ഒരു വ്യാഴവട്ടത്തിന് ശേഷം ബ്രിട്ടനില് ലേബര് പാര്ട്ടി അധികാരത്തിലെത്തുമ്പോള് അത് കെയ്ര് സ്റ്റാര്മറിന്റെ കൂടി വിജയമാകുന്നുണ്ട്. ടോണി ബ്ലെയറിന് ശേഷം ഏറ്റവും തിളക്കമുള്ള വിജയത്തോടെ ലേബര് പാര്ട്ടിയെ അധികാരത്തിലെത്തിച്ച നേതാവ് എന്ന ഖ്യാതിയും ഇനി സ്റ്റാര്മറിന് സ്വന്തം. മുന് മനുഷ്യാവകാശ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ് കെയ്ര് സ്റ്റാമര്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയാണ് 61കാരനായ കെയ്ര് സ്റ്റാര്മാര്. പാര്ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് വെറും ഒന്പത് കൊല്ലം പിന്നിടുമ്പോഴാണ് സ്റ്റാര്മര് പ്രധാനമന്ത്രിയാകുന്നത്.
പ്രത്യയശാസ്ത്രത്തെക്കാള് പ്രായോഗികതയില് വേരൂന്നിയ നേതാവ് എന്നാണ് കെയ്ര് സ്റ്റാര്മര് പൊതുവെ വിശേഷിക്കപ്പെടുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് സ്റ്റാര്മറിന് സവിശേഷമായ ഒരു പ്രൊഫഷണല് കരിയര് ഉണ്ടായിരുന്നു. അതിനാല് തന്നെ സവിശേഷയമായ ഒരു പൊതുപ്രവര്ത്തന കാഴ്ചപ്പാട് കൂടിയാണ് സ്റ്റാര്മര് മുന്നോട്ടുവയ്ക്കുന്നത്. സേവനത്തിനായുള്ള രാഷ്ട്രീയം നമ്മള് തിരികെ കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഘട്ടങ്ങളില് സ്റ്റാര്മര് ആവര്ത്തിച്ച് പറഞ്ഞിരുന്നു. രാജ്യത്തിനാണ് ആദ്യ പരിഗണന, പാര്ട്ടി രണ്ടാമതാണ് എന്ന് വാഗ്ദാനം മുന്നോട്ടുവെച്ചായിരുന്നു സ്റ്റാര്മര് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനങ്ങളെ അഭിമുഖീകരിച്ചത്.
വിമര്ശകരുടെ കാഴ്ചപ്പാടില് ഒരു രാഷ്ട്രീയക്കാരന്റെ പതിവ് ശൈലികളൊന്നും സ്റ്റാര്മര്ക്കില്ല. വിഷയങ്ങളിൽ സ്ഥിരമായി നിലപാട് മാറ്റുന്ന, രാജ്യത്തെക്കുറിച്ച് വ്യക്തവും നിര്വചിക്കുന്നതുമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നതില് പരാജയപ്പെട്ട, പ്രചോദിപ്പിക്കാന് ശേഷിയില്ലാത്ത അവസരവാദിയെന്നാണ് വിമര്ശകര് സ്റ്റാര്മറെ മുദ്രകുത്തിയിരിക്കുന്നത്. സ്റ്റാര്മറുടെ രീതികള് പരിശോധിക്കുമ്പോള് വിമര്ശകരുടെ നിരീക്ഷണങ്ങള് ഒരുപരിധിവരെ ശരിയാണെന്ന് തന്നെ വിലയിരുത്തേണ്ടിവരും.
ബ്രിട്ടനിലെ രാഷ്ട്രീയ മുന്ഗാമികളുടെയൊന്നും പ്രഭാവം സ്വന്തം നിലയില് ആര്ജ്ജിച്ചെടുക്കാന് ഇതുവരെ സ്റ്റാർമര്ക്ക് കഴിഞ്ഞിട്ടില്ല എന്നതും യാഥാര്ത്ഥ്യമാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര് പോലും സ്റ്റാര്മര്ക്ക് ഈ നിലയിലൊരു പ്രഭാവം ഉണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ അപ്പോഴും ജനങ്ങള്ക്ക് പ്രതീക്ഷ പകരുന്ന ഒരു ആകര്ഷണീയത സ്റ്റാര്മര്ക്ക് ഉണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര് പറയുന്നത്. കണ്സര്വേറ്റീവ് ഭരണകാലത്ത് ബ്രിട്ടന് കടന്നു പോയ പ്രതിസന്ധികളിൽ ജനങ്ങള്ക്ക് ആശ്വാസകരമായ സാന്നിധ്യമാകാന് സ്റ്റാര്മര്ക്ക് സാധിച്ചുവെന്നത് തീര്ച്ചയാണ്. അഞ്ച് പ്രധാനമന്ത്രിമാര് കടന്നുപോയ കഴിഞ്ഞ 14വര്ഷത്തെ കണ്സര്വേറ്റീവ് കാലഘട്ടത്തിനൊടുവില് സ്റ്റാര്മറില് ബ്രിട്ടനിലെ ജനങ്ങള് പ്രതീക്ഷ അര്പ്പിച്ചെങ്കില് അതിനെ സവിശേഷമായ പരിഗണനയായി തന്നെ വേണം കാണാന്.
ഇതിനിടെ തന്റെ വരണ്ട പൊതുപ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള് അടുത്തിടെ സ്റ്റാര്മറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. പൊതുപരിപാടികളില് കൂടുതല് സജീവമായി പ്രത്യക്ഷപ്പെടാനുള്ള ശ്രമങ്ങള് സ്റ്റാര്മറുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആഴ്സണല് ആരാധാകനായ കടുത്ത ഫുട്ബോള് ഭ്രാന്തന് കൂടിയാണ് സ്റ്റാര്മര്.
ബ്രിട്ടീഷ് ലേബര് പാര്ട്ടിയുടെ നേതാവ് എന്ന നിലയിലുള്ള സ്റ്റാര്മറുടെ നിലപാട് അത്രയേറെ ഇടതുപക്ഷമല്ല എന്ന വിമര്ശനവും ഉണ്ട്. അപ്പോഴും തന്റെ തൊഴിലാളി വര്ഗ്ഗ പാരമ്പര്യത്തെക്കുറിച്ചും സ്റ്റാര്മര് വെളിപ്പെടുത്തുന്നുണ്ട്. 'എന്റെ അച്ഛന് ഒരു ഉപകരണ നിര്മ്മാതാവായിരുന്നു, എന്റെ അമ്മ ഒരു നഴ്സായിരുന്നു' എന്ന് തുറന്ന് പറയുന്ന നേതാവ് കൂടിയാണ് സ്റ്റാര്മര്. സ്റ്റാർമർ ഒരു കള്ള-ലിബറല്-ലണ്ടന് വരേണ്യവര്ഗത്തിന്റെ പ്രതിരൂപമാണെന്നാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ എതിരാളികളുടെ വിമർശനം. ലേബര്പാര്ട്ടിയിലെ തീവ്രഇടതുപക്ഷക്കാരെ തുടച്ചുനീക്കിയ ദയയില്ലാത്ത നേതാവ് എന്ന പ്രതിച്ഛായ കൂടി സ്റ്റാര്മര്ക്കുണ്ട്. ഇതൊക്കെയാണെങ്കിലും സ്റ്റാര്മര് വ്യക്തിപരമായ ഇടപെടലുകളില് തമാശക്കാരനും സുഹൃത്തുക്കളോട് വിശ്വസ്തനുമാണെന്നാണ് പറയപ്പെടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന് വെള്ളിയാഴ്ച ആറ് മണിക്ക് ശേഷം ജോലി ചെയ്യില്ലെന്ന ശീലം തുടരുമെന്ന് പ്രഖ്യാപിക്കാന് മടികാണിക്കാത്ത രാഷ്ട്രീയ നേതാവാണ് സ്റ്റാർമർ എന്നത് അദ്ദേഹത്തിന്റെ അസാധാരണ രീതികള്ക്ക് ഉദാഹരണമാണ്. 'അദ്ദേഹം ഇപ്പോഴും തികച്ചും സാധാരണക്കാരനായിരിക്കുന്നതില് അസാധാരണമായ ചിലതുണ്ട്' എന്നായിരുന്നു സ്റ്റാര്മറിന്റെ ജീവചരിത്രകാരനായ ടോം ബാള്ഡ്വിന് ഗാര്ഡിയനില് എഴുതിയത്.
1962 സെപ്തംബര് 2 ന് ജനിച്ച സ്റ്റാര്മറുടെ ബാല്യം അത്രമേല് സുഖകരമായിരുന്നില്ല. ഗുരുതരമായ അസുഖമുള്ള മാതാവും വൈകാരികമായി വേര്പിരിഞ്ഞ പിതാവും സ്റ്റാർമറിന് സമ്മാനിച്ചിരിക്കുക സുഖകരമായ ഓര്മ്മകളായിരിക്കില്ലെന്ന് തീര്ച്ച. മൂന്നു സഹോദരന്മാരില് ഒരാള് പഠനവൈകല്യമുള്ള ആളായിരുന്നു. കഴുതകളെ രക്ഷിക്കുന്ന മൃഗസ്നേഹികളായിരുന്നു സ്റ്റാര്മറിന്റെ മാതാപിതാക്കള്. ഒരു സംഗീതജ്ഞന് കൂടിയായ സ്റ്റാര്മര് സ്കൂളില് വയലിന് പാഠങ്ങള് അഭ്യസിച്ചിരുന്നു.
ലീഡ്സ്, ഓക്സ്ഫോര്ഡ് സര്വ്വകലാശാലകളിലെ നിയമപഠനത്തിന് ശേഷമാണ് ഇടതുപക്ഷ നിലപാടുകളുടെ പ്രകടമായ ഇടപെടല് സ്റ്റാര്മര് നടത്തുന്നത്. ട്രേഡ് യൂണിയനുകള്, മക്ഡൊണാള്ഡ് വിരുദ്ധ പ്രവര്ത്തനങ്ങള്, വിദേശത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര് എന്നിവരെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ നിലപാടുകള് സ്റ്റാര്മര് സ്വീകരിച്ചു. പിന്നാലെ മനുഷ്യാവകാശ അഭിഭാഷകന് എന്ന നിലയിലുള്ള പ്രവര്ത്തനങ്ങള് സ്റ്റാര്മര് ഏറ്റെടുക്കാന് തുടങ്ങി. 2003ല് അദ്ദേഹം തന്റെ ഇടപെടലുകളെ സ്ഥാപനവത്കരിച്ചു. വടക്കന് അയര്ലണ്ടിലെ പോലീസ് മനുഷ്യാവകാശ നിയമങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ജോലിയായിരുന്നു ആദ്യം ഏറ്റെടുത്തത്. അഞ്ച് വര്ഷത്തിന് ശേഷം ലേബര് പാര്ട്ടി നേതാവ് ഗോര്ഡന് ബ്രൗണ് പ്രധാനമന്ത്രിയായിരിക്കെ ഇംഗ്ലണ്ട് ആന്ഡ് വെയില്സ് പബ്ലിക് പ്രോസിക്യൂഷന്സ് (ഡിപിപി) ഡയറക്ടറായി അദ്ദേഹം നിയമിതനായി. പിന്നാലെ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് നൈറ്റ് പദവി നല്കി ആദരിച്ചു. പക്ഷെ 'സര്' എന്ന വിശേഷണം അദ്ദേഹം അപൂര്വ്വമായി മാത്രമേ ഉപയോഗിക്കാറുള്ളു. 2015-ല് ഇടതുപക്ഷ ചായ്വുള്ള വടക്കന് ലണ്ടനിലെ സീറ്റില് മത്സരിച്ചാണ് അദ്ദേഹം പാര്ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്മര് പാര്ലമെന്റ് അംഗമാകുന്നതിന് ആഴ്ചകള്ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ മരണം. സന്ധികളുടെ അപൂര്വ രോഗം ബാധിച്ച് വര്ഷങ്ങളോളം നടക്കാന് കഴിയാതെ ചികിത്സയിലായിരുന്നു സ്റ്റാര്മറുടെ അമ്മ.
എംപിയായി ഒരു വര്ഷത്തിനുശേഷം ലേബര് പാര്ട്ടിയില് യൂറോപ്യന് യൂണിയന് റഫറണ്ടവുമായി ബന്ധപ്പെട്ട് നടത്തിയ കാമ്പയിന്റെ മുന്നിരയില് സ്റ്റാര്മറും അണിനിരന്നു. എന്നാല് ലേബര് പാര്ട്ടി നയിച്ച കാമ്പയിന് പരാജയപ്പെട്ടു. പിന്നീട് ലേബര് പാര്ട്ടിയില് ബ്രക്സിറ്റ് കാമ്പയിന്റെ മുന്നിര വക്താവായി സ്റ്റാര്മാര് മാറി. പിന്നീട് കോര്ബിന്റെ നേതൃത്വത്തില് നടന്ന തിരഞ്ഞെടുപ്പില് വിജയിക്കാന് ലേബര് പാര്ട്ടിക്ക് സാധിച്ചില്ല. തീവ്ര ഇടതുപക്ഷക്കാരനായ കോര്ബിന്റെ പിന്ഗാമിയായി സ്റ്റാര്മര് സ്ഥാനമേറ്റു. പിന്നീട് ലേബര് പാര്ട്ടിയില് നടന്നത് കോർബ് അടക്കമുള്ള തീവ്രഇടതുപക്ഷത്തെ സൈഡ് ലൈന് ചെയ്തുള്ള ശുദ്ധീകരണമായിരുന്നു. ലേബര് പാര്ട്ടിയില് വേരുറപ്പിച്ചിരുന്ന യഹൂദ വിരുദ്ധതയും സ്റ്റാര്മര് പിഴുതുമാറ്റി.
സര്വ്വകലാശാലാ ട്യൂഷന് ഫീസ് ഒഴിവാക്കുന്നതുള്പ്പെടെ നേതൃത്വ പ്രചാരണ വേളയില് ഉയര്ത്തിയ നിരവധി പ്രതിജ്ഞകള് ഉപേക്ഷിച്ച സ്റ്റാര്മറിന്റെ നിലപാട് വഞ്ചനയാണെന്ന നിലപാടുമായി ഇടതുപക്ഷം ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. അപ്പോഴും ഒരു വ്യാഴവട്ടത്തിന് ശേഷം ലേബര് പാര്ട്ടിയെ അധികാരത്തില് തിരിച്ചെത്തിക്കുന്നതില് സ്റ്റാര്മര് സ്വീകരിച്ച രാഷ്ട്രീയവും തന്ത്രപരവുമായ നിലപാടുകള് സഹായിച്ചെന്നാണ് പൊതുവെയുള്ള വിലയിരുത്തല്.
നിങ്ങള് പ്രത്യേകാവകാശമില്ലാതെയാണ് ജനിച്ചതെങ്കില്, നിങ്ങള്ക്ക് ചുറ്റിക്കറങ്ങാന് സമയമില്ലെന്ന് ഒരിക്കല് സ്റ്റാര്മര് പറഞ്ഞിരുന്നു. 'പ്രശ്നങ്ങള് പരിഹരിക്കാതെ നിങ്ങള് ചുറ്റിനടക്കില്ല, മാറ്റത്തെ അഭിമുഖീകരിക്കാത്ത സംഘടനകളുടെ സഹജാവബോധത്തിന് നിങ്ങള് കീഴടങ്ങുകയുമില്ല' എന്ന നിലപാടും സ്റ്റാര്മര് മുന്നോട്ടുവെച്ചിരുന്നു. പ്രത്യയശാസ്ത്രത്തെക്കാള് പ്രായോഗികതയില് വേരൂന്നിയ നേതാവ് എന്ന വിശേഷണത്തെ അടിവരയിടുന്നതായിരുന്നു സ്റ്റാര്മറുടെ ഈ നിലപാടുകളെല്ലാം. പരമ്പരാഗത ലേബര് പാര്ട്ടി നിലപാടുകളില് നിന്നും മാറി പ്രായോഗികമായ രാഷ്ട്രീയം മുന്നിര്ത്തി പ്രവര്ത്തിക്കുമെന്ന പ്രതീതിയാണ് വോട്ടര്മാര്ക്കിടയില് സ്റ്റാര്മര് സൃഷ്ടിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയായിരുന്നു കണ്സര്വേറ്റീവ് പാര്ട്ടിയും ലേബര് പാര്ട്ടിയും തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില് ഒരേ പോലെ ഉയര്ത്തിയ പ്രചാരണ ആയുധം. പരസ്പരം പഴിചാരിയതും സാമ്പത്തിക പ്രതിസന്ധിയുടെ പേരിലായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ സമയം കൂടിയായിരുന്നു ഇന്ത്യന് വംശജനായ ഋഷി സുനകിന്റെ ഭരണകാലം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിലേറിയതെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനായെന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള സുനകിന്റെ പ്രതികരണം. എന്നാല് ഇനി ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് സ്റ്റാര്മറുടെ ആദ്യ പ്രതികരണം. ലേബര് പാര്ട്ടിക്ക് വോട്ട് ചെയ്യുക എന്നാല് രാജ്യത്തിന്റെ സ്ഥിരതയ്ക്കുള്ള വോട്ടാണെന്നതായിരുന്നു സ്റ്റാർമറുടെ പ്രധാന പ്രചാരണ ആയുധം. ഇത്തവണ ലേബര് പാര്ട്ടിയെ ജനങ്ങള് വിശ്വാസത്തിലെടുത്തത് അതിനാല് തന്നെ പ്രായോഗികതയില് വിശ്വസിക്കുന്ന സ്റ്റാര്മറുടെ നിലപാടുകളെ പിന്പറ്റിയാകുമെന്ന് തീര്ച്ചയാണ്. രാജ്യത്തിനാണ് ആദ്യ പരിഗണന, പാര്ട്ടി രണ്ടാമതാണ് എന്ന സ്റ്റാര്മറുടെ വാഗ്ദാനവും ജനങ്ങളെ സ്വാധീനിച്ചിരിക്കാം.