1999 ഫെബ്രുവരി 19ന് വാഗാ അതിര്‍ത്തിയും കടന്ന് ഒരു ബസ് പുറപ്പെട്ടു. ആ ബസ് യാത്രക്കാരെ സ്വീകരിക്കാനായി അങ്ങ് ലാഹോറില്‍ കാത്തുനില്‍ക്കുകയാണ് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സംഘവും. വാഗയും കടന്ന് പാക് മണ്ണിലേക്ക് പ്രവേശിച്ച ബസിന്റെ മുന്‍ സീറ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്. ദേവ് ആനന്ദ്, മല്ലിക സാരാഭായ്, ശത്രുഘ്‌നന്‍ സിന്‍ഹ, കപില്‍ ദേവ്, കുല്‍ദീപ് നയ്യാര്‍ തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം വന്‍ സംഘത്തെ ഒപ്പം കൂട്ടിയാണ് വാജ്‌പേയിയുടെ ആ ചരിത്രയാത്ര. ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കലുഷിതമായിരുന്ന ഇന്ത്യ - പാക് ബന്ധത്തെ തണുപ്പിക്കാന്‍ വാജ്‌പേയി കണ്ട ബസ് നയതന്ത്രം. 'ഹം ജങ് നാ ഹോനെ ദേംഗേ... തീന്‍ ബാര്‍ ലഡ് ചുകേ ലഡായി, കിത്ന മെഹംഗ സൗദാ... ഹം ജങ് ന ഹോനെ ദേംഗേ!' (യുദ്ധം നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല... മൂന്ന് തവണ യുദ്ധം ചെയ്തു, എന്തൊരു വൃഥാവ്യായാമമാണത്. ഇല്ല യുദ്ധം ഞങ്ങള്‍ അനുവദിക്കില്ല). യാത്ര പുറപ്പെടും വഴിയേ കാവ്യാത്മകമായി തന്നെ അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
ഒരു വശത്ത് ഇരു രാജ്യത്തേയും ജനകീയ സര്‍ക്കാരുകള്‍ സമാധാന നീക്കങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പാകിസ്ഥാനിലെ യഥാര്‍ത്ഥ അധികാര കേന്ദ്രമായ സൈന്യം മറ്റൊരു ഗൂഢപദ്ധതിയുടെ ആസൂത്രണത്തിലായിരുന്നുവെന്നതിന്റെ ചിത്രങ്ങളാണ് പിന്നീട് അനാവരണം ചെയ്യപ്പെട്ടത്. അന്നത്തെ പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫും മറ്റ് മുതിര്‍ന്ന മൂന്ന് സൈനിക നേതാക്കളും 'കൊഹ്ഇപൈമ' (മല കയറുന്നവര്‍) എന്നു പേരിട്ട് കാര്‍ഗിലില്‍ ഒരു കടന്നുകയറ്റത്തിന് ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. ലഡാക്കിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ജീവനാഡിയാണ് ശ്രീനഗറില്‍ നിന്ന് കാര്‍ഗിലും ദ്രാസും കടന്ന് ലേയിലേക്കു പോകുന്ന ദേശീയപാത 1. ഇത് ബ്ലോക്ക് ചെയ്യുക എന്നതായിരുന്നു ആദ്യ പദ്ധതി. അതിന് കാര്‍ഗിലില്‍ ആള്‍ സാന്നിധ്യമില്ലാത്ത ഏതാനും മലകള്‍ പിടിച്ചെടുക്കുക. സമയമാകുമ്പോള്‍ ദേശീയപാത ബ്ലോക്ക് ചെയ്ത് ലഡാക്കിനെ ഒറ്റപ്പെടുത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കി തന്ത്രപ്രധാനമായ സിയാച്ചിന്‍ പിടിച്ചെടുക്കുക എന്നതായിരുന്നു പാക് സൈനിക നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അല്ല, ലഡാക്കിനെ തന്നെ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍. പാകിസ്ഥാന്‍ തങ്ങളുടേതെന്ന് അവകാശവാദമുന്നയിച്ച സിയാച്ചിന്‍ 1984 ഏപ്രില്‍ 13ന് ഓപ്പറേഷന്‍ മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെയാണ് ഇന്ത്യയുടെ നിയന്ത്രണത്തിലാവുന്നത്.
കാര്‍ഗില്‍
ശ്രീനഗറില്‍ നിന്ന് ഏകദേശം 205 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. സമുദ്രനിരപ്പില്‍ നിന്ന് 18000 അടി വരെ ഉയരത്തില്‍; ശൈത്യകാലത്ത് മൈനസ് 30 ഉം 40 ഉം ഡിഗ്രി വരെ തണുപ്പ് താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന ഇടം. ശത്രുതയിലാണെങ്കിലും ഇന്ത്യ-പാക് സൈന്യങ്ങള്‍ തമ്മിലുള്ള അലിഖിത ധാരണയുടെ അടിസ്ഥാനത്തില്‍ അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍ നിന്ന് ഇരു സൈന്യങ്ങളും വിട്ടുപോരാറുണ്ട്. 1999 ലെ ആ അതിശൈത്യക്കാലത്ത്, ആ ധാരണ തെറ്റിച്ചുകൊണ്ട് ഇന്ത്യക്കാരില്ലാത്ത തക്കം നോക്കി ഉയരത്തിലുള്ള തന്ത്രപ്രധാനമായ പോസ്റ്റുകള്‍ പാകിസ്താന്‍ കയ്യടക്കി ഇരിപ്പുറപ്പിച്ചു. ദ്രാസ്, കക്സര്‍, മസ്‌കോ, ബടാലിക് സെക്ടറുകളിലൂടെ വലിയൊരു നുഴഞ്ഞുകയറ്റം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഒപ്പറേഷന്‍ ബദര്‍ (Operation Badr) എന്ന രഹസ്യനാമത്തില്‍ പര്‍വേസ് മുഷറഫ് ആസൂത്രണം ചെയ്ത ഗൂഢപദ്ധതി. കശ്മീര്‍ തീവ്രവാദി സംഘങ്ങളുടെ മറവില്‍ പ്രത്യേകം പരിശീലനം ലഭിച്ച പാക് സൈനികര്‍ തന്നെയായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍.
1999 മേയ് 3ന് തഷി നംഗ്യാല്‍ എന്ന ഇടയന്‍ തന്റെ കാണാതെ പോയ യാക് മൃഗങ്ങളെ അന്വേഷിച്ച് ബറ്റാലിക് പ്രദേശത്തെ മലമുകളില്‍ ചെന്നപ്പോള്‍ കുറച്ചാളുകള്‍ തോക്കു പിടിച്ചു നില്‍ക്കുന്നത് കണ്ടു. കാര്യം പന്തിയല്ലെന്നു മനസ്സിലാക്കിയ തഷി മലയിറങ്ങി അടുത്തുള്ള ആര്‍മി പോസ്റ്റില്‍ വിവരമറിയിച്ചു. മേയ് 5 ന് ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പരിശോധനയ്ക്കായി കക്സര്‍ സെക്ടറിലെ ബജ്രംഗ് പോസ്റ്റിലെത്തി. അവര്‍ പക്ഷേ മടങ്ങിവന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ (Line of Control) അതിര്‍ത്തി കടന്നെത്തിയതായി സൈന്യത്തിനു ബോദ്ധ്യമായി. തൊട്ടുപിന്നാലെ നൂറു കണക്കിനു പാക്ക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗില്‍ മലനിരകളില്‍ താവളമുറപ്പിച്ചെന്ന രഹസ്യാന്വേഷണ വിവരവും വന്നു.
പൊടുന്നനെയായിരുന്നു നുഴഞ്ഞുകയറ്റക്കാരില്‍ നിന്നുള്ള ആക്രമണം. ക്യാപ്റ്റന്‍ സൌരഭ് കാലിയക്കൊപ്പം അര്‍ജുന്‍ റാം, ഭന്‍വാര്‍ ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും വീരോചിതമായി ഏറ്റുമുട്ടി. എന്നാല്‍ തിരകളും ആയുധങ്ങളും തീര്‍ന്നതിനാല്‍ അവര്‍ പാക്ക് സൈനികരുടെ പിടിയിലായി. ജൂണ്‍ 7 ന് കാര്‍ഗിലിലെ ആദ്യ വീര രക്തസാക്ഷികളാക്കുന്നതുവരെ അതിക്രൂരമായാണ് പാക് സൈന്യം ഇവരോട് പെരുമാറിയത്. യുദ്ധത്തടവുകാര്‍ക്ക് ജനീവ പ്രോട്ടോക്കോള്‍ പ്രകാരം നല്‍കേണ്ട പരിഗണനകളൊന്നും ഇവര്‍ക്ക് ലഭിച്ചില്ലെന്നു മാത്രമല്ല അതീവ മനുഷ്യത്വവിരുദ്ധമായ ക്രൂരമുറകള്‍ക്ക് പാക്കിസ്ഥാന്‍ പട്ടാളം ഇവരെ വിധേയമാക്കുകയും ചെയ്തു. കര്‍ണപുടത്തിലേക്ക് ചൂടുള്ള ഇരുമ്പ് കമ്പി കയറ്റി, കണ്ണുകള്‍ ചൂഴ്ന്നെടുത്തു, പല്ലുകള്‍ അടിച്ചുകൊഴിച്ചു, അസ്ഥികള്‍ അടിച്ചുനുറുക്കി. അങ്ങനെ സമാനതയില്ലാത്ത ക്രൂരതകള്‍. നിയന്ത്രണ രേഖയും പിന്നിട്ട് 160 കിലോമീറ്ററോളം കടന്നെത്തിയ പാക് സൈന്യത്തെ തുരത്താന്‍ ഐതിഹാസികമായ സൈനിക നടപടിയ്ക്ക് ഇന്ത്യന്‍ സൈന്യം പേരിട്ടു... ഓപ്പറേഷന്‍ വിജയ്.
ഓപ്പറേഷന്‍ വിജയ്
ഉയരത്തിലിരിക്കുന്ന ശത്രുവിനെ ഒഴിപ്പിക്കുക അത്ര എളുപ്പമല്ല. ഒരു യന്ത്രത്തോക്കും നല്ലൊരു നായയും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് കുന്നിന്‍ മുകളിലിരുന്ന് ഒരു ബറ്റാലിയന്‍ സൈന്യത്തെ ചെറുക്കാനാവുമെന്നാണു സൈനിക തന്ത്രത്തിലെ ചൊല്ല്. ആദ്യ ആക്രമണങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് ഏറെ ആള്‍ നഷ്ടമുണ്ടായി. പോര്‍വിമാനങ്ങളായ മിഗ്-27, മിഗ്-21 എന്നില കാര്‍ഗിലിന്റെ ഉയരമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച ബോംബുകള്‍ ലക്ഷ്യത്തിലെത്താതെ ഏറെ വിഷമിച്ചു. കൂടുതല്‍ താഴേക്കു പറന്നു ബോംബിടാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ വിമാനം എന്‍ജിന്‍ തകരാറിലായി വീണു, പൈലറ്റിനെ പാക്കിസ്ഥാന്‍ പിടികൂടി. ഒരു MiG 21 fighter ജെറ്റും Mi17 helicopter ഉം പാക്ക് സൈന്യം വെടിവച്ചിട്ടു. താഴെ നിന്നു മലമുകളിലെ ശത്രു പോസ്റ്റുകള്‍ ആക്രമിക്കാന്‍ ഉതകുന്ന തോക്കുകളില്ലാത്തതും തിരിച്ചടിയായി. കരസേനയോ വ്യോമസേനയോ നിയന്ത്രണരേഖ കടക്കാന്‍ പാടില്ലെന്ന ഇന്ത്യയുടെ രാഷ്ട്രീയ തീരുമാനവും സൈന്യത്തിന് പ്രതിസന്ധി തീര്‍ത്തു.
വല്ലഭനു പുല്ലും ആയുധം എന്ന് സേന തെളിയിച്ചത് ഈ അവസരത്തിലാണ്. ദീര്‍ഘദൂര പീരങ്കിയായ ബോഫോഴ്‌സ് ഹൊവിറ്റ്‌സറുകളെ നേരിട്ടാക്രമണം നടത്തുന്ന പീരങ്കിയാക്കി. ദീര്‍ഘദൂര ഹൊവിറ്റ്‌സറിനെ നേരിട്ട് ലക്ഷ്യം തകര്‍ക്കുന്ന ആയുധമായി ലോകത്ത് ഒരു സൈന്യവും ഉപയോഗിച്ചിട്ടില്ല. യുദ്ധം കനക്കുമെന്ന കാരണം പറഞ്ഞ് സഹായിക്കില്ലെന്ന് അമേരിക്ക നിലപാട് എടുത്തതോടെ മുന്‍നിര പ്രതിരോധ ടെക്‌നോളജിക്കായി ഇന്ത്യ ഇസ്രയേലിന്റെ സഹായം തേടി. മിറാഷ് പോര്‍ വിമാനങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ 'ടെക് കിറ്റ്' ഘടിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. ലൈറ്റെനിങ് ലേസര്‍ ഡെസിഗ്‌നേറ്റര്‍ പോഡ് (Litening laser designator pod) എന്ന ഉപകരണമാണ് മിറാഷ് പോര്‍ വിമാനങ്ങളില്‍ ഇണക്കിയത്. കൃത്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനത്തിലെ ലേസര്‍ ബീമുകള്‍ക്ക് സാധിക്കും. ലേസര്‍ ബീമുകള്‍ തെളിച്ച പാതയിലൂടെ ഗൈഡഡ് ബോംബുകള്‍ കുതിച്ച് ആക്രമണം നടത്തും. കാര്‍ഗില്‍ കുന്നുകളില്‍ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളില്‍ പോലും അതിസൂക്ഷ്മതയോടെ ബോംബുകള്‍ വര്‍ഷിക്കാന്‍ ഇതുവഴി ഇന്ത്യന്‍ വ്യോമസേനക്ക് സാധിച്ചു. ഇതോടെ ചെറു മുന്നേറ്റങ്ങള്‍ സാധ്യമായി.
1999 ജൂണ്‍ 13 ന് ദ്രാസ് സബ് സെക്ടറിലെ ടോലോലിങ് പോസ്റ്റ് ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചത് നിര്‍ണായകമായി. ജൂണ്‍ 21-ന് പോയിന്റ് 5140 കൂടി പിടിച്ചെടുത്തതോടെ ടോലോലിങ് കുന്നുകള്‍ പൂര്‍ണമായും ഇന്ത്യന്‍ അധീനതയിലായി. ഓരോ മലകളും പിടിച്ചെടുത്തായിരുന്നു തുടര്‍യുദ്ധം. ജൂലൈ 5 ന് ടൈഗര്‍ ഹില്‍ കൂടി പിടിച്ചെടുത്തതോടെ പാക് സൈന്യം പരാജയം സമ്മതിച്ചു.
വിരോചിതം, ടൈഗര്‍ ഹില്‍ പോരാട്ടം
16,700 അടി ഉയരത്തിലുള്ള തന്ത്രപ്രധാനമായ ടൈഗര്‍ ഹില്ലിലിരുന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാനും നേരിടാനും പാക് സൈന്യത്തിന് കഴിഞ്ഞിരുന്നു. അതിനാല്‍ ടൈഗര്‍ ഹില്‍ കീഴടക്കുക എന്നതായിരുന്നു കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ജീവന്‍ പണയംവച്ചും ടൈഗര്‍ഹില്‍സ് കീഴടക്കാനുള്ള ധൈര്യം ഇന്ത്യന്‍ സൈനികര്‍ പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കാര്‍ഗില്‍ യുദ്ധത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
ടൈഗര്‍ ഹില്‍സ് കീഴടക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ഇന്ത്യന്‍ സൈന്യത്തിന്റെ 8 മൗണ്ടന്‍ ഡിവിഷന്‍, 18 ഗ്രനേഡിയേഴ്‌സ് വിഭാഗങ്ങളായിരുന്നു. വിശദമായ പദ്ധതി തയ്യാറാക്കി ഇന്ത്യന്‍ സൈന്യം ടൈഗര്‍ ഹില്‍സ് കീഴടക്കാനിറങ്ങി. ശത്രുവിന്റെ ശ്രദ്ധ തെറ്റിക്കുന്നതിനായി തെക്കുനിന്നും വടക്കുനിന്നും ടൈഗര്‍ ഹില്‍ ലക്ഷ്യമാക്കി സൈന്യം ആക്രമണം നടത്തി. ഇതേസമയം മറ്റൊരു വിഭാഗം ടൈഗര്‍ ഹില്ലിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ കൂടുതല്‍ പാക് സൈനികര്‍ എത്തുന്നത് തടയാന്‍ ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെയാണ് സുബൈദാര്‍ മേജര്‍ യോഗേന്ദ്ര സിങ് യാദവ് അടക്കമുള്ളവര്‍ കുത്തനെയുള്ള ടൈഗര്‍ ഹില്‍സ് കയറിത്തുടങ്ങുന്നത്. പകുതി ദൂരം കയറിയപ്പോഴേക്കും ശത്രുക്കളുടെ കണ്ണില്‍പ്പെട്ടു. ഇതോടെ ബങ്കറുകളില്‍നിന്ന് മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പും റോക്കറ്റ് ആക്രമണവും തുടങ്ങി. ശരീരത്തില്‍ മൂന്ന് വെടിയുണ്ട ഏറ്റുവെങ്കിലും യോഗേന്ദ്ര സിങ് യാദവ് പിന്മാറിയില്ല. ടൈഗര്‍ ഹില്‍സിന് മുകളിലെത്തി അദ്ദേഹം പാക് ബങ്കറിനുള്ളിലേക്ക് അപ്രതീക്ഷിതമായി വെടിവെപ്പ് നടത്തി നാല് പാക് സൈനികരെ വധിച്ചു. ആ നീക്കം മറ്റ് ഇന്ത്യന്‍ സൈനികര്‍ക്ക് പാക് ബങ്കറുകള്‍ തകര്‍ക്കാന്‍ അനുകൂല സാഹചര്യമൊരുക്കി. നാല് പാക് സൈനികരെ വധിച്ചശേഷം രണ്ടാമത്തെ പാക്ക് ബങ്കറിനു നേരെയും വെടിവെപ്പ് നടത്തിയ അദ്ദേഹത്തിന് ഏഴ് പാക്ക് സൈനികരെ വധിക്കാന്‍ കഴിഞ്ഞു. ഈ സമയം അഞ്ച് വെടിയുണ്ടയേറ്റ പരിക്കുകളായിരുന്നു യോഗേന്ദ്ര സിങ്ങിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. യോഗേന്ദ്ര സിങിനെ പിന്നീട് പരമവീരചക്ര നല്‍കി ആദരിച്ചു. ടൈഗര്‍ ഹില്‍ കീഴടക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഹവില്‍ദാര്‍ മദന്‍ലാലിനെ മരണാനന്തര ബഹുമതിയായി വീരചക്രം നല്‍കിയും രാജ്യം ആദരിച്ചു.
ഓപ്പറേഷന്‍ സഫേദ് സാഗര്‍
കരസേന നടപ്പാക്കിയ ഓപ്പറേഷന്‍ വിജയ് ദൗത്യത്തിനൊപ്പം ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്ന ദൗത്യവുമായി വ്യോമസേനയും യുദ്ധമുഖത്ത് അണിചേര്‍ന്നു. ആദ്യമായാണ് ഒരു ഹ്രസ്വകാല യുദ്ധമുഖത്ത് ഇന്ത്യന്‍ വ്യോമസേന അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു സഫേദ് സാഗറിന്. ശ്രീനഗര്‍, അവന്തിപ്പോറ, ആദംപുര്‍ എന്നീ മേഖലകളില്‍ നിന്നാണ് ആദ്യ എയര്‍ സപ്പോര്‍ട്ട് മിഷനുകള്‍ വ്യോമസേന പറത്തിയത്. മിഗ് 21,23,27 യുദ്ധവിമാനങ്ങള്‍, ജാഗ്വറുകള്‍, അറ്റാക്ക് ഹെലിക്കോപ്റ്ററുകള്‍ എന്നിവയാണ് ആദ്യം ഉപയോഗിച്ചത്. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ആ സമയം സിവിലിയന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പൂര്‍ണമായും യുദ്ധ വിമാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് വിട്ടുകൊടുത്തു. മേയ് 30ന് മിറാഷ് 2000 വിമാനങ്ങളും യുദ്ധമുഖത്തെത്തി. ടൈഗര്‍ ഹില്‍, ദ്രാസ് മേഖലയില്‍ കനത്ത ബോംബ് വര്‍ഷം നടത്തിയ മിറാഷ് പാക്കിസ്ഥാനെ വിറപ്പിച്ചു. വനിതാ ഫ്ളൈയിങ് ഓഫീസര്‍മാര്‍ യുദ്ധരംഗത്തു പങ്കെടുക്കുന്നതിനും കാര്‍ഗില്‍ യുദ്ധം വേദിയൊരുക്കി. ഫ്ളൈറ്റ് ലഫ്റ്റനന്റുമാരായ ഗുഞ്ജന്‍ സക്സേന, ശ്രീവിദ്യ രാജന്‍ എന്നിവര്‍ ഹെലികോപ്റ്ററുകള്‍ പറത്തി.
ഓപ്പറേഷന്‍ തല്‍വാര്‍
ഓപ്പറേഷന്‍ തല്‍വാറിലൂടെ നാവികസേനയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ വ്യൂഹം വടക്കന്‍ അറബിക്കടലില്‍ ആക്രമണാത്മക പട്രോളിങ് നടത്തി പാക്ക് തുറമുഖങ്ങളെ ഉപരോധിച്ചു. ഇന്ത്യന്‍ ഉപരോധത്തില്‍ (blockade) കറാച്ചി തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യാപാര പാത നിശ്ചലമായി. എണ്ണയുടെ ഇറക്കുമതി അനിശ്ചിതത്തിലായതോടെ രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനും ഭീഷണിയിലായി. വെറും ആറ് ദിവസത്തെ ഇന്ധനം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന സ്ഥിതി വന്നതോടെ കാര്‍ഗില്‍നിന്ന് വേഗത്തില്‍ പിന്‍മാറാന്‍ പാകിസ്ഥാന് മേല്‍ ആഭ്യന്തരമായി തന്നെ സമ്മര്‍ദ്ദമുയര്‍ന്നു.
നയതന്ത്രവും മാധ്യമങ്ങളും
കാര്‍ഗില്‍ പ്രതിരോധത്തിന്റെ ഒരു ഘട്ടത്തിലും നിയന്ത്രണരേഖ കടക്കാന്‍ പാടില്ലെന്ന രാഷ്ട്രീയ തീരുമാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ പിന്തുണ ഉറപ്പാക്കി. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇന്ത്യക്കുനേരെ പ്രകോപനം ഉണ്ടാവുകയായിരുന്നുവെന്നും പാക് നടപടി അന്താരാഷ്ട്ര മര്യാദയുടെ നഗ്‌നമായ ലംഘനമാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനും ഇന്ത്യക്കായി. ഇതോടെ നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ പാകിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും, ജി - 8 രാജ്യങ്ങളും ഭീഷണിപ്പെടുത്തി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സിലും പാകിസ്താന്‍ ഒറ്റപ്പെട്ടു.
രാജ്യം ടിവിയില്‍ കണ്ട ആദ്യ യുദ്ധമെന്നാണ് (India's first televised war) കാര്‍ഗില്‍ പോരാട്ടമറിയപ്പെടുന്നത് തന്നെ. യുദ്ധമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടെത്തി തത്സമയ വിവരങ്ങള്‍ പങ്കുവെച്ചതോടെ രാജ്യം മുഴുവന്‍ സൈന്യത്തിനും സര്‍ക്കാരിനും പിന്നില്‍ അണിനിരന്നു. സിനിമാ-കായിക താരങ്ങള്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സ്‌കൂളുകളിലും കോളജുകളിലും സൈന്യത്തിനായി ഫണ്ട് സമാഹരണം വരെ നടന്നു.
വിജയഭേരി മുഴക്കം
രണ്ട് ആണവശക്തികള്‍ തമ്മില്‍ നടന്ന യുദ്ധമെന്ന നിലയില്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാര്‍ഗില്‍. ഭൗമ നിരപ്പില്‍ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ മലമ്പ്രദേശത്തു നടന്ന യുദ്ധം ലോക യുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ പോരാട്ടങ്ങളിലൊന്നാണ്. ജൂലൈ 14 ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയില്‍നിന്ന് രാജ്യം കാത്തിരുന്ന ആ പ്രഖ്യാപനമെത്തി: ഓപ്പറേഷന്‍ വിജയ് ലക്ഷ്യം കണ്ടു. കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ പതാക വീണ്ടും ഉയര്‍ന്നുപറന്നു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനവുമെത്തി, കാര്‍ഗില്‍ വിജയ് ദിവസ്.
2 മാസവും, 3 ആഴ്ച്ചകളും, 2 ദിവസവും നീണ്ട ഐതിഹാസികമായ കാര്‍ഗില്‍ യുദ്ധത്തിലൂടെ ഇന്ത്യന്‍ സൈന്യം ലോകത്തിന് മുന്നില്‍ പുതിയൊരു പോരാട്ട ഗാഥ രചിച്ചു. കരളുറപ്പുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യം. യുദ്ധത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 527 ധീര സൈനികരെ. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ഔദ്യോഗിക കണക്കില്‍ 450ഉം അനൗദ്യോഗിക കണക്കില്‍ 1500നും മുകളില്‍ സൈനിക നഷ്ടമാണ് പാകിസ്ഥാന് ഉണ്ടായത്.
പാകിസ്ഥാന് ഇരട്ടപ്രഹരം
രാഷ്ടീയമായി ഇരു രാജ്യത്തും പരസ്പരവിരുദ്ധമായ ഫലങ്ങളാണ് കാര്‍ഗില്‍ യുദ്ധമുണ്ടാക്കിയത്. മാസങ്ങള്‍ക്കു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയി നയിച്ച ദേശീയ ജനാധിപത്യ സഖ്യം ഭൂരിപക്ഷം നേടി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അതേസമയം പാകിസ്ഥാനിലാകട്ടെ, പരാജയത്തിന്റെ പഴി പ്രധാനമന്ത്രി നവാസ് ഷരീഫ് സൈന്യത്തിന്റെ തലയില്‍ വച്ചു. സൈനിക മേധാവി പര്‍വേസ് മുഷറഫ് ശ്രീലങ്ക സന്ദര്‍ശനത്തിനു പോയ വേളയില്‍ ഷരീഫ് കരുനീക്കം കടുപ്പിച്ചു; മുഷറഫിന്റെ വിമാനം പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ അദ്ദേഹം മുഷറഫിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുക മാത്രമല്ല, വിമാനം മറ്റേതെങ്കിലും രാജ്യത്തേക്കു തിരിച്ചുവിടാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ദ്രുതഗതിയില്‍ വിവരമറിഞ്ഞ സൈനിക നേതൃത്വം വിമാനത്താവളം നിയന്ത്രണത്തിലാക്കി വിമാനം നിലത്തിറക്കിച്ചു. തൊട്ടുപിന്നാലെ അധികാരവും പിടിച്ചെടുത്തു. യുദ്ധം ജയിച്ച ഇന്ത്യയില്‍ ജനാധിപത്യം അരക്കിട്ടുറപ്പിക്കപ്പെട്ടപ്പോള്‍ പരാജയപ്പെട്ട പാകിസ്ഥാനില്‍ ജനാധിപത്യം തന്നെ ഇരുട്ടിലായി.
കാര്‍ഗില്‍ വാര്‍ മെമ്മോറിയല്‍
ടോലോലിംഗ് മലയുടെ താഴ്വരയിലാണ് ദ്രാസ്സ് വാര്‍ മെമ്മോറിയല്‍ അഥവാ കാര്‍ഗില്‍ വാര്‍ മെമോറിയല്‍. വിജയ് പഥ് എന്നും ഈ സ്മാരകത്തിന് പേരുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച 527 ധീരയോദ്ധാക്കളുടെ ഓര്‍മ്മക്കായി പണി കഴിപ്പിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാ വീരന്മാരുടെയും പേരുകള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജൂലൈ 26 നും ടോലോലിംഗ് താഴ്വരയിലെ കാര്‍ഗില്‍ വാര്‍ മെമ്മോറിയലില്‍ രാജ്യ മനസാക്ഷി ഒത്തുകൂടും. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച 527 ധീരയോദ്ധാക്കളുടെ ഓര്‍മ്മക്കായി. രക്തസാക്ഷികളേ നിങ്ങള്‍ക്ക് മരണമില്ല..