ഇ-ബസ് മുതൽ ഡ്രൈവിങ് പരിഷ്കാരങ്ങളും മലപ്പുറം മാഫിയയും വരെ; ഈ ടേമിലും ഗണേഷിനെ വിടാതെ വിവാദങ്ങൾ

ഗണേഷ് കുമാറിന്റെ മലപ്പുറം മാഫിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. ഭരണ വീഴ്ചയുടെ ഉത്തരവാദിത്തം മലപ്പുറത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടന്ന് മുസ്ലിം ലീഗ് തിരിച്ചടിച്ചു.

ജിതി രാജ്
2 min read|03 May 2024, 03:02 pm
dot image

ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ വിവാദങ്ങൾക്ക് പഞ്ഞമുണ്ടായിട്ടില്ല. വിവാദമില്ലാത്ത രാഷ്ട്രീയ കാലം ഇല്ലെന്ന് തന്നെ പറയാം. മുമ്പത്തേത് അവിടെ നിൽക്കട്ടെ, നിലവിലെ വിവാദങ്ങളെല്ലാം ആരംഭിക്കുന്നത് ഗണേഷ് കുമാർ ഗതാഗതമന്ത്രിയാകുന്നത് മുതലാണ്. ആന്റണി രാജു മന്ത്രിസ്ഥാനം ഒഴിയുന്നു, ഗണേഷ് ഗതാഗതമന്ത്രിയായി ചുമതലയേൽക്കുന്നു. ആദ്യത്തെ വിവാദം തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ്സുകൾക്കെതിരെയുള്ള പരാമർശമായിരുന്നു. ഇലക്ട്രിക് ബസ്സുകളുടെ 10 രൂപയുടെ സിറ്റി സര്ക്കുലര് സര്വ്വീസ് നിര്ത്താൻ ഒരുങ്ങിയെങ്കിലും സിപിഐഎം അടക്കം ഇടപെട്ടതോടെ പിൻവലിച്ചു.

ഇലക്ട്രിക് ഡബിള് ഡെക്കര് ബസിന്റെ ഉദ്ഘാടനത്തിന്റെ വേദി മാറ്റുകയും മുൻ മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചില്ലെന്നതുമായിരുന്നു അടുത്ത വിവാദം. ആന്റണി രാജു തന്നെ നേരിട്ടെത്തിയതോടെ രണ്ട് നേതാക്കൾ തമ്മിലുള്ള ശീതസമരം പുറത്തെത്തി. മന്ത്രിസ്ഥാനം ലഭിക്കും മുമ്പ് സിനിമാ വകുപ്പ് കൂടി വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് സിപിഐഎം സെക്രട്ടേറിയറ്റ് വെട്ടി. അങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതെ പോകുന്നതിനിടെ മന്ത്രി ഡ്രൈവിങ് ടെസ്റ്റിന് പരിഷ്കരണം കൊണ്ടുവരുന്നു. വിവാദമാകുന്നു. പ്രതിഷേധം കനക്കുന്നു. സമരത്തിലേക്ക് നീങ്ങുന്നു. ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾ മന്ത്രിക്കെതിരെ രംഗത്തെത്തിയതോടെ സംസ്ഥാനത്തുടനീളം ഡ്രൈവിങ് പരിശീലനവും ലൈസൻസ് ടെസ്റ്റുമടക്കം നിലച്ച അവസ്ഥയിലാണ്.

ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങിയതോടെയാണ് ഡ്രൈവിങ് ടെസ്റ്റുകൾ പൂർണമായി നിലച്ചത്. മലപ്പുറത്തും തിരുവനന്തപുരത്തും ഗ്രൌണ്ടുകൾ പ്രതിഷേധക്കാർ പൂട്ടിയിട്ടു. വാഹനങ്ങൾ വിട്ടു കൊടുക്കില്ലെന്ന നിലപാടാണ് സ്കൂളുകൾ സ്വീകരിച്ചത്. കരിദിനം ആചരിക്കാനും ഡ്രൈവിംഗ് സ്കൂളുകൾ ആഹ്വാനം ചെയ്യുന്നതുവരെ കാര്യങ്ങളെത്തി. ഒടുവിൽ ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്താതെ തിരിച്ചു പോകേണ്ട അവസ്ഥയുമുണ്ടായി. ഇതായിരുന്നു തുടക്കം.

എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് മുന്നോട്ടുപോകാമെണ് സർക്കാർ തീരുമാനിച്ചതോടെ ഭരണപക്ഷ അനുകൂല യൂണിയനുകൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ മുൻ നിരയിലണിനിരന്നു. എന്നിട്ടും ഗതാഗതമന്ത്രി പിന്മാറിയില്ല. കച്ചവട താത്പര്യത്തിന്റെ പേരിൽ ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും ഡ്രൈവിങ് സ്കൂൾ ഉടമകൾ നിസ്സഹകരിച്ചാൽ വാടകയ്ക്ക് സ്ഥലമെടുത്ത് സർക്കാർ ടെസ്റ്റ് നടത്തുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് മന്ത്രി. റിവേഴ്സ് പാർക്കിങ്ങും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാനാണ് ഉത്തരവ്.

ഡ്രൈവിങ് ടെസ്റ്റിൽ സുപ്രധാനമായ തീരുമാനമാണ് ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരണം. കാർ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം. എച്ചിന് പകരം സിഗ്സാഗ് ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാർക്ക് ചെയ്യുന്നതും ഉൾപ്പെടുത്തിയിരിക്കുന്നു. കയറ്റിറക്കം, റിവേഴ്സ് ടെസ്റ്റിങ്, റിവേഴ്സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ക്ലിയർ ചെയ്യണം. കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല. മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. നിലവിൽ ഉപയോഗിക്കുന്ന, ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ഇനി ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. 99 സിസിക്ക് മുകളിലായിരിക്കണം വാഹനം എന്നതും നിർബന്ധമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം. പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. പഴക്കംചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം.

ടെസ്റ്റിന് മാത്രമല്ല, പഠിപ്പിക്കുന്നതിനും പരിഷ്കാരങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. ഇതുവരെയുള്ളതുപോലെ ആർക്കും പഠിപ്പിക്കാമെന്ന രീതി ഇനി നടക്കില്ല. ഡ്രൈവിങ് സ്കൂളിലെ പരിശീലകരായി യോഗ്യതയുള്ളവരെ നിയമിക്കണമെന്നതാണ് പ്രധാന നിർദ്ദേശം. റെഗുലർ കോഴ്സായി മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായവരായിരിക്കണമെന്നാണ് നിർദേശം. വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ തന്നെ റോഡ് ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു നിർദേശം. ഉദ്യോഗസ്ഥർക്കുമുണ്ട് നിബന്ധനകൾ. ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. പ്രതിദിനം 60 പേര്ക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സര്ക്കുലര് ഇറക്കാത്തതില് ആര്ടിഒമാര്ക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്. പ്രതിദിനം 30പേര്ക്ക് ടെസ്റ്റ് നടത്താനുള്ള സര്ക്കുലറാണ് നിലവിലുള്ളത്.

ഇങ്ങനെ പരിഷ്കാരങ്ങൾ കൊണ്ടുവന്നാൽ വെട്ടിലാകുക ഡ്രൈവിങ് സ്കൂളുകളാണ്. അതുകൊണ്ടുതന്നെ മന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകായണ് സ്കൂളുകൾ. പരിഷ്കരണത്തിനായി ഇറക്കിയ സര്ക്കുലര് തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. സൗകര്യങ്ങള് ഒരുക്കാതെയുള്ള പരിഷ്ക്കരണം അപ്രായോഗികമെന്നാണ് ഡ്രൈവിങ്ങ് സ്കൂളുകള് പറയുന്നത്.

എന്നാൽ ഇതിനിടെ ഗണേഷ് കുമാറിന്റെ മലപ്പുറം മാഫിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്കാങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ വിവാദ പരാമര്ശം. ഇതിനെതിരെ മുസ്ലിം ലീഗ് നേതൃത്വം അടക്കം രംഗത്തെത്തുന്നതാണ് നിലവിലെ സാഹചര്യം. ഭരണ വീഴ്ചയുടെ ഉത്തരവാദിത്തം മലപ്പുറത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം തിരിച്ചടിച്ചത്. മന്ത്രിയുടേത് അധിക്ഷേപ പരാമര്ശമാണെന്നും പിൻവലിച്ചു മാപ്പ് പറയണമെന്നും ഓള് കേരളാ ഡ്രൈവിംഗ് സ്കൂള് വര്ക്കേഴ്സ് യൂണിയന് സിഐടിയുവും ആവശ്യപ്പെട്ടു.

കേരളത്തിലെ ഗതാഗത സംവിധാനത്തിന്റെ തലവര തന്നെ മാറ്റുന്നതാണ് ഈ പരിഷ്കാരങ്ങൾ. ദുബായിലെ ഡ്രൈവിങ് ടെസ്റ്റ് പോലെ കേരളത്തിലും വേണമെന്നതാണ് ഇതിലൂടെ മന്ത്രി ഉദ്ദേശിക്കുന്നതെന്ന് ചുരുക്കം. കടമ്പകളേറെയുള്ള പരീക്ഷയാണ് യുഎഇയിലേത്. മൂന്നും താലും തവണ ടെസ്റ്റിൽ പങ്കെടുത്തിട്ടും ക്ലിയർ ചെയ്യാൻ പറ്റാത്തവരുണ്ട്. സമാനമായ പരിഷ്കാരങ്ങൾ ഇവിടെ നടപ്പാകുമോ? അനിശ്ചിതമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ മന്ത്രി മുട്ടുമടക്കുമോ? അതോ മന്ത്രിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രതിഷേധക്കാർ തോറ്റുമടങ്ങേണ്ടിവരുമോ ? ഭരണാനുകൂല സംഘടനകൾ വരെ മന്ത്രിക്കെതിരെ തിരിയുമ്പോൾ സിപിഐഎമ്മിന്റെ നിലപാടെന്താകും ? കാത്തിരുന്നു കാണാം.

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ല: കെ ബി ഗണേഷ് കുമാർ
dot image
To advertise here,contact us
dot image