നാലാം തലമുറയുടെ പ്രതിനിധിയായി ഗാന്ധി കുടുംബത്തിൻ്റെ 'ഹൃദയ'ത്തിൽ രാഹുലെത്തുമ്പോൾ

ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അമേഠിയെക്കാളും വൈകാരികമായ അടുപ്പമുള്ളത് റായ്ബറേലിയോടാണെന്നും ഇവിടെ നിന്നാണ് രാഹുല് മത്സരിക്കേണ്ടതെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്

dot image

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് ഗാന്ധി കുടുംബത്തിന്റെ ഹൃദയമെന്ന് റായ്ബറേലിയെ വിശേഷിപ്പിക്കാം. ഗാന്ധി കുടുംബവുമായി അത്രയേറെ വൈകാരിക അടുപ്പം പുലര്ത്തുന്ന റായ്ബറേലിയില് രാഹുല് ഗാന്ധി ഇത്തവണ മത്സരിക്കാനിറങ്ങുമ്പോള് സവിശേഷതകള് ഏറെയാണ്. മുത്തച്ഛനും മുത്തശ്ശിയും അമ്മയും മത്സരിച്ച് വിജയിച്ച മണ്ഡലത്തിലേയ്ക്കാണ് രാഹുല് മത്സരിക്കാനെത്തുന്നത്. 2019ല് ബിജെപി ഉത്തര്പ്രദേശ് തൂത്തുവാരിയപ്പോഴും കോണ്ഗ്രസിനൊപ്പം ഉറച്ച് നിന്ന ഏക മണ്ഡലമായിരുന്നു റായ്ബറേലി. സിറ്റിങ്ങ് എംപിയായ സോണിയാ ഗാന്ധി രാജസ്ഥാനില് നിന്നും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ 2024ല് റായ്ബറേലിയില് കോണ്ഗ്രസിന് വേണ്ടി മത്സരിക്കുന്നത് ആരെന്ന ചോദ്യം ഉയര്ന്നിരുന്നു. പ്രിയങ്ക ഗാന്ധി റായ്ബറേലിയില് മത്സരിക്കുമെന്നായിരുന്നു തുടക്കം മുതല് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല് ഒടുവില് റായ്ബറേലി നിലനിര്ത്താന് കോണ്ഗ്രസ് രാഹുല് ഗാന്ധിയെ തന്നെ നിയോഗിച്ചിരിക്കുകയാണ്.

ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില് 17 തവണയാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥികള് റായ്ബറേലിയില് നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണ വിജയം ബിജെപിക്കൊപ്പവും ഒരു വട്ടം ജനതാപാര്ട്ടിക്കൊപ്പവും റായ്ബറേലി നിലയുറപ്പിച്ചു. 1977ല് ജനതാ പാര്ട്ടി നേതാവ് രാജ് നാരായണ് ഇന്ദിരാ ഗാന്ധിയെ ഇവിടെ പരാജയപ്പെടുത്തി. റായ്ബറേലിയില് ഇതുവരെ പരാജയം രുചിച്ച ഗാന്ധി കുടുംബത്തിലെ പ്രമുഖരുടെ പട്ടികയിലെ ഏക വ്യക്തിയും ഇന്ദിരാ ഗാന്ധിയാണ്. 1996ല് ഷീലാ കൗളിന്റെ മകന് വിക്രം കൗളും 1998ല് മകള് ദീപാ കൗളും ഇവിടെ പരാജയപ്പെട്ടിരുന്നു. ഈ രണ്ട് തവണയും റായ്ബറേലി ബിജെപിക്കൊപ്പമായിരുന്നു. 1999ല് രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ക്യാപ്റ്റന് സതീഷ് ശര്മ്മ റായ്ബറേലി കോണ്ഗ്രസിനായി തിരികെ പിടിച്ചു. പിന്നീട് 2004 അമേഠിയില് നിന്നും റായ്ബറേലിയിലെത്തിയ സോണിയ ഗാന്ധി നാല് തവണ ഇവിടെ വിജയക്കൊടി പാറിച്ചതിന് ശേഷമാണ് ഇത്തവണ ബാറ്റണ് രാഹുലിന് കൈമാറിയിരിക്കുന്നത്.

റായ്ബറേലി മണ്ഡലത്തിന് കീഴില് വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില് നാലിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് വിജയിച്ചത് സമജ് വാദി പാര്ട്ടിയായിരുന്നു. ഒരു സീറ്റില് വിജയം ബിജെപിക്കൊപ്പമായിരുന്നു. സമാജ്വാദി പാര്ട്ടിയുടെ ശക്തികേന്ദ്രമായ റായ്ബറേലിയില് ഇന്ഡ്യ സഖ്യത്തിന്റെ സ്ഥാനാര്ത്ഥിയായി രാഹുല് മത്സരിക്കുമ്പോള് വിജയം എളുപ്പമാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു 2019ല് സോണിയാ ഗാന്ധി ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 2014നെ അപേക്ഷിച്ച് സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം നേര്പകുതിയോളമായി ചുരുങ്ങിയിരുന്നു.

2019ല് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠി ഉപേക്ഷിച്ച് രാഹുല് റായ്ബറേലിയിലേയ്ക്ക് മാറിയത് വിമര്ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കോണ്ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രമായ അമേഠിയില് സ്മൃതി ഇറാനിക്കെതിരെ ശക്തമായ മത്സരത്തിന് തയ്യാറാകാതെ കോണ്ഗ്രസ് പിന്മാറിയെന്ന നിലയിലാണ് വിമര്ശനങ്ങളില് ഏറിയ കൂറും. രാഹുല് ഗാന്ധിയോ അല്ലെങ്കില് പ്രിയങ്ക ഗാന്ധിയോ ഇവിടെ മത്സരിക്കാനെത്തുമെന്നായിരുന്നു കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രതീക്ഷ. എന്നാല് പ്രിയങ്ക മത്സരരംഗത്തിറങ്ങാതിരിക്കുകയും രാഹുല് അമേഠിയെ കൈവിടുകയും ചെയ്തത് സ്മൃതി ഇറാനിക്ക് കാര്യങ്ങള് എളുപ്പമാക്കി എന്നും വിമര്ശനമുണ്ട്. ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അമേഠിയെക്കാളും വൈകാരികമായ അടുപ്പമുള്ളത് റായ്ബറേലിയോടാണെന്നും അവിടെ നിന്നാണ് രാഹുല് മത്സരിക്കേണ്ടതെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ കഴിഞ്ഞ കാലങ്ങള് പരിശോധിച്ചാല് ചരിത്രപരമായി ഗാന്ധി കുടുംബത്തോട് ഏറ്റവും ചേര്ന്ന് നിന്ന മണ്ഡലമാണ് റായ്ബറേലിയെന്നും ഇക്കൂട്ടര് വാദിക്കുന്നു.

വയനാട്ടില് നിന്നും മത്സരിക്കുന്ന രാഹുല് ഗാന്ധി മറ്റൊരു സീറ്റില് കൂടി മത്സരിക്കുന്നതിനെതിരെ വിമര്ശനം ഉയര്ന്നിട്ടുണ്ട്. തെക്കും-വടക്കും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കാനാണ് രാഹുലിനെ റായ്ബറേലിയില് മത്സരിപ്പിക്കുന്നതെന്നാണ് ഇതിനെതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില് കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്ജ്ജുന് ഖര്ഗെയും സംഘടനാ കാര്യ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലും എഐസിസിയുടെ പ്രധാനവക്താവ് ജയറാം രമേശും തെക്കേന്ത്യയില് നിന്നുള്ളവരാണ്. അതു കൊണ്ട് കൂടിയാണ് കോണ്ഗ്രസ് അവരുടെ പ്രധാനനേതാവായ രാഹുല് ഗാന്ധിയെ ഉത്തരേന്ത്യയില് നിന്ന് മത്സരിപ്പിക്കാന് തീരുമാനിച്ചതെന്നും വാദമുണ്ട്. റായ്ബറേലിയിലും വയനാട്ടിലും രാഹുല് വിജയിച്ചാല് ഏത് സീറ്റ് തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് കൂടിയാണ് ഈയൊരു വിശദീകരണത്തിലൂടെ ഉത്തരമാകുന്നത്.

റായ്ബറേലിയുടെ പൊതുതിരഞ്ഞെടുപ്പ് ചരിത്രത്തില് ആദ്യം അടയാളപ്പെടുത്തിയിരിക്കുന്ന പേര് രാഹുല് ഗാന്ധിയുടെ മുത്തച്ഛന് ഫിറോസ് ഗാന്ധിയുടെ പേരാണ്. 1957ലും ഫിറോസ് ഗാന്ധി ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1960ല് ആര്പി സിങ്ങും 1962ല് ബെയ്ജാന്ത് കുറേലും ഇവിടെ നിന്നും വിജയിച്ചു. പിന്നീട് 1967ല് ഇന്ദിര ഗാന്ധി ഇവിടെ മത്സരിക്കാനെത്തി. പിന്നീട് 1971ല് ഇന്ദിരാ ഗാന്ധി വിജയം ആവര്ത്തിച്ചു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില് 1977ല് മൂന്നാം അങ്കത്തിനിറങ്ങിയ ഇന്ദിര ഗാന്ധി ഇവിടെ പരാജയപ്പെട്ടിരുന്നു. പിന്നീട് 1980ല് ഇന്ദിര ഇവിടെ വിജയിച്ചെങ്കിലും ആന്ധ്രാപ്രദേശിലെ മേഡക്കിലെ സീറ്റ് നിലര്ത്തുന്നതിനായി റായ്ബറേലിയില് നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ അരുണ് നെഹ്റു ഉപതിരഞ്ഞെടുപ്പില് ഇവിടെ സ്ഥാനാര്ത്ഥിയായി. പിന്നീട് 1984ലും അരുണ് നെഹ്റു ഇവിടെ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കമല നെഹ്റുവിന്റെ സഹോദരന്റെ ഭാര്യയായ ഷീലാ കൗള് 1989ലും 1991ലും ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചു. എന്നാല് 1996ലും 1998ലും ബിജെപിയുടെ അശോക് സിങ്ങ് റായ്ബറേലിയില് വിജയം കൊയ്തു. പിന്നീട് സതീശ് ശര്മ്മയും സോണിയ ഗാന്ധിയുമാണ് കഴിഞ്ഞ കാല്നൂറ്റാണ്ടായി കോണ്ഗ്രസിന്റെ പതാക ഇവിടെ പാറിക്കുന്നത്. അതിനാല് തന്നെ റായ്ബറേലിയിലെ പോരാട്ടം ഇത്തവണ രാഹുല് ഗാന്ധിയെ സംബന്ധിച്ച് നിര്ണ്ണായകമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us