'ഇപ്പുഡു ജനാലകി നുവ്വു കാവാലി'- (ഇപ്പോൾ ജനങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്)- വക്കീൽ സാബ് സിനിമയിലെ ഈ ഡയലോഗ് അത്യന്തം ആവേശത്തോടെ ആന്ധ്രാ ജനത ഏറ്റുപറഞ്ഞതോടെ അവരുടെ സൂപ്പർ താരം പവൻ കല്ല്യാൺ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ലൈംലൈറ്റിലേക്ക് നടത്തിയത് ബഡാ മാസ് എൻട്രി ആണ്. ആന്ധ്രാ പ്രദേശിന്റെയും രാജ്യത്തിന്റെ തന്നെയും അധികാരഭൂപടത്തിൽ സുവർണത്തിളക്കത്തോടെ തന്റെ പേര് അടയാളപ്പെടുത്തിയാണ് പവൻ കല്ല്യാൺ 2024ൽ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായത്. 'യേ പവൻ നഹി ഹേ, ആന്ധി ഹേ'- (ഇദ്ദേഹം കാറ്റ് അല്ല, കൊടുങ്കാറ്റാണ്)- എന്ന് സാക്ഷാൽ നരേന്ദ്രമോദിയെക്കൊണ്ട് പറയിച്ചതും സമാനതകളില്ലാത്ത ആ തിരഞ്ഞെടുപ്പ് വിജയം തന്നെയാണ്.
ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയെ ആന്ധ്രാ ഭരണത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യം പവൻ കല്ല്യാൺ ഏറ്റെടുത്തപ്പോൾ കേട്ടവർക്കൊക്കെ തമാശ ആയിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയ പാർട്ടിയാണ് പവന്റെ ജനസേന പാർട്ടി. നേരിട്ട് മത്സരിച്ച രണ്ടിടത്തും (ഗജുവാക, ഭീമവാര) പവൻ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇനിയൊരു രാഷ്ട്രീയ തിരിച്ചുവരവില്ലെന്ന് എല്ലാവരും വിധിയെഴുതിയ നാളുകൾ. പക്ഷേ, പുലി പതുങ്ങിയത് കുതിക്കാൻ തന്നെയായിരുന്നെന്ന് കാലം തെളിയിച്ചു. 2024 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 21 സീറ്റുകളിലും ജനസേന പാർട്ടി വിജയിച്ചു. മത്സരിച്ച രണ്ട് ലോക്സഭാ സീറ്റുകളും കൈപ്പിടിയിലൊതുക്കി. അവിടം കൊണ്ടും തീർന്നില്ല, നരേന്ദ്രമോദി സർക്കാരിന് മൂന്നാമൂഴം ലഭിക്കുന്നതിൽ നിർണായക സാന്നിധ്യവുമായി!
ആരാണ് പവൻ കല്ല്യാൺ? ഏറ്റവുമെളുപ്പത്തിൽ പറയാം......ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയ രാസത്വരകം. സംസ്ഥാന രാഷ്ട്രീയത്തിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും പരീക്ഷണശാലയിൽ ടിഡിപിക്കും ബിജെപിക്കും വിജയസമവാക്യം എഴുതിച്ചേർക്കാനായത് പവൻ കല്ല്യാൺ എന്ന രാസത്വരകം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്.
2021 സെപ്തംബർ, നൈപുണ്യ വികസന കുംഭകോണക്കേസിൽ ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലായി. 2019ൽ ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവരാണ്, ദുരിതകാലത്ത് പരസ്പരം താങ്ങായിട്ടുണ്ട്. ജഗന്മോഹൻ സർക്കാർ ചന്ദ്രബാബു നായിഡുവിന്റെ രക്തത്തിനായി ദാഹിക്കുന്ന ആ സമയത്താണ് പവൻ രാജമുണ്ട്രി ജയിലിലെത്തി അദ്ദേഹത്തെ കാണുന്നത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് നായിഡു എൻഡിഎ വിട്ടിട്ട് കുറച്ചുകാലമായിരുന്നു. അതുകൊണ്ടു തന്നെ സഹായത്തിന് ആരുമില്ലാത്ത അവസ്ഥയിലുമാണ്. കോൺഗ്രസുമായുള്ള ബാന്ധവവും അക്കാലത്തില്ല. പവൻ കല്ല്യാൺ ചന്ദ്രബാബു നായിഡുവിനെ ആശ്വസിപ്പിച്ചു, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ പങ്കുവച്ചു. അതിനുശേഷമായിരുന്നു ട്വിസ്റ്റ്.
അടുത്ത തിരഞ്ഞെടുപ്പിൽ ടിഡിപിയുമായി ചേർന്ന് മത്സരിക്കുമെന്ന് പവൻ കല്ല്യാൺ പ്രഖ്യാപിച്ചു. അന്നും എൻഡിഎയുടെ ഭാഗമാണ് പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി. പ്രഖ്യാപനം കേട്ട് ആന്ധ്രാ രാഷ്ട്രീയം കണ്ണുമിഴിച്ചു, അസംഭവ്യമെന്ന് വിധിയെഴുതി. ബിജെപി- ടിഡിപി സഖ്യം സ്വപ്നത്തിൽ പോലും ആലോചിക്കാനാവില്ല. പിന്നെയെങ്ങനെയാണ് എൻഡിഎ സഖ്യത്തിലുള്ള പവൻ കല്ല്യാൺ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുക എന്ന് ചോദ്യങ്ങളുയർന്നു. ഉത്തരം പവൻ കല്ല്യാണിന് അറിയാമായിരുന്നു, അദ്ദേഹം ചന്ദ്രബാബു നായിഡുവുമായും ബിജെപി നേതൃത്വവുമായും നിരന്തരം ചർച്ച നടത്തി, ഇരുകൂട്ടർക്കുമിടയിലെ മഞ്ഞുരുക്കി. അങ്ങനെ 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎയിലെത്തി. ടിഡിപി ജെഎസ്പി ബിജെപി സഖ്യം ആന്ധ്രയിൽ ഒന്നിച്ച് പോരിനിറങ്ങി. ജഗന്മോഹന്റെ വൈഎസ്ആർസിപിയെ നിലംപരിശാക്കി, 25 ലോക്സഭാ സീറ്റുകളിൽ 21ലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലാവട്ടെ 175ൽ 164ലും സഖ്യം വിജയിച്ചു. എൻഡിഎയുടെ ആന്ധ്രാ വിജയത്തിന്റെ രാജശിൽപി എന്ന് പവൻ കല്ല്യാണിനെ വിശേഷിപ്പിക്കാം. വിജയത്തിൽ കുറഞ്ഞതൊന്നും അദ്ദേഹം മുന്നിൽക്കണ്ടില്ല. ജഗനെ താഴെയിറക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ആ നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും മനസറിഞ്ഞ് ഒപ്പം നിന്നു തെലുങ്ക് ജനത എന്ന് തെളിയിക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം.
രാഷ്ട്രീയ അധികാരത്തിനായി കടിച്ചുതൂങ്ങുന്നതല്ല പവൻ കല്ല്യാണിന്റെ ശൈലി. 70 സീറ്റുകളിൽ വരെ ഒറ്റയ്ക്ക് മത്സരിക്കാമായിരുന്നു ജനസേന പാർട്ടിക്ക്. എന്നാൽ ടിഡിപിയെ ഒപ്പം കൂട്ടി അത് 24 ആയി കുറച്ചു. അവിടെയും തീർന്നില്ല, ബിജെപിക്കായി അതിൽ നിന്ന് 3 സീറ്റുകൾ നൽകി. അങ്ങനെ 21 ഇടത്തു മാത്രമായി മത്സരം ചുരുക്കി. ഈ തീരുമാനത്തിൽ പവൻ കല്ല്യാണിന്റെ അണികൾക്കിടയിൽ ആശങ്ക രൂക്ഷമായിരുന്നു. അദ്ദേഹത്തിന്റെയും പാർട്ടിയുടെയും പ്രാധാന്യം ഇല്ലാതാകുമോ എന്നായിരുന്നു ആശങ്ക. എന്നാൽ, പവൻ ഇതു മുഖവിലയ്ക്കെടുത്തില്ല. സീറ്റ് നിർണയത്തിലെ ചെറിയ നേട്ടമല്ല തിരഞ്ഞെടുപ്പ് യുദ്ധത്തിലെ വിജയമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അവിഭക്ത ആന്ധ്രയായിരുന്ന കാലത്ത് തന്നെ തന്റെ പ്രവർത്തനമികവ് കണ്ട മുതിർന്ന തലമുറയോടായിരുന്നു ചന്ദ്രബാബു നായിഡു വോട്ട് ചോദിച്ചത്. ആന്ധ്രയുടെ വികസനത്തിൽ ജഗന് ഒന്നും ചെയ്യാനാവില്ലെന്ന് ഈ ഭരണകാലം തെളിയിച്ചില്ലേ എന്ന ചോദ്യം വോട്ടർമാർ ഏറ്റെടുത്തു. മറുവശത്ത് യുവജനതയെ ലക്ഷ്യം വച്ചായിരുന്നു പവൻ കല്ല്യാണിന്റെ പ്രവർത്തനം. ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷും ഒപ്പമുണ്ടായിരുന്നു. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനത്ത് നരേന്ദ്രമോദി നേരിട്ടെത്തി വികസനം വാഗ്ദാനം ചെയ്യുക കൂടി ചെയ്തതോടെ കാര്യങ്ങൾ എല്ലാം അനുകൂലമാകുകയായിരുന്നു.
പവർ സ്റ്റാർ ആണ് പവൻ കല്ല്യാൺ. സിനിമയിൽ നേരത്തെ തന്നെ മികവ് തെളിയിച്ചു. പവൻ എന്ന പേര് പോലും സിനിമ നൽകിയതാണ്. മാതാപിതാക്കൾ നൽകിയ പേര് കല്ല്യാൺ ബാബു എന്നാണ്. വരപ്രസാദ് റാവുവിന്റെയും (ചിരഞ്ജീവി) നാഗാബാബുവിന്റെയും ഇളയസഹോദരനായ കല്ല്യാണിനെ പവൻ ആക്കിയത് അദ്ദേഹത്തിന്റെ കന്നിച്ചിത്രമായ 'അക്കട അമ്മായി ഇക്കട അബ്ബായി' (1996) ആണ്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള പവൻ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന താരമാണ്. പഠനത്തിൽ പിന്നാക്കമായിരുന്ന പവൻ തന്റെ സ്കൂൾകാലത്തെ പരാജയങ്ങളെക്കുറിച്ച് തുറന്നുപറയാൻ യാതൊരു മടിയും കാണിച്ചിട്ടില്ല. പഠനത്തിൽ രാശിയില്ലായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ പവൻ ഒന്നാമനായി. ജ്യേഷ്ഠൻ ചിരഞ്ജീവി രാഷ്ട്രീയരംഗത്ത് രക്ഷപ്പെടാതെ പോയിടത്താണ് പവൻ ആഴത്തിൽ വേരുറപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 2008ലാണ് ചിരഞ്ജീവി പ്രജാരാജ്യം പാർട്ടി സ്ഥാപിച്ചത്. എന്നാൽ, രാഷ്ട്രീയത്തിന്റെ ഉള്ളുകളികളിൽ തെന്നിവീഴാതെ നിൽക്കാനുള്ള കെൽപ് അദ്ദേഹത്തിനില്ലായിരുന്നു. അങ്ങനെ രാഷ്ട്രീയവും പാർട്ടിയും ഉപേക്ഷിച്ച് അദ്ദേഹം സിനിമയിലേക്ക് മടങ്ങി. പക്ഷേ നിരവധി വിമർശനങ്ങളും ആക്ഷേപങ്ങളും തനിക്കെതിരെ ഉയർന്നെങ്കിലും തോറ്റ് പിന്മാറാൻ പവൻ കല്ല്യാൺ തയ്യാറല്ലായിരുന്നു. ചിരഞ്ജീവി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, 'കല്ല്യാണിനെ സിനിമയിൽ അഭിനയിക്കാൻ നിർബന്ധിക്കേണ്ടി വന്നിട്ടുണ്ട്. ഓരോ തവണയും അങ്ങനെയായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലേക്കിറങ്ങാൻ ആ മടി ഉണ്ടായില്ല. അവൻ അത്രമേൽ സന്തോഷത്തോടെയും താല്പര്യത്തോടെയുമാണ് രാഷ്ട്രീയം സ്വീകരിച്ചത്. എവിടെ അനീതി കണ്ടാലും എതിർക്കാനുള്ള ത്വര അവനിൽ എല്ലാക്കാലത്തും ഉണ്ടായിരുന്നു' എന്ന്.
2008ൽ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റായി ആയിരുന്നു പവൻ കല്ല്യാണിന്റെ രാഷ്ട്രീയപ്രവേശം. പാർട്ടി കോൺഗ്രസിൽ ലയിപ്പിച്ച് ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് മടങ്ങിയതോടെ പവൻ കല്ല്യാണും രാഷ്ട്രീയത്തിന് ഇടവേള നൽകിയിരുന്നു. പിന്നീട് 2014ലാണ് ജനസേന പാർട്ടിയുമായി റീ എൻട്രി നടത്തിയത്. അക്കാലത്ത് ഗൂഗിളിൽ ഏറ്റുമധികം ആളുകൾ തിരഞ്ഞ പേരായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തിൽ ക്രൗഡ് പുള്ളറാണ് പവൻ കല്ല്യാൺ. ആന്ധ്രാ രാഷ്ട്രീയത്തിൽ പകരക്കാരില്ലാത്ത വ്യക്തിപ്രഭാവമായി അദ്ദേഹം നിലകൊള്ളുമെന്നുറപ്പ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആകുമ്പോൾ പവൻ കല്ല്യാൺ ഉപമുഖ്യമന്ത്രി ആകാൻ സാധ്യതയുണ്ട്. എന്നാൽ, അധികാരരാഷ്ട്രീയത്തോട് വിമുഖത പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും രാഷ്ട്രീയ ചാണക്യനായി അധികാര ഇടനാഴികളിൽ കരുക്കൾ നീക്കുന്ന സജീവസാന്നിധ്യമായി മാത്രം തുടരുമോ എന്നും കണ്ടറിയണം.
കാമറാമാൻ ഗംഗാതോ രാംബാബു എന്ന ചിത്രത്തിൽ പവൻ കല്ല്യാണിന്റെ കഥാപാത്രം പറയുന്നുണ്ട്, 'നാക്കു തിക്ക ലെസ്തെ, ചീമാ എയിന ഒക്കതെ, സിഎം എയിന ഒക്കതെ' ( എന്നെ പ്രകോപിപ്പിച്ചാൽ, അതിപ്പോ ഉറുമ്പായാലും മുഖ്യമന്ത്രിയായാലും വിധി ഒന്നായിരിക്കും) എന്ന്. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതോടെ ജഗന്മോഹൻ റെഡ്ഡിയും വൈഎസ്ആർസിപിയും ആ ഡയലോഗ് നന്നായി ഓർക്കുന്നുണ്ടാകും!!