കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കലിലാണ് അര്‍ജുന്റെ വീട്. വീട്ടുപടിക്കല്‍ വരെ പൂനൂര്‍ പുഴ കരവിഞ്ഞെത്താറുണ്ട്. വരാന്തയില്‍ ദൂരേയ്ക്ക് നോക്കി മകന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് അച്ഛന്‍ പ്രേമന്‍. ഭര്‍ത്താവ് തിരിച്ചെത്തുമെന്ന ഉറപ്പോടെ മകന്‍ അയനെ ആശ്വസിപ്പിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയ. അമ്മ ഷീലയുടെയും സഹോദരിയുടെയും മുഖത്ത് അവരിലേക്ക് പടര്‍ന്നുകയറിയ നിരാശയുടെ ആഴം കാണാം.
ജീവിത പ്രയാസങ്ങളോട് പൊരുതി വളര്‍ന്നവനാണ് അര്‍ജുന്‍. കുടുംബം പുലര്‍ത്താനായാണ് 23-ാം വയസില്‍ വലിയ വാഹനത്തിന്റെ വളയം പിടിച്ചുതുടങ്ങിയത്. കോഴിക്കോട് കിനാശ്ശേരിയിലുള്ള മനാഫിന്റെയും മുനീബിന്റെയും ലോറിയാണ് എട്ടുവര്‍ഷത്തോളമായി അര്‍ജുന്‍ ഓടിക്കുന്നത്. മിക്കവാറും ഒറ്റയ്ക്കായിരുന്നു യാത്രകളത്രയും. ഈ മാസം എട്ടിന് കൂപ്പില്‍ തടിയെടുക്കാന്‍ പോയതും തനിച്ചുതന്നെ. കോട്ടക്കലില്‍ നിന്ന് മൈസൂരുവിലേക്കും അതുവഴി കുശാല്‍ നഗറിലേക്കും അവിടുന്ന് ബെല്‍ഗാമിലേക്കും. അക്ക്വേഷ്യ ലോഡുമായി തിരിച്ചുവരുമ്പോള്‍ പതിവ് വിശ്രമത്തിന് വണ്ടി നിര്‍ത്തിയ അര്‍ജുനും ലോറിയും ഇപ്പോഴും കാണാമറയത്താണ്.
ദേശീയപാതയോരത്തെ ഷിരൂര്‍ കുന്ന്
ഒരു ഭാഗത്ത് പച്ചപുതച്ച പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് പതഞ്ഞൊഴുകുന്ന ഗംഗാവാലി നദിയും. ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലൂടെ കടന്നുപോകുമ്പോള്‍ പന്‍വേല്‍-കന്യാകുമാരി ദേശീയപാതയിലുടെ ഇരു വശങ്ങളിലെയും കാഴ്ച്ചകള്‍ മനോഹരമാണ്.
പ്രകൃതിരമണീയമായ ഈ പാതയില്‍ ഷിരൂര്‍ കുന്നിന്റെ ഓരത്തായി ലോറി ഡ്രൈവര്‍മാരും മറ്റു യാത്രക്കാരും വിശ്രമിക്കുന്ന ഇടങ്ങളുണ്ട്. പുഴയില്‍ നല്ല കുളിക്കടവും റോഡരികിലെ വിശാലമായ പാര്‍ക്കിങും ഡ്രൈവര്‍മാര്‍ക്ക് ഏറെ സൗകര്യമാണ്. റോഡിന്റെ ഇരുവശത്തായുമുള്ള നിരപ്പായ സ്ഥലത്ത് വണ്ടികള്‍ നിര്‍ത്തി നദിയില്‍ കുളിക്കാം, ശേഷം വാഹനത്തിനകത്ത് ഒരു മയക്കവുമാകാം. ആഹാരം കഴിക്കാനായി ഗംഗാവാലി നദിയുടെ ഭാഗത്തായി 47കാരനായ ലക്ഷമണ്‍ നായിക്കും ഭാര്യ ശാന്തിയും നടത്തിയിരുന്ന ഒരു ചായക്കടയുമുണ്ട്. മലയാളം സംസാരിക്കുന്ന ലക്ഷ്മണ്‍ നായിക്ക് നന്നായി കേരള വിഭവങ്ങള്‍ ഉണ്ടാക്കുമെന്നും ദീര്‍ഘദൂര മലയാളി ട്രക്ക് ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്മണന്റെ വീടും കടയ്ക്ക് തൊട്ടടുത്താണ്. ഒരു പഞ്ചര്‍ കടയും അവിടെയുണ്ട്. മലയുടെ ഒരുവശം കുത്തനെ വെട്ടിയിറക്കി ദേശീയ പാത വികസിപ്പിക്കുന്നതിന്റെ പ്രവൃത്തിയും ഇവിടം പുരോഗമിക്കുന്നുണ്ട്.
ജൂലൈ 16 ന് (ചൊവ്വാഴ്ച്ച) പുലര്‍ച്ചെ ഇവിടെ റോഡരികില്‍ ലോറി നിര്‍ത്തിയിട്ട് അതിനകത്ത് കിടന്നുറങ്ങുകയായിരുന്നുവെന്നാണ് അര്‍ജുനെ അവസാനമായി കണ്ട ലോറി ഡ്രൈവര്‍, ഈശ്വരമംഗലം സ്വദേശിയായ സവാദ് പറയുന്നത്. രണ്ടുപേരും ഒരുമിച്ചാണ് ബെലഗാവിയിലെ രാംനഗറില്‍നിന്ന് ലോഡെടുത്ത് മടങ്ങിയത്. മഴപെയ്യുന്നത് കാരണം അതുപറയാനായാണ് സവാദ് ലോറി നിര്‍ത്തി അര്‍ജുനെ പോയി തട്ടിവിളിച്ചത്. പുലര്‍ച്ചെ അഞ്ചരയാണ് അപ്പോള്‍ സമയം. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി അടച്ച് കിടന്നുറങ്ങുകയായിരുന്നതിനാല്‍ അര്‍ജുന്‍ സവാദിന്റെ വിളി കേട്ടില്ല. സവാദ് മടങ്ങി.
മണ്ണിടിച്ചില്‍
ചൊവ്വാഴ്ച രാവിലെ 8.33 ന് ഷിരൂര്‍ കുന്ന് സ്‌ഫോടന സ്വഭാവത്തില്‍ താഴേക്ക് പതിച്ചു. ഒപ്പം ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനവും. ടണ്‍ കണക്കിന് മണ്ണ് ദേശീയ പാതയിലേക്ക് മറിഞ്ഞെത്തി. റോഡും കടന്ന് നദിയിലേക്ക് മണ്ണു വീണപ്പോള്‍ സുനാമിപോലെ വെള്ളം ഉയര്‍ന്ന് ഗംഗാവാലിയ്ക്ക് മറുകരയിലുള്ള മാടങ്കേരി ഉള്‍വരെ ഗ്രാമത്തിലേക്ക് വീശിയടിച്ചു. ദേശീയപാതയ്ക്ക് മുകളില്‍ കുന്നായി പരന്ന മണ്ണ് ഗംഗാവാലിയിലേക്കും കടന്ന് പുഴയുടെ നടുവില്‍ തുരുത്തായി ഉയര്‍ന്നു. 250 മീറ്ററോളം വീതിയുണ്ട് ഗംഗാവലിപ്പുഴയ്ക്ക്. ചായക്കടക്കാരന്‍ ലക്ഷ്മണ്‍ നായിക്കിന്റെയും ഭാര്യയുടെയും 2 മക്കളുടെയുമടക്കം കുടുംബത്തിലെ 5 പേരുടെയും തമിഴ്നാട്ടുകാരായ രണ്ട് ലോറി തൊഴിലാളികളുടെയും അടക്കം 7 മൃതദേഹങ്ങള്‍ ചൊവാഴ്ച തന്നെ ഗംഗാവാലി പുഴയില്‍ കണ്ടെത്തി. മറുകരയിലുള്ള മാടങ്കേരി ഗ്രാമത്തിലെ കാണാതായ 9 പേരില്‍ ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ദേശീയപാതയില്‍ നിന്നു പുഴയിലേക്കു വീണ 2 പാചക വാതക ടാങ്കര്‍ ലോറികളില്‍ ഒന്ന് 7 കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളായ ഡ്രൈവര്‍മാരുടെ മൃതദേഹം കണ്ടെത്തിയത് ഏറെ അകലെ (40 കി.മീ അകലെ) ഗോകര്‍ണത്ത് വെച്ചാണ്.
അര്‍ജുനെ തേടി..
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അവസാനമായി അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിരൂരിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കുടുംബമറിയുന്നത്. ആദ്യം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി തന്നെ അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു പ്രസാദ് എന്നിവര്‍ ട്രെയിന്‍ മാര്‍ഗ്ഗം ഷിരൂരിലേക്ക് പുറപ്പെട്ടു. ഇതിനും മുമ്പേ ലോറിയുടെ ഉടമയുടെ സഹോദരന്‍ മുബീനും സുഹൃത്ത് രഞ്ജിത്തും ഷിരൂരിലേക്ക് തിരിച്ചിരുന്നു. ഷിരൂരിലെത്തിയ സംഘം കണ്ടതത്രയും നിരാശാജനകമായ കാഴ്ച്ചകളാണ്. ഒരു പൊലീസ് ജീപ്പും മണ്ണുമാന്തി യന്ത്രവും മാത്രമാണ് സംഭവസ്ഥലത്തുള്ളത്. തിരച്ചിലെന്നത് വെറും പ്രഹസനം മാത്രം.
62 words / 651 characters
മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനല്ല, ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തിരക്കാണ് അധികൃതര്‍ക്ക്. റോഡിലെ മണ്ണുനീക്കി ദുരന്തസ്ഥലത്തേക്ക് തന്നെ മാറ്റിയിടുന്നു. സംഭവ സ്ഥലത്തേക്ക് ചെന്ന സംഘത്തെ പൊലീസ് തടഞ്ഞു. 30 കിലോമീറ്റര്‍ ചുറ്റി വനമേഖലയിലൂടെ സഞ്ചരിച്ചാണ് അഭിജിത്തും സംഘവും ദുരന്തഭൂമിയിലെത്തിയത്. ഇതിനിടെ ലോറി ഉടമ മനാഫുമെത്തി. പല തവണ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങി. ഒടുക്കം അര്‍ജുന്റെ സഹോദരി അഞ്ജു കോഴിക്കോട് എംപി എം കെ രാഘവനെ പോയി കണ്ട് പരാതി പറഞ്ഞു. ഒപ്പം മാധ്യമങ്ങളെയും വിവരമറിയിച്ചു. അപ്പോഴേക്കും മണ്ണിടിച്ചിലുണ്ടായി മൂന്നാം ദിവസമായിട്ടുണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്റെ നിർണായക മണിക്കൂറുകളത്രയും നഷ്ടപ്പെടുത്തിയ മൂന്ന് നാളുകള്‍. ഇനിയും സമയം നഷ്ടപ്പെടുത്താനില്ലെന്ന് തിരിഞ്ഞ റിപ്പോര്‍ട്ടര്‍ ചാനല്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ നിരന്തരം ഉറച്ചുനിന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനത്തിന് അല്‍പം ജീവന്‍വെച്ചു.
പ്രതീക്ഷകള്‍ അവസാനിക്കുമ്പോള്‍
നാവികസേന, ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാസേന എന്നിവയ്ക്ക് പുറമെ ഇന്ത്യന്‍ സൈന്യം തന്നെയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. അര്‍ജുന്‍ സഞ്ചരിച്ചത് ഭാരത് ബെന്‍സിന്റെ അത്യാധുനിക ട്രക്കിലാണെന്നതാണ് വലിയ പ്രതീക്ഷയായത്. എന്നാല്‍ തിരച്ചില്‍ എട്ട് ദിവസം പിന്നിട്ടിട്ടും ആ പ്രതീക്ഷകള്‍ക്ക് ഫലമുണ്ടായില്ല. ഗംഗാവലി പുഴ കേന്ദ്രീകരിച്ചാണിപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. കൂടുതല്‍ റഡാറുകളും ഐഎസ്ആര്‍ഒയുടെ ചിത്രങ്ങളും ലഭ്യമാണ്. അപ്പോഴും അര്‍ജുന്‍ കാണാമറയത്ത് തന്നെ. പുഴയുടെ വശത്തായി ഒരു കുഴിയുണ്ടായിരുന്നു. അതിലേക്ക് വാഹനം തെന്നി വീഴാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ആ കുഴിയിലേക്കിട്ട മണ്ണുകളത്രയും തങ്ങളുടെ പ്രതീക്ഷകളുടെ മുകളിലേക്കായിരുന്നുവെന്ന അര്‍ജുന്റെ അമ്മയുടെ വാക്കിന് മുന്നില്‍ ഒരു നാടിന്റെ മനസാക്ഷിയാകെ തലകുനിച്ച് നില്‍പ്പാണ്.