കഴിഞ്ഞ കുറേ വര്ഷങ്ങളായി എസ്എസ്എല്സി പരീക്ഷാ ഫലത്തിന് തൊട്ടുപിന്നാലെ കേരളത്തില് ഉയര്ന്നുവരുന്ന ഒരു പ്രശ്നമാണ് മലബാറിന്റെ സീറ്റ് പ്രതിസന്ധി. ഇക്കൊല്ലവും സ്ഥിതിയില് യാതൊരു മാറ്റവുമില്ല എന്ന് മാത്രമല്ല, സാഹചര്യങ്ങള് കൂടുതല് രൂക്ഷമാവുകയാണ്. പ്ലസ് വണ് അഡ്മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വടക്കന് ജില്ലകളിലെ, പ്രത്യേകിച്ചും മലപ്പുറത്തെയും കോഴിക്കോട്ടെയും വിദ്യാര്ത്ഥികള് നേരിടുന്ന പ്രശ്നം എന്താണ്?
ചുരുക്കി പറഞ്ഞാല്, പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്ന കുട്ടികള്ക്ക് തുടര്ന്ന് പഠിക്കാന് ജില്ലയില് സീറ്റില്ല എന്ന് തന്നെ. 82,434 വിദ്യാര്ത്ഥികളാണ് മലപ്പുറത്ത് മാത്രം ഈ വര്ഷം പത്താം ക്ലാസ് കഴിഞ്ഞ് ഹയര് സെക്കണ്ടറി പഠനത്തിനായി അപേക്ഷ സമര്പ്പിച്ചിട്ടുള്ളത്. എന്നാല് മലപ്പുറത്ത് ഉള്ള സീറ്റുകളോ?
സര്ക്കാര്-എയ്ഡഡ് വിഭാഗത്തിലായി 52,600, അണ് എയ്ഡഡ് വിഭാഗത്തില് 11,300, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് എന്നിവയെല്ലാമായി 4800 എന്നിങ്ങനെയാണ് ജില്ലയിലുള്ള സീറ്റുകള്. ഇതെല്ലാം കൂടി കൂട്ടിയാല് 68700 സീറ്റുകള്. അതായത് 82434 കുട്ടികള് ഹയര് സെക്കന്ററിയിലേക്ക് കടക്കാനിരിക്കുന്ന ജില്ലയിലുള്ള സീറ്റുകളുടെ എണ്ണം 68700. അതിനര്ത്ഥം, പത്താം ക്ലാസില് വിജയം നേടി തുടര് പഠനത്തിന് കാത്തിരിക്കുന്ന 14000 ത്തോളം കുട്ടികള്ക്ക് പഠിക്കാന് സീറ്റില്ല എന്നു തന്നെ. ഇനി ഇവര്ക്ക് ജില്ലയുടെ പുറത്ത് പോയി പഠിച്ചുകൂടേ എന്നാരെങ്കിലും ചോദിച്ചാല്, സമീപ ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥ. 15 ഉം 16 ഉം വയസ്സുള്ള കുട്ടികള്ക്ക് സ്വന്തം നാട് വിട്ട് പുറത്ത് പോയി പഠിക്കുക എന്നത് അസാധ്യവുമാണ്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല് വിജയശതമാനമുള്ള മലപ്പുറത്തെ കുട്ടികള് ഉന്നതമായ വിജയം നേടിയിട്ടും പഠിക്കാന് സീറ്റില്ലാതെ സ്കൂള് മതിലുകള്ക്ക് പുറത്ത് നിര്ത്തപ്പെടുന്നു എന്നതാണ് ക്രൂരമായ യാഥാര്ത്ഥ്യം.
സമാനമായ നിലയില് 48140 കുട്ടികള് ഹയര്സെക്കന്ററി പഠനത്തിനായി അപേക്ഷിച്ച കോഴിക്കോട് ജില്ലയിലും, എയ്ഡഡ്, അണ്എയ്ഡഡ്, വിഎച്ച്എസ്സി , ഐടിഐ, പോളിടെക്നിക് സീറ്റുകള് എല്ലാം കൂട്ടിയാലും ഏകദേശം 11000 ലധികം വിദ്യാര്ത്ഥികള് പടിക്ക് പുറത്താണ്.
എന്നാല് ഇതേ സമയം കേരളത്തിലെ തെക്കന് ജില്ലകളിലെ സാഹചര്യങ്ങള് ഇങ്ങനെയല്ല. തൃശൂര് മുതല് തിരുവനന്തപുരം വരെയുള്ള ജില്ലകളെടുത്താല് എല്ലായിടങ്ങളിലും സീറ്റുകള് ഒഴിഞ്ഞുകിടക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള് പരിശോധിച്ചാല് കഴിഞ്ഞ അധ്യയനവര്ഷം തൃശ്ശൂര് മുതല് തിരുവനന്തപുരം വരെ 48,732 പ്ളസ് വണ് സീറ്റുകള് കുട്ടികള് ഇല്ലാത്തതുമൂലം, ഒഴിഞ്ഞുകിടന്നിരുന്നുവെന്നും നമുക്ക് മനസിലാക്കാന് കഴിയും. രണ്ട് തെക്കന് ജില്ലകളിലെ ഈ വര്ഷത്തെ ഉദാഹരണമെടുത്താല് ഇത് കൂടുതല് ബോധ്യമാകും. കോട്ടയം ജില്ലയില് ഈ വര്ഷം എസ്എസ്എല്സി പാസായത് 18813 പേരാണ്. എന്നാല് അവിടെ 24383 സീറ്റുകളുണ്ട്. 5500 ല് അധികം സീറ്റുകള് ഒഴിഞ്ഞുകിടക്കുന്നു എന്നര്ത്ഥം. പത്തനംതിട്ടയില് 9991 പേരാണ് എസ്എസ്എല്സി കഴിഞ്ഞിറങ്ങിയത്. പക്ഷേ, ജില്ലയില് 16471 സീറ്റുകളുണ്ട്. ആയിരക്കണക്കിന് സീറ്റുകളാണ് ഓരോ ജില്ലയിലും ഒഴിഞ്ഞുകിടക്കുന്നത് എന്നര്ത്ഥം.
കഴിഞ്ഞ കുറേ വര്ഷങ്ങളായി ഉയരുന്ന ഒരു പ്രശ്നം, പ്രത്യേകിച്ചും കേരളത്തിലെ സവിശേഷമായ ഒരു ഭൂപ്രദേശത്തെ ഭാവി തലമുറയുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്. ഉന്നത വിജയം നേടിയിട്ടും സ്കൂള് വരാന്തകളില് നിന്ന് പടിക്ക് പുറത്താക്കപ്പെടുന്ന മലപ്പുറത്തെയും കോഴിക്കോട്ടെയും വിദ്യാര്ത്ഥികള് ഞങ്ങള്ക്കുള്ള സീറ്റെവിടെ എന്ന് ചോദിക്കുമ്പോള് അതിന് മറുപടി പറയാന് രാഷ്ട്രീയ കേരളത്തിന് ബാധ്യതയുണ്ട്.
കഴിഞ്ഞ 7 വര്ഷത്തെ കണക്കുകള് പരിശോധിച്ചാല് ഓപ്പണ് സ്കൂളുകളില് അഡ്മിഷന് നേടേണ്ടി വന്ന വിദ്യാര്ത്ഥികളില് ബഹുഭൂരിപക്ഷവും കേരളത്തിലെ വടക്കന് ജില്ലകളില് നിന്നുള്ളവരാണ്. പൗരന്മാര്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്കല് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായിരിക്കെ ഒരു പ്രദേശത്തെ മാത്രം കുട്ടികള് നിലവാരം കുറഞ്ഞ വിദ്യാഭ്യാസം തെരഞ്ഞെടുക്കാന് നിര്ബന്ധിതരായിരിക്കുകയാണ്. ആ പ്രദേശത്തെ അങ്ങനെ നിലനിര്ത്താന് തീരുമാനിക്കുന്നതാരാണ്, തെക്കന് ജില്ലകളില് സീറ്റുകള് ഒഴിഞ്ഞു കിടക്കുമ്പോള് വടക്കന് ജില്ലകളില് എങ്ങിനെ സീറ്റുകള് ഇല്ലാതായി. സംസ്ഥാന ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും ആഴത്തില് വിചിന്തനം നടത്തേണ്ട ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണത്.
ഒരേ സംസ്ഥാനത്ത്, ഒരേ ഭരണകൂടത്തിന് കീഴില് പഠിക്കുന്ന വിദ്യാര്ത്ഥികളില് ഒരു ഭൂപ്രദേശത്ത് ജനിച്ചവര് മാത്രം അനുഭവിക്കേണ്ടി വരുന്ന ഈ ഇരട്ടനീതി അവസാനിപ്പിക്കാന് സര്ക്കാറിന് അടിയന്തരമായ ബാധ്യതയുണ്ട്.