താനൂർ കസ്റ്റഡി കൊലപാതകം; റിപ്പോർട്ടർ കണ്ടെത്തിയ തെളിവുകൾ നാള്വഴികളില് നിർണ്ണായകമായി

മലപ്പുറം എസ് പി സുജിത് ദാസും ഡിവൈഎസ്പി വി വി ബെന്നിയും താനൂർ കസ്റ്റഡി കൊലപാതകം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങൾ തെളിവ് സഹിതം റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു. കേസ് അന്വേഷണത്തിൽ സിബിഐയ്ക്ക് ഈ തെളിവുകൾ അവഗണിച്ച് മുന്നോട്ടു പോകാനാവില്ല

dot image

മലപ്പുറം: പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര് ജിഫ്രി കൊല്ലപ്പെട്ട കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര് സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സി ജെ എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യത്തിൽ പങ്കാളികളായ പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സിബിഐ നടപടി എന്താണ് എന്നാണ് ഇനി അറിയേണ്ടത്.

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വ്യക്തമാകുന്ന തെളിവുകളും സാക്ഷിമൊഴികളും അടക്കം റിപ്പോർട്ടർ ടി വി പുറത്ത് വിട്ട വിവരങ്ങളാണ് കേസിൽ വഴിത്തിരിവായത്. കേവലം ലഹരിക്കേസായി താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം എഴുതിതള്ളാനുള്ള പൊലീസ് നീക്കം പൊളിച്ചത് തുടക്കം മുതൽ റിപ്പോര്ട്ടര് ടിവിയുടെ മലപ്പുറം റിപ്പോര്ട്ടര്മാരായ മുബഷിർ പി അക്ബർ, അഷ്കര് അലി കരിമ്പ എന്നിവർ നടത്തിയ ജാഗ്രതയോടെയുള്ള വിവരശേഖരണമായിരുന്നു. കസ്റ്റഡി മരണത്തിലെ ദുരൂഹതകള് ഒന്നൊന്നായി ഇരുവരും പുറത്ത് വിട്ടതോടെയാണ് പൊലീസ് പ്രതിക്കൂട്ടിലായത്.

മലപ്പുറം എസ് പി സുജിത് ദാസിൻ്റെയും ഡിവൈഎസ്പി വി വി ബെന്നിയുടെ കള്ളം പൊളിയുന്നു

2023 ആഗസ്റ്റ് 1ന് പുലര്ച്ചെ താമിര് ജിഫ്രിയെ ലഹരിമരുന്ന് കൈവശം വച്ചതിന് കസ്റ്റഡിയില് എടുത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. താനൂര് ദേവധാര് മേല്പാലത്തിനു സമീപത്തു വച്ച് പുലര്ച്ചെ 1.45നാണ് താമിര് ജിഫ്രി അടങ്ങുന്ന അഞ്ചംഗ സംഘത്തെ 18.5 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയില് എടുത്തതെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. സ്റ്റേഷനിലെത്തിച്ച താമിര് ജിഫ്രി പുലര്ച്ചെ 4.30ഓടെ കുഴഞ്ഞ് വീണെന്നും ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നായിരുന്നു തുടക്കത്തിലെ പൊലീസ് ഭാഷ്യം. താമിര് ജിഫ്രി നേരത്തെയും ലഹരി മരുന്ന് കേസില് പ്രതിയായിരുന്നെന്നും മൂന്നോളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

രാത്രി 1.45നാണ് ലഹരി മരുന്നുമായി താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്തതെന്നും പുലർച്ചെ നാലരക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്നുമായിരുന്നു സംഭവം വാർത്തയായതിന് പിന്നാലെ ആധികാരിക വിവരമെന്ന നിലയിൽ മലപ്പുറം എസ്പി എസ് സുജിത് ദാസ് പറഞ്ഞത്. താനൂർ ദേവധാർ പാലത്തിന് സമീപത്തുവെച്ചാണ് പുലർച്ചെ താമിർ ജിഫ്രിയെ പൊലീസ് പിടികൂടിയതെന്ന് ഡിവൈഎസ്പി വി വി ബെന്നിയും പറഞ്ഞിരുന്നു. 18 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പുലർച്ചെ നാല് മണിയോടെ തളർന്നു വീണതായി അറിയിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഡിവൈഎസ്പി വി വി ബെന്നി പറഞ്ഞിരുന്നു.

എന്നാൽ മലപ്പുറം എസ് പി എസ്പി എസ് സുജിത് ദാസും ഡിവൈഎസ്പി വി വി ബെന്നിയും പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇതിന് പിന്നാലെ റിപ്പോർട്ടർ ടി വി പുറത്ത് വിട്ടു. താമിർ ജിഫ്രിയെ താനൂരിൽ നിന്നല്ല അറസ്റ്റ് ചെയ്തതെന്നതിൻ്റെ തെളിവുകൾ പുറത്ത് വിട്ടത് റിപ്പോർട്ടർ ടി വിയായിരുന്നു. മഫ്തിയില് എത്തിയ മലപ്പുറം എസ് പിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം ജൂലൈ 31ന് വൈകുന്നേരമാണ് താമിർ ജഫ്രി ഉൾപ്പെടെയുള്ള സംഘത്തെ ചേളാരിയിൽ നിന്ന് പിടികൂടുന്നത്. പിന്നീട് സ്വിഫ്റ്റ്, ആള്ട്ടോ, നിക്സോണ് കാറുകളിലായി 12 പേരെ മഫ്തിയിലെത്തിയ സംഘം കൂട്ടിക്കൊണ്ടു പോയതും പിന്നീട് ആഗസ്റ്റ് 1ന് പുലർച്ചെ താമിർ ജിഫ്രി കൊല്ലപ്പെട്ടതും.

താമിര് ജിഫ്രി അടക്കം 12 പേരെ ചേളാരിയില് നിന്നും പിടികൂടി മൂന്ന് കാറുകളിലായി താനൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് റിപ്പോര്ട്ടർ ആദ്യം പുറത്തുവിട്ടത്. താമിറിനെ കസ്റ്റഡിയില് എടുത്തത് താനൂരില് നിന്നല്ല ചേളാരിയിൽ നിന്നാണെന്ന നിര്ണ്ണായക വിവരങ്ങൾ സഹോദരൻ ഹാരിസ് ജിഫ്രി റിപ്പോർട്ടർ ടി വിയിലൂടെ വെളിപ്പെടുത്തി. പൊലീസ് എന്തുകൊണ്ട് നുണപറയുന്നു എന്ന ചോദ്യവുമായി മുബഷിർ പി അക്ബർ, അഷ്കര് അലി കരിമ്പയും കൂടുതൽ വിവരങ്ങൾ ശേഖരിച്ചതോടെയാണ് താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നത്. താമിറിന്റെ മൃതദേഹത്തില് മുറിവുകള് കണ്ടെന്നും ശരീരത്തില് വസ്ത്രങ്ങള് ഇല്ലായിരുന്നെന്നുമുള്ള സഹോദരന്റെ വെളിപ്പെടുത്തല് മരണത്തിലെ ദുരൂഹത ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളായി മാറി. സഹോദരന്റെ മരണവിവരം പൊലീസ് അറിയിച്ചത് വളരെ വൈകിയാണെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആരോപിച്ചിരുന്നു. താമിറിനെ ചേളാരിയിലെ വാടകമുറിയിൽ നിന്ന് ആണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പിന്നീട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

താമിറിനെ കസ്റ്റഡിയില് എടുത്തത് താനൂരില് നിന്നാണെന്ന പൊലീസ് വാദം നുണയാണെന്ന് തെളിയിക്കുന്ന സാക്ഷിമൊഴിയും റിപ്പോര്ട്ടര് ടിവി പുറത്ത് കൊണ്ടുവന്നിരുന്നു. ചേളാരി ആലുങ്ങലിലെ വാടകുറിയില് നിന്നാണ് താമിറിനെ കസ്റ്റഡിയില് എടുത്തതെന്നാണ് കെട്ടിട ഉടമ സൈനുദ്ദീന് റിപ്പോര്ട്ടര് ടിവിയോട് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച്ച ഒരു കാര് വന്ന് താമിറിനെ കൊണ്ടുപോയെന്നാണ് അറിഞ്ഞത്. അത് കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം അദ്ദേഹം മരിച്ചതായി ചാനലില് വാര്ത്ത കാണുകയായിരുന്നെന്നും സൈനുദ്ദീന് വെളിപ്പെടുത്തിയിരുന്നു. താമിര് ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്നും കെട്ടിട ഉടമ റിപ്പോര്ട്ടര് ടി വിയോട് വിശദീകരിച്ചിരുന്നു.

താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരില് കണ്ടുവെന്ന് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലും റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു. താമിർ ജിഫ്രിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വെളിപ്പെടുത്തലാണ് കസ്റ്റഡി മർദ്ദനത്തിലാണ് താമിർ കൊല്ലപ്പെട്ടതെന്ന വിവരം ഉറപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിനും സിബിഐയ്ക്കും മുന്നിൽ ഇവർ ഈ മൊഴി ആവർത്തിച്ചതാണ് കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.

എഫ്ഐആറിലെ വൈരുദ്ധ്യങ്ങള് പുറത്ത് കൊണ്ടുവന്നതും റിപ്പോർട്ടർ ടിവി

എഫ്ഐആറിലെ ദുരൂഹതകള് റിപ്പോര്ട്ടര് ടിവി പുറത്ത് കൊണ്ടുവന്നതോടെയാണ് കസ്റ്റഡി മരണത്തില് പൊലീസ് നടത്തിയ ഒളിച്ചുകളികള് കൂടുതല് വ്യക്തമാകുന്നത്. ലഹരി മരുന്ന് കേസില് താമിര് ജിഫ്രിയെ പ്രതിചേര്ത്തത് മരണശേഷമെന്ന നിര്ണ്ണായക വിവരം റിപ്പോര്ട്ടര് ടിവി പുറത്തുകൊണ്ടുവന്നു. താമിര് കുഴഞ്ഞുവീണത് 4.25നാണെന്നാണ് പൊലീസ് എഫ്ഐആറില് രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില് എത്തിക്കുന്നതിന് മുമ്പ് താമിര് മരിച്ചെന്നാണ് ആശുപത്രി അധികൃതര് വ്യക്തമാക്കിയത്.

അടിമുടി വൈരുദ്ധ്യങ്ങളുള്ള എഫ്ഐആര് പൊലീസ് രജിസ്റ്റര് ചെയ്യുന്നത് രാവിലെ 7.03നാണ്. താമിറിന്റെ മരണശേഷം മണിക്കൂറുകള് കഴിഞ്ഞാണ് ലഹരി മരുന്ന് കേസ് ചേര്ത്തുള്ള എഫ്ഐആര് പൊലീസ് രജിസ്റ്റര് ചെയ്യുന്നത്. എഫ്ഐആറിന് വിരുദ്ധമായാണ് പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി സ്വീകരിച്ചതെന്നും വ്യക്തമാണ്. എഫ്ഐആറില് പേരില്ലാത്ത ഉദ്യോഗസ്ഥര്ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. എസ്പിക്ക് കീഴിലുള്ള പ്രത്യേക ആന്റി നാര്ക്കോട്ടിക് സംഘമായ ഡാന്സാഫ് സ്വാഡിലെ ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിരുന്നു. എന്നാൽ ഇവര്ക്ക് കേസുമായി എന്താണ് ബന്ധമെന്ന സൂചന എഫ്ഐആറില് ഇല്ലാത്തതും റിപ്പോര്ട്ടര് ടിവിയാണ് ചൂണ്ടിക്കാണിച്ചത്.

പുലര്ച്ചെ 1.45ന് താമിറിനെ പൊലീസ് സ്റ്റേഷനില് എത്തിച്ചെന്നായിരുന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്. എന്നാല് താമിറിനെ സ്റ്റേഷനില് എത്തിച്ചത് 2.45നാണെന്നാണ് എഫ്ഐആറിലുള്ളത്. താമിര് ജിഫ്രിയെ താനൂരില് നിന്നാണ് പിടികൂടിയതെന്നാണ് എഫ്ഐആറില് പറയുന്നത്. ചേളാരിയില് നിന്നാണ് പിടികൂടിയതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ചോളാരിയില് നിന്നും പിടികൂടിയ താമിറിനെ താനൂരില് എത്തിച്ചത് എന്തിനാണെന്നാണ് കുടുംബത്തിന്റെ ചോദ്യവും റിപ്പോര്ട്ടര് ടിവി ഏറ്റെടുത്തിരുന്നു. മരണവിവരം ഔദ്യോഗികമായി ലഭിച്ചത് രാവിലെ 7.05നെന്ന് പൊലീസ് പറയുമ്പോഴും മരണവിവരം കുടുംബത്തെ അറിയിക്കുന്നത് മൂന്നര മണിക്കൂറിന് ശേഷമാണെന്നും സഹോദരന് ഹാരിസ് റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

ആദ്യം ക്രൈംബ്രാഞ്ച് പിന്നീട് സിബിഐ

റിപ്പോർട്ടർ വാർത്തകളുടെ പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ആദ്യം ജില്ലാ ക്രൈംബാഞ്ചിനെ ചുമതലപ്പെടുത്തിയ അന്വേഷണം പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. താമിറിനെ കസ്റ്റഡിയിലെടുത്ത സ്റ്റേഷനിലെ പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില് നിന്ന് രക്തക്കറ അന്വേഷക സംഘം കണ്ടെത്തിയിരുന്നു. സ്റ്റേഷന്റെ മുകളിലത്തെ നിലയിലാണ് വിശ്രമമുറി. പിന്നീട് രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച വിവരവും റിപ്പോര്ട്ടര് ടിവിയാണ് പുറത്ത് വിട്ടത്. റിപ്പോർട്ടർ ടി വി പുറത്ത് വിട്ട വിവരങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന വിധമായിരുന്നു പിന്നീട് സിബിഐ അന്വേഷണം പുരോഗമിച്ചത്.

താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചതാണ് കേസിൽ വഴിത്തിരിവാകുന്നത്. 'സത്യം പുറത്ത് കൊണ്ട് വരാന് സിബിഐയുടെ സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്. താനൂര് എസ്ഐ കൃഷ്ണലാല് റിപ്പോര്ട്ടര് ടിവിയോട് നടത്തിയ വെളിപ്പെടുത്തലുകള് നിര്ണ്ണായകമാണ്. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന് ജോര്ജ്ജ് എന്നിവരെ സ്ഥലം മാറ്റണം,' എന്നുമായിരുന്നു ഹര്ജിയിലെ ആവശ്യം. കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ശ്രമമെന്നാണ് ഹാരിസ് ജിഫ്രിയുടെ ഹര്ജിയിലെ പ്രധാന ആക്ഷേപം. കൊലപാതകം നടത്തിയ പൊലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നുവെന്നും കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് സ്വാധീനിക്കുന്നുവെന്നും ഹർജിയിൽ ഹാരിസ് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുക്കാൻ കോടതി സിബിഐക്ക് നിർദ്ദേശം നൽകുകയായിരുന്നു. 2023 സെപ്തംബർ എട്ടിനായിരുന്നു ഹൈക്കോടതി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്ജി പരിഗണിച്ചത്. സെപ്തംബർ 20ന് സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. റിപ്പോർട്ടർ ടി വി താനൂർ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിലും റിപ്പോർട്ടർ ടിവി വിവിധ ഘട്ടങ്ങളിൽ പുറത്ത് വിട്ട വിവരങ്ങളാണ് സാധൂകരിക്കപ്പെട്ടത്.

താനൂർ കസ്റ്റഡി കൊലപാതകം അട്ടിമറിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സിബിഐക്ക് അവഗണിക്കാനാവില്ല

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താമിറിൻ്റെ സഹോദരൻ നൽകിയ ഹർജിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ സൂചിപ്പിച്ചിരുന്നു. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന് ജോര്ജ്ജ് എന്നിവരെ സ്ഥലം മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ സിബിഐ അറസ്റ്റ് ചെയ്തവരിൽ ഉന്നത ഉദ്യോഗസ്ഥരില്ല.

നേരത്തെ കേസ് അട്ടിമറിക്കാൻ ഡിവൈഎസ്പി വി വി ബെന്നി ഉടപെട്ടതിൻ്റെ തെളിവുകൾ റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു. താനൂർ സ്റ്റേഷനിലെ ലിബിൻ എന്ന പൊലീസുകാരനുമായും എസ് ഐ കൃഷ്ണലാലുമായും വി വി ബെന്നി നടത്തിയ സംഭാഷണമാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്. താനൂർ കസ്റ്റഡിക്കൊലപാതകത്തില് എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഒളിവില് പോകാനാണ് ലിബിനുമായുള്ള സംഭാഷണത്തിൽ വിവി ബെന്നി ആവശ്യപ്പെടുന്നത്. പ്രതികൾ ആരൊക്കെയാണെന്ന് അറിയാമോ എന്ന ലിബിന്റെ ചോദ്യത്തിന് ക്രൈംബ്രാഞ്ചിൽ നിന്ന് തനിക്ക് വിവരം ഒന്നും കിട്ടിയിട്ടില്ല എന്നായിരുന്നു ഡിവൈഎസ്പി വി വി ബെന്നിയുടെ മറുപടി. ക്രൈംബ്രാഞ്ച് തന്നെ ട്രേസ് ചെയ്യുന്നുണ്ട് എന്നും ഇനി മറ്റു കാര്യങ്ങൾ നോക്കുക വേറെ ആരെങ്കിലും ആയിരിക്കുമെന്നും ഫോണ് സംഭാഷണത്തില് ഡിവൈഎസ്പി പറയുന്നുണ്ട്. മാറി നിൽക്കണോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന് എസ്ഐ അടക്കം എല്ലാവരോടും ഒളിവിൽ പോകാനായിരുന്നു വി വി ബെന്നിയുടെ നിർദ്ദേശം.

താമിർ ജിഫ്രിയെ തല്ലിച്ചതച്ച ഡാന്സാഫ് ഉദ്യോഗസ്ഥര്ക്കൊപ്പം ഇരുന്ന് മൊഴി പഠിപ്പിക്കാന് വരണമെന്ന് എസ് ഐ കൃഷ്ണലാലിനെ വി വി ബെന്നി നിര്ബന്ധിക്കുന്ന ശബ്ദരേഖയും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. മലപ്പുറത്ത് വരാന് ഡിവൈഎസ്പി പല തവണ നിര്ബന്ധിക്കുന്നത് ഈ ശബ്ദരേഖയില് വ്യക്തമാണ്. മൊഴി ഷേപ്പ് ചെയ്യണമെന്നും ഡിവൈഎസ്പി ബെന്നി താനൂര് എസ് ഐ ആയിരുന്ന കൃഷ്ണലാലിനോട് ആവശ്യപ്പെടുന്നുണ്ട്. പ്രതികളെ ആര് കൊണ്ടുവന്നു എന്ന മൊഴി ഷേപ്പ് ചെയ്യണം. ഡാന്സാഫ് ടീമുമായും സംസാരിക്കണം. തന്റെ അടുത്ത് വരേണ്ട. തൃശൂരോ പൊന്നാനിയിലോ ചാവക്കാടോ ഇരിക്കാം. രണ്ട് ദൂതന്മാരെ എസ് ഐയുടെ അടുത്തേക്ക് പറഞ്ഞു വിടാമെന്നും ഡിവൈഎസ്പി ബെന്നി ഈ ഫോണ് സംഭാഷണത്തില് പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ചിന് ഇപ്പോൾ മൊഴി നൽകരുതെന്നും വക്കീലിനെ കണ്ട് മൊഴി പഠിച്ച ശേഷം മാത്രം പോയാൽ മതിയെന്നും ഡിവൈഎസ്പി വി വി ബെന്നി എസ്ഐ കൃഷ്ണലാലിനോട് ആവശ്യപ്പെടുന്ന മറ്റൊരു ശബ്ദ രേഖയും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. മഞ്ചേരി ശ്രീധരൻ നായരെ കാണാതെ ക്രൈംബ്രാഞ്ചിന് മൊഴി നൽകരുത്. എല്ലാവരും കൂടിയിരുന്നു തീരുമാനിച്ചു വക്കീലിനെയും കണ്ട ശേഷം മൊഴി നൽകിയാൽ മതിയെന്നും കൃഷ്ണ ലാലിനോട് വി വി ബെന്നി നിർദേശിക്കുന്നുണ്ട്.

പൊലീസുകാർക്കുവേണ്ടി മൊഴി പഠിപ്പിക്കാൻ അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരനെ ഏർപ്പാടാക്കിയത് എസ് പി സുജിത് ദാസെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. സാമ്പത്തിക കാര്യങ്ങൾ എല്ലാം എസ് പി നോക്കിക്കൊള്ളുമെന്നും വക്കീലിനെ കാണാൻ വന്നാൽ മാത്രം മതിയെന്നും പറഞ്ഞ് എസ്ഐ കൃഷ്ണലാലിനെ നിർബന്ധിക്കുന്ന പൊലീസുകാരുടെ ഫോൺ സംഭാഷണമായിരുന്നു റിപ്പോർട്ടർ പുറത്തുവിട്ടത്. ഈ നിലയിൽ മലപ്പുറം എസ് പി സുജിത് ദാസും ഡിവൈഎസ്പി വി വി ബെന്നിയും താനൂർ കസ്റ്റഡി കൊലപാതകം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങൾ തെളിവ് സഹിതം റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു. കേസ് അന്വേഷണത്തിൽ സിബിഐയ്ക്ക് ഈ തെളിവുകൾ അവഗണിച്ച് മുന്നോട്ടു പോകാനാവില്ല

കേസിന്റെ നാൾവഴികൾ

  • 2023 ജൂലൈ 31- ലഹരി കൈവശം വച്ചെന്ന് ആരോപിച്ച് താമിർ ജിഫ്രിയുൾപ്പെടെ 12 പേരെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു

  • 2023 ജൂലൈ 31-ഏഴ് പേരെ വെറുതെവിട്ടു, അഞ്ച് പേരെ പ്രതി ചേർത്തു

  • ഓഗസ്റ്റ് 1-കസ്റ്റഡിയിൽ ഇരിക്കെ താമിർ ജിഫ്രി മരിച്ചു

  • ഓഗസ്റ്റ് 2- 8 പൊലീസുകാർക്ക് സസ്പെൻഷൻ

  • ഓഗസ്റ്റ് 8- ശരീരത്തിൽ 21 മുറിവുകൾ,പൊലീസ് മർദനവും മരണത്തിന് കാരണം

  • പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

  • ഓഗസ്റ്റ് 10- : അന്വേഷണം സിബിഐക്ക് വിട്ടു

  • ഓഗസ്റ്റ് 13- നാല് പോലീസുദ്യോഗസ്ഥരുടെ പേരില് കൊലക്കുറ്റം ചുമത്തി

  • ഓഗസ്റ്റ് 21- റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

  • ഓഗസ്റ്റ് 25- കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്ട്ടും ഹാജരാക്കണമെന്ന് ഹൈക്കോടതി

  • ഓഗസ്റ്റ് 26- കസ്റ്റഡി മരണത്തിൽ പ്രതിപട്ടിക ക്രൈം ബ്രാഞ്ച് സമർപ്പിച്ചു

  • സെപ്റ്റംബർ 15 - ക്രൈം ബ്രാഞ്ച് കേസ് രേഖകൾ സിബിഐക്ക് കൈമാറി

  • മെയ് 4- പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

പ്രതികൾക്കെതിരെ ചുമത്തിയത് 8 വകുപ്പുകൾ

  • IPC 302 കൊലപാതക കുറ്റം

  • IPC 342 അന്യായമായി തടങ്കിൽ വെക്കുക

  • IPC 346 രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ

  • IPC 348 ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക

  • IPC 330 ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ

  • IPC 323 ദേഹോപദ്രവം ഏല്പിക്കൽ

  • IPC 324 ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏല്പിക്കൽ

  • IPC 34 സംഘം ചേർന്നുള്ള അതിക്രമം

സിബിഐ അറസ്റ്റ് ചെയ്തത് നാല് പ്രതികളെ

ഒന്നാം പ്രതി

  • ജിനേഷ്

    സീനിയര് സിപിഒ

    താനൂർ സ്റ്റേഷൻ

രണ്ടാം പ്രതി

  • ആല്ബിന് അഗസ്റ്റിന്

    സിപിഒ

    പരപ്പനങ്ങാടി സ്റ്റേഷൻ

മൂന്നാം പ്രതി

  • അഭിമന്യു

    സിപിഒ

    കല്പ്പകഞ്ചേരി സ്റ്റേഷൻ

നാലാം പ്രതി

  • വിപിന്

    സിപിഒ

    തിരൂരങ്ങാടി സ്റ്റേഷൻ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us