സെപ്തംബര്‍ 17, പെരിയാറിന്റെ ജന്മദിനമാണ്. ജാതീയതയുടെ ക്രൂരമായ അനീതികളോട് മൂര്‍ച്ഛയേറിയ ആശയങ്ങളുമായി സമരം ചെയ്ത തന്തൈ പെരിയാറിൻ്റെ ജന്മദിനം. മതാന്ധത നിറഞ്ഞ ജാതീയ സമൂഹത്തോട് പെരിയാര്‍ സന്ധി ചെയ്തില്ലെന്ന് മാത്രമല്ല, ദൈവത്തിൻ്റെ പേരില്‍ നടക്കുന്ന സകല അനീതികളെയും അയാള്‍ തുറന്നെതിര്‍ത്തു. 'നമ്മെ ശൂദ്രരായും അധസ്ഥിതരായും കാണുകയും മറ്റുചിലരെ ഉന്നതകുലജാതരായ ബ്രാഹ്‌മണരായി പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയുണ്ടെങ്കില്‍, ആ വ്യവസ്ഥിതിയ്ക്ക് ഉത്തരവാദികളായ ദൈവങ്ങളെ വേരോടെ പിഴുതു കളയുക തന്നെ വേണമെന്നാണ് പെരിയാര്‍ പറഞ്ഞുവെച്ചത്.
ഉത്തരേന്ത്യന്‍ ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ ദ്രാവിഡ ദേശീയതയിലൂന്നിയ സാംസ്‌കാരിക പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ട വഴികള്‍ തെളിച്ച നേതാവായിരുന്നു പെരിയാര്‍. പെരിയാറെന്ന പേര് തമിഴ്‌നാടിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പര്യായമാണ്. ആ ജീവിതകഥ തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ തന്നെ ചരിത്രവും. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പെരിയാര്‍ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയതെങ്കിലും, വര്‍ണാശ്രമത്തെ അംഗീകരിക്കുന്ന ഗാന്ധിയന്‍ ആശയങ്ങളോട് ഏറ്റുമുട്ടി, ഒടുവില്‍ കോണ്‍ഗ്രസ് വിടുകയായിരുന്നു. 'സുയമരിയാദൈ ഇയക്കം' എന്ന സ്വാഭിമാന മുന്നേറ്റത്തിന് രൂപം നല്‍കി. ജാതീയതയ്ക്ക് അതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം, സ്ത്രീകള്‍ക്ക് തുല്യാവകാശം, ശൈശവ വിവാഹ നിരോധനം, മിശ്രവിവാഹങ്ങള്‍ക്ക് പ്രോത്സാഹനം എന്നിങ്ങനെ അക്കാലത്ത് ആര്‍ക്കും ചിന്തിക്കാനാവാത്ത മുദ്രാവാക്യങ്ങള്‍ പെരിയാർ മുന്നോട്ടുവെച്ചു.
1944 ല്‍ പെരിയാര്‍ തുടങ്ങിയ ദ്രാവിഡ കഴകം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് തിരുത്തിയെഴുതിയത്. അയ്യരുടെയും അയ്യങ്കാര്‍മാരുടെയും മുതലിയാര്‍മാരുടെയും കൗണ്ടര്‍മാരുടെയും തോട്ടങ്ങളില്‍ അടിമപ്പണിയെടുത്ത് കഴിഞ്ഞിരുന്ന കീഴാള ജനതയ്ക്ക് സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ധൈര്യം നല്‍കിയ നേതാവാണ് പെരിയാര്‍. അങ്ങനെ ദ്രാവിഡ സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു ജനത ഉയര്‍ന്നുവന്നു. അടിച്ചമര്‍ത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിന് വേണ്ടി കേരളത്തിലെ വൈക്കത്ത് നടന്ന സത്യാഗ്രഹത്തിലും നേതൃപരമായ പങ്കാണ് പെരിയാര്‍ വഹിച്ചത്. വൈക്കം വീരന്‍ എന്നാണ് അന്ന് പെരിയാര്‍ അറിയപ്പെട്ടത്.
പട്ടിക്കും കോഴിക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യര്‍ക്കും നടക്കണമെന്ന് പെരിയാര്‍ വിളിച്ചുപറഞ്ഞു. 'നമ്മുടെ സാമീപ്യം കൊണ്ട് അശുദ്ധരാകുന്ന ദൈവങ്ങളെ നമുക്കാവശ്യമില്ലെന്ന പ്രഖ്യാപനം' ജാതീയമേധാവിത്വത്തെ പോറലേല്‍പിച്ചു. ശാസ്ത്രജ്ഞാനം മാത്രമാണ് മുന്നോട്ടുള്ള ശരിയായ വഴിയെന്ന് പെരിയാര്‍ ചുറ്റുപാടിനെ ബോധ്യപ്പെടുത്തി. ജാതീയമായ അധികാര വ്യവസ്ഥകളുടെ ഇരകളായി മനുഷ്യര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നിടത്തോളം കാലം പെരിയാറിനെ ഓര്‍ക്കുക എന്നതുകൂടി ഒരു സമരമാണ്.
ഇന്ന് സെപ്തംബര്‍ 17, പെരിയാറിന്റെ ജന്മദിനമാണ്….