'വെട്ടിനിരത്തൽ കാലത്തെ' വിഎസ് അച്യുതാനന്ദനും എം എം ലോറന്‍സും

പാര്‍ട്ടിയിലെ വിഭാഗിയതയും വി എസ്സുമായുളള വിയോജിപ്പും

dot image

സുദീർഘമായ ഇടവേളയ്ക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നത് 1987ലായിരുന്നു. എം വി രാഘവനെ പുറത്താക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിലെത്തി. അന്ന് നായനാർ മുഖ്യമന്ത്രിയായി. വി എസ് അച്യുതാനന്ദനായിരുന്നു സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി. നായനാർ മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ ഇടതുമുന്നണിയുടെ കൺവീനറായി എം എം ലോറൻസ് എത്തി. പിന്നീട് ഒൻപത് വർഷത്തോളം ലോറൻസ് ആ സ്ഥാനത്ത് തുടർന്നു. ഇതിനിടയിൽ വി എസ് അച്യുതാനന്ദൻ പാർട്ടി സെക്രട്ടറി പദവി ഒഴിഞ്ഞു. 1991ൽ പ്രതിപക്ഷ നേതാവായി, പിന്നീട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച് മാരാരിക്കുളത്ത് പരാജയപ്പെട്ടു. ഈ തോൽവിയോടെയാണ് അച്യുതാനന്ദനും ലോറൻസിനുമിടയിലെ രാഷ്ട്രീയവൈര്യം മൂർച്ഛിക്കുന്നത്. പിന്നീട് സിപിഐഎമ്മിനെ അടിമുടി പിടിച്ച് കുലുക്കിയ വിഭാഗീയതയുടെ കനലുകൾ ആളിക്കത്തിയതും ചരിത്രമാണ്. അതിശക്തരായിരുന്ന തൊഴിലാളിവർഗ്ഗ നേതാക്കളുടെ ചിറകരിയപ്പെട്ട ആ കാലത്തെക്കുറിച്ച് പിന്നീട് ലോറൻസ് തന്നെ തുറന്നെഴുതിയിട്ടുണ്ട്.

വി എസ് അച്യുതാനന്ദനും എം എം ലോറന്‍സും തമ്മിലുളള രാഷ്ട്രീയ വൈര്യം

1996 ല്‍ മാരാരിക്കുളത്തുണ്ടായ തോല്‍വിക്ക് ശേഷമാണ് വി.എസ് അച്യുതാനന്ദനും എം.എം ലോറന്‍സ് ഉള്‍പ്പെട്ട സിഐടിയു വിഭാഗവും തമ്മില്‍ വലിയ ഭിന്നതകള്‍ രൂപപ്പെടുന്നത്. തന്റെ ആത്മ കഥയായ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് എം എം ലോറന്‍സ് വ്യക്തമായി പറയുന്നുമുണ്ട്. പല കാര്യങ്ങളും വ്യക്തമായി പറയുകയും എന്നാല്‍ ചിലതൊക്കെ പറയാതെ പറയുകയും ചെയ്ത ഈ ആത്മകഥ കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തെയാണ് എടുത്തുകാട്ടുന്നത്. പാര്‍ട്ടിയിലുണ്ടായിരുന്ന വിഭാഗിയതയെക്കുറിച്ച് തന്റെ പുസ്തകത്തില്‍ ഒരുപരിധിവരെ ലോറൻസ് തുറന്നെഴുത്ത് നടത്തിയിട്ടുണ്ട്.

പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് എറണാകുളത്തുനിന്നാണെന്ന് എം എം ലോറന്‍സ് വ്യക്തമാക്കുന്നുണ്ട്. തനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ പി വര്‍ക്കിയെ അക്കാലത്ത് വി എസ് അച്യുതാനന്ദന്‍ വിഭാഗീയത ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റു ചിലരേയും അച്യുതാനന്ദന്‍ ഇതിനായി ഉപയോഗിച്ചിരുന്നുവെന്നും ലോറന്‍സ് വ്യക്തമാക്കുന്നു.

വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചു. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇ കെ നായനാര്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളായിരുന്നു. ഇത് ആദര്‍ശ പ്രവര്‍ത്തനമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഒട്ടനവധി ചെറുപ്പക്കാരായ സഖാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അത് കമ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മാത്രമല്ല, കമ്യൂണിസ്റ്റ് സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നു. ആദ്യമായി വിഭാഗിയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയില്‍ എത്രയോ നാടകങ്ങള്‍ നടന്നുവെന്നും സഖാക്കളുടെ ഒരുമയും സ്‌നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടുവെന്നും പുസ്തകത്തിൽ ലോറൻസ് പറയുന്നുണ്ട്.

കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്ക് എതിരെന്നു തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാനുള്ള കരുക്കള്‍ അച്യുതാനന്ദന്‍ നീക്കി. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഉണ്ടായ അനുഭവം പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് അതിന് ധീരമായി നേതൃത്വം കൊടുത്ത, 12 വര്‍ഷത്തോളം ഒളിവ് ജീവിതം നയിച്ച സമയത്തുപോലും നിശബ്ദമായി പാര്‍ട്ടി പ്രവര്‍ത്തനം നയിച്ച പികെ ചന്ദ്രാനന്ദനെതിരെ അച്യുതാനന്ദന്‍ സമ്മേളനത്തില്‍ തിരിയുകയുണ്ടായി. സഹിക്കാന്‍ കഴിയാതെ താൻ ഇതിന് മറുപടി പറഞ്ഞുവെന്നും ലോറൻസ് അനുസ്മരിക്കുന്നുണ്ട്. ചിലരോട് ആജന്മ വൈര്യം ഉണ്ടായിരുന്നതുപോലെയായിരുന്നു വി എസിൻ്റെ പെരുമാറ്റം. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എ പി കുര്യനെ കാണുന്നത് തന്നെ വി.എസിന് കലിയായിരുന്നു. എ പി കുര്യന്റെ അനുശോചന യോഗത്തില്‍ കഷണ്ടിക്കും കാന്‍സറിനും മരുന്നില്ലെന്ന് ഒരു സന്ദര്‍ഭവും കൂടാതെ വി.എസ്. പറഞ്ഞു. അതിന് ശേഷം സംസാരിച്ചപ്പോൾ വിഎസിന് മറുപടി നൽകിയതും ലോറൻസ് പുസ്തകത്തിൽ പറയുന്നുണ്ട്‌. 'അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ ഞാൻ മനുഷ്യനാവില്ലെന്ന് തോന്നി' എന്നായിരുന്നു ആ സംഭവത്തെക്കുറിച്ച് ലോറൻസ് പുസ്തകത്തിൽ പറഞ്ഞത്. കൊല്ലം സമ്മേളനത്തിലെ വി എസിന്റെ 'കള്ളവോട്ടുകളി'യെക്കുറിച്ചും ലോറൻസ് ഓർമ്മിക്കുന്നുണ്ട്. അന്ന് വി എന്‍ വാസവന്‍ കണ്ടതുകൊണ്ടുമാത്രമാണ് താന്‍ ഒരു വോട്ടിന് രക്ഷപ്പെട്ടതെന്നാണ് ലോറൻസ് പറയുന്നത്. വി എസിനോടുളള തന്റെ വിയോജിപ്പും വിമർശനവും ലോറന്‍സ് ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. ലോറൻസും വി എസ് അച്യുതാനന്ദനും തമ്മിലുള്ള കേവലം വ്യക്തിവിരേധമെന്ന നിലയിലല്ല അക്കാലത്തെ സിപിഐഎം വിഭാഗിയതയുടെയും വെട്ടിനിരത്തലുകളുടെയും നേർസാക്ഷ്യങ്ങൾ എന്ന നിലയിലാണ് ലോറൻസിൻ്റെ തുറന്നെഴുത്ത് വായിക്കപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us