കും കൃത്യമായ സന്ദേശമാണ് സ്റ്റാലിന് നല്കുന്നത്.

ആര് സച്ചിദാനന്ദമാണ് ഡിണ്ടിഗലില് സിപിഐഎം സ്ഥാനാര്ത്ഥി. കോയമ്പത്തൂരില് സ്റ്റാലിനും രാഹുല് ഗാന്ധിയുമടക്കമുള്ളവര് നേരിട്ട് പ്രചാരണം നടത്തുന്നു. ഇതോടുകൂടി തമിഴ്നാട്ടിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി കോയമ്പത്തൂര് മണ്ഡലം മാറിയിരിക്കുകയാണ്. പിടിവിടാതിരിക്കാന് ഇന്ഡ്യ മുന്നണിയും പിടിച്ചെടുക്കാന് ബിജെപിയും ആഞ്ഞ് ശ്രമിക്കുമ്പോള് കൊങ്കുനാട് ആര്ക്കൊപ്പം നില്ക്കുമെന്നത് തമിഴ്നാട്ടില് വേരുറപ്പിച്ചിരിക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തെ സംബന്ധിച്ചും നിര്ണ്ണായകമാണ്.

dot image
To advertise here,contact us
dot image