ഹേമ കമ്മിറ്റി റിപ്പോർട്ടിനെ മലയാളസിനിമയിലെ ആരാണ് ഭയക്കുന്നത്? എന്തിനാണ് ഭയം?

ശരിക്കും എന്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട്, ഇത്രയും വർഷങ്ങളായി പരസ്യപ്പെടുത്താതെ പൂഴ്ത്തിവെക്കാൻ മാത്രം പ്രധാന്യം അതിനുണ്ടായതെങ്ങനെയാണ്? റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പതിനെട്ടടവും പയറ്റാൻ സിനിമാമേഖലയിലെ ചെറുമീനുകൾ മുതൽ വമ്പൻ സ്രാവുകളെ വരെ സമ്മർദ്ദത്തിലാക്കുന്ന എന്താണ് അതിലുള്ളത്....?

വീണാ ചന്ദ്
1 min read|24 Jul 2024, 04:05 pm
dot image

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നിരിക്കുന്നു. നാലരവർഷമായി പൂഴ്ത്തിവച്ചിരുന്ന റിപ്പോർട്ട്, വിവരാവകാശ കമ്മീഷനടക്കം പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ പുറത്തുവിടാഞ്ഞ അതേ റിപ്പോർട്ട്…. ഒടുവിൽ റിപ്പോർട്ട് പുറത്തുവിട്ടേ മതിയാകൂ എന്ന വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനത്തിന് വഴങ്ങി ഇന്ന് സർക്കാർ പുറത്തുവിടാനിരുന്ന റിപ്പോർട്ട്. അതേ റിപ്പോർട്ടാണ് സജി മോൻ പറയിൽ എന്ന നിർമ്മാതാവിന്റെ ഹർജിയെത്തുടർന്ന് പുറത്തുവിടരുതെന്ന് അവസാനനിമിഷം കോടതി പറഞ്ഞിരിക്കുന്നത്. തന്റെ പേര് അതിലുൾപ്പെട്ടിട്ടുള്ളതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടരുതെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. റിപ്പോർട്ടിൽ പരാമർശമുള്ളവരുടെ സ്വകാര്യത ഹനിക്കുന്നതൊന്നും പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നതാണെന്നോർക്കണം. അതനുസരിച്ച് മാറ്റേണ്ടത് മാറ്റി വെട്ടിത്തിരുത്തി തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ന് പുറത്തുവിടാനിരുന്നത്. ശരിക്കും എന്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട്, ഇത്രയും വർഷങ്ങളായി പരസ്യപ്പെടുത്താതെ പൂഴ്ത്തിവെക്കാൻ മാത്രം പ്രധാന്യം അതിനുണ്ടായതെങ്ങനെയാണ്? റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പതിനെട്ടടവും പയറ്റാൻ സിനിമാമേഖലയിലെ ചെറുമീനുകൾ മുതൽ വമ്പൻ സ്രാവുകളെ വരെ സമ്മർദ്ദത്തിലാക്കുന്ന എന്താണ് അതിലുള്ളത്….?

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പറയണമെങ്കിൽ മലയാള ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് പറഞ്ഞുതുടങ്ങണം. അത്തരമൊരു കൂട്ടായ്മ രൂപപ്പെടാനുണ്ടായ പരിസരങ്ങളെക്കുറിച്ചും പറയണം. പുരുഷകേന്ദ്രീകൃതമായ, നടന്മാർ എന്ന അച്ചുതണ്ടിൽ മാത്രം കറങ്ങിക്കൊണ്ടിരുന്ന മലയാളസിനിമാ മേഖലയിൽ ശക്തമായി ഒരു വനിതാ കൂട്ടായ്മ ഉയർന്നുവന്നത് കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവത്തോടെയായിരുന്നു.

2017 ഫെബ്രുവരിയിൽ ഒരു യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടു. അവരെ തട്ടിക്കൊണ്ടുപോകുകയും കാറിൽ വച്ച് ലൈം​ഗികമായി ആക്രമിക്കുകയും ആ ദൃശ്യങ്ങൾ പകർത്തപ്പെടുകയും ചെയ്തു. നിഷ്ഠൂരമായ ആ കുറ്റകൃത്യത്തിന് കാരണക്കാരായവരെ ഭയന്നോടാനോ ഓടിയൊളിക്കാനോ നടി തയ്യാറല്ലായിരുന്നു. അവർ സധൈര്യം സാഹചര്യത്തെ നേരിട്ടു. അക്രമികൾ ശിക്ഷിക്കപ്പെടണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇരയായി കരഞ്ഞിരിക്കാനോ വേട്ടക്കാരെ രക്ഷപ്പെടാൻ അനുവദിക്കാനോ താൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. നീതിയും ന്യായവും തേടിയുള്ള ആ പോരാട്ടത്തിൽ യുവനടിയോട് ഐക്യപെടേണ്ടത് തങ്ങളുടെ കടമയാണെന്ന് ചലച്ചിത്രമേഖലയിലെ ഒരു വിഭാ​ഗം വനിതാ പ്രവർത്തകർ തിരിച്ചറിഞ്ഞു. നിരുപാധിക പിന്തുണയുമായി അവർ രം​ഗത്തെത്തി. അങ്ങനെ വിമൻ ഇൻ സിനിമാ കളക്ടീവ് അഥവാ ഡബ്ല്യു സി സി രൂപീകൃതമായി. അതൊരു ചെറിയ കാര്യം അല്ലായിരുന്നു. പതിറ്റാണ്ടുകളായി ആണധികാരവും പുരുഷമേധാവിത്വവും നിറഞ്ഞുനിന്ന, സ്ത്രീകൾ ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരായിക്കൊണ്ടിരുന്ന ഒരിടത്താണ് ഡബ്ല്യു സി സി കലാപക്കൊടി നാട്ടിയത്. പിന്നീടങ്ങോട്ട് ഉയർന്നുവന്ന സമ്മർദ്ദങ്ങളോടോ എതിർപ്പുകളോടോ സന്ധി ചെയ്യാൻ ആ സ്ത്രീകൾ തയ്യാറല്ലായിരുന്നു. മലയാള ചലച്ചിത്ര മേഖല മാറേണ്ടതുണ്ടെന്നും അവിടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കും ചൂഷണങ്ങൾക്കും അവസാനമുണ്ടാകണമെന്നും അവർ ശക്തമായി നിലപാടെടുത്തു. ആ നിലപാടിൽ നിന്നുയർത്തിയ ആവശ്യങ്ങളിൽ നിന്നാണ് ഹേമാ കമ്മിറ്റിയുടെ രൂപീകരണം.

വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്നതാണ് ഡബ്ല്യുസിസി. സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന് അന്നത്തെ ഇടതുപക്ഷ സർക്കാരിനോട് ഡബ്ല്യുസിസി അഭ്യർത്ഥിച്ചു. അങ്ങനെ 2017 ജൂലൈയിലാണ് ഹേമാ കമ്മിറ്റിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു.

തൊഴിലിടത്തെ പ്രശ്നങ്ങൾ‌ പഠിക്കാൻ സിനിമാമേഖലയിലേക്ക് ഹേമാ കമ്മിറ്റി ഇറങ്ങിച്ചെന്നു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ സ്വഭാവം അറിയാൻ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി അഭിമുഖം നടത്തി. തങ്ങളുടെ പേരുകൾ പുറത്തുവിടരുതെന്ന വ്യവസ്ഥയിൽ നിരവധി സ്ത്രീകൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കമ്മിറ്റിയോട് തുറന്നുപറഞ്ഞു. വേതനത്തിലെ സ്ത്രീ- പുരുഷ വേർതിരിവ്, ലഭിക്കുന്ന അടിസ്ഥാനസൗകര്യങ്ങളിൽ പോലും ഉണ്ടാകുന്ന വിവേചനം, പരാതി പരിഹാരത്തിനുള്ള വേദിയില്ലാത്തതിന്റെ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ തുറന്നുപറച്ചിലുകളുണ്ടായി.

2019 ഡിസംബർ 31ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളും സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും ഒപ്പം സമർപ്പിച്ചു. കാസ്റ്റിം​ഗ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ‌ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തൽ അതുമായി ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോ​ഗം സിനിമാസെറ്റുകളിൽ വ്യാപകമാണെന്നും കണ്ടെത്തലുണ്ട്. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെ സിനിമാരം​ഗത്ത് സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ഈ രംഗത്തേക്ക് ചുവടുവെക്കാനുള്ള ധൈര്യം വർധിക്കുമെന്നും നമ്മുടെ സമൂഹത്തെ ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ട് സമർപ്പിച്ച സമയത്ത് ഹേമ കമ്മിറ്റി അഭിപ്രായപ്പെട്ടത്.

ഹേമ കമ്മിറ്റിയെ നിയോ​ഗിക്കാനുണ്ടായിരുന്ന ഉത്സാഹം റിപ്പോർട്ട് കിട്ടിയ ശേഷം സർക്കാരിന് ഉണ്ടായില്ലെന്ന് പരക്കെ വിമർശനമുയർന്നു. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തതായിരുന്നു വിമർശനങ്ങൾക്ക് വഴിവച്ചത്. റിപ്പോർട്ട് പുറത്തുവന്നാൽ സിനിമാ മേഖലയിലെ പല വമ്പൻമാരുടെയും പ്രതിഛായ പൊതുസമൂഹത്തിനു മുന്നിൽ തകരുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അതിലുള്ളതെന്നും സൂചനകളുയർന്നു. അതുതന്നെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ മടിക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ടായി. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകർന്നേക്കും, റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് കമ്മിറ്റി അധ്യക്ഷ തന്നെ കത്ത് നല്‍കി, തെളിവുകളില്ലാതെ ആരോപണങ്ങള്‍ പരസ്യപ്പെടുത്താനാകില്ല തുടങ്ങിയ ന്യായീകരണങ്ങള്‍ പരോക്ഷമായും പ്രത്യക്ഷമായും നിരത്തിയാണ് ഈ പൂഴ്ത്തിവെക്കലിനെ സർക്കാർ ന്യായീകരിച്ചത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,06,55,000 രൂപയാണ് ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാർ ചെലവാക്കിയതെന്നോർക്കണം. ഇത്രയധികം തുക ചെലവാക്കിയ ഒരു കാര്യമാണ് തുടർനടപടിയില്ലാതെ വർഷങ്ങളോളം ഫയലിൽ കുടുങ്ങിക്കിടന്നത്. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യുസിസി അടക്കം പലരും പ്രതിഷേധവുമായി രം​ഗത്തെത്തി. വിവരാവകാശ നിയമപ്രകാരം സാമൂഹ്യപ്രവർത്തകർ വിവരങ്ങൾ തേടി. ഇതിനിടെ, 2021ൽ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലേറി. എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം നിയമസഭയിൽ പോലും അവതരിപ്പിക്കാനോ അതിന്മേൽ നടപടി എടുക്കാനോ സർക്കാർ തയ്യാറായില്ല.ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ അടുത്ത നീക്കമുണ്ടായി, ഹേമാ കമ്മിറ്റി റിപ്പോർട്ട് പഠിക്കാനായി സമിതി രൂപീകരിച്ചു. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി എന്നിവരടങ്ങിയതായിരുന്നു സമിതി. എന്നാൽ, ഈ സമിതി എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നില്ല.

എല്ലാത്തിനുമൊടുവിൽ ഈ മാസം ആദ്യം (ജൂലൈ 6) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് വന്നു. ജൂലൈ 25നകം റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ എ എ അബ്ദുൽ ഹക്കീം ഉത്തരവിട്ടത്. ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു. റിപ്പോര്‍ട്ട് വിളിച്ചുവരുത്തി വായിച്ചശേഷമാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന പരാതിയില്‍ വിവരാവാകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് മൂന്നുതവണ സിറ്റിങ് നടത്തിയപ്പോഴും റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. അങ്ങനെ റിപ്പോർട്ട് വായിച്ചശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ അതിൽ പരാമർശമുള്ള വ്യക്തികളുടെ സ്വകാര്യത ഹനിക്കരുതെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ 49 പേജിലെ 96ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

അങ്ങനെയാണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടാനിരുന്നത്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. ഒരാഴ്ച്ചത്തെ ഇടക്കാല സ്റ്റേ അനുവദിച്ച് കോടതി ഉത്തരവായിരിക്കുന്നു. ഇനിയെന്ത് എന്നത് കാത്തിരുന്ന് കാണാം……

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us