എക്സിറ്റ് പോളുകൾ പാളിയ ചരിത്രവുമുണ്ട്! 2004ൽ സംഭവിച്ചത്

2004ലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള് എക്സിറ്റ് പോള് ഫലസൂചനകളെല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്. കേരളത്തിലും 2004ലെ തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളുകളെ പാടെ നിരാകരിക്കുന്നതായിരുന്നു

dot image

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും മോദി സര്ക്കാരിന് മൂന്നാം ഊഴമാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ഡ്യ സര്വേ എന്ഡിഎ പരമാവധി 401 സീറ്റുകള് വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എല്ലാ സര്വ്വെകളും എന്ഡിഎക്ക് ഭരണത്തുടര്ച്ച തന്നെയാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷം സര്വെകളും വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം പിന്നിട്ടപ്പോള് തന്നെ 400 സീറ്റെന്ന ബിജെപി നേതൃത്വത്തിന്റെ അവകാശവാദം തെറ്റുമെന്ന് നിരീക്ഷണങ്ങള് പുറത്ത് വന്നിരുന്നു. 200 മുതല് 220 സീറ്റുകള് വരെ മാത്രമെ ബിജെപിക്ക് ലഭിക്കൂവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്മ്മല സീതാരാമന്റെ പങ്കാളിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകര് അഭിപ്രായപ്പെട്ടിരുന്നു. എന്ഡിഎയ്ക്ക് 272 സീറ്റുകള്ക്ക് താഴെ മാത്രമേ നേടാന് കഴിയൂ എന്നും പ്രഭാകര് വ്യക്തമാക്കിയിരുന്നു.

2019ല് 303 സീറ്റ് നേടിയ പ്രകടനം ബിജെപിക്ക് ആവര്ത്തിക്കാന് കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് വ്യക്തമാക്കിയിരുന്നു. ആറാംഘട്ട തിരഞ്ഞെടുപ്പ് പൂര്ത്തിയായ സാഹചര്യത്തിലായിരുന്നു യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം. നേരത്തെ ദി വയറിന് നല്കിയ അഭിമുഖത്തില് ബിജെപിക്ക് 2019നെക്കാള് 50 സീറ്റുകള് വരെ കുറയുമെന്നും യോഗേന്ദ്ര യാദവ് നിരീക്ഷിച്ചിരുന്നു. എക്സിറ്റ് പോള് പുറത്ത് വരുന്നതിന് തൊട്ട് മുമ്പ് ഇന്ഡ്യ മുന്നണി 295 സീറ്റുകള് നേടുമെന്ന് ഇന്ഡ്യ മുന്നണി നേതൃത്വവും അവകാശപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില് മുന്നണിക്ക് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ഡ്യ മുന്നണിയുടെ അവകാശവാദം.

എന്തായാലും ബിജെപിയുടെ 400 സീറ്റെന്ന അവകാശവാദത്തെ നിരാകരിക്കുന്ന നിലയിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതെന്ന ചിത്രമാണ് ഇത്തരം നിരീക്ഷണങ്ങളെല്ലാം പൊതുവെ സൃഷ്ടിച്ചത്. ബിജെപി നയിക്കുന്ന എന്ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന നീരീക്ഷണം നിരവധി കേന്ദ്രങ്ങളില് നിന്നും ഉയര്ന്നിരുന്നു. സഖ്യകക്ഷികളുടെ പിന്തുണയോടെ എന്ഡിഎയ്ക്ക് കഷ്ടിച്ച് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകളാണ് ഏഴ് ഘട്ടത്തോളം നീണ്ട തിരഞ്ഞെടുപ്പ് വേളയില് ബിജെപിക്ക് അനുകൂലമായി രൂപപ്പെട്ട ഏറ്റവും അനുകൂലമായ നിരീക്ഷണം.

ഈയൊരു പശ്ചാത്തലത്തിലായിരുന്നു ഏഴാംഘട്ട വോട്ടെടുപ്പ് സമാപിച്ചതിന്റെ തൊട്ട് പിന്നാലെ എക്സിറ്റ് പോള്ഫലങ്ങള് പുറത്ത് വന്നത്. 2019നെക്കാള് ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന നീരിക്ഷണങ്ങള് രാജ്യം ചര്ച്ച ചെയ്യുന്ന ഘട്ടത്തിലായിരുന്നു ബിജെപിക്ക് ഏകപക്ഷീയമായ മുന്നേറ്റം പ്രവചിക്കുന്ന ഭൂരിപക്ഷം എക്സിറ്റ് പോള് സര്വ്വെ ഫലങ്ങളും പുറത്ത് വന്നത്. സ്വഭാവികമായും എക്സിറ്റ് പോള് ഫലങ്ങളുടേതില് നിന്നും വ്യത്യസ്തമായ ഒരു ചിത്രമാകും തിരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുകയെന്ന നീരിക്ഷണത്തില് ഒരുവിഭാഗം ഇപ്പോഴും ഉറച്ച് നില്ക്കുകയാണ്. 2004 സംഭവിക്കുമെന്നാണ് ഇവരില് ഭൂരിപക്ഷവും അവരുടെ വാദങ്ങളില് ഉറച്ച് നില്ക്കാന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2004ൽ എന്താണ് സംഭവിച്ചത്?

1999ല് അധികാരത്തിലെത്തിയ അടല് ബിഹാരി വാജ്പേയി സര്ക്കാരിന്റെ അധികാരത്തുടര്ച്ച രാഷ്ട്രീയവൃത്തങ്ങള് പ്രതീക്ഷിച്ചതായിരുന്നു 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവും കാര്ഗില് യുദ്ധത്തിന്റെ പശ്ചാത്തലത്തില് സൃഷ്ടിക്കപ്പെട്ട ദേശസ്നേഹ വൈകാരികതയുമെല്ലാം ബിജെപിക്ക് നേട്ടമാകുമെന്നായിരുന്നു പൊതുവെയുള്ള നീരീക്ഷണം. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മൂര്ച്ച കുറച്ച് വികസനരാഷ്ട്രീയം ചര്ച്ചയാക്കിയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിലേയ്ക്ക് പോയത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കുതിപ്പും ബിജെപിയുടെ പ്രധാനതിരഞ്ഞെടുപ്പ് വിഷയമായിരുന്നു.

ബിജെപിയുടെ വിജയത്തെ പിന്തുണയ്ക്കുന്നതായിരുന്നു ആ സമയത്ത് പുറത്ത് വന്ന ഭൂരിപക്ഷം അഭിപ്രായ സര്വേകളും എക്സിറ്റ്പോള് ഫലങ്ങളും. 2002ല് അഭിപ്രായ സര്വേകള് എന്ഡിഎയ്ക്ക് 250 സീറ്റുകള് വരെയാണ് പ്രവചിച്ചിരുന്നതെങ്കില് 2004ല് തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് നടന്ന അഭിപ്രായ സര്വ്വെകളില് 335 സീറ്റുകള് വരെയാണ് എന്ഡിഎയ്ക്ക് പ്രവചിക്കപ്പെട്ടിരുന്നത്.

എക്സിറ്റ് പോളും വാജ്പെയ് സര്ക്കാരിന്റെ തുടര്ഭരണം തന്നെയായിരുന്നു പ്രവചിച്ചത്. എന്ഡിടി-എസി നീല്സണ് സര്വെ എന്ഡിഎയ്ക്ക് 230 മുതല് 250വരെ സീറ്റുകളാണ് പ്രവചിച്ചത്. യുപിഎ 190 മുതല് 205 വരെ സീറ്റുകള് നേടുമെന്നും. മറ്റുള്ളവര് 100 മുതല് 120 വരെ സീറ്റുകള് നേടുമെന്നുമായിരുന്നു എന്ഡിടി-എസി നീല്സണ് പ്രവചനം. എന്ഡിഎ 263 മുതല് 275 വരെ സീറ്റുകളും യുപിഎ 174 മുതല് 184 വരെ സീറ്റുകളും മറ്റുള്ളവര്ക്ക് 86 മുതല് 98 വരെ സീറ്റുകളും നേടുമെന്നായിരുന്നു സ്റ്റാര് ന്യൂസ്-സീ വോട്ടറിന്റെ പ്രവചനം.

ആജ് തക്-എംഎആര്ജി സര്വെ പ്രകാരം എന്ഡിഎ 248 സീറ്റുകളും യുപിഎ 190 സീറ്റുകളും മറ്റുള്ളവര് 105 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. സഹാറ-ഡിആര്എസ് സര്വെ എന്ഡിഎയ്ക്ക് 278 സീറ്റും യുപിഎയ്ക്ക് 181 സീറ്റും മറ്റുള്ളവര്ക്ക് 102 സീറ്റുകളുമാണ് പ്രവചിച്ചത്. സീ ന്യൂസ്-തലീം സര്വെ പ്രകാരം എന്ഡിഎയ്ക്ക് 249 സീറ്റുകളും യുപിഎയ്ക്ക് 176 സീറ്റുകളും മറ്റുള്ളവര്ക്ക് 117 സീറ്റുകളുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎ തുടര്ഭരണത്തിലെത്തുമെന്ന പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു 2004ല് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോള് ഫലങ്ങളും.

എന്നാല് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള് എക്സിറ്റ് പോള് ഫലസൂചനകളെല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്. കേരളത്തിലും 2004ലെ തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളുകളെ പാടെ നിരാകരിക്കുന്നതായിരുന്നു. യഥാര്ത്ഥ തിരഞ്ഞെടുപ്പ് ഫലം വാജ്പേയിക്കും ബിജെപിക്കും അനുകൂലമായിരുന്നില്ല. തുടര്ച്ചയായ രണ്ട് ടേം ബിജെപിയെ ഭരണത്തില് നിന്നും മാറ്റിനിര്ത്താന് സാധിക്കുന്ന അടിത്തറ സൃഷ്ടിക്കാന് ആ തിരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചിരുന്നു. തുടര്ഭരണ സാധ്യതകള് പ്രവചിക്കപ്പെട്ടിരുന്ന എന്ഡിഎക്ക് ലഭിച്ചത് 181 സീറ്റുകള് മാത്രമായിരുന്നു. യുപിഎ 218 സീറ്റുകള് സ്വന്തമാക്കി. മറ്റുള്ളവര്ക്ക് ലഭിച്ചത് 143 സീറ്റുകളായിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ യുപിഎയും ഇടതുപക്ഷവും സമാജ്വാദി പാര്ട്ടിയുമെല്ലാം അടങ്ങുന്ന പ്രതിപക്ഷ സഖ്യം സര്ക്കാര് രൂപീകരിക്കുന്നതിനായി പൊതുമിനിമം പരിപാടി രൂപപ്പെടുത്തുകയും ഒന്നാം യുപിഎ സര്ക്കാര് രൂപീകരിക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us