dot image

ആശയപരമായും സംഘടനാപരമായും കടുത്ത വെല്ലുവിളി നേരിടുന്നൊരു കാലത്താണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സിപിഐഎമ്മിന് നഷ്ടമാകുന്നത്. സിപിഐഎമ്മിനെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ 24-ാമത് പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുകയാണ്. ഈ സമ്മേളനത്തിനായുള്ള സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും അടക്കമുള്ള ഗൗരവമായ സംഘടനാ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്ന നേതാവായിരുന്നു യെച്ചൂരി. അതിനാൽ തന്നെ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച വേളയിൽ യെച്ചൂരിയുടെ അപ്രതീക്ഷിത വിടവാങ്ങൽ സിപിഐഎമ്മിന് കനത്ത നഷ്ടം തന്നെയാണ്. സിപിഐഎമ്മിന് യെച്ചൂരിക്ക് മുമ്പ് യെച്ചൂരിക്ക് ശേഷം എന്നിങ്ങനെ സിപിഐഎമ്മിൻ്റെ സംഘടനാ കാലയളവിനെ രണ്ടായി പകുക്കാവുന്ന നിലയിൽ തന്നെ സീതാറാം യെച്ചൂരിയുടെ സംഭാവനകൾ അടയാളപ്പെടുത്തുമെന്ന് തീർച്ചയാണ്.

പ്രത്യയശാസ്ത്ര ദൃഢത സൂക്ഷിക്കുകയും വരട്ടുതത്വവാദങ്ങളെ ശക്തമായി എതിർക്കുകയും ചെയ്ത യെച്ചൂരി ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളെ കൂടുതൽ ജനാധിപത്യപരമായി കൈകാര്യം ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. കേരളത്തിൽ അടക്കം സിപിഐഎമ്മിലെ അഭ്യന്തര വിഷയങ്ങളെ ജനറൽ സെക്രട്ടറി ആയിരുന്നപ്പോഴും അതിന് മുമ്പും യെച്ചൂരി സമീപിച്ചിരുന്നത് ഈ നിലയിലായിരുന്നു. എന്നാൽ കൂടുതൽ പ്രായോഗികമായ സമീപനങ്ങൾ പലപ്പോഴും പ്രത്യയശാസ്ത്രത്തെ നേർപ്പിക്കുന്നു എന്ന നിലയിൽ വിമർശിക്കപ്പെട്ടിരുന്നു, എന്നാൽ അപ്പോഴെല്ലാം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ടൂൾ ഉപയോഗിച്ച് തന്നെ ഇത്തരം വിമർശനങ്ങളുടെ മുനയൊടിക്കാനുള്ള ശേഷിയും യെച്ചൂരിക്കുണ്ടായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഐഎമ്മിൻ്റെ സൈദ്ധാന്തിക മുഖമായിരുന്നു സീതാറാം യെച്ചൂരി. സോവിയറ്റ് യൂണിയൻ്റെ തകർ‌ച്ചയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ലോകവ്യാപകമായി ചോദ്യം ചെയ്യപ്പെട്ട കാലത്ത് സിപിഐഎമ്മിനെ മുന്നോട്ടു നയിച്ച പ്രത്യയശാസ്ത്രപരമായ ചർച്ചകളിലെല്ലാം ആശയപരമായ പങ്കാളിത്തം വഹിച്ച നേതാവായിരുന്നു യെച്ചൂരി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഐഎമ്മിൻ്റെ സൈദ്ധാന്തിക മുഖമായിരുന്നു സീതാറാം യെച്ചൂരി. സോവിയറ്റ് യൂണിയൻ്റെ തകർ‌ച്ചയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ലോകവ്യാപകമായി ചോദ്യം ചെയ്യപ്പെട്ട കാലത്ത് സിപിഐഎമ്മിനെ മുന്നോട്ടു നയിച്ച പ്രത്യയശാസ്ത്രപരമായ ചർച്ചകളിലെല്ലാം ആശയപരമായ പങ്കാളിത്തം വഹിച്ച നേതാവായിരുന്നു യെച്ചൂരി. ആ​ഗോളവത്കരണകാലത്ത്, പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ തൊഴിലാളിവർ​​ഗ്​ഗ രാഷ്ട്രീയത്തിൻ്റെ സാധ്യതകളാക്കി മാറ്റാൻ യെച്ചൂരി നടത്തിയ ഇടപെടലുകളും ആ നിലയിൽ ശ്രദ്ധേയമാണ്. ജനകീയ ജനാധിപത്യ വിപ്ലവത്തിൽ അധിഷ്ഠിതമായ സിപിഐഎമ്മിൻ്റെ രാഷ്ട്രീയ വീക്ഷണങ്ങളെ മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റിവായിക്കാൻ പുതിയ നൂറ്റാണ്ടിൽ ഏറ്റവും പ്രായോ​ഗികമായി ശ്രമിച്ച സിപിഐഎം നേതാവെന്ന വിശേഷണവും യെച്ചൂരിക്ക് സ്വന്തമാണ്.

കോൺ​ഗ്രസിനെ മുഖ്യശത്രുവായി കണ്ടിരുന്ന കണ്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും ഹിന്ദുത്വ വ‍ർ​ഗ്​ഗീയതയെ മുഖ്യശത്രുവായി മാറ്റി പ്രതിഷ്ഠിക്കേണ്ടി വന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സിപിഐഎമ്മിൻ്റെ നിലപാട് നിശ്ചയിക്കുന്നതിൽ യെച്ചൂരി നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. തീവ്രഹിന്ദുത്വയെ എതി‍ർക്കാൻ കോൺ​ഗ്രസുമായി കൂട്ടുചേരാമെന്ന സീതാറാം ലൈൻ ഒരുഘട്ടത്തിൽ സിപിഐഎമ്മിൽ ആശയപരമായി വിരുദ്ധ ചേരികൾ സൃഷ്ടിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ സിപിഐഎമ്മിൻ്റെ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത യെച്ചൂരി, ഭാവിയിൽ ബിജെപി ഭരണം സൃഷ്ടിക്കാൻ പോകുന്ന അപകടത്തെ ഏറ്റവും ​ഗൗരവത്തിൽ ആദ്യം വിലയിരുത്തിയ സിപിഐഎം നേതാക്കളിലൊരാളായിരുന്നു. ബിജെപിയെ നേരിടുക എന്ന രാഷ്ട്രീയ ലൈൻ മുന്നോട്ടുവെയ്ക്കുമ്പോൾ കോൺ​ഗ്രസുമായി യോജിക്കാവുന്ന മേഖലകളിലെല്ലാം സഹകരിക്കാമെന്ന നിലപാടിനായിരുന്നു യെച്ചൂരി പ്രാധാന്യം നൽകിയത്. കോൺഗ്രസിൻ്റെ സാമ്പത്തിക-സാമൂഹിക നയസമീപനങ്ങളോട് വിയോജിച്ച് കൊണ്ട് തന്നെ ഹിന്ദുത്വയ്ക്കെതിരായ രാഷ്ട്രീയ ബദലിൽ ഒപ്പം ചേരാൻ കഴിയേണ്ടതുണ്ടെന്നതിൽ യെച്ചൂരിക്ക് തർക്കമുണ്ടായിരുന്നില്ല.

കോൺ​ഗ്രസുമായി ഇടതുപക്ഷം സഹകരിച്ച യുപിഎ കാലത്ത് സഖ്യത്തിൻ്റെ ജീവനാഡിയായി പ്രവർത്തിച്ച യെച്ചൂരിക്ക് ഇന്ത്യൻ സാഹചര്യത്തിൽ പാ‍ർലമെൻ്ററി രാഷ്ട്രീയത്തിൽ സ്വീകരിക്കേണ്ട അടവ് നയത്തെക്കുറിച്ച് സംശയമൊന്നുമുണ്ടായിരുന്നില്ല എന്ന് വേണം വിലയിരുത്താൻ. ഇൻഡ്യ മുന്നണി രൂപീകരണത്തിലും കോൺ​ഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്താനും സിപിഐഎമ്മിനെ സഖ്യത്തിൻ്റെ ഭാ​ഗമായി ഉറപ്പിച്ച് നിർത്താനും യെച്ചൂരി സ്വീകരിച്ച നിലപാടുകൾ യുപിഎ കാലത്തിൻ്റെ അനുഭവ പരിചയങ്ങളിൽ നിന്നായിരുന്നു. ഒന്നാം യുപിഎ കാലത്ത് സിപിഐഎമ്മിൻ്റെയും ഇടതുപക്ഷത്തിൻ്റെയും പാർലമെൻ്റിലെ കരുത്തിന് പിന്നിൽ ബം​ഗാൾ, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നേടിയ മികച്ച വിജയങ്ങളായിരുന്നു. എന്നാൽ 2024ലെ തിരഞ്ഞെടുപ്പിൽ ത്രിപുരയും ബം​ഗാളും സിപിഐഎമ്മിനെ സമ്പൂർണ്ണമായി കൈയ്യൊഴിഞ്ഞു. കേരളത്തിൽ നിന്നും നേടാനായത് ഒരൊറ്റ സീറ്റായിരുന്നു. എന്നാൽ രാജസ്ഥാനിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം സിപിഐഎമ്മിന് ഇത്തവണ ലോക്സഭാ പ്രാതിനിധ്യമുണ്ടായി. സിപിഐഎമ്മിലെ 'യെച്ചൂരി ലൈനിൻ്റെ' അടവ് സമീപനത്തിൻ്റെ കൂടി വിജയമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഈ നിലയിൽ വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ സിപിഐഎം കടന്നുപോയ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ പാർട്ടിയെ നയിച്ച നേതാവെന്ന നിലയിൽ കൂടിയാണ് യെച്ചൂരി അടയാളപ്പെടുത്തപ്പെടുക.

എല്ലാക്കാലത്തും ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവ്

തീവ്രഹിന്ദുത്വ ആശയത്തിനെതിരായ യെച്ചൂരിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് തന്നെ പരുവപ്പെട്ട കടുത്ത ഫാസിസ്റ്റ് വിരുദ്ധ നിലപാടിൻ്റെ തുടർച്ചയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ ധ്വംസന, ഫാസിസ്റ്റ് അനുകൂല സമീപനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥ കാലത്ത് വിദ്യാർത്ഥി നേതാവെന്ന നിലയിൽ ഒളിവിലും തെളിവിലുമുള്ള യെച്ചൂരിയുടെ പ്രവർത്തനം ചരിത്രമാണ്. അടിന്തരാവസ്ഥയ്ക്ക് പിന്നാലെ അധികാരത്തിൽ നിന്നും പുറത്തായ ഇന്ദിരക്കെതിരെ യെച്ചൂരിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പോസ്റ്റ് അടിയന്തരാവസ്ഥ ചരിത്രത്തിലെ തിളക്കമുള്ള ഏടാണ്. ജെഎൻയുവിൻ്റെ സമ്പന്നമായ ജനാധിപത്യ പേരാട്ടത്തിൻ്റെ ചരിത്രത്തിലും ആ പ്രതിഷേധത്തിന് വലിയ പ്രധാന്യമുണ്ട്. എല്ലാക്കാലത്തും ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവ്

അടിയന്തരാവസ്ഥ പിൻവലിച്ചതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ നിന്നും പുറത്തായി. എന്നാൽ ജെഎൻയുവിൻ്റെ ചാൻസലർ പദവി ഒഴിയാൻ ഇന്ദിര തയ്യാറായില്ല. ഇതിനെതിരെ ജെഎൻയുവിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അന്ന് ജെഎൻയുവിലെ എസ്എഫ്ഐ നേതാവായിരുന്നു യെച്ചൂരി. യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്ദിരയുടെ വസതിയിലേയ്ക്ക് മാർച്ച് നടത്തി. ഇന്ദിരയെ കാണണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സുരക്ഷാ ജീവനക്കാർ നിരസിച്ചു. ഒടുവിൽ ഗെയ്റ്റിന് വെളിയിൽ കൂടി നിന്ന വിദ്യാർത്ഥികൾക്കിടിയിലേയ്ക്ക് ഇന്ദിര ഇറങ്ങി വന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ യെച്ചൂരി പ്രസംഗരൂപത്തിൽ ഇന്ദിരയെ അറിയിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയുടെ കീഴിൽ നടന്ന ക്രൂരതകൾ അക്കമിട്ട് നിരത്തുന്നതായിരുന്നു ആ പ്രസംഗം. കൈകെട്ടി നിന്ന് യെച്ചൂരിയെ ശ്രവിക്കുന്ന ഇന്ദിരയുടെ ചിത്രം ഇന്നും ചരിത്രമാണ്. അന്ന് ജെഎൻയു സർവ്വകലാശാലയുടെ സ്റ്റുഡൻ്റ് സ് യൂണിയൻ പ്രസിഡൻ്റായിരുന്നു യെച്ചൂരി. യെച്ചൂരിയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രതിഷേധത്തിൻ്റെ പിറ്റേന്ന് ഇന്ദിരാ ഗാന്ധി ജെഎൻയുവിൻ്റെ ചാൻസലർ പദവി രാജിവെച്ചു.

ഈ നിലയിൽ തീക്ഷണമായ സമരപേരാട്ടങ്ങളിലൂടെ പരുവപ്പെട്ട യെച്ചൂരി ഫാസിസ്റ്റ് സമീപനങ്ങൾക്ക് മുന്നിൽ ഒരിക്കലും മുട്ടുമടക്കിയിരുന്നില്ല. കശ്മീരിൻ്റെ പ്രത്യേകാവകാശം പിൻവലിച്ച് അവിടെ കരിനിമയം പ്രഖ്യാപിച്ച് നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയപ്പോൾ അതിനെതിരെ കോടതിയെ സമീപിക്കാൻ യെച്ചൂരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. കശ്മീരിൽ വീട്ടുതടങ്കിലിലാക്കപ്പെട്ട സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചപ്പോൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി യെച്ചൂരി കോടതിയെ സമീപിച്ചിരുന്നു. ഡൽഹി കലാപത്തിൽ ഗൂഢാലോചനക്കാരനാക്കി കുറ്റപത്രം സമർപ്പിച്ചപ്പോൾ അതിനെ അടിയന്തരാവസ്ഥ കാലത്തെപ്പോലെ നേരിടും എന്നായിരുന്നു യെച്ചൂരിയുടെ പ്രഖ്യാപനം. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബിബിസി ഡോക്യുമെൻ്ററി നിരോധിച്ചപ്പോൾ കേന്ദ്ര സർക്കാർ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി യെച്ചൂരി രംഗത്ത് വന്നു. രാമക്ഷേത്രത്തിൻ്റെ ശിലാന്യാസത്തിലും ഉദ്ഘാടനത്തിലും ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രി പൂജാരിയെപ്പോലെ പങ്കെടുത്തതിനെ അതിരൂക്ഷ ഭാഷയിലായിരുന്നു യെച്ചൂരി വിമർശിച്ചത്. പിന്നീട് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമാക്കിയ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനമുയർത്താനും മുന്നിൽ നിന്നത് യെച്ചൂരിയായിരുന്നു.

കഴിഞ്ഞ ഒരു ദശകമായി ഹിന്ദുത്വ ആശയത്തിൻ്റെ ഹിംസാത്മകവും ഫാസിസ്റ്റ് ആഭിമുഖ്യമുള്ളതുമായ എല്ലാ നീക്കങ്ങളെയും ഏറ്റവും ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ച പ്രതിപക്ഷത്ത് നിന്നുള്ള നേതാവ് എന്ന ഖ്യാതി യെച്ചൂരിക്കായിരുന്നു. അതിനാൽ തന്നെ മോദി സർക്കാരിനെതിരെയും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെയും രാജ്യത്ത് എന്ത് നീക്കമുണ്ടായാലും അതിൻ്റെയെല്ലാം നേതൃമുഖമായും ആശയവ്യക്തതയുടെ ആധികാരികതയായും യെച്ചൂരിയെ മുന്നിൽ നിർത്താൻ പ്രതിപക്ഷ നേതാക്കൾക്കൊന്നും മടിയുണ്ടായിരുന്നില്ല

കഴിഞ്ഞ ഒരു ദശകമായി ഹിന്ദുത്വ ആശയത്തിൻ്റെ ഹിംസാത്മകവും ഫാസിസ്റ്റ് ആഭിമുഖ്യമുള്ളതുമായ എല്ലാ നീക്കങ്ങളെയും ഏറ്റവും ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ച പ്രതിപക്ഷത്ത് നിന്നുള്ള നേതാവ് എന്ന ഖ്യാതി യെച്ചൂരിക്കായിരുന്നു. അതിനാൽ തന്നെ മോദി സർക്കാരിനെതിരെയും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെയും രാജ്യത്ത് എന്ത് നീക്കമുണ്ടായാലും അതിൻ്റെയെല്ലാം നേതൃമുഖമായും ആശയവ്യക്തതയുടെ ആധികാരികതയായും യെച്ചൂരിയെ മുന്നിൽ നിർത്താൻ പ്രതിപക്ഷ നേതാക്കൾക്കൊന്നും മടിയുണ്ടായിരുന്നില്ല. 1996ലെ ഐക്യമുന്നണി കാലത്തും പിന്നീട് ഒന്നാം യുപിഎ കാലത്തും യെച്ചൂരിയുടെ ആശയമൂർച്ചയുടെ ആഴം രാജ്യത്തെ ഇതരപ്രതിപക്ഷ നേതാക്കൾക്കെല്ലാം സുവ്യക്തമായിരുന്നതാണ്. അതിനാൽ തന്നെയാണ് ഇന്ത്യാ മുന്നണി നീക്കങ്ങളിലും സിപിഐഎമ്മിൻ്റെ പാർലമെൻ്ററി സ്വാധീനത്തിന് ഉപരിയായ പരിഗണന യെച്ചൂരിക്ക് കൽപ്പിച്ച് നൽകിയത്.

1996ൽ ഐക്യമുന്നണി സർക്കാരിൻ്റെ രൂപീകരണഘട്ടത്തിലും 2004ൽ ഒന്നാം യുപിഎ സർക്കാരിൻ്റെ രൂപീകരണ കാലത്തും പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതിൽ യെച്ചൂരിയുടെ പങ്കാളിത്തം നി‍ർണ്ണായകമായിരുന്നു. 1996ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ ആവശ്യത്തെ സിപിഐഎം നിരാകരിക്കുമ്പോൾ ആ തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായ വ്യക്തത നൽകി, അതിനായി പാർട്ടിയിൽ വാദിച്ചവരുടെ മുന്നണിയിലും യെച്ചൂരിയുണ്ടായിരുന്നു.

2004ൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുമ്പോൾ അതിൽ സിപിഐഎമ്മിൻ്റെ സാന്നിധ്യം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നതിലും യെച്ചൂരി നേതൃപരമായ പങ്കുവഹിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള നയസമീപനങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചത് യെച്ചൂരിയുടെ ശ്രദ്ധേയമായ ഇടപെടലായാണ് കണക്കാക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയ ജനപക്ഷ പദ്ധതികളിലെല്ലാം യെച്ചൂരിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഒന്നാം യുപിഎ സർക്കാർ അമേരിക്കയുമായി ആണവകരാറിൽ ഒപ്പുവെയ്ക്കുന്നതിനെ സിപിഐഎം ആശയപരമായി എതിർത്തപ്പോൾ പാർലമെൻ്റിൽ സിപിഐഎം നിലപാട് ഉയർത്തിപ്പിടിച്ച് സംസാരിച്ചതും യെച്ചൂരിയായിരുന്നു. യെച്ചൂരിയുടെ വിയോജിപ്പ് അവ​ഗണിച്ചാണ് ആണവ കരാറിൻ്റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ സിപിഐഎം പിൻവലിച്ചതെന്ന അഭ്യൂഹം പാർട്ടി രഹസ്യമായി ഇപ്പോഴും ബാക്കിയാണ്.

പിന്നീട് ബിജെപിക്കെതിരായി ഇൻഡ്യ സഖ്യം രൂപീകരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെ കൂട്ടിയോജിപ്പിക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനും യെച്ചൂരി നേതൃപരമായ ഇടപെടൽ നടത്തിയിരുന്നു. പാർലമെൻ്റിൽ ഇടതുപക്ഷത്തിൻ്റെ ശക്തിക്ഷയിച്ച ഘട്ടത്തിലും ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിൻ്റെ പ്രധാനപ്പെട്ട നേതാവ് എന്ന സ്വീകാര്യത യെച്ചൂരിക്കുണ്ടായിരുന്നു. 2005ൽ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി ഏതാണ്ട് ഒരു വ്യാഴവട്ടം രാജ്യസഭയിൽ സിപിഐഎമ്മിൻ്റെ ശബ്ദമായി മാറി. 2017ൽ രാജ്യസഭാ പദവി ഒഴിഞ്ഞ യെച്ചൂരിക്ക് വീണ്ടും ഊഴം നൽകണമെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യം ഉയർന്നത് യെച്ചൂരിയുടെ പാർലമെൻ്ററി ഇടപെടലുകൾക്കുള്ള അം​ഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. സിപിഐഎമ്മിൻ്റെ ഏറ്റവും മികച്ച സൈദ്ധാന്തികരിൽ ഒരാൾ ആരായിരുന്നു എന്ന് ചോദിച്ചാൽ ആ പട്ടികയിൽ ആദ്യപേരുകാരിൽ ഒരാളായി യെച്ചൂരി ഉണ്ടാകും. സിപിഐഎമ്മിൻ്റെ ഏറ്റവും മികച്ച പാർലമെൻ്റേറിയന്മാർ ആരെന്ന് ചോദിച്ചാൽ അവിടെയും നിശ്ചയമായും യെച്ചൂരി ഉണ്ടാകും. ഈ നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി വർഗ്ഗ ആശയത്തെ ഒരു ബൂർഷ്വാ ജനാധിപത്യക്രമത്തിൽ ഈ നിലയിൽ സവിശേഷമായി അടയാളപ്പെടുത്താൻ ഏറ്റവും മികവാർന്ന ഇടപെടൽ നടത്തിയ കമ്മ്യൂണിസ്റ്റ് എന്നതാവും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ യെച്ചൂരിയുടെ സ്ഥാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us