ലോക്സഭ മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വരെയുള്ള അധികാര ശ്രേണിയിൽ രാജ്യത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ 2023 ലാണ് വനിതാ സംവരണ ബില്ല് കേന്ദ്ര സർക്കാർ കൊണ്ട് വന്നത്. 33 % സ്ത്രീകളുടെ പങ്കാളിത്തം ലോക്സഭാ ,നിയമസഭ സഭകളിൽ ഉറപ്പ് വരുത്തുന്നതായിരുന്നു ആ നിയമം. അതിനായി രാഷ്ട്രീയ പാർട്ടികൾ വിജയ സാധ്യതയുള്ള ചില മണ്ഡലങ്ങളെങ്കിലും വനിതാ സ്ഥാനാർത്ഥികൾക്കായി മാറ്റി വെക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഏറെ സ്വാഗതം ചെയ്യപ്പെട്ട ഈ നിയമം നിലവിൽ വന്ന ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു 2024 ലേത്. എന്നാൽ ഈ വനിതാ സംവരണ ബില്ല് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നമുക്ക് നൽകുന്ന കണക്കുകൾ. പുരുഷ വോട്ടർമാരെക്കാൾ സ്ത്രീ വോട്ടർമാരുള്ള രാജ്യത്ത് 543 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നായി 74 സ്ത്രീകൾ മാത്രമാണ് ഇത്തവണ ലോക്സഭയിലേക്കെത്തിയത്.
1957-ൽ പാർലമെൻ്റിൽ 5.4 ശതമാനം സ്ത്രീകൾ ആയിരുന്നു ഉള്ളത്. ഇത് 1962-ൽ 6.7 ശതമാനമായി ഉയർന്നു, എന്നാൽ പിന്നീട് 1967-ൽ ഇത് 5.9 ശതമാനമായി കുറഞ്ഞു. 1970-കളിലും 1980-കളിലും പ്രാതിനിധ്യം വീണ്ടും കുത്തനെ കുറഞ്ഞു. എന്നാൽ 1980 ന് ശേഷം സ്ത്രീ പങ്കാളിത്തത്തിൽ അനുകൂല മാറ്റങ്ങളുണ്ടായി. 2000 ലേക്കടുത്തപ്പോൾ ശതമാന കണക്ക് പത്തിന് മുകളിലെത്തി. സ്ത്രീകളെ മാറ്റി നിർത്താനാവാത്ത രാഷ്ട്രീയ സാഹചര്യങ്ങളുണ്ടായി. 2019 ആകുമ്പോഴേക്കും സ്ത്രീകൾ ലോക്സഭയിൽ 14.4 ശതമാനമായി ഉയർന്നു. എന്നാൽ, വനിതാ സംവരണ ബിൽ നിലവിൽ വന്നതിന് ശേഷമുള്ള 2024ൽ ഇത് 13.6 ശതമാനമായി വീണ്ടും കുറഞ്ഞു.
വിജയശതമാനം
ഈ കാലയളവിൽ ലോക്സഭയിലേക്ക് മത്സരിക്കുന്ന സ്ത്രീകളുടെ വിജയശതമാനത്തിലും വലിയ ഇടിവുണ്ടായി. 1957-ൽ മത്സരിച്ച 45 വനിതാ സ്ഥാനാർത്ഥികളിൽ 22 പേർ വിജയിച്ചിരുന്നു, 48.9 ശതമാനമായിരുന്നു അന്ന് വിജയശതമാനം. എന്നാൽ പിന്നീടങ്ങോട്ട് സ്ത്രീ മത്സരാർത്ഥികളുടെ വിജയശതമാനം കുറഞ്ഞു. 2024ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീകളിൽ 9.3 ശതമാനം മാത്രമാണ് ലോക്സഭയിലേക്ക് വിജയിച്ചത്. രാഷ്ട്രീയ പാർട്ടികൾ വിജയ സാധ്യതയുള്ള സീറ്റുകൾ സ്ത്രീ സ്ഥാനാർത്ഥികൾക്ക് നൽകുന്നില്ല എന്നതും വിജയശതമാനം കുറയാൻ കാരണമാണ്.
വനിതാ എംപിമാർ-രാഷ്ട്രീയ പാർട്ടികൾ തിരിച്ച്
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിച്ചെത്തിയ പുതിയ 74 വനിതാ എംപിമാരിൽ 43 പേർ പുതുമുഖങ്ങളാണ്. ഇതിൽ കൂടുതൽ പേരും 25 നും 30 നും ഇടയിലുള്ളവരാണ് എന്ന കൗതുകവും ഉണ്ട്. ഏറ്റവും കൂടുതൽ എംപിമാരെ വിജയിപ്പിച്ച് പാർലമെന്റിലെത്തിച്ചത് ഇത്തവണ ബിജെപിയാണ്. 31 വനിതകളാണ് ബിജെപി ടിക്കറ്റിൽ ലോക്സഭയിലെത്തിയത്. കോൺഗ്രസിന് 13 വനിതാ എംപിമാരും തൃണമൂൽ കോൺഗ്രസിന് 11 ഉം വനിതാ എംപിമാരുമുണ്ട്. ഈ പാർട്ടികൾക്ക് പുറമെ സമാജ് വാദി പാർട്ടി അഞ്ചും ഡിഎംകെ മൂന്നും എൽജെപിആർവി, ജനതാദൾ (യുണൈറ്റഡ്) എന്നീ പാർട്ടികൾ രണ്ടും പേരെ വീതം ലോക്സഭയിലേക്കെത്തിച്ചു. ബാക്കി ഏഴ് പാർട്ടികളും ഓരോ വനിതകളെ വീതം ഇത്തവണ ലോക്സഭയിലേക്കെത്തിച്ചിട്ടുണ്ട്.
വോട്ട് ശതമാനം ഉയർത്തുന്ന സ്ത്രീ വോട്ടർമാർ
പാർലമെന്റിൽ തങ്ങൾക്ക് മതിയായ പ്രതിനിധ്യമില്ലെങ്കിലും പലയിടങ്ങളിലും പാർലമെന്റിലേക്ക് ആര് പോകണമെന്ന് തീരുമാനിക്കുന്നത് സ്ത്രീ വോട്ടർമാരാണ്. 1962 ൽ വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം 62 ശതമാനമായിരുന്നപ്പോൾ സ്ത്രീ വോട്ടർമാർ 40 ശതമാനത്തിനടുത്ത് മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചിരുന്നത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ സ്ത്രീ വോട്ടർമാരുടെ വോട്ട് വിഹിതം ക്രമാനുഗതമായി വർധിച്ചു. 2024ൽ പുരുഷ വോട്ടർമാരുടെ വിഹിതം വലിയ മാറ്റമൊന്നുമില്ലാതെ 65ൽ നിൽക്കുമ്പോൾ സ്ത്രീ വോട്ട് വിഹിതം 40 ൽ നിന്ന് 65.78 ആയി വലിയ വ്യത്യാസത്തിലേക്ക് ഉയർന്നു . ഇതിൽ അസം, പശ്ചിമ ബംഗാൾ, ഒഡീഷ, തുടങ്ങി സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ വോട്ടിങ് ശതമാനം ഇത്തവണ 80നും മുകളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.