ഇറാന്റെ അന്താരാഷ്ട്ര നിലപാടുകള് രൂപപ്പെടുത്തുന്നതിലെ നിര്ണ്ണായക ശക്തിയായിരുന്നു പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിനൊപ്പം ഹെലികോപ്റ്റര് അപകടത്തില് കൊല്ലപ്പെട്ട ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്-അബ്ദുള്ളാഹിയാന്. ഇറാനിയന് ഇസ്ലാമിക ഭരണകൂടത്തിന്റെ യാഥാസ്ഥിതിക നിലപാടുകളെ മുന് നിര്ത്തി അന്താരാഷ്ട്ര തലത്തില് ഇറാന്റെ നിലപാടുകള് അവതരിപ്പിക്കുന്നതില് പ്രമുഖനായിരുന്നു അമീര്-അബ്ദുള്ളാഹിയാന്. ഇസ്രായേലിന്റെ ഗാസ യുദ്ധ സമയത്ത് യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കാന് അറബ് രാജ്യങ്ങളെയടക്കം നിര്ബന്ധിതമാക്കുന്ന നയതന്ത്ര നീക്കങ്ങള്ക്ക് അമീര്-അബ്ദുള്ളാഹിയാന് ചുക്കാന് പിടിച്ചിരുന്നു.
നിരവധി ലേബലുകളാണ് അമീര്-അബ്ദുള്ളാഹിയാന് മാധ്യമങ്ങൾ ചാർത്തി നൽകിയിട്ടുള്ളത്. നയതന്ത്രജ്ഞൻ, പാശ്ചാത്യ വിരുദ്ധ ബന്ധങ്ങളുടെ മധ്യസ്ഥൻ, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ 'കിഴക്കൻ നയം' സംബന്ധിച്ച ഉപദേശകൻ അങ്ങനെ നീളുന്നു അമീര്-അബ്ദുള്ളാഹിയാൻ്റെ വിശേഷണങ്ങൾ. വിദേശകാര്യ മന്ത്രാലയത്തിലെ ഖുദ്സ് സേനയുടെ പ്രതിനിധിയാണ് അമീര്-അബ്ദുള്ളാഹിയാൻ എന്നും പറയപ്പെട്ടിരുന്നു. നയതന്ത്രജ്ഞൻ എന്നതിൽ ഉപരി ഖുദ്സ് സേനയുടെ ഫീൽഡ് ഏജൻ്റ് എന്ന പട്ടവും അമീര്-അബ്ദുള്ളാഹിയാന് മേൽ ചാർത്തപ്പെട്ടിരുന്നു.
ഇസ്രായേലും അമേരിക്കയും ഉള്പ്പെടെയുള്ള പാശ്ചാത്യ ശക്തികള്ക്കെതിരായ നിഴൽനീക്കങ്ങളെ പിന്തുണയ്ക്കുന്ന 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' നയത്തിൻ്റെ പിന്തുണക്കാരനും വക്താവുമായിരുന്നു അമീര്-അബ്ദുള്ളാഹിയാന്. 2021ലാണ് റെയ്സി ഭരണകൂടം അമീര്-അബ്ദുള്ളാഹിയാനെ വിദേശകാര്യ മന്ത്രിയായി നിയമിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഇറാന്റെ ചെറുത്ത് നില്പ്പിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്സി ഭരണകൂടത്തിൻ്റെ ഭാഗമായുള്ള 60-കാരന്റെ നിയമനം. മധ്യപൂര്വ്വേഷ്യയില് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഇറാന്റെ നീക്കങ്ങളുടെ ചുക്കാന് പിടിക്കുക എന്ന ലക്ഷ്യവും അമീര്-അബ്ദുള്ളാഹിയാന്റെ നിയമനത്തിന് പിന്നിലുണ്ടായിരുന്നു. ഇറാൻ ഭരണകൂടത്തിൻ്റെ മാധ്യമങ്ങൾ പറഞ്ഞിരുന്നത്, അമീർ-അബ്ദുള്ളാഹിയാൻ്റെ നിലപാട് ഭൂതകാലത്തേക്കാൾ കൂടുതൽ ഭാവിയെക്കുറിച്ച് പറയുന്നുവെന്നായിരുന്നു.
1960ല് ഇറാനിലെ വടക്കന് നഗരമായ ദംഗാനില് ജനിച്ച അമീര്-അബ്ദുള്ളാഹിയാന് ഇറാഖുമായി ഒരു ദശകത്തോളം നീണ്ട യുദ്ധകാലത്ത് തന്റെ പഠനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അന്താരാഷ്ട്ര ബന്ധങ്ങളില് പിഎച്ച്ഡി നേടിയ അമീര്-അബ്ദുള്ളാഹിയാന് അതിവേഗം വിദേശകാര്യ മന്ത്രാലയത്തിന്റെ പടവുകള് കയറി. 1990-കളുടെ അവസാനത്തില് ഇറാഖിലെ ഇറാന് എംബസിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം. പിന്നാലെ ഇറാഖിലെ യുദ്ധത്തെക്കുറിച്ച് അമേരിക്കയുമായി നടന്ന അപൂര്വ ചര്ച്ചകളില് ഇറാനെ പ്രതിനിധീകരിക്കാന് മൂന്നംഗ പ്രതിനിധി സംഘത്തിലും യുവ നയതന്ത്രജ്ഞനെ ഇറാന് ഉള്പ്പെടുത്തി. അമീര്-അബ്ദുള്ളാഹിയാനിലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിശ്വാസത്തിന്റെ പ്രത്യക്ഷമായ അടയാളമായി ഈ നീക്കങ്ങള് കണക്കാക്കപ്പെട്ടു. ഇറാനിയന് വിദേശകാര്യ മന്ത്രാലയത്തില് വിവിധ റോളുകളില് അമീര്-അബ്ദുള്ളാഹിയാന് സേവനമനുഷ്ഠിച്ചു. ബഹ്റൈനിലെ അംബാസഡര്, അറബ്, ആഫ്രിക്കന് കാര്യങ്ങളുടെ ഡെപ്യൂട്ടി മന്ത്രി, പേര്ഷ്യന് ഗള്ഫ് വകുപ്പ് മേധാവി തുടങ്ങിയ നിലകളിലെല്ലാം അമീര്-അബ്ദുള്ളാഹിയാന് വ്യക്തിമുദ്ര പതിപ്പിച്ചു.
ഇറാഖുമായുള്ള ടെഹ്റാന്റെ ബന്ധങ്ങളിലെ പ്രധാന കണ്ണിയായിരുന്ന അമീര്-അബ്ദുള്ളാഹിയന് ഇറാന്റെ പടിഞ്ഞാറന് അയല്രാജ്യങ്ങളിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്ഡിഡ്സ് കോര്പ്പിന്റെ (ഐആര്ജിസി) പ്രവര്ത്തനങ്ങളിലും പ്രമുഖമായ പങ്ക് വഹിച്ചിരുന്നു. ഐആര്ജിസിയുടെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്ഡറായ ഖാസിം സുലൈമാനിയുമായി അടുത്ത ബന്ധമായിരുന്നു അമീര്-അബ്ദുള്ളാഹിയാനുണ്ടായിരുന്നത്. 2020 ല് ബാഗ്ദാദിന് സമീപം യുഎസ് വ്യോമാക്രമണത്തില് സുലൈമാനി കൊല്ലപ്പെട്ടപ്പോള് അമീര്-അബ്ദുള്ളാഹിയന്റെ ഇറാഖ് മിഷനിലെ നിര്ണ്ണായകമായൊരു കണ്ണിയായിരുന്നു മുറിഞ്ഞത്.
വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് യാഥാസ്ഥിതിക നിയമനിര്മ്മാതാവ് അലി അലിസാദെ അമീര്-അബ്ദുള്ളാഹിയാനെ 'നയതന്ത്രത്തിന്റെ സുലൈമാനി' എന്ന് പ്രശംസിച്ചിരുന്നു. വിദേശബന്ധങ്ങളിൽ ഇറാൻ്റെ പ്രതിരോധ നിലപാടിൻ്റെ ഉരുക്ക് മുഖമായിരുന്നു ഖാസിം സുലൈമാനി. നയതന്ത്രത്തിൽ ഇറാൻ്റെ നിലപാടുകളെ പ്രതിരോധിക്കുന്ന ഉരുക്ക് മുഷ്ടി എന്ന നിലയിലാണ് ഈ വിശേഷണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. 2016ൽ ഉണ്ടായ തർക്കങ്ങളെ തുടർന്ന് അമീര്-അബ്ദുള്ളാഹിയന് വിദേശകാര്യ മന്ത്രാലയം വിട്ടതായി അഭ്യൂഹങ്ങള് ഉണ്ടായിരുന്നു. 2016 ജൂൺ 12 ന് ഹസൻ റുഹാനി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്ന ജവാദ് സരീഫ് ഓസ്ലോ ഉച്ചകോടിക്കിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുമായി 70 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. നോർവേയിൽ നിന്ന് മടങ്ങിയെത്തിയ സരിഫ്, അന്നത്തെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവായിരുന്ന ജാബർ അൻസാരിയെ അമീർ-അബ്ദുള്ളാഹിയാൻ വഹിച്ചിരുന്ന അറബ് ആഫിക്കൻ കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് ഉയർത്തുകയും ബഹ്റാം ഖാസെമിയെ പുതിയ വക്താവായി തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായുള്ള സരീഫിൻ്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇറാനിയൻ ഭരണകൂടത്തിൻ്റെ അനുകൂല പ്രതികരണം എന്ന നിലയിലാണ് അമീർ-അബ്ദുള്ളാഹിയാനെ പുറത്താക്കിയതെന്ന് വിലയിരുത്തലുകളുണ്ടായി. കഴിഞ്ഞ ആഴ്ച ഓസ്ലോയിൽ വെച്ച് സരീഫ്, ജോൺ കെറിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അമീർ-അബ്ദുള്ളാഹിയാനെ പുറത്താക്കാൻ ഇറാൻ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചുവെന്നും ആ കൂടിക്കാഴ്ചയുടെ ഭാഗമായാണ് അമീർ-അബ്ദുള്ളാഹിയന് പകരം ജബേരി അൻസാരി എത്തുന്നതെന്നും റിപ്പോർട്ടുകൾ വന്നു.
എന്നാൽ മറ്റൊരു വിഷയവും അമീര്-അബ്ദുള്ളാഹിയൻ്റെ സ്ഥാന നഷ്ടത്തിന് പിന്നിലുള്ളതായി പ്രചരിക്കപ്പെട്ടിരുന്നു. അറബ് രാജ്യങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് 2016 മാർച്ച് അവസാനം ഇറാനിയൻ പ്രസിഡൻ്റായിരുന്ന ഹസൻ റൂഹാനി കുവൈത്ത് അമീറിന് രഹസ്യ കത്ത് എഴുതി. കുവൈറ്റ് ഡെപ്യൂട്ടി മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ഖാലിദ് നാല് അറബ് രാജ്യങ്ങൾക്ക് കത്ത് കൈമാറിയതായി കുവൈത്ത് പത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തിരുന്നു. റൂഹാനിയുടെ കത്തിന് മറുപടിയായി, അറബ് ആഫിക്കൻ കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ അമീർ-അബ്ദുള്ളാഹിയാനെ മാറ്റണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു.
എന്നാല് വളരെ വേഗം അമീര്-അബ്ദുള്ളാഹിയന് ശക്തനായി തിരിച്ചുവന്നു. അന്നത്തെ പാര്ലമെന്റ് സ്പീക്കര് അലി ലാരിജാനിയുടെ വിദേശകാര്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. പിന്നീട് റെയ്സി ഭരണകൂടത്തില് അമീര്-അബ്ദുള്ളാഹിയന് വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടു. പിന്നാലെ ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിൻ്റെ വിദേശനയ സമീപനത്തിലെ വിശ്വസ്തനായ കാവൽക്കാരൻ എന്ന പരിവേഷവും അമീര്-അബ്ദുള്ളാഹിയന് സ്വന്തമാക്കിയിരുന്നു.