തോക്കിൻ മുമ്പിൽ പിടഞ്ഞ് വീണത് സ്വന്തം സഖാക്കൾ; അവശതയിലും അന്ന് മട്ടാഞ്ചേരിയിലേക്ക് ഓടിയെത്തിയ ലോറൻസ്

വെടിവെയ്പ്പിന്റെ വാർത്ത കേട്ടയുടനെ തനിക്ക് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല എന്ന് ലോറൻസ് തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്

dot image

മട്ടാഞ്ചേരിയിൽ തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ് നടന്ന കാലത്തും തുടർസമരങ്ങളിലൂടെയും മറ്റും സജീവമായിരുന്നു എം എം ലോറൻസ്. 1953 സെപ്റ്റംബർ 15നാണ് മട്ടാഞ്ചേരിയിൽ തൊഴിലാളികൾക്കു നേരെ പൊലീസ് വെടിവെയ്പ്പുണ്ടാകുന്നതും സെയ്ത്, സെയ്ദാലി, ആന്റണി എന്ന പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതും.

വെടിവെയ്പ്പ് നടക്കുന്നത് എം എം ലോറൻസ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ അക്രമണക്കേസിൽ പ്രതിയായ ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ്. 22 മാസത്തോളം നീണ്ട ആ ജയിൽ വാസവും കൊടിയ പൊലീസ് മർദ്ദനവും അദ്ദേഹത്തെ തീർത്തും അവശനാക്കിയിരുന്നു. ശാരീരികമായി ഏറെ അവശനായിട്ടായിരുന്നു ലോറൻസ് ജയിൽമോചിതനായത്. ചികിത്സയും മറ്റുമായി വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന സമയത്താണ് ലോറൻസ് മട്ടാഞ്ചേരിയിൽ സമരം ചെയ്ത തൊഴിലാളി സഖാക്കൾക്ക് നേരെ വെടിവെയ്പ്പ് നടന്നതായി അറിയുന്നത്.

വെടിവെയ്പ്പിന്റെ വാർത്ത കേട്ടയുടനെ തനിക്ക് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല എന്ന് ലോറൻസ് തന്റെ ആത്മകഥയിൽ അനുസ്മരിച്ചിട്ടുണ്ട്. 'ഓർമച്ചെപ്പ് തുറക്കുമ്പോൾ' എന്ന പുസ്തകത്തിലെ ആ വരികൾ ഇങ്ങനെയാണ്. ' വെടിവെപ്പിന്റെ വാർത്ത കേട്ടപ്പോൾ എനിക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല. സെയ്ത്, സെയ്ദാലി, ആന്റണി എന്ന സഖാക്കളാണ് മരിച്ചത്. ഞാൻ ആരോടും പറയാതെ മുണ്ടും ഷർട്ടും മാറ്റി രഹസ്യമായി പുറത്തുകടന്നു. നേരെ മട്ടാഞ്ചേരിയിലേക്ക് പോയി. ശ്മാശാന മൂകത. എങ്കിലും ജനം എന്തിനും ഏതിനും തയ്യാറായി നിൽക്കുന്ന അവസ്ഥ'; ശേഷം ലോറൻസ് അടക്കമുള്ള പാർട്ടി പ്രവർത്തകർ മട്ടാഞ്ചേരിയുടെ തൊഴിലാളി ചരിത്രത്തെ മാറ്റിയെഴുതുകയായിരുന്നു.

മട്ടാഞ്ചേരിയുടെ തൊഴിലാളി സമരചരിത്രത്തിലും യൂണിയൻ ചരിത്രത്തിലും പ്രധാനപ്പെട്ട പേരായിരുന്നു ലോറൻസിന്റേത്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടക്കമുള്ള പ്രദേശങ്ങൾ കേരളത്തിൽത്തന്നെ പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങളായിരുന്ന സമയത്ത്, അവിടങ്ങളിലെ തൊഴിലാളി സാഹചര്യങ്ങൾക്ക് ഒരു ഏകമാനകമായ രൂപം നൽകുന്നതിൽ എം എം ലോറൻസിന് വലിയ പങ്കുണ്ടായിരുന്നു. തുറമുഖത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ രൂപീകരിച്ചപ്പോൾ അതിന്റെ സാരഥിയായും ലോറൻസുണ്ടായിരുന്നു.

പ്രവർത്തന സൗകര്യാർത്ഥം സംഘടനയെ രണ്ട് യൂണിയനുകളാക്കി മാറ്റിയപ്പോഴും (കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷനും സിപിഎൽയുവും) സിപിഎൽയുവിന്റെ അമരത്ത് എം എം ലോറൻസുണ്ടായിരുന്നു.

എന്നാൽ സിപിഎൽയുവിൽ അംഗങ്ങൾ കൂടുതലായതോടെ മുൻപ് തുറമുഖത്ത് നിലവിലുണ്ടായിരുന്ന കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിതുടങ്ങി. ആ സമയത്താണ് സിപിഎൽയുവിന്റെ പ്രസിഡന്റായി ലോറൻസെത്തുന്നത്. ശേഷം കൊച്ചി തുറമുഖ ട്രസ്റ്റിൽ കൊച്ചിൻ കോർപ്പറേഷന്റെ പ്രതിനിധിയായി. നിരവധി ചർച്ചകളിലും അനുരഞ്ജനങ്ങളിലും മറ്റും പങ്കെടുത്ത് തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവായി ലോറൻസ് മാറി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us