റഫയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണം ലോക മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. മെയ് 26ന് ഗാസയിലെ പ്രദേശിക സമയം രാത്രി 8.45നാണ് ആക്രമണം നടന്നത്. റാഫ നഗരത്തിൻ്റെ വടക്ക് പടിഞ്ഞാറുള്ള നിയുക്ത "സേഫ് സോൺ" ആയ താൽ അസ്-സുൽത്താൻ ഏരിയയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. കുറഞ്ഞത് എട്ട് ഇസ്രായേൽ മിസൈലുകൾ ഇവിടെ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ ഏഴുമാസമായി തുടരുന്ന ഇടതടവില്ലാത്ത ആക്രമണത്തെ തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ അഭയം തേടിയവർക്കെതിരെയായിരുന്നു ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 45 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യവുമായി പ്രമുഖരായ വ്യക്തികളും മനുഷ്യാവകാശ സംഘടനകളും ലോകവ്യാപകമായി പ്രതിഷേധം ഉയർത്തുകയാണ്. മലയാള സിനിമാ മേഖലയിൽ നിന്നടക്കമുള്ള പ്രശസ്ത വ്യക്തികൾ സോഷ്യൽ മീഡിയ വഴി പ്രതിഷേധം അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
റഫയിൽ നിരപരാധികളായ പലസ്തീനികള നിഷ്ഠൂരമായി ആക്രമിച്ചതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപകമായ ചർച്ചകളും ആശങ്കകളും ഉയർന്നിട്ടുണ്ട്. ആക്രമണത്തിൽ നിരവധി ടെൻ്റുകൾക്ക് തീപിടിച്ചു. വ്യോമാക്രമണത്തിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധിപ്പേർ ജീവനോടെ കത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം ക്രൂരതകളിൽ പ്രതിഷേധിച്ചുകൊണ്ടും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും സോഷ്യൽ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. വൈറലായി കൊണ്ടിരിക്കുന്ന ടഓള് ഐസ് ഓണ് റഫ’ എന്ന ചിത്രം ഷെയർ ചെയ്ത് കൊണ്ടാണ് സെലിബ്രിറ്റികൾ അടക്കമുള്ളവർ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.
ഇസ്രായേലി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരുടെയും കത്തിക്കരിഞ്ഞ ശരീരങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ "എല്ലാ കണ്ണുകളും റഫയിൽ" (ഓള് ഐസ് ഓണ് റഫ) എന്ന വാചകം ഉള്ള ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി തുടങ്ങി.
മനുഷ്യാവകാശ ഗ്രൂപ്പുകളും, സാമൂഹിക പ്രവർത്തകരും നേതൃത്വം നൽകുന്ന ഈ കാമ്പയിൻ ലക്ഷ്യമിടുന്നത് ഗാസ മുനമ്പിലെ തെക്കൻ നഗരമായ റഫയിലേയ്ക്ക് ലോകത്തിൻ്റെ ആകർഷിക്കുക എന്നതാണ്. ആക്രമണത്തിന് ശേഷവും നിരവധി പേരാണ് ഇവിടെ ഇടുങ്ങിയ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളുടെ എണ്ണം ഏകദേശം 1.5 ദശലക്ഷമാണ്. അഭയാർത്ഥി ക്യാമ്പുകളിൽ ബാക്കിയായ ഇവർക്ക് നേരെ ഇനിയും കണ്ണടയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് കൊണ്ടുളളതാണ് കാമ്പയിൻ. 'ഓൾ ഐസ് ഓൺ റഫ' എന്ന വാക്കുകൾ അഭയാർത്ഥി ക്യാമ്പുകളെയാണ് സൂചിപ്പിക്കുന്നത്. ജീവനോടെ ഇനിയും ബാക്കിയുളളവർക്ക് വേണ്ടിയാണ് ഈ പോരാട്ടം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ സൃഷ്ടിച്ച വൈറൽ ആക്ടിവിസ്റ്റ് ചിത്രങ്ങളിൽ ഒന്നായിരിക്കാം ഇത്. ഒട്ടും റിയലിസ്റ്റിക്ക് ആയല്ല ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. വിചിത്രമായ നിഴലുകൾ ചിത്രത്തിൽ പ്രത്യക്ഷമാണ്. അഭയാർത്ഥി ക്യാമ്പുകളും യഥാർത്ഥമല്ല എന്നതാണ് വിലയിരുത്തൽ.
ലോകാരോഗ്യ സംഘടനയുടെ ഭാഗമായിട്ടുളള അധിനിവേശ പലസ്തീൻ പ്രദേശങ്ങളുടെ ഓഫീസ് ഡയറക്ടർ റിക്ക് പീപ്പർകോർണിൻ്റെ പ്രസ്താവനയിൽ നിന്നാണ് 'ഓൾ ഐസ് ഓൺ റഫ' എന്ന മുദ്രാവാക്യം ഉടലെടുത്തതെന്ന് പറയപ്പെടുന്നു. സേവ് ദി ചിൽഡ്രൻ, ഓക്സ്ഫാം, പലസ്തീൻ ആക്ഷൻ, ജൂവിഷ് വോയ്സ് ഫോർ പീസ്, പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ തുടങ്ങിയ പിന്തുണാ ഗ്രൂപ്പുകളും ഈ മുദ്രാവാക്യം ഏറ്റെടുത്തു.
സോഷ്യൽ മീഡിയയിൽ #AllEyesOnRafah എന്ന ഹാഷ്ടാഗ് ദശലക്ഷക്കണക്കിന് (കണക്കുകൾ പ്രകാരം1,95,000 ) പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഏകദേശം 1,00,000-ത്തിൽ അധികം പോസ്റ്റുകളാണ് ചൊവ്വാഴ്ച മാത്രം ഇൻസ്റ്റാഗ്രാമിൽ കാണപ്പെട്ടത്.
ലോകം ഗാസയിലെ സംഭവ വികാസങ്ങളെ വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പലസ്തീനികളുടെ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങൾ ശക്തമാകുകയാണ്. ഈ അർത്ഥത്തിലാണ് ചിത്രം ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുന്നത്. 'ഓൾ ഐസ് ഓൺ റഫ' കാമ്പെയ്ൻ വഴി നിരവധി പേരാണ് പലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടിരിക്കുന്നത്. ഇത്രനാൾ പലസ്തീനിന് വേണ്ടി സംസാരിക്കാത്ത ആളുകളും ഈ ക്യാമ്പയിനിൻ്റെ ഭാഗമാകുന്നുണ്ട്.
വരുൺ ധവാൻ, അലി ഗോണി, സാമന്ത റൂത്ത് പ്രഭു,ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കരീന കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളും, ദുൽഖർ സൽമാൻ, ഭാവന, പാർവതി, ഷെയിൻ നിഗം, റിമ കല്ലുങ്കൽ, രമ്യ നമ്പീശൻ, നിമിഷ സജയൻ, കീർത്തി സുരേഷ്, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, നൈല ഉഷ, നിഖില വിമൽ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, അന്ന ബെൻ, നിരഞ്ജന, അനാർക്കലി, ഗൗരി കിഷൻ, അനുപമ, ഷറഫുദ്ധീൻ, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂൽ സൽമാൻ, നീരജ് മാധവ്, തൻവി റാം, മണികണ്ഠൻ ആചാരി, മീര നന്ദൻ, മൃദുല, അനുമോൾ, ആഷിഖ് അബു തുടങ്ങിയ നിരവധി മലയാളി താരങ്ങളും ചിത്രം പങ്കിടുന്നതോടെ ക്യാമ്പയിനുളള പിന്തുണ ആഗോളതലത്തിൽ വർദ്ധിച്ചു. അന്താരാഷ്ട്ര തലത്തിൽ, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡ്, ബ്രിട്ടീഷ് ഗായിക ലീ-ആൻ പിനോക്ക്, മോഡൽ ബെല്ല ഹഡിഡ്, നടിമാരായ സയോർസെ-മോണിക്ക ജാക്സൺ, സൂസൻ സരണ്ടൻ എന്നിവരും റാഫയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പലസ്തീന് ജനതയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ ഭാര്യയ്ക്കെതിരെ സൈബര് ആക്രമണമുണ്ടായിരുന്നു. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് റിതിക സജ്ദേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പാകിസ്താനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്ക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയര്ത്തിയിട്ടുണ്ടോയെന്നാണ് ചില സംഘപരിവാര് പ്രൊഫൈലുകള് റിതികയോട് ചോദിക്കുന്നത്. ഗാസ എവിടെയാണെന്നുപോലും രോഹിത് ശര്മ്മയുടെ ഭാര്യയ്ക്ക് അറിയില്ലെന്നും സെലക്ടീവ് ആക്ടിവിസമാണ് ഇവരുടേതെന്നും സംഘപരിവാറുകാര് വിമര്ശിച്ചു. സൈബര് ആക്രമണം കടുത്തതോടെ റിതിക പോസ്റ്റ് ഡിലീറ്റ് ചെയ്തു. ചിത്രം പങ്കുവെച്ച ബോളിവുഡിലെ സൂപ്പർ നായികയായിരുന്ന മാധുരി ദീക്ഷിതും ചിത്രം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ചിത്രം നീക്കിയതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് താരം നേരിട്ട് കൊണ്ടിരിക്കുന്നത്. താരം പുതിയതായി പങ്കുവെച്ച പോസ്റ്റിന് താഴെ നിലപാടില്ലായ്മയെ കുറ്റപ്പെടുത്തി നിരവധി കമന്റുകളാണ് വരുന്നത്.
കാന് ഫിലിം ഫെസ്റ്റിവല് വേദിയില് മലയാളി താരം കനി കുസൃതി പലസ്തീന് ഐക്യദാര്ഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലസ്തീന് ഐക്യദാര്ഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തന് വാനിറ്റി ബാഗുമായാണ് കനി കാന് വേദിയിലെത്തിയത്. കനി അഭിനയിച്ച പായല് കപാഡിയ ചിത്രം 'ഓള് വി ഇമാജിന് ആസ് ലൈറ്റി'ന് ഫെസ്റ്റിവലില് ഗ്രാന്ഡ് പ്രീ പുരസ്കാരം ലഭിച്ചിരുന്നു.
റഫയിലെ അഭയാര്ഥി ക്യാംപിന് നേരെ ഇസ്രയേല് ആക്രമണം; 40 പേര് കൊല്ലപ്പെട്ടു