ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം; രാഷ്ട്രീയമായ കാണാപ്പുറങ്ങള്‍

പ്രക്ഷോഭകാരികളെ ഷേയ്ഖ് ഹസീന 'റസാക്കാര്‍' എന്ന് വിശേഷിപ്പിച്ചതിനും വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്

dot image

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ബംഗ്ലാദേശില്‍ രാഷ്ട്രീയ വിഷയമായി വഴിമാറിയേക്കാമെന്ന് വിലയിരുത്തല്‍. തുടര്‍ച്ചയായി നാലുടേമായി അധികാരത്തിലിരിക്കുന്ന ഷേയ്ഖ് ഹസീന ഭരണകൂടം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായി വിദ്യാര്‍ത്ഥി പ്രക്ഷോഭം മാറിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെയും തൊഴിലില്ലായ്മ അടക്കമുള്ള സാമൂഹ്യ വിഷയങ്ങളെയും സര്‍ക്കാര്‍ വിരുദ്ധ ചര്‍ച്ചയിലേയ്ക്ക് എത്തിക്കാന്‍ നിലവിലെ പ്രക്ഷോഭങ്ങള്‍ വഴിതെളിക്കുമോ എന്ന ആശങ്ക ഹസീന ഭരണകൂടത്തിനുമുണ്ട്.

ഭരണകക്ഷിയായ അവാമി ലീഗ് ബംഗ്ലാദേശ് വിമോചനത്തിന്റെ ചരിത്രവും ത്യാഗവും ഓര്‍മ്മപ്പെടുത്തി പ്രതിഷേധത്തെ നേരിടാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഇത്തരം ഘടകങ്ങളെല്ലാം അന്തര്‍ലീനമാണ്. ബംഗ്ലാദേശ് സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഷേയ്ഖ് മുജീബുര്‍ റഹ്‌മാന്റെ മകളും പ്രധാനമന്ത്രിയുമായ ഷേയ്ഖ് ഹസീന പ്രക്ഷോഭകാരികളെ 'റസാക്കാര്‍' എന്ന് വിശേഷിപ്പിച്ചത് പ്രക്ഷോഭങ്ങള്‍ക്ക് മറ്റൊരുമാനം നല്‍കുന്നുണ്ട്. 1971ലെ ബംഗ്ലാദേശ് വിമോചനകാലത്ത് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത് പാക്കിസ്താന്‍ പക്ഷം ചേര്‍ന്നവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദമാണ് 'റസാക്കാര്‍' എന്നത്.

സര്‍ക്കാര്‍ ജോലികളിലെ ക്വാട്ട സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി പരിണമിക്കാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാവണം ബംഗ്ലാദേശ് വിമോചന കാലത്തെ വൈകാരികതകള്‍ ചൂണ്ടിക്കാണിച്ച് പ്രക്ഷോഭകാരികളെ നേരിടാന്‍ ഷേയ്ഖ് ഹസീന തയ്യാറായിട്ടുണ്ടാവുക

'നിലവിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ തന്നെ 1971ലെ വിമോചനപ്പോരാട്ടത്തില്‍ പങ്കെടുത്തവരുടെ ത്യാഗത്തിന് ഏറ്റവും ഉയര്‍ന്ന ആദരവ് നല്‍കണ'മെന്ന് ഷേഖ് ഹസീന ആവശ്യപ്പെട്ടിരുന്നു. 'സ്വന്തം കുടുംബത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച്, കുടുംബത്തെയും മാതാപിതാക്കളെയുമെല്ലാം ഉപേക്ഷിച്ച്, കൈവശമുള്ളതെല്ലാം ഉപയോഗിച്ച് യുദ്ധത്തില്‍ പങ്കാളികളായി' എന്നായിരുന്നു ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കാളികളായവരെ ഷേഖ് ഹസീന അനുസ്മരിച്ചത്. സര്‍ക്കാര്‍ ജോലികളിലെ ക്വാട്ട സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി പരിണമിക്കാനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാവണം ബംഗ്ലാദേശ് വിമോചന കാലത്തെ വൈകാരികതകള്‍ ചൂണ്ടിക്കാണിച്ച് പ്രക്ഷോഭകാരികളെ നേരിടാന്‍ ഷേയ്ഖ് ഹസീന തയ്യാറായിട്ടുണ്ടാവുക.

വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന സമരത്തില്‍ തൊഴിലില്ലായ്മയും ഒരുഘടകമാണ് എന്നത് സര്‍ക്കാരിനെ പ്രധാനമായും പ്രതിരോധത്തിലാക്കുണ്ട്. ബംഗ്ലാദേശ് വിമോചനത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സംവരണം ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുന്നതാണ് എന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. പ്രക്ഷോഭത്തെ ബംഗ്ലാദേശ് വിമോചന കാലത്തെ വൈകാരികതകള്‍ എടുത്ത് ഉപയോഗിച്ച് അപലപിക്കാനുള്ള ഷേയ്ഖ് ഹസീനയുടെ നീക്കത്തിന് അതിനാല്‍ വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

സര്‍ക്കാര്‍ ജോലിയിലെ സംവരണവും തൊഴിലില്ലായ്മയും രാഷ്ട്രീയമായി മുഖാമുഖം നോക്കുന്നു

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം അടക്കം സര്‍ക്കാര്‍ ജോലികളില്‍ നിലനില്‍ക്കുന്ന ക്വാട്ട സംവരണം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന ബംഗ്ലാദേശില്‍ സംവരണവിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2018ല്‍ സര്‍ക്കാര്‍ ഈ സംവരണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ 2024ല്‍ ജൂണ്‍ മാസത്തില്‍ ഹൈക്കോടതി ഇത് പുന:സ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാലാഴ്ചത്തേയ്ക്ക് ഹൈക്കോടതി തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതോടെ തീരുമാനം സുപ്രീം കോടതി എടുക്കട്ടെയെന്ന നിലപാടിലാണ് ഷേയ്ഖ് ഹസീന. സുപ്രീം കോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും സമാധാനം പാലിക്കാനുമാണ് ഷേയ്ഖ് ഹസീന ആഹ്വാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന് സര്‍ക്കാര്‍ വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.

എന്നാല്‍ സംവരണ ക്വാട്ട പുന:സ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. നിലവിലെ ക്വാട്ട സംവരണം പരിഷ്‌കരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗ് അക്രമം അഴിച്ചുവിട്ടതാണ് പ്രക്ഷോഭം അക്രമാസക്തമായ നിലയില്‍ വ്യാപിക്കാന്‍ കാരണം. ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും പൊലീസും ആക്രമണം അഴിച്ചുവിട്ടുവെന്നാണ് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത്.

ബംഗ്ലാദേശ് വിമോചനത്തിന് പിന്നാലെ 1972ലാണ് ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം നല്‍കാനുള്ള നിയമം നിലവില്‍ വരുന്നത്. പിന്നീട് പലവിധ പരിഷ്‌കാരങ്ങള്‍ക്ക് ബംഗ്ലാദേശിലെ ക്വാട്ട സംവരണം വിധേയമായി

ബംഗ്ലാദേശ് വിമോചനത്തിന് പിന്നാലെ 1972ലാണ് ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം നല്‍കാനുള്ള നിയമം നിലവില്‍ വരുന്നത്. പിന്നീട് പലവിധ പരിഷ്‌കാരങ്ങള്‍ക്ക് ബംഗ്ലാദേശിലെ ക്വാട്ട സംവരണം വിധേയമായി. 2018ല്‍ ക്വാട്ട സംവരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം അടക്കം ക്വാട്ട സംവരണം 56 ശതമാനമായി മാറിയിരുന്നു. വനിതകള്‍ക്ക് 10 ശതമാനം, അവികസിത ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് 10 ശതമാനം, തദ്ദേശ ജനതയ്ക്ക് അഞ്ച് ശതമാനം ഭിന്നശേഷിക്കാര്‍ ഒരു ശതമാനം എന്നിങ്ങനെയാണ് ബംഗ്ലാദേശില്‍ 56 ശതമാനം ക്വാട്ട സംവരണത്തിന്റെ മാനദണ്ഡങ്ങള്‍. ഇതില്‍ തദ്ദേശീയ ജനതയുടെ അഞ്ച് ശതമാനം സംവരണവും ഭിന്നശേഷിക്കാരുടെ ഒരു ശതമാനം സംവരണവും ഒഴികെയുള്ള ബാക്കി ക്വാട്ട സംവരണങ്ങളെല്ലാം പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.

രാജ്യത്തെ വര്‍ദ്ധിച്ച തൊഴിലില്ലായ്മയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് വഴിതെളിച്ചിരിക്കുന്നത്. രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയെ അപേക്ഷിച്ച് ആകര്‍ഷകമോ സുരക്ഷിതമോ അല്ല. സര്‍ക്കാര്‍ മേഖലയിലെ ജോലികളില്‍ മാനദണ്ഡ പ്രകാരമുള്ള വേതന വര്‍ദ്ധനവും മറ്റ് പ്രത്യേക അവകാശങ്ങളും ഉണ്ട്. നിലവില്‍ ബംഗ്ലാദേശില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ്. ബംഗ്ലാദേശിലെ ക്വാട്ട സംവരണം നടപ്പിലാക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ 44 ശതമാനത്തില്‍ മാത്രമേ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടക്കുകയുള്ളു. ഈ നിലയില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ സാധ്യത സര്‍ക്കാര്‍ ജോലികളില്‍ പരിമിതപ്പെടുമെന്ന ആശങ്കയാണ് വിദ്യാര്‍ത്ഥികളെ തെരുവില്‍ ഇറക്കിയിരിക്കുന്നത്.

നിലവില്‍ ബംഗ്ലാദേശ് കടന്നു പോകുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യവും പ്രക്ഷോഭത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ഏതാണ്ട് 170 ദശലക്ഷം ജനസംഖ്യയില്‍ 32 ദശലക്ഷത്തോളം യുവാക്കള്‍ തൊഴിലില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍

നിലവില്‍ ബംഗ്ലാദേശ് കടന്നു പോകുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യവും പ്രക്ഷോഭത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ഏതാണ്ട് 170 ദശലക്ഷം ജനസംഖ്യയില്‍ 32 ദശലക്ഷത്തോളം യുവാക്കള്‍ തൊഴിലില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍. ബംഗ്ലാദേശിലെ സമ്പദ്‌വ്യവസ്ഥ മന്ദീഭവിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ പണപ്പെരുപ്പം ഏതാണ്ട് 10 ശതമാനത്തോളമാണ്. ഡോളറിന്റെ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടായതും ബംഗ്ലാദേശിന്റെ സാമ്പത്തിക സ്തംഭനാവസ്ഥയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് താരതമ്യേന സുരക്ഷിതമായ സര്‍ക്കാര്‍ ജോലികളില്‍ യോഗ്യതയ്ക്ക് അനുസരിച്ചുള്ള നിയമനം ലഭിക്കില്ല എന്ന ആശങ്ക യുവജനങ്ങളെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ രാഷ്ട്രീയമായ കാണാപ്പുറങ്ങള്‍

ഇതുവരെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. 2500ലേറെ പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു. ഇതിനിടെ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇന്‍ര്‍നെറ്റ് വ്യാപകമായി നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകളും സര്‍വ്വകലാശാലകളും അനിശ്ചിതകാലത്തേയ്ക്ക് അടച്ചിരിക്കുകയാണ്. ഇതിനിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം വൈകാരിക രാഷ്ട്രീയ വിഷയമായും മാറുന്നുണ്ട്. പ്രക്ഷോഭത്തില്‍ ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ഷിബിര്‍ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ബംഗ്ലാദേശിലെ ഏറ്റവും വലുതും സുസംഘടിതവുമായ ഇസ്ലാമിക് പാര്‍ട്ടിയാണ് ബംഗ്ലാദേശ് ജമാ-അത്തെ ഇസ്ലാമി. എന്നാല്‍ തിരഞ്ഞെടുപ്പ് നിരോധനം അടക്കമുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ജമാ-അത്തെ ഇസ്ലാമി ബംഗ്ലാദേശി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് വരാന്‍ പലവിധ തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്.

1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ചവരെന്ന നിലയിലാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ മുഖ്യധാരയില്‍ ജമാ-അത്തെ ഇസ്ലാമി കണക്കാക്കപ്പെടുന്നത്. 1971ലെ യുദ്ധകാലത്ത് യുദ്ധകുറ്റങ്ങളിലും വംശഹത്യയിലും അടക്കം പങ്കാളികളായിരുന്നു ഇവരുടെ നേതാക്കള്‍ എന്ന ആരോപണം ഇപ്പോഴും മുഖ്യധാരയിലുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ വിചാരണ ചെയ്യാന്‍ 2009ല്‍ അധികാരത്തിലെത്തിയ അവാമി ലീഗ് സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ എന്ന പേരില്‍ ഒരു ആഭ്യന്തര കോടതി രൂപീകരിച്ചിരുന്നു. നിരവധി ജമാ-അത്തെ നേതാക്കളെയാണ് വിചാരണയില്‍ കുറ്റവാളികളായി കണ്ടെത്തിയത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ജമാ-അത്തെ ഇസ്ലാമിയുടെ ഏറ്റവും ജനപ്രിയ നേതാവായിരുന്നു ഡെല്‍വാര്‍ ഹുസൈന്‍ സയ്യിദി 2023 ഓഗസ്റ്റ് മാസത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ മയ്യത്ത് നമസ്‌കാരം ധാക്കയില്‍ നടത്താന്‍ പോലും അവാമി ഭരണകൂടം അനുവദിച്ചിരുന്നില്ല. നേരത്തെ 1971ലെ ബംഗ്ലാദേശ് വിമോചനകാലത്ത് വംശഹത്യയും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടിരുന്ന സയ്യിദിയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് സയ്യിദിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയത്.

നിലവില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ഷിബിറിന്റെ സാന്നിധ്യം ആരോപിക്കപ്പെടുന്ന പശ്ചാലത്തില്‍ കൂടിയാണ് അവാമി ലീഗ് നേതാവായ ഷേയ്ഖ് ഹസീന 1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിന്റെ വൈകാരികത ഉയര്‍ത്തിയിരിക്കുന്നത് എന്നാതാണ് ശ്രദ്ധേയം

ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ഷിബിര്‍ ഐസിടി വിചാരണയ്ക്കും നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയതിനുമെതിരെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേരത്തെ നേതൃത്വം നല്‍കിയിരുന്നു. നിലവില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഛത്ര ഷിബിറിന്റെ സാന്നിധ്യം ആരോപിക്കപ്പെടുന്ന പശ്ചാലത്തില്‍ കൂടിയാണ് അവാമി ലീഗ് നേതാവായ ഷേയ്ഖ് ഹസീന 1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിന്റെ വൈകാരികത ഉയര്‍ത്തിയിരിക്കുന്നത് എന്നാതാണ് ശ്രദ്ധേയം. മാത്രമല്ല പ്രക്ഷോഭകാരികളെ ഷേയ്ഖ് ഹസീന 'റസാക്കാര്‍' എന്ന് വിശേഷിപ്പിച്ചതിനും വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഷേയ്ഖ് ഹസീനയുടെ ഇത്തരം പ്രതികരണങ്ങള്‍ ഈയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ യാദൃശ്ചികമല്ലെന്ന് തന്നെ വേണം വിലയിരുത്താന്‍.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us