ഭരണസംവിധാനങ്ങളിലെ പ്രാതിനിധ്യം വിഭാഗീയമായി വിഭജിക്കപ്പെട്ട, കൺഫെഷണൽ ജനാധിപത്യമാണ് ലെബനനിൽ നിലനിൽക്കുന്നത്. പ്രധാന രാഷ്ട്രീയ, സൈനിക സ്ഥാനങ്ങൾ പ്രത്യേക മത വിഭാഗങ്ങളുടെ പ്രതിനിധികൾക്കായി നീക്കിവച്ചിരിക്കുന്നതിനാലാണ് ലെബനനിലേത് കൺഫെഷണൽ ജനാധിപത്യമാണെന്ന് പറയുന്നത്. രാജ്യത്തിൻ്റെ പ്രസിഡൻ്റ് എപ്പോഴും ഒരു മറോനൈറ്റ് കത്തോലിക്കനും പ്രധാനമന്ത്രി സുന്നി മുസ്ലീമും പാർലമെൻ്റ് സ്പീക്കർ ഷിയാ മുസ്ലീമും ആയിരിക്കണമെന്നാണ് വ്യവസ്ഥ. പാർലമെൻ്റിൻ്റെ ഡെപ്യൂട്ടി സ്പീക്കറും ഉപപ്രധാനമന്ത്രിയും എല്ലായ്പ്പോഴും ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യാനികളാണെങ്കിൽ, സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി എല്ലായ്പ്പോഴും ഒരു ഡ്രൂസ് വിഭാഗത്തിൽ നിന്നുള്ള ആളായിരിക്കും. ഈ സൂക്ഷ്മമായ സന്തുലിത നിയമം ലെബനീസ് പാർലമെൻ്റിൻ്റെ ഘടനയിലേക്കും വ്യാപിക്കുന്നുണ്ട്. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും (ഡ്രൂസ് ഉൾപ്പെടെ) ഇടയിൽ പാർലമെൻ്ററി പ്രാതിനിധ്യം 6:5 എന്ന അനുപാതം നിലനിർത്തുന്നു.
1920കളിൽ ഈ മേഖലയിലെ കൊളോണിയൽ ഭരണകർത്താക്കളായിരുന്ന ഫ്രാൻസാണ് നിലവിലെ രാഷ്ട്രീയ സംവിധാനം പ്രധാനമായും അടിച്ചേൽപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും മതേതര രാഷ്ട്രങ്ങളിലൊന്നായ ഫ്രാൻസാണ് ലെബനനിൽ മതപരമായ സ്വത്വങ്ങളെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു ഭരണകൂട സംവിധാനം സൃഷ്ടിച്ചതെന്നത് വിരോധാഭാസമായി ബാക്കിയാകുന്നു. മറോനൈറ്റ് സഭയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു സംവിധാനമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. എന്നാൽ മുസ്‌ലിംകൾ, പ്രത്യേകിച്ച് സുന്നികൾ, ഒരു പ്രത്യേക ലെബനീസ് രാജ്യം സ്ഥാപിക്കുന്നതിനെ അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു. പകരം സിറിയയുമായി ലയിക്കാനായിരുന്നു ഇവരുടെ താൽപ്പര്യം. ഇത്തരത്തിൽ ഉറച്ചൊരു ദേശീയ അടിത്തറിയില്ലാതെ ഉയർന്നുവന്ന ഭരണസമ്പ്രദായമാണ് ലെബനനിലെ കുഴപ്പങ്ങൾക്ക് കാരണമെന്നും വിശകലനങ്ങളുണ്ട്.
നിലവിൽ ഇറാൻ്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ലെബനൻ്റെ യഥാർത്ഥ ഭരണാധികാരികളായി ഉയർന്നുവന്നിരിക്കുകയാണ്. ഔദ്യോഗികമായി നിലനിൽക്കുന്ന ഗവൺമെൻ്റിനേക്കാൾ കൂടുതൽ ശക്തിയോടും സ്വാധീനത്തോടും കൂടി പ്രവർത്തിക്കുന്ന പ്രബലവിഭാഗമായി ഹിസ്ബുള്ള മാറിയിട്ടുണ്ട്. ഇസ്രയേലുമായി സമ്പൂർണ യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയാണ് ഹിസ്ബുള്ള.
ഇതിനിടയിലാണ് ഏതാണ്ട് മുപ്പത് പോരോളം മരിക്കുകയും അയ്യായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലെബനനിനെ നടുക്കിയ സ്ഫോടനം ഉണ്ടായിരിക്കുന്നത്. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകളിൽ നിന്നാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുള്ള ഉപയോഗിച്ച വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ച് മറ്റൊരു സ്‌ഫോടന പരമ്പരയും മണിക്കൂറുകൾക്കകം നടന്നിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇതിനകം ഹിസ്ബുള്ള ആരോപിച്ച് കഴിഞ്ഞു. ഇസ്രായേൽ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അപ്പോഴും സ്ഫോടനത്തിന് പിന്നിലെ സൂക്ഷ്മമായ ആസൂത്രണവും സങ്കീർണമായ സാങ്കേതിക വിദ്യയുടെ സാന്നിധ്യവും ഇസ്രായേലിൻ്റെ രഹസ്വാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ പങ്കാളിത്തത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
ലിബറൽ ജനാധിപത്യം നിലനിൽക്കുന്ന ലെബനൻ പതിവായി വോട്ടെടുപ്പിലൂടെയാണ് ഭരണകൂടത്തെ നിശ്ചയിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ അധികാരം പങ്കിടുന്ന പ്രക്രിയ ശ്രദ്ധാപൂർവ്വം ഇപ്പോഴും പരിപാലിക്കപ്പെടുന്നുണ്ട്. എന്നാൽ ഔദ്യോഗിക രാജ്യത്തിനുള്ളിൽ ഒരു നിഴൽരാജ്യവും ഔദ്യോഗിക സംവിധാനങ്ങൾക്കുള്ളിൽ ഒരു നിഴൽ സംവിധാനവും ലെബനനിൽ രൂപപ്പെട്ടിട്ടുണ്ട്. ഈ നിഴൽ സംവിധാനത്തെ നയിക്കുന്ന ഹിസ്ബുള്ള ഭരണകൂടത്തെക്കാൾ ശക്തമായ സംവിധാനമായി മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ പരമ്പരാഗത ഭരണകൂട വ്യവസ്ഥയ്ക്ക് പുറത്താണ് പ്രവർത്തിക്കുന്നതെങ്കിലും ഇറാനിലെ അയത്തൊള്ള ഖമേനിയോട് കൂറുപുലർത്തുന്ന ഹിസ്ബുള്ള തന്നെയാണ് ലെബനനിലെ പരമാധികാരികൾ.
ഒരു സായുധഗ്രൂപ്പിൽ നിന്ന് ലെബനനിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ-സൈനിക സ്ഥാപനത്തിലേക്കുള്ള ഹിസ്ബുള്ളയുടെ യാത്രയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിൻ്റെ ലെബനൻ ചരിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. 1982-ലെ ഇസ്രായേലിൻ്റെ ലെബനൻ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചായിരുന്നു ഹിസ്ബുള്ളയുടെ പിറവി. ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ് പ്രസ്ഥാനമെന്ന നിലയിലാണ് പിറവിയെടുത്ത ആദ്യ ദശകങ്ങളിൽ ഹിസ്ബുള്ള അടയാളപ്പെടുത്തപ്പെട്ടത്. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ലെബനീസ് രാഷ്ട്രീയ സംവിധാനത്തിലെ പ്രധാനപ്പെട്ടൊരു സ്വാധീനശക്തിയായി ഹിസ്ബുള്ള മാറി. കേവലം ഒരു സായുധ സംഘടന എന്നതിൽ ഉപരി ലെബനിനുള്ളിലെ പ്രബലമായ മറ്റൊരു രാജ്യമാണ് ഹിസ്ബുള്ള എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. ശക്തിയിലും അധികാരത്തിലും ലെബനീസ് സായുധ സേനയെ (LAF) മറികടക്കുന്ന ഒരു ശക്തമായ സായുധ സേനയാണ് ഇന്ന് ഹിസ്ബുള്ള.
പ്രധാനമായും ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത കപ്പൽവേധ മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ, ആളില്ലാ ഡ്രോണുകൾ എന്നിവയാണ് ഹിസ്ബുള്ളയുടെ പ്രതിരോധത്തിലെ മൂർച്ചയുള്ള ആയുധങ്ങൾ. 2006-ൽ ഇസ്രായേലുമായുള്ള പോരാട്ടത്തിൽ കപ്പൽ വേധ മിസൈലുകള്‍ ഉപയോഗിച്ച് നാവിക സംവിധാനത്തെ ഫലപ്രദമായി ലക്ഷ്യമിടാനുള്ള ഹിസ്ബുള്ളയുടെ കഴിവ് വ്യക്തമാക്കപ്പെട്ടിരുന്നു. നിരീക്ഷണത്തിനും യുദ്ധ പ്രവർത്തനങ്ങൾക്കുമായി വിപുലമായ രീതിയിൽ ആളില്ലാ ഡ്രോണുകൾ സമാഹരിക്കാൻ ഹിസ്ബുള്ളയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഹിസ്ബുള്ളയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക തന്ത്രത്തിൻ്റെയും സാങ്കേതിക കഴിവുകളുടെയും പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. മധ്യ, തെക്കൻ ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള ഹിസ്ബുള്ളയുടെ ശേഷിയായി കൂടിയാണ് ഈ ആയുധങ്ങൾ കണക്കാക്കപ്പെടുന്നത്.
വായുവിൽ നിന്ന് ഉപരിതലത്തിലേയ്ക്ക് തൊടുക്കാവുന്ന 17 മിസൈൽ സംവിധാനങ്ങൾ, 200 കിലോമീറ്റർ ദൂരപരിധിയുള്ള നൂറോളം കപ്പൽവേധ മിസൈലുകൾ.ഏകദേശം 400 കിലോമീറ്റർ പരിധിയുള്ള നൂറുകണക്കിന് ആളില്ലാ ഡ്രോണുകൾ എന്നിവയെല്ലാം ഹിസ്ബുള്ളയുടെ സൈനികശേഷിയുടെ ദൃഷ്ടാന്തമായാണ് വിലയിരുത്തപ്പെടുന്നത്. 180-700 കിലോ മീറ്റർ ദൂരപരിധിയുള്ള 400 ദീർഘദൂര റോക്കറ്റുകളും മിസൈലുകളും, 70-250 കിലോമീറ്റർ ദൂരപരിധിയുള്ള പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ, 40-180 കിലോമീറ്റർ ദൂരപരിധിയുള്ള നൂറുകണക്കിന് 4,800 മിഡിൽ റേഞ്ച് റോക്കറ്റുകൾ, (20-40 കിലോമീറ്റർ ദൂരപരിധിയുള്ള 65,000 ഹ്രസ്വദൂര റോക്കറ്റുകൾ, 140,000 മോർട്ടറുകൾ എന്നിവയും ഹിസ്ബുള്ളയുടെ ആയുധശേഖരത്തിൻ്റെ കരുത്ത് കൂട്ടുന്നുണ്ട്.
നിലവിലെ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു പൊതു പദവിയും വഹിക്കുന്നില്ല. എന്നാൽ രാജ്യത്തിൻ്റെ പ്രസിഡൻ്റിനും പ്രധാനമന്ത്രിക്കും മേലെ യഥാർത്ഥ ഭരണാധികാരിയെന്ന പ്രതീതിതയാണ് ഹസൻ നസ്റല്ല ലെബനീസ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ടെലിവിഷൻ പ്രസംഗത്തിലൂടെയുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനകൾക്ക് യഥാർത്ഥ ഭരണാധികാരികളുടെ നിലപാടുകളെക്കാൾ സ്വീകാര്യതയും പരിഗണനയും ലഭിക്കുന്നുണ്ട്.
1982ലെ ഇസ്രായേലിൻ്റെ ബെയ്റൂട്ട് അധിനിവേശ സമയത്ത് ആരംഭിച്ച ഹിസ്ബുള്ളയുടെ ചെറുത്ത് നിൽപ്പ് 1990കളുടെ അവസാനത്തോടെ ശക്തമായി. ക്രമേണ ഈ മേഖലയിലെ ഏറ്റവും ശക്തരായ സായുധ ഗ്രൂപ്പ് എന്ന നിലയിലേയ്ക്ക് ഹിസ്ബുള്ള പരിണമിക്കുന്നതാണ് ലോകം കണ്ടത്. 2000ത്തിൻ്റെ ആദ്യദശകത്തിൽ ഇസ്രായേൽ ലെബനനിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയതോടെ ഹിസ്ബുള്ളയ്ക്ക് ലെബനനിൽ വ്യാപകമായ അംഗീകാരം ലഭിച്ചു. ഹിസ്ബുള്ളയുടെ ഈ വിജയം ചരിത്രപരമായാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. യുദ്ധത്തിനുപകരം നയതന്ത്രത്തിലൂടെ ഒരു അറബ് സൈനിക സേന ഇസ്രായേലിനെ അധിനിവേശ പ്രദേശത്ത് നിന്ന് പുറത്താക്കിയെന്ന ചരിത്ര നേട്ടമാണ് ഹിസ്ബുള്ള അടയാളപ്പെടുത്തിയത്. ഈ വിജയം ലെബനനിൽ മാത്രമല്ല അറബ്-മുസ്ലിം ലോകങ്ങളിലുട നീളം ഹിസ്ബുള്ളയുടെ ജനപ്രീതി ഉയർത്തി. ഇസ്രായേലിനെതിരായ അറബ് ദേശീയതയുടെ ചെറുത്ത് നിൽപ്പിൻ്റെ അടയാളമായിപ്പോലും ഹിസ്ബുള്ള ഇക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
2006ലെ ലെബനൻ യുദ്ധം ഈ മേഖലയിലെ ഹിസ്ബുള്ളയുടെ പ്രധാന്യത്തെ ഊട്ടിയുറപ്പിച്ചു. ലെബനനിൽ ഇസ്രായേൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ഒരു മാസത്തിലേറെ ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിനെ (ഐഡിഎഫ്) തടഞ്ഞുനിർത്തിയ ഹിസ്ബുള്ളയുടെ സൈനിക ശേഷിയെ യുദ്ധവിജയം പോലെയാണ് അറബ് ലോകം നോക്കി കണ്ടത്. 2008-ൽ ലെബനനിലെ സിറിയൻ വിരുദ്ധർ അതിൻ്റെ പ്രത്യേക ടെലികമ്മ്യൂണിക്കേഷൻ ശൃംഖല തകർക്കാൻ ശ്രമിച്ചപ്പോൾ ഹിസ്ബുള്ളയുടെ ശക്തി വീണ്ടും പ്രകടമായി. ഈ നിലയിൽ ഹിസ്ബുള്ള ലെബനനിലെ യഥാർത്ഥ സൈനിക ശക്തിയായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. നിലവിൽ ഹിസ്ബുള്ളയുടെ അധികാരത്തെ വെല്ലുവിളിക്കാൻ ലെബനനിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
ഈ നിലയിൽ ലെബനൻ്റെ സൈനിക-രാഷ്ട്രീയ അധികാര സംവിധാനങ്ങളിൽ നിർണ്ണായകമായ സ്വാധീനമുള്ള ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ആസൂത്രിത സ്ഫോടനങ്ങൾ ഉണ്ടായത്. സംഭവത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നതിൽ ലബനീസ് ഭരണകൂടത്തിനും ഹിസ്ബുള്ളയ്ക്കും ഒരേ ശബ്ദവും ഒരേ നിലപാടുമായിരുന്നു. ഇസ്രായേലി ചാരസംഘടനയായ മൊസാദാണ് ഉത്തരവാദിയെന്ന നിലപാടിലാണ് ഹിസ്ബുള്ള. ഗ്രൂപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നും ഹിസ്ബുള്ള ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഹിസ്ബുള്ള പ്രതികരിച്ചിട്ടുണ്ട്. ലെബനൻ പ്രധാനമന്ത്രി നജീബ് മികാതിയും ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലെബനനിലെ ഇറാൻ അംബാസഡർ മൊജ്‌താബ അമാനിക്കും പേജർ പൊട്ടിത്തെറിച്ചുള്ള സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു.
ഹിസ്ബുള്ള അവരുടെ ശക്തിക്കനുസരിച്ച് പ്രതികരിക്കാൻ തീരുമാനിച്ചാൽ വീണ്ടുമൊരു ലെബനീസ്-ഇസ്രായേൽ യുദ്ധത്തിന് വഴിതുറക്കുമെന്ന ആശങ്കയും ശക്തമാണ്. നേരത്തെ പിഎൽഒയെയും പിന്നീട് ഹമാസിനെയും ദുർബലപ്പെടുത്തിയത് പോലെ ഹിസ്ബുള്ളയെയും തകർക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നുവെന്ന സൂചനയാണ് നിലവിലെ ആക്രമണങ്ങൾ നൽകുന്നത്. ഹിസ്ബുള്ളയും ഇത് തിരിച്ചറിയുന്നുണ്ടാവും. അതിനാൽ തന്നെ നേരിട്ടുള്ള ഏറ്റുമുട്ടലിനാണോ അതോ പതിവ് നിഴൽയുദ്ധങ്ങൾ ശക്തിപ്പെടുത്താനാണോ ഹിസ്ബുള്ളയുടെ തയ്യാറെടുപ്പ് എന്നത് നിർണായകമാണ്. ലെബനൻ-ഇസ്രായേൽ യുദ്ധം എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ പോകുകയും ഹിസ്ബുള്ള മുന്നിൽ നിൽക്കുകയും ചെയ്താൽ ഇറാൻ്റെ നിലപാടും നിർണായകമാകും. അറബ് ദേശീയതാ വികാരവും ഈ ഘട്ടത്തിൽ സംഘർഷങ്ങളുടെ ഗതിവിഗതികളെ നിശ്ചയിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഒരുങ്ങുന്നതെങ്കിൽ ഹിസ്ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഏറ്റുമുട്ടലായി അത് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.