ലോകത്ത് എല്ലാവിധ ജനാധിപത്യ മുന്നേറ്റങ്ങളെയും പിന്തുണയ്ക്കുകയും അതിനോട് ഐക്യദാർഢ്യപ്പെടുകയും ചെയ്യുന്നത് സിപിഐഎമ്മിൻ്റെ സാർവദേശീയ കാഴ്ചപ്പാടുകളുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. സോവിയറ്റ് തകർച്ചയ്ക്ക് ശേഷം ക്യൂബൻ-പലസ്തീനിയൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം രംഗത്ത് വന്നപ്പോൾ അത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവായിരുന്നു യെച്ചൂരി. സിപിഐഎമ്മിൻ്റെ ഭൗമരാഷ്ട്രീയ നയസമീപനങ്ങൾ രൂപപ്പെടുത്തുന്നതിലും യെച്ചൂരിയുടെ പ്രത്യയശാസ്ത്ര പരിജ്ഞാനം ഏറെ സഹായകമായിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകളിൽ പ്രധാനമാണ് നേപ്പാളിൽ രാജഭരണത്തിനെതിരായി നടന്ന ജനകീയ സമരങ്ങളെ ജനാധിപത്യപക്ഷത്ത് ഉറപ്പിച്ച് നിർത്താൻ യെച്ചൂരി നടത്തിയ ഇടപെടലുകൾ.1990കൾ മുതൽ രാജാധിപത്യത്തിനെതിരെ നേപ്പാളിൽ നടന്ന ജനകീയ ചെറുത്ത് നിൽപ്പുകളെ സിപിഐഎം ഐക്യദാർഢ്യത്തോടെ പരിഗണിച്ചിരുന്നു. 1990കളുടെ അവസാനമായതോടെ നേപ്പാളിലെ ജനകീയ മുന്നേറ്റത്തിൻ്റെ സമരമാർഗ്ഗം രക്തരൂക്ഷിതമായ പോരാട്ടങ്ങളുടേതായി മാറി. മാവേയിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു സായുധ സമരം നേപ്പാളിൽ ശക്തിപ്രാപിച്ചത്.
2006ൽ നേപ്പാളിലെ രണ്ടാമത്തെ ജന ആന്ദോളൻ നേപ്പാളിനെ സംഘർഷ ഭൂമിയാക്കിയപ്പോൾ സപ്തകക്ഷി സഖ്യത്തിനും മാവോയിസ്റ്റുകൾക്കും അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യൻ സർക്കാരിനും ഇടയിൽ ഒരു മധ്യസ്ഥന്‍റെ നിലയിലാണ് യെച്ചൂരി ഇടപെട്ടത്. നേപ്പാളിലെ രക്തരൂക്ഷിതമായ മാവോയിസ്റ്റ് മൂന്നേറ്റത്തെ ജനാധിപത്യത്തിൻ്റെ പാതയിലേയ്ക്ക് നയിക്കാൻ നടത്തിയ ഇടപെടലുകൾ സീതാറാം യെച്ചൂരിയെന്ന സിപിഐഎം നേതാവിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക അടയാളപ്പെടുത്തലാണ്. തീവ്രഇടതുപക്ഷ സെക്ടേറിയനിസത്തെ എല്ലാക്കാലത്തും സിപിഐഎം എതിർത്തിരുന്നു. അതിനാൽ തന്നെ തികഞ്ഞ മാർക്സിസ്റ്റ്-ലെനിനിസ്റ്റായിരുന്ന യെച്ചൂരിക്ക് നേപ്പാളിലെ മാവോയിസ്റ്റുകളെ പ്രത്യയശാസ്ത്രപരമായി തിരുത്താൻ സാധിച്ചതിൻ്റെ കൂടി ദൃഷ്ടാന്തമാണ് ഈ ഇടപെടൽ. 1990കളുടെ അവസാനത്തിൽ നേപ്പാളിലെ മാവോയിസ്റ്റ് മുന്നേറ്റത്തിൻ്റെ നേതാവായിരുന്ന ബാബു റാം ഭട്ടറായ്ക്ക് ജെൻയു പഠനകാലത്ത് യെച്ചൂരിയുമായി അടുപ്പമുണ്ടായിരുന്നു. ഇരുവർക്കുമിടയിലെ സൗഹൃദവും നേപ്പാളിൽ യെച്ചൂരി ഇടപെടാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
നേപ്പാളിലെ മാവോയിസ്റ്റ് മുന്നേറ്റം രക്തരൂക്ഷിതമായി മാറിയ ഘട്ടത്തിലായിരുന്നു 2006 ജൂലൈയിൽ യെച്ചൂരി നേപ്പാളിലെത്തുന്നത്. മുഖാമുഖം നിന്ന് പോരാടിയ നേപ്പാളീസ് ഭരണകൂടവും മാവോയിസ്റ്റ് നേതൃത്വവും യെച്ചൂരിയെ ഒരുപോലെ വിശ്വാസത്തിലെടുത്തു. അന്ന് നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ഗിരിജാ പ്രസാദ് കൊയ്‌രാളയുമായും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റിൻ്റെ നേതാവ് മാധവ് കുമാർ നേപ്പാളുമായും മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുമായും യെച്ചൂരി സംസാരിച്ചു. അന്ന് രണ്ട് തവണയായി പ്രചണ്ഡയുമായി നടന്ന ദീർഘമായ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ ഓങ്കാർ സിങ്ങിനോട് യെച്ചൂരി പിന്നീട് പറഞ്ഞിട്ടുണ്ട്. "'സംഭാഷണ സമയത്ത് പ്രചണ്ഡയുടെ ചില പ്രധാന സഹായികളും ഒപ്പമുണ്ടായിരുന്നു. ചർച്ചകൾ ഫലപ്രദമായിരുന്നു. മാവോയിസ്റ്റുകളുടെ വിശ്വാസ്യതയുടെ പ്രശ്നം പ്രചണ്ഡ മനസ്സിലാക്കി. സായുധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സമാന്തര ഭരണപരമായ സജ്ജീകരണമായ ജൻ അദാലത്തുകൾ നിർത്താനും അദ്ദേഹം ഉടൻ തന്നെ തൻ്റെ സഖാക്കളോട് ആവശ്യപ്പെട്ടു' യെച്ചൂരി ആ അഭിമുഖത്തിൽ അനുസ്മരിച്ചു.
സായുധ സമരത്തിൽ നിന്ന് പിന്മാറി ജനാധിപത്യ രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് മാറുമ്പോൾ പ്രചണ്ഡ സഖാക്കൾക്ക് നൽകിയ വിശദീകരണത്തിൽ സീതാറാം യെച്ചൂരിയുടെ പ്രത്യയശാസ്ത്ര നിലപാട് അന്തർലീനമായിരുന്നു. '21-ാം നൂറ്റാണ്ടിലെ പ്രമേയങ്ങൾ 20-ാം നൂറ്റാണ്ടിൻ്റെ തനിപ്പകർപ്പാകാൻ കഴിയില്ലെ'ന്നായിരുന്നു പ്രചണ്ഡയുടെ നിലപാട്
സായുധ സമരത്തിൽ നിന്ന് പിന്മാറി ജനാധിപത്യ രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് മാറുമ്പോൾ പ്രചണ്ഡ സഖാക്കൾക്ക് നൽകിയ വിശദീകരണത്തിൽ സീതാറാം യെച്ചൂരിയുടെ പ്രത്യയശാസ്ത്ര നിലപാട് അന്തർലീനമായിരുന്നു. '21-ാം നൂറ്റാണ്ടിലെ പ്രമേയങ്ങൾ 20-ാം നൂറ്റാണ്ടിൻ്റെ തനിപ്പകർപ്പാകാൻ കഴിയില്ലെ'ന്നായിരുന്നു പ്രചണ്ഡയുടെ നിലപാട്. സോഷ്യലിസ്റ്റ് മാറ്റത്തിനായുള്ള കമ്മ്യൂണിസ്റ്റ് തന്ത്രത്തിൻ്റെ ഒരു ഘടകമായി 21-ാം നൂറ്റാണ്ടിൽ ജനാധിപത്യത്തെ ഉപയോഗിക്കാമെന്ന് പ്രചണ്ഡയെ പ്രത്യയശാസ്ത്രപരമായി ബോധ്യപ്പെടുത്താൻ യെച്ചൂരിക്ക് സാധിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. നേപ്പാളിലെ മാവോയിസ്റ്റുകളെ ജനാധിപത്യത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ യെച്ചൂരി കൈക്കൊണ്ട നിലപാട് യഥാർത്ഥത്തിൽ റിവിഷനിസത്തിനെതിരായ സിപിഐഎമ്മിൻ്റെ പ്രഖ്യാപിത നിലപാട് കൂടിയായിരുന്നു. റിവഷനിസത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തിയിരുന്ന ബസവപുന്നയ്യയുടെ ശിഷ്യന് നേപ്പാളിലെ മാവോയിസ്റ്റുകളെ പ്രത്യയശാസ്ത്രപരമായി തിരുത്താൻ ഏറെ ക്ലേശിക്കേണ്ടി വന്നില്ലെന്നത് തീർച്ചയാണ്.
ഓംശങ്കറിന് നൽകിയ അഭിമുഖത്തിൽ നേപ്പാളിൻ്റെ പാത ഇന്ത്യൻ മാവോയിസ്റ്റുകളും പിന്തുടരണമെന്ന് യെച്ചൂരി പറയാതെ പറഞ്ഞിരുന്നു. '1967-ൽ സിപിഐഎമ്മിലെ പിളർപ്പിൽ നിന്നാണ് നക്‌സലൈറ്റ് പ്രസ്ഥാനം പിറവിയെടുക്കുന്നത്. 1969-ൽ സിപിഐ-എംഎൽ രൂപവത്കരിച്ച് അവർ സ്വന്തം ഇഷ്ടത്തിൻ്റെ വഴി തിരഞ്ഞെടുത്തു. എന്നാൽ ഇത് ശരിയായ പാതയല്ല. അവർ വീണ്ടും മുഖ്യധാരയിലേക്ക് വന്ന് സമൂഹത്തെ മാറ്റാൻ ശ്രമിക്കണ'മെന്നായിരുന്നു യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
നേപ്പാളിലെ മാവോയിസ്റ്റ് വിപ്ലവത്തിൽ യെച്ചൂരി വെള്ളം ചേർത്തു, യെച്ചൂരിയുടേത് വലതുവ്യതിയാനമാണ് എന്നെല്ലാം തീവ്രഇടതുപക്ഷം വിമർശനം ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് രാജഭരണത്തിൽ നിന്നും ജനാധിപത്യ ഭരണക്രമത്തിലേയ്ക്കുള്ള നേപ്പാളിൻ്റെ മാറ്റത്തിൽ യെച്ചൂരിയുടെ ഇടപെടലിന് ചരിത്രപരമായ പ്രധാന്യമുണ്ട്. നേപ്പാളിലെ മാവോയിസ്റ്റുകൾ ജനാധിപത്യത്തിൻ്റെ വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ അതിന് പിൻബലമായത് യെച്ചൂരിയുടെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര ദൃഢതയായിരുന്നു.
2009 ജനുവരിയിൽ, മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുമായി തുറന്ന ചർച്ചകൾക്കായി ഇന്ത്യാ ഗവൺമെൻ്റ് സീതാറാം യെച്ചൂരിയെ കാഠ്മണ്ഡുവിലേക്ക് അയച്ചതായും വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്
2008ൽ പ്രധാനമന്ത്രിയായി പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യെച്ചൂരി അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. ഭരണഘടന അംഗീകരിക്കുന്നതിന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൈകോർക്കണമെന്നായിരുന്നു ഈ ഘട്ടത്തിലും യെച്ചൂരി അഭിപ്രായപ്പെട്ടത്. പിന്നീട് 2009 ൽ നേപ്പാളിൽ രാഷ്ട്രീയ തർക്കം രൂക്ഷമായപ്പോൾ അന്നത്തെ നേപ്പാൾ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളി മാവോയിസ്റ്റുകളുമായി സംസാരിക്കാൻ യെച്ചൂരിയെ വീണ്ടും നേപ്പാളിലേയ്ക്ക് ക്ഷണിച്ചിരുന്നു. 2009 ജനുവരിയിൽ, മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുമായി തുറന്ന ചർച്ചകൾക്കായി ഇന്ത്യാ ഗവൺമെൻ്റ് സീതാറാം യെച്ചൂരിയെ കാഠ്മണ്ഡുവിലേക്ക് അയച്ചതായും വിശ്വസനീയമായ റിപ്പോർട്ടുകൾ ഉണ്ട്. ഏറ്റവും ഒടുവിൽ 2018 സെപ്റ്റംബറിലും പ്രചണ്ഡയും യെച്ചൂരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രചണ്ഡയ്ക്കൊപ്പം നിൽക്കുന്ന ചിത്രം സേഷ്യൽ മീഡിയയിൽ പങ്കുവെച്ച് യെച്ചൂരി ഇങ്ങനെ കുറിച്ചു ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ അധ്യക്ഷൻ 'പ്രചണ്ഡ' പുഷ്പ കമൽ ദഹലുമായി നീണ്ട ഫലപ്രദമായ ചർച്ച നടത്തി. ചർച്ചകളുടെയും പ്രത്യയശാസ്ത്ര വ്യക്തതകളുടെയും ലോകത്ത് നിന്ന് യെച്ചൂരി മടങ്ങുമ്പോഴും പ്രചണ്ഡയും നേപ്പാളിലെ മാവോയിസ്റ്റുകളും ജനാധിപത്യത്തിലേയ്ക്ക് നടന്ന ആ വഴിയടയാളങ്ങൾ മായാതെ തന്നെ കിടക്കും.