ന്യൂനപക്ഷ വോട്ടുകള് ഈ തിരഞ്ഞെടുപ്പില് സിപിഐഎമ്മിന് തുണയായില്ലെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്. മലബാര് മേഖലകളില് പാര്ട്ടിയെ ന്യൂനപക്ഷങ്ങള് പൂര്ണ്ണമായും കൈവിട്ടത് യുഡിഎഫിന് ഭൂരിപക്ഷം കൂടാനും പാര്ട്ടിയുടെ ദയനീയമായ പരാജയത്തിനും കാരണമായി. സമസ്ത ലീഗ് തര്ക്കം മലപ്പുറത്തും പൊന്നാന്നിയിലും സിപിഐഎമ്മിന് വോട്ടായില്ല. കാസര്കോട്, കണ്ണൂര്, കോഴിക്കോട്, മലപ്പുറം, പൊന്നാന്നി മണ്ഡലങ്ങളില്ല് യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള് ഭൂരിപക്ഷം ഇക്കുറി വര്ദ്ധിച്ചതിൽ നിന്നും വ്യക്തമാകുന്നത് ഇതാണ്. സമ്സതയും ലീഗും തമ്മിലുള്ള തര്ക്കം മലപ്പറുത്ത് തുണയാകുമെന്നായിരുന്നു പാര്ട്ടിയുടെ വിലയിരുത്തല്. എന്നാല്, മലപ്പുറത്ത് സിപിഐഎമ്മിലെ വി വസീഫിനെതിരെ 300118 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുസ്ലീംലീഗിലെ ഇടി മുഹമ്മദ് ബഷീര് നേടിയത്. കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്ഥിക്ക് 260153 ഭൂരിപക്ഷമായിരുന്നു ഇവിടെ. കഴിച്ച തവണത്തേതില് നിന്ന് നാല്പ്പതിനായിരത്തിനടുത്ത് വര്ദ്ധനയാണ് ഈ തിരഞ്ഞെടുപ്പില്. ലീഗില് നിന്നും വിട്ടു വന്ന കെ സ് ഹംസയെയായിരുന്നു പൊന്നാന്നിയില് എല്ഡിഎഫ് പരീക്ഷിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്ഥി അബ്ദുസ്സമദ് സമദാനിക്ക് 235760 വോട്ടിന്റെ ഭൂരിക്ഷമാണ്. കഴിഞ്ഞ തവണ പൊന്നാന്നിയില് ലീഗ് സ്ഥാനാര്ഥിയായ ഇ ടി മുഹമ്മദ് ബഷീറിന് 193273 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇക്കുറി ഇവിടെയും ലീഗിന് കഴിഞ്ഞ തവണത്തേതിക്കാള് 42,487 വോട്ടിന്റെ ഭൂരിപക്ഷ വര്ദ്ധനയാണ്. സമുദായ വോട്ടില് കഴിഞ്ഞ തവണത്തേത്തിനാള് സിപിഐഎമ്മിന് ഈ മണ്ഡലങ്ങളില് നിന്ന് ഈ തിരഞ്ഞെടുപ്പില് പിന്തുണ കുറഞ്ഞുവെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.
ലീഗ് കോട്ടയില് വിള്ളല് വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് മുന് മുസ്ലിം ലീഗ് നേതാവ് കെ എസ് ഹംസയെ ഇടത് മുന്നണി പാര്ട്ടി ചിഹ്നത്തില് മത്സരിപ്പിച്ചത്. എന്നാല് ഈ നീക്കത്തില് പൊന്നാനിയില് ലീഗിന്റെ ചുവട് തെറ്റിക്കാന് ഇടത് മുന്നണിക്ക് സാധിച്ചിട്ടില്ല. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തര്ക്കത്തിന് പുറമെ, കോണ്ഗ്രസ് നേതാക്കളുടെ തുടര്ച്ചയായ ബിജെപി കൂറുമാറ്റം, അയോധ്യ വിഷയത്തിലെ കോണ്ഗ്രസിന്റെ മൃദുസമീപനം, പൗരത്വ ഭേദഗതി വിഷയത്തെ കോണ്ഗ്രസ് പ്രകടന പത്രികയില് ഉള്പ്പെടുത്താത്തത്, രാഹുല് ഗാന്ധിയുടെ റോഡ്ഷോയില് നിന്ന് ലീഗിന്റെ പതാക മാറ്റി നിര്ത്തിയതടക്കമുള്ള വിഷയങ്ങളും പൊന്നാനിയില് ചര്ച്ചയായിരുന്നു. എന്നാല് ഇടതിന്റെ തന്ത്രങ്ങളൊന്നും പൊന്നാനിയില് വോട്ടായില്ല. മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയൊരു സമവായത്തിനുമില്ലെന്നത് കൂടിയാണ് പൊന്നാനിയിലെ വോട്ടര്മാര് സിപിഐഎമ്മിന് നല്കുന്ന സന്ദേശം.
കോഴിക്കോട് എം കെ രാഘവനതെിരെ എളമരം കരീമിനെ മത്സരിപ്പിച്ചതും ന്യൂനപക്ഷം നിരാകരിച്ചു. കോഴിക്കോട് 36 ശതമാനമാണ് മുസ്ലീം വോട്ട്. ഒന്നര ലക്ഷത്തിനടുത്ത് ഭൂരിപക്ഷമാണ് കരീമിനെതിരെ രാഘവന് നേടിയത്. കഴിഞ്ഞ തവണ രാഘവന്റെ ലീഡ് 85225 ആയിരുന്നു. കഴിഞ്ഞ തവണ സിപിഐഎമ്മിലെ എ പ്രദീപ് കുമാര് 408219 വോട്ട് നേടിയപ്പോള് കരീമിന് ഈ തിരഞ്ഞെടുപ്പില് 374245 വോട്ട് നേടാനേ കഴിഞ്ഞുള്ളു. 32 ശതമാനം മുസ്ലീംവോട്ടുള്ള വടകരയിലും ഷാഫി പറമ്പില് വന് ഭൂരിപക്ഷത്തോടെയാണ് ജയിച്ചു കയറിയത്. 114506 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ യുഡിഎഫിന്. 2019ല് കെ മുരളീധരന് 84663 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സമൂഹ മാധ്യമങ്ങളിലെ പരസ്പര പോരും 'കാഫിര്' പോസ്റ്ററുകളും സിപിഐമ്മിന് വടകരയിലും മലബാറിലും കനത്ത പ്രഹരമായി.
കണ്ണൂരിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ തവണ സുധാകരന് 94559 ഭൂരിപക്ഷമായിരുന്നുവെങ്കില് ഇത്തവണ അത് 108982 ആയി കൂടി. കണ്ണൂരില് സിപിഐഎമ്മിന്റെ കോട്ടകളില് നിന്നും പാര്ട്ടി വോട്ടുകള് ചോര്ന്നു. ന്യൂനപക്ഷ സ്വാധീനമുള്ള തളിപറമ്പ് മണ്ഡലത്തില് പോലും പാര്ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. കാസര്കോട്ട് 2019ല് അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്ഥാനാര്ഥി രാജ് മോഹന് ഉണ്ണിത്താന് അറുപതിനായിരത്തിലേറെ ഭൂരിപക്ഷ വര്ദ്ധനവാണ് ഇത്തവണ നേടിയത്. കാസര്കോട്ടെ റിയാസ് മൗലവി വധക്കേസില് പ്രോസിക്യൂഷന്റെ നിലപാടും കോടതി വിധിയും സമുദായ വോട്ടുകള് സിപിഐഎമ്മിന് എതിരാകാന് കാരണമായി.
പാലക്കാട് ലോക്സഭ മണ്ഡലത്തില് പാലക്കാട് നിയമസഭ മണ്ഡലത്തില് നിന്ന് മാത്രം യുഡിഎഫ് സ്ഥാനാര്ഥി വി കെ ശ്രീകണ്ഠന് 9707ന്റെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് ഷാഫി പറമ്പിലിന് കിട്ടിയ ഭൂരിപക്ഷത്തിനേക്കാള് മുന്നിരട്ടിയാണ് ഇത്. പാലക്കാട് ബിജെപി വളരുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടിയാണിത്. മണ്ഡലത്തിലും യുഡിഎഫിന് വ്യക്തമായ മേല്കൈയ്യാണ് മലബാറില് സമുദായ സ്വാധീനമുള്ള മണ്ഡല്ലങ്ങളില് സിപിഐമ്മിന് നേട്ടമുണ്ടാന് കഴിഞ്ഞില്ല എന്നുമാത്രമല്ല യുഡിഎഫ് വന് മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തു.
വെല്ഫെയര് പാര്ട്ടിയും എസ്ഡിപിഐയും നേരത്തെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിത പിന്തുണയില്ലെങ്കിലും മുജാഹിദ് വോട്ടുകളും ഈ തിരഞ്ഞെടുപ്പില് ഇടതിന് അനുകൂലമായില്ല. പൗരത്വ ദേദഗതി നിയമം അടക്കം ന്യൂനപക്ഷ ബന്ധമുള്ള ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില് സിപിഐഎം ശക്തമായ പ്രതിരണം നടത്തിയിട്ടും അതൊന്നും വോട്ടില് പ്രതിഫലിച്ചിട്ടില്ല. പൗരത്വ ദേദഗതി നിയമത്തിലടക്കം കേന്ദ്രത്തില് കോണ്ഗ്രസ് എംപിമാര് നിഷ്ക്രീയമെന്ന സിപിഐഎം വാദവും വിലപ്പോയില്ലെന്നാണ് യുഡിഎഫിന്റെ ഭൂരിപക്ഷത്തിലുള്ള മൃഗീയ വര്ദ്ധനവും വ്യക്തമാക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ പ്രീതി പിടിച്ചുപറ്റാമെന്ന പാര്ട്ടിയുടെ നീക്കത്തിനും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. സിപിഐഎം കൂടി പിന്തുണച്ച സിഎഎ സമരക്കാര്ക്കെതിരെ ആഭ്യന്തര വകുപ്പ് കേസെടുത്തതും മുസ്ലീം സമുദായത്തില് നിന്ന് സര്ക്കാറിനെതിരെ അനിഷ്ടം കൂടാനും കാരണമായി. 2024ലെ തിരഞ്ഞെടുപ്പ് കണക്കുകള് പരിശോധിക്കുമ്പോള് ന്യൂനപക്ഷങ്ങളില് നിന്ന് പാര്ട്ടിക്ക് നേരത്തെ ലഭിച്ച പിന്തുണപോലും നഷ്ട്ടപെടുന്ന സ്ഥിതിവിശഷണമാണ്.