കർക്കശ സ്വഭാവമുള്ളവർ, ഗൗരവ പ്രകൃതം, സരസമായി ഇടപെടാൻ സാധിക്കാത്തവർ തുടങ്ങി നിരവധി വിശേഷണങ്ങളാണ് പൊതുവേ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് സമൂഹം ചാർത്തി കൊടുക്കാറുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായ ഒരു മുഖമായിരുന്നു ദീർഘകാലം സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് ഉണ്ടായിരുന്നത്. നന്നായി ചിരിച്ച് ഏവർക്കും പെട്ടെന്ന് കയറി വരാൻ പാകത്തിലുള്ള അടുപ്പം സൂക്ഷിക്കുന്ന ഒരു നേതാവ്. അടിയുറച്ച കമ്യൂണിസ്റ്റുകാരനും സൈദ്ധാന്തികനുമായ, പ്രായ-ഭേദമന്യേ, രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും അടുപ്പം സൂക്ഷിക്കാൻ സാധിച്ച യെച്ചൂരിയുടെ വിയോഗം ഏവരെയും ഇത്രയധികം ദുഖത്തിലേക്ക് ആഴ്ത്തുന്നതിൻ്റെ കാരണവും അതുതന്നെ.
കമ്മ്യൂണിസ്റ്റ് നേതാക്കളുടേതായ കൽപ്പിതമായ രൂപഭാവങ്ങളില്ലാതെ തന്നെ കമ്യൂണിസ്റ്റ് തലമുറയെ ഏറെ സ്വാധീനിച്ച, കമ്യൂണിസ്റ്റ് നേതാവായ, മറ്റാരാലും പകരം വെക്കാനാകാത്ത പ്രിയപ്പെട്ട നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. യെച്ചൂരി എല്ലാവർക്കും പ്രിയപ്പെട്ടനായത് അദ്ദേഹത്തിൻ്റെ പെരുമാറ്റം കൊണ്ടു തന്നെയാണെന്നതിൽ സംശയമില്ല. യെച്ചൂരി കോൺഗ്രസിന്റെ സിപിഐഎം ജനറൽ സെക്രട്ടറിയാണെന്നായിരുന്നു ഒരു വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത്. അദ്ദേഹത്തെ പോലെ, ഇടതുപക്ഷ മൂല്യത്തിലൂന്നി നിന്നുകൊണ്ടു തന്നെ എല്ലാ രാഷ്ട്രീയ പാർട്ടിയെയും ഉൾക്കൊള്ളുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇല്ലെന്ന് പറയാം. എപ്പോഴും ചിരിച്ച് കൊണ്ട് വളരെ സൗമ്യമായി പെരുമാറുന്ന യെച്ചൂരിക്ക് അതുകൊണ്ട് തന്നെ ഒരു ജനകീയന്റെ മുഖമാണ് എപ്പോഴും ഉണ്ടായിരുന്നത്.
ഈ ജനകീയത കൊണ്ട് തന്നെയാണ് 2004ൽ കേന്ദ്ര സർക്കാർ രൂപീകരണത്തിന് മുമ്പ് അന്നത്തെ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിനെ സന്ദർശിച്ച ശേഷം സോണിയാ ഗാന്ധി ആദ്യം വിളിച്ച കോൺഗ്രസ് ഇതര നേതാവ് യെച്ചൂരിയായി മാറിയത്. വളരെ സരസമായി സംസാരിക്കുന്ന നേതാവായിരുന്നു യെച്ചൂരി. ഈ സ്വഭാവമാണ് പാർട്ടിക്കതീതമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ യെച്ചൂരിയെ സഹായിച്ചത്. പൊതുവേ കമ്മ്യൂണിസ്റ്റ് നേതാക്കൾ അകലം പുലർത്തി പോരുന്ന ബിജെപി നേതാക്കളുമായും യെച്ചൂരി സൗഹൃദം സൂക്ഷിച്ചിരുന്നു. 2022ൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചിരിച്ചു കൊണ്ട് നിൽക്കുന്ന യെച്ചൂരിയുടെ ചിത്രങ്ങൾ വിശാലമായ പ്രതിപക്ഷ ബഹുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്വീകരിക്കപ്പെട്ടത്.
പാർട്ടിയിൽ നിഷ്‌കർഷിച്ചിരുന്ന ഭാവങ്ങൾക്കപ്പുറം മറ്റൊരു മുഖമായിരുന്നു യെച്ചൂരിക്ക്. പൊതു മധ്യത്തിൽ കർക്കശമായിരിക്കണമെന്ന അലിഖിത കമ്മ്യൂണിസ്റ്റ് നയങ്ങൾക്കപ്പുറം അദ്ദേഹം കൊണ്ടുവന്ന സൗമ്യമുഖം തലമുറകൾക്കതീതമായി സ്വീകരിക്കപ്പെടുകയായിരുന്നു. പാട്ടുകൾ പാടി, പൊതു മധ്യത്തിൽ നടക്കാൻ മറ്റേതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവിന് സാധിക്കുമോയെന്നതും സംശയമാണ്. ഏത് പ്രായക്കാരോടൊപ്പവും ഏത് കാലഘട്ടത്തിലും സംവദിക്കാൻ സാധിക്കുന്ന നേതാവായി യെച്ചൂരി മാറുകയായിരുന്നു.
സാധാരണഗതിയിൽ ഒരു ദേശീയ നേതാവ് അനുഗമിക്കപ്പെടുന്ന രീതിയിലൊന്നുമായിരുന്നില്ല പല വേദികളിലും യെച്ചൂരി പ്രത്യക്ഷപ്പെട്ടത്. തന്റെ വെള്ള അയഞ്ഞ ഷർട്ടും പാന്റുമണിഞ്ഞ് ആർക്കും അനുഗമിക്കാവുന്ന രീതിയിലാണ് എപ്പോഴും യെച്ചൂരി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. രാഷ്ട്രീയ പ്രവർത്തകർക്ക് മാത്രമല്ല, മാധ്യമപ്രവർത്തകർക്കും സാധാരണക്കാർക്കും ഏറ്റവും എളുപ്പത്തിൽ കയറി വരാൻ സാധിക്കുന്ന തരത്തിൽ എപ്പോഴും യെച്ചൂരിയുടെ വാതിൽ തുറന്നു കിടന്നിരുന്നു. മാധ്യമപ്രവർത്തകരുടെ തോളിൽ തട്ടി ചോദ്യകർത്താവിൻ്റെ അതേ ഭാവത്തിൽ തന്നെ മറുപടി നൽകി അനായാസമായി ഇടപെടുന്ന യെച്ചൂരിയെയാണ് നമ്മൾ കണ്ടത്. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറയുവാൻ മാത്രമല്ല, അത് കേൾക്കുന്നവർക്ക് പെട്ടെന്ന് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇന്ദിരാഗാന്ധിയെ വിയർപ്പിച്ച അന്നത്തെ വിദ്യാർത്ഥി രാഷ്ട്രീയ നേതാവിൻ്റെ ഇന്നത്തെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മാറിയതും ഈ സ്വഭാവ സവിശേഷത കൊണ്ടു തന്നെ. ഇൻഡ്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോഴും പാർട്ടി നിലപാടുകൾ വ്യക്തമായി ബോധ്യപ്പെടുത്താനും യാതൊരു അലോസരവുമില്ലാതെ സഖ്യത്തിനൊപ്പം തുടരാനും യെച്ചൂരിയുടെ നേതൃത്വത്തിന് സാധിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വളർന്ന യെച്ചൂരി വിദ്യാർത്ഥികൾക്കൊപ്പം എപ്പോഴും നിലകൊള്ളുകയായിരുന്നു. വിദ്യാർത്ഥികളോട് സംവദിക്കുകയും അവരെ കേൾക്കുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്തിരുന്നു.
അലസതയോടെ, എന്നാൽ കാര്യബോധ്യത്തോടെ പെരുമാറുന്ന യെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ഒരു റഫറൻസാണ്. ഒന്നിനോടും കൂസലില്ലാതെ എളുപ്പത്തിൽ പെരുമാറാൻ സാധിക്കുന്ന യെച്ചൂരി സിപിഐഎമ്മിൻ്റെ 'ഫ്ലക്സിബിൾ ഫേസ്' ആയിരുന്നു. ഇങ്ങനെ എപ്പോഴും കയറി ചെല്ലാൻ സാധിക്കുന്ന ഒരു നേതാവിൻ്റെ വിയോഗത്തിൻ്റെ വിടവ് നികത്താൻ ഇടതുപക്ഷ പാർട്ടികൾക്ക് കഴിയുമോ എന്നത് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ നിർണ്ണായകമാണ്.