രാഹുൽ ഗാന്ധി അഭിമുഖീകരിക്കുന്നത് ഇന്ദിര നേരിട്ട അതേ ചോദ്യം; റായ്ബറേലി വീണ്ടുമുയരുമ്പോൾ

2024ല് ഉത്തര്പ്രദേശില് കോണ്ഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള് പ്രകടിപ്പിച്ച തിരഞ്ഞെടുപ്പിലും റായ്ബറേലി ഗാന്ധി കുടുംബത്തിന് മുന്നില് 1980ലെ സാഹചര്യം പുന:സൃഷ്ടിച്ചിരിക്കുകയാണ്

dot image

റായ്ബറേലി ഉപേക്ഷിക്കുമോ അതോ വയനാട് ഒഴിവാക്കുമോ എന്ന ചോദ്യത്തിനോട് രാഹുല് ഗാന്ധി ഇതുവരെ പൂര്ണ്ണമായി മനസ്സ് തുറന്നിട്ടില്ല. രാഹുല് ഗാന്ധി വയനാട് ഉപേക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരോക്ഷമായി സൂചിപ്പിച്ചിട്ടുമുണ്ട്. ഏത് മണ്ഡലം നിലനിര്ത്തണമെന്ന തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്നായിരുന്നു രാഹുലിന്റെ നിലപാട്. രാഹുൽ ഗാന്ധി വയനാട് ഒഴിവാക്കുമോ റായ്ബറേലിയെ ഉപേക്ഷിക്കുമോ എന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കവെ കോൺഗ്രസിനെ സംബന്ധിച്ച് ഇത് ചരിത്രത്തിൻ്റെ ആവർത്തനമാണ്. ഒരിക്കൽ രാഹുലിൻ്റെ മുത്തശ്ശി ഇന്ദിരയും സമാനമായ ഈ ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു. അന്നത്തേത് പോലെയല്ല ഇന്ന് ഉത്തർപ്രദേശിൻ്റെയും രാജ്യത്തിന്റെയും അവസ്ഥ. അതിനാൽ തന്നെ ഇന്ദിര എത്തിച്ചേർന്ന രാഷ്ട്രീയ തീരുമാനത്തെ അതേ നിലയിൽ രാഹുൽ ഗാന്ധിക്ക് ആവർത്തിക്കാൻ സാധിച്ചേക്കില്ല എന്നതാണ് യാഥാർത്ഥ്യം.

രാഹുലിൻ്റെ റായ്ബറേലിയുടെ രാഷ്ട്രീയ പ്രസക്തി

ഉത്തര്പ്രദേശില് തിരിച്ചുവരവിന്റെ ലക്ഷണങ്ങള് കോണ്ഗ്രസ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില് രാഹുല് റായ്ബറേലി ഒഴിവാക്കി വയനാട് നിലനിര്ത്തുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെയും വിലയിരുത്തല്. സമാജ് വാദി പാര്ട്ടിയുമായി സഖ്യത്തില് മത്സരിച്ച കോണ്ഗ്രസിന് ഉത്തര്പ്രദേശില് ആറ് സീറ്റില് വിജയിക്കാന് സാധിച്ചിരുന്നു. 2014ലും 2019ലും യുപിയില് തകര്ന്നടിഞ്ഞ കോണ്ഗ്രസിനെ സംബന്ധിച്ച് 2024ലെ തിരഞ്ഞെടുപ്പ് ഫലം വലിയ ആശ്വാസമാണ്.

അഖിലേഷ് യാദവും-രാഹുല് ഗാന്ധിയും ഇന്ഡ്യ മുന്നണിക്കായി യുപിയെ ഇളക്കി മറിച്ചപ്പോള് ആകെയുള്ള 80 സീറ്റില് 42 സീറ്റുകളിലും വിജയം കൈവരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില് നിന്നും മാറി ദേശീയ രാഷ്ട്രീയത്തില് ശ്രദ്ധകേന്ദ്രീകരിക്കാന് അഖിലേഷ് യാദവ് നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ അംഗത്വം രാജിവെച്ച് കനൗജിലെ ലോക്സഭാ അംഗത്വം നിലനിര്ത്തിയാണ് അഖിലേഷ് ദേശീയ രാഷ്ട്രീയത്തില് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈയൊരു സാഹചര്യത്തില് രാഹുല് റായ്ബറേലി നിലനിര്ത്തി ദേശീയ രാഷ്ട്രീയത്തില് ഇടപെടണമെന്ന ആവശ്യത്തിനാണ് കോണ്ഗ്രസില് മുന്തൂക്കം. 2027ല് നടക്കാനിരിക്കുന്ന ഉത്തര്പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പാര്ട്ടിയെ ഒരുക്കാന് ജനപ്രതിനിധിയെന്ന നിലയിലുള്ള രാഹുലിന്റെ സാന്നിധ്യം കോണ്ഗ്രസിന് അനിവാര്യമാണെന്നും വിലയിരുത്തലുകളുണ്ട്. റായ്ബറേലിയെയും രാഹുലിനെയും ചുറ്റിപറ്റി തിരിച്ചുവരവ് സ്വപ്നം കാണുന്ന ഉത്തര്പ്രദേശിലെ കോണ്ഗ്രസുകാരുടെ ആവശ്യം അവഗണിക്കാന് ദേശീയ നേതൃത്വത്തിന് സാധിക്കില്ല.

ഇന്ദിരാ ഗാന്ധി എളുപ്പത്തിൽ പൂരിപ്പിച്ച റായ്ബറേലിയെന്ന സമസ്യ!

ഇതാദ്യമായിട്ടല്ല റായ്ബറേലി ഈ നിലയില് ഗാന്ധി കുടുംബത്തിനും കോണ്ഗ്രസിനും മുന്നില് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്ഗ്രസും ഗാന്ധി കുടുംബവും സമാനമായ സാഹചര്യത്തെ അഭിമുഖീകരിച്ചിരുന്നു. 1980ലെ പൊതുതിരഞ്ഞെടുപ്പില് കോണ്ഗ്രസിനെ നയിച്ച ഇന്ദിരാ ഗാന്ധി യുപിയിലെ റായ്ബറേലിയിലും ആന്ധ്രാപ്രദേശിലെ മേഡക്കിലും മത്സരിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില് അധികാരത്തില് നിന്നും പുറത്തായ ഇന്ദിരയെയും കോണ്ഗ്രസിനെയും സംബന്ധിച്ച് നിലനില്പ്പിന്റെ പോരാട്ടമായിരുന്നു 1980ലെ തിരഞ്ഞെടുപ്പ്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പില് കോണ്ഗ്രസിനെ കാത്തിരുന്നത് ദയനീയ പരാജയമായിരുന്നു. ഉത്തര്പ്രദേശില് നിന്നും കോണ്ഗ്രസ് തൂത്തെറിയപ്പെട്ടു. ജനതാപാര്ട്ടി നേതാവ് രാജ് നാരായണനോട് ഇന്ദിരാ ഗാന്ധി 55,202 വോട്ടുകള്ക്കാണ് പരാജയപ്പെട്ടത്. അമേഠിയില് 75,844 വോട്ടിനായിരുന്നു സഞ്ജയ് ഗാന്ധി പരാജയപ്പെട്ടത്. ഈ നിലയില് 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് അധികാരത്തില് നിന്നും തൂത്തെറിയപ്പെട്ടിരുന്നു. ആഭ്യന്തരവൈരുദ്ധ്യങ്ങളെ തുടര്ന്ന് ജനതാപാര്ട്ടി സര്ക്കാര് അധികാരത്തില് നിന്നും പുറത്തായതിന് പിന്നാലെയായിരുന്നു 1980ലെ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തില് തിരിച്ചെത്തുക എന്നത് പോലെ ഉത്തര്പ്രദേശ് തിരിച്ചു പിടിക്കുക എന്നതും കോണ്ഗ്രസിനും ഇന്ദിര ഗാന്ധിക്കും നിര്ണ്ണായകമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ദിര ഗാന്ധി 1980ലെ തിരഞ്ഞെടുപ്പില് ഉത്തര്പ്രദേശിലെ റായ്ബറേലിയിലും ആന്ധ്രാപ്രദേശിലെ മേഡക്കിലും മത്സരിച്ചത്.

1980ലെ തിരഞ്ഞെടുപ്പില് ഇന്ദിര ഗാന്ധി ഉത്തര്പ്രദേശിലെ റായ്ബറേലിയില് നിന്നും 173,654 വോട്ടിന് വിജയിച്ചിരുന്നു. റായ്ബറേലിയ്ക്കൊപ്പം ആന്ധ്രയിലെ മേഡക്കിലും ഇന്ദിരാ ഗാന്ധി മത്സരിച്ചിരുന്നു. ജനതാപാര്ട്ടി സെക്യുലറിന്റെ എസ് ജയ്പാല് റെഡ്ഡിയെ 219,124 വോട്ടിനായിരുന്നു മേഡക്കില് ഇന്ദിര ഗാന്ധി പരാജയപ്പെടുത്തിയത്. 1980ലെ തിരഞ്ഞെടുപ്പില് ഇന്ദിരയും കോണ്ഗ്രസും അധികാരത്തില് തിരിച്ചെത്തി. തൂത്തെറിയപ്പെട്ട ഉത്തര്പ്രദേശില് ഏറ്റവും കൂടുതല് സീറ്റില് വിജയിച്ച ഒറ്റകക്ഷിയായി കോണ്ഗ്രസ് മാറുകയും ചെയ്തു. എന്നാല് റായ്ബറേലിയില് നിന്ന് രാജിവെച്ച് മേഡക് നിലനിര്ത്താനുള്ള ഇന്ദിരയുടെ നീക്കം ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇന്ദിരാ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയില് പിന്നീട് മത്സരിച്ച് വിജയിച്ചത് ഗാന്ധി കുടുംബത്തിലെ അരുണ് നെഹ്റുവായിരുന്നു.

2024ല് ഉത്തര്പ്രദേശില് കോണ്ഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള് പ്രകടിപ്പിച്ച തിരഞ്ഞെടുപ്പിലും റായ്ബറേലി ഗാന്ധി കുടുംബത്തിന് മുന്നില് 1980ലെ സാഹചര്യം പുന:സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ദിരയുടെ പൗത്രന് മുന്നിലും ഇത്തവണ തെക്കും വടക്കും ഒരു ചോദ്യ ചിഹ്നമായി ഉയര്ന്നിരിക്കുകയാണ്. റായ്ബറേലി വേണോ വയനാട് വേണോ എന്ന് രാഹുല് തലപുകയ്ക്കുമ്പോള് തെക്കിനോട് 1980ല് ഇന്ദിര കാണിച്ച മമത ചരിത്രമായി മുന്നിലുണ്ടാവും.

dot image
To advertise here,contact us
dot image