റിബലുകള് കാന് കീഴടക്കുമ്പോള്

വലിച്ചുതാഴെയിട്ടപ്പോഴെല്ലാം സ്വാതന്ത്ര്യദാഹത്തോടെ സ്വയം തിരഞ്ഞെടുത്ത വഴിയില് പൊരുതി നില്ക്കുകയായിരുന്നു ഈ നാല് പെണ്പോരാളികള്

അനുശ്രീ പി കെ
3 min read|26 May 2024, 10:43 pm
dot image

'all we imagine as light...' നമ്മള് ചിന്തിക്കുന്നതിനുമപ്പുറം ലോകത്തിന് മുന്നില് തിളങ്ങുകയാണ് ഇന്ത്യന് സിനിമ. ഒപ്പം'റിബലുകളായ' നാല് പെണ്ണുങ്ങളും. പായല് കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം.

ഒരു വലിയ കൂട്ടം 'അച്ചടക്കമില്ലാത്തവര്' എന്ന് മുദ്രകുത്തിയ നാല് സ്ത്രീകള് കൂടിയാണ് അത്യുന്നതിയുടെ ചുവന്ന പരവതാനിയിലൂടെ ലോകത്തിന്റെ നെറുകയിലേയ്ക്ക് നടന്നുകയറിയത്. ഓള് വീ ഇമാന്ജിന് ആസ് ലൈറ്റ്, കാനില് അവാര്ഡ് നേടുമ്പോള് സിനിമയുടെ മുഖ്യധാരയില് നിന്ന് തമസ്കരിക്കപ്പെട്ടവര്ക്കെല്ലാം വല്ലാത്തൊരാനന്ദം അനുഭവിക്കാനാകും...

വലിച്ചുതാഴെയിട്ടപ്പോഴെല്ലാം സ്വാതന്ത്ര്യദാഹത്തോടെ സ്വയം തിരഞ്ഞെടുത്ത വഴിയില് പൊരുതി നില്ക്കുകയായിരുന്നു ഈ നാല് പെണ്പോരാളികള്. ഒടുവില് ചിരിച്ചുകൊണ്ട് ഇവര് കാനില് കൈകള് ചേര്ത്തുപിടിച്ചു, ആനന്ദനൃത്തം ചവിട്ടി. ഒരുകാലത്ത് തങ്ങളെ മാറ്റി നിര്ത്തിയവരെക്കൊണ്ടുപോലും കയ്യടിപ്പിച്ചു.

പായല് കപാഡിയ എന്ന സംവിധായിക ചലച്ചിത്രലോകത്തെ അധികാര അപ്രമാധിത്യത്തോട് പൊരുതി വളര്ന്നവളാണ്. ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ തെരുവ് സമരങ്ങളില് മുദ്രാവാക്യം മുഴക്കി വളര്ന്നുവന്നവള്. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നടന്ന ഐതിഹാസികമായ വിദ്യാര്ത്ഥി സമരത്തിലെ മുന്നണിപ്പോരാളി.

2015 ല് ഗജേന്ദ്ര ചൗഹാന് എന്ന ആര്എസ്എസ് പ്രതിനിധിയെ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാനായി നിയമിച്ചതിനെതിരെ ചലച്ചിത്രവിദ്യാര്ത്ഥികള് ക്ലാസുകള് ബഹിഷ്കരിച്ച് 139 ദിവസം നീണ്ടു നിന്ന സമരം നടത്തിയപ്പോള് പായല് കപാഡിയ മുന്നില് തന്നെയുണ്ടായിരുന്നു. സമരം ചെയ്തതിന്റെ പേരില് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് വിദ്യാര്ത്ഥി പ്രക്ഷോഭം അരങ്ങേറിയ അതേ വര്ഷമാണ് പായല് ആഫ്റ്റര് നൂണ് ക്ലൗഡ്സ് എന്ന 13 മിനിറ്റുള്ള ഹ്രസ്വ സിനിമ ചെയ്യുന്നത്. 2017ല് ഈ സിനിമ 70-ാം കാന് ചലച്ചിത്ര മേളയില് തിരഞ്ഞെടുക്കപ്പെട്ടപ്പോള് എഫ്ടിടിഐക്ക് പായലിനോടുള്ള നിലപാട് മയപ്പെടുത്താതിരിക്കാനാവില്ലായിരുന്നു. പായല് അച്ചടക്കമുള്ള വിദ്യാര്ത്ഥിയായി മാറിയെന്ന് കോളേജ് പ്രശംസിച്ചു. മാറ്റി നിര്ത്തുന്നവരെക്കൊണ്ട് മാറ്റി പറയിക്കുന്ന ശീലം പായലിന് പുതുമയല്ല.

രോഹിത് വെമുലയുടെ ആത്മഹത്യയക്ക് ശേഷം നടന്ന സമരത്തിലും പായല് സമരമുഖത്തുണ്ടായിരുന്നു. വിദ്യാര്ത്ഥി കാലത്ത് ചെയ്തതുള്പ്പെടെ ആകെ ആറ് സിനിമകളാണ് പായലിന്റേതായി പുറത്ത് വന്നിട്ടുള്ളത്. ഓരോ ചിത്രവും രാഷ്ട്രീയ തെളിച്ചമുള്ളതായിരുന്നു, ഒടുവില് കാനില് തിളങ്ങിയ ആള് വീ ഇമാജിന് ആസ് ലൈറ്റ് എന്ന ചിത്രത്തിലെത്തി നില്ക്കുമ്പോള് പായല് കപാഡിയ തിരഞ്ഞെടുത്ത അഭിനേതാക്കളും വേറിട്ടവരാണ്.

കനി കുസൃതിയെ മലയാളികള്ക്കറിയാം. പക്ഷേ, മലയാള സിനിമയുടെ പൊതുവഴികളില് നിന്ന് മാറിയാണ് എന്നും കനി സഞ്ചരിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചിട്ടും കനി മുഖ്യധാരയില് ഇല്ലാതെ പോയതിന്റെ കാരണം കനിയുടെ നിലപാടും തിരഞ്ഞെടുപ്പും തന്നെയാണ്. കാന് മേളയില് പലസ്തീന് ഐക്യദാര്ഡ്യവുമായി തണ്ണിമത്തന് ബാഗ് ഉയര്ത്തി വിടര്ന്ന ചിരിയോടെ നിന്ന, മികച്ച നടിക്കുള്ള ആദ്യ ചലച്ചിത്ര പുരസ്കാരം പി കെ റോസിക്ക് സമര്പ്പിച്ച കനി കരിയറിലുടനീളം തന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിയിരുന്നു.

കനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് ലഭിച്ച ബിരിയാണി എന്ന ചിത്രത്തിലെ ഖദീജയെന്ന കഥാപാത്രത്തെ ആണ്കൂട്ടം ആക്രോശിച്ചതും നമ്മള് കണ്ടതാണ്. നാടകത്തിലും മോഡലിംഗിലും പ്രൊഫഷണല് ജീവിതം തിരഞ്ഞെടുത്ത കനി, തുടര്ച്ചയായ സോഷ്യല് മീഡിയ ബുള്ളിംഗിന്റെ ഇരയായിരുന്നു. അതിനെല്ലാം കനി ചിരിച്ചുതള്ളുകയും ചെയ്തു. ജീവിതത്തെക്കുറിച്ചും പ്രണയക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള കനിയുടെ അഭിപ്രായം മലയാളികള്ക്ക് ദഹിക്കുന്നതേ ആയിരുന്നില്ല. പക്ഷെ കനി അത് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവില് കാനില് മലയാളത്തിന്റെ കനിയായി രാജ്യം ഏറ്റെടുക്കുന്ന വിധം അവള് അടയാളപ്പെടുത്തപ്പെട്ടു.

വേറിട്ട വഴിയേ നടക്കാന് തീരുമാനിച്ച അഭിനേത്രി തന്നെയാണ് ദിവ്യപ്രഭയും. ഫെമിനിസ്റ്റല്ലേയെന്ന് ആളുകള് ചോദിക്കുന്നത് കുറ്റവാളിയല്ലേയെന്ന നിലയ്ക്കാണ് എന്നൊരിക്കല് ദിവ്യപ്രഭ പറയുന്നുണ്ട്. ജീവിതത്തെയും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെയും പക്വതയോടെ സമീപിച്ച നടിയാണ് ദിവ്യ.

അറിയിപ്പ്, ടേക്ക് ഓഫ്, ഫാമിലി അടക്കം അഭിനയിച്ച ചിത്രങ്ങളിലെല്ലാം കാതലുള്ള കഥാപാത്രങ്ങളായിരുന്നു ദിവ്യയുടേത്. അത് മാത്രം മതി ദിവ്യയുടെ കരിയറിനെ അടയാളപ്പെടുത്താന്. ഒടുവില് കാനില് മതിമറന്ന് നൃത്തം ചെയ്യുന്ന ദിവ്യയുടെ ചിത്രം അവര് പ്രതിനിധാനം ചെയ്യുന്ന സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതീകമാകുന്നുണ്ട്.

കിരണ് റാവു സംവിധാനം ചെയ്ത ലാപട്ടാ ലേഡിസിലെ ചായക്കടക്കാരി മഞ്ജുവിലൂടെയാണ് ഛായ കദം ഏറ്റവുമൊടുവില് പ്രേക്ഷകരുടെ മനസില് ഇടംപിടിച്ചത്. തന്റെ അടുത്തെത്തുന്ന ഫൂലിന് വയറുനിറക്കാന് ചായയും ബ്രെഡും നല്കിയ മഞ്ചു, സ്ത്രീകള് സ്വയം പര്യാപ്തയാകേണ്ടതിന്റെ രസമുള്ള നറേറ്റീവുകള് പറഞ്ഞുകൊടുക്കുമ്പോള് ഫൂല് അന്തംവിട്ടുനില്ക്കുന്നുണ്ട്. ലാപത ലേഡീസിലെ മഞ്ജു മായിയായും മഡ്ഗാവ് എക്സ്പ്രസിലെ ഗ്യാങ്സ്റ്റര് കാഞ്ചന് കോംബ്ഡിയായും തകര്പ്പന് പ്രകടനത്തിലൂടെ ഹൃദയം കീഴടക്കിയ ഛായ കദം, മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. 2009ലാണ് സിനിമാ ജിവിതം ആരംഭിക്കുന്നത്.

ജീവിതത്തില് റിബലാവുക എന്നത് ഒരുപക്ഷെ എളുപ്പമാകും. പക്ഷെ ജീവിതത്തില് നടക്കാനുറച്ച വഴികളിലൂടെ തന്നെ നടന്ന് ആ റിബലിസം തെളിയിക്കുക എന്നത് ശ്രമകരമാണ്. ആ നിലയില് കൂടിയാണ് ഈ നാല് സ്ത്രീകള് ലോകസിനിമയില് ശ്രദ്ധേയരാകുന്നത്.

es We Can.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us