എം എം ലോറൻസ്: കൊച്ചിയിലെ തൊഴിലാളി സമരചരിത്രത്തിൻ്റെ വിളിപ്പേര്

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണമായാലും തോട്ടിത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ ആയാലും ലോറൻസ് എന്ന തൊഴിലാളി നേതാവിൻ്റെ പേര് പറയാതെ അതിൻ്റെ ചരിത്രം പൂർണ്ണമാകില്ല

dot image

സ്വാതന്ത്ര പ്രാപ്തിയുടെ ആദ്യദശകം മുതൽ കൊച്ചിയിലെ തൊഴിലാളി സമരചരിത്രത്തിൻ്റെ പേരുകൂടിയാണ് എം എം ലോറൻസ് എന്നത്. തുറമുഖ തൊഴിലാളികളെയും തോട്ടിത്തൊഴിലാളികൾ അടക്കമുള്ള അസംഘടിത മേഖലകളിലെ തൊഴിലാളികളെയും ഫാക്ടറിത്തൊഴിലാളികളെയും അടക്കം സംഘടിപ്പിച്ച് കൊച്ചിയിലെ തൊഴിലാളികൾക്ക് വർ​ഗരാഷ്ട്രീയത്തിൻ്റെ ആശയപരമായ അടിത്തറ പകർന്നു നൽകിയ നേതാവ് എന്നതാണ് എം എം ലോറൻസിൻ്റെ രാഷ്ട്രീയ മേൽവിലാസം. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കൊച്ചി കണ്ട വിപ്ലവകരമായ എല്ലാ തൊഴിലാളി സമരങ്ങളിലും ലോറൻസ് എന്ന പേര് എഴുതിച്ചേ‍ർത്തിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണമായാലും തോട്ടിത്തൊഴിലാളികളുടെ അവകാശപോരാട്ടം ആയാലും ലോറൻസ് എന്ന തൊഴിലാളി നേതാവിൻ്റെ പേര് പറയാതെ അതിൻ്റെ ചരിത്രം പൂർണ്ണമാകില്ല.

രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടായപ്പോഴെല്ലാം ലോറൻസിൻ്റെ കൈമുതൽ തൊഴിലാളിവർ​​ഗ നേതാവ് എന്ന ആ മേൽവിലാസമായിരുന്നു. സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അം​ഗം, എൽഡിഎഫിൻ്റെ കൺവീന‍ർ തുടങ്ങിയ സമുന്നതമായ പദവികൾ അലങ്കരിച്ചിരുന്നപ്പോഴും പിന്നീട് അച്ചടക്ക നടപടി നേരിട്ട് പാർട്ടിയുടെ താഴെ ഘടകത്തിൽ പ്രവർത്തിക്കുമ്പോഴും ലോറൻസ് കൊച്ചിയിലെ തൊഴിലാളി വർ​​ഗത്തിൻ്റെ ഏറ്റവും പോരാട്ടവീര്യമുള്ള നേതാവ് തന്നെയായിരുന്നു. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, സിഐടിയുവിൻ്റെ സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങി ലോറൻസിനെ തേടിയെത്തിയ നേതൃപദവികൾ തൊഴിലാളി വർ​​​​ഗ രാഷ്ട്രീയത്തിലെ അദ്ദേഹത്തിൻ്റെ ഔന്നിത്യം വരച്ചിടുന്നതാണ്. സിപിഐഎമ്മിൻ്റെയും സിഐടിയുവിൻ്റെയും ഏറ്റവും ഉയർന്ന നേതാവായി നിൽക്കുമ്പോഴായിരുന്നു ലോറൻസ് അച്ചടക്ക നടപടി നേരിടുന്നത്. നടപടിക്ക് വിധേയനായപ്പോഴും തൊഴിലാളി വർ​ഗ രാഷ്ട്രീയത്തെ തള്ളിപ്പറയാതെ കാൽനൂറ്റാണ്ടിലേറെക്കാലം ജീവിതം മുഴുവൻ ചേർത്തുപിടിച്ച ആശയത്തിനൊപ്പം നടന്നുവെന്നത് ലോറൻസിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ അടയാളപ്പെടുത്തലായി തന്നെ വേണം കാണാൻ. പൊതുപ്രവർത്തനം തുടങ്ങുന്ന കാലത്ത് തന്നെ ലോറൻസിൽ അടിയുറച്ച തൊഴിലാളിവർ‌​ഗ രാഷ്ട്രീയം തന്നെയാണ് ഇത്തരം നിലപാടുകളുടെയെല്ലാം അടിത്തറ.

ലോറൻസ് എന്ന പേര് കേരളം ഏറ്റവും കൂടുതൽ തവണ ഏറ്റുപറഞ്ഞിട്ടുണ്ടാകുക ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടായിരിക്കും. റെയിൽവെ സമരവുമായി ബന്ധപ്പെടുത്തിയാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ലോറൻസ് പറയാറുള്ളത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുമ്പോൾ 21കാരനായിരുന്ന ലോറൻസ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ടൗൺ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കൽക്കത്ത തിസീസിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്ന സമയം. കൊച്ചി പോലൊരു നഗരത്തിൽ അക്കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുകയെന്നത് തികച്ചും ക്ലേശകരമായിരുന്നു. രാജ്യവ്യാപകമായി റെയിൽവെ തൊഴിലാളികൾ പണിമുടക്കുന്ന സമയമായിരുന്നു അത്. സമരത്തിന് ബഹുമുഖമായ വിപ്ലവ ഐക്യരൂപം കൊടുക്കാനുള്ള ആലോചനയുടെ അടിസ്ഥാനത്തിൽ നടക്കുന്ന സമരം. സമരത്തിൻ്റെ ചുവട് പിടിച്ച് വ്യാവസായിക തൊഴിലാളികളും വിദ്യാർത്ഥികളും കർഷകരുമെല്ലാം ഐക്യപ്പെട്ട് രൂപപ്പെടേണ്ട ബഹുജന മുന്നേറ്റത്തിൻ്റെ തുടക്കമെന്ന നിലയിലാണ് അന്ന് റെയിൽവെ സമരത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്തിരുന്നത്. ലോറൻസ് അടക്കമുള്ള സഖാക്കളെ കെസി മാത്യു ഒരു രഹസ്യ യോ​ഗത്തിന് വിളിക്കുമ്പോൾ റെയിൽവെ സമരമായിരിക്കും അജണ്ടയെന്നാണ് ലോറൻസ് കരുതിയത്. എന്നാൽ പൊലീസ് ലോക്കപ്പിലായ എൻ കെ മാധവനെയും വറൂതൂട്ടിയെയും പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കുകയായിരുന്നു ആ യോ​ഗത്തിൻ്റെ അജണ്ട. പിന്നീട് കെ സി മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം ചരിത്രത്തിൻ്റെ ഭാ​ഗമാണ്.

കൊച്ചിയിലെ അസംഘടിത തൊഴിലാളികൾക്ക് വർഗബോധം പകർന്ന നേതാവ്

കൊച്ചി ന​ഗരത്തിലെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ലോറൻസ് വഹിച്ച പങ്ക് തന്നെയാണ് അദ്ദേഹ​ത്തിൻ്റെ സംഘടനാ പ്രവർത്തനത്തിൽ ഏറ്റവും സവിശേഷമായി അടയാളപ്പെടുത്തേണ്ടത്. കൊച്ചി ന​ഗരത്തിലെ തോട്ടിത്തൊഴിലാളികൾ, ബീഡിതൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ, കടകളിൽ ജോലി ചെയ്യുന്നവർ‌ തുടങ്ങി കൊടിയ തൊഴിൽ ചൂഷണത്തിന് വിധേയരാകുന്ന അസംഘടിത തൊഴിലാളികളെ വർ​​ഗബോധമുള്ളവരാക്കി മാറ്റാനും ഇവരെ സംഘടിപ്പിക്കാനും ലോറൻസ് നേതൃപരമായ പങ്കാണ് വഹിച്ചത്. ഇതിൽ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിക്കാൻ ലോറൻസ് നടത്തിയ ഇടപെടലിൽ ഒരു കമ്മ്യൂണിസ്റ്റിൻ്റെ സാമൂഹികമായ ഉൾക്കാഴ്ചകളും ഉണ്ടായിരുന്നു.

ന​ഗരത്തിലെ വീടുകളിലെ പാട്ടകക്കൂസുകളിൽ നിന്ന് ബക്കറ്റിൽ എടുത്ത് ഉന്തുവണ്ടിയിലെ പാട്ടകളിലേയ്ക്ക് ചൊരിഞ്ഞ് ആ ഉന്തുവണ്ടി വലിച്ച് അത് കലൂരിലെ മലം ഡിപ്പോയിൽ കൊണ്ടുപോയി കളയുക എന്ന പണിയായിരുന്നു തോട്ടി തൊഴിലാളികൾ എടുത്തിരുന്നത്. ഇവരെ സംഘടിപ്പിച്ച് യൂണിയൻ ഉണ്ടാക്കി അവകാശപ്പേരാട്ടങ്ങൾക്ക് പ്രാപ്തരാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചത് ലോറൻസായിരുന്നു. മലം നിറച്ച വണ്ടിവലിച്ച്, സമൂഹത്തിൻ്റെ ഏറ്റവും ബഹിഷ്കൃതമായ കാഴ്ചയിൽ കൊച്ചിയുടെ ന​ഗരവീഥിയിലൂടെ പോയിരുന്ന തോട്ടിത്തൊഴിലാളികളെ, ചൊങ്കെടി പിടിച്ച് അവകാശങ്ങൾക്കായി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് കൊച്ചിയെ പ്രകമ്പനം കൊള്ളിക്കാൻ പാകത്തിന് കരുത്തരാക്കിയത് ലോറൻസായിരുന്നെന്ന് നിസംശയം പറയാം. അതൊരു രാഷ്ട്രീയ ഇടപെടൽ മാത്രമായിരുന്നില്ല, ശക്തമായ ഒരു സാമൂഹിക ഇടപെടൽ കൂടിയായിരുന്നു. പിന്നീട് കൊച്ചിയിലെ അശാസ്ത്രീയ തോട്ടിപ്പണി ഇല്ലാതായതിനും ശാസ്ത്രീയമായ സീവേജ്പ്ലാൻ്റ് ഉണ്ടാകുന്നതിനുമെല്ലാം വഴിതെളിഞ്ഞത് ലോറൻസിൻ്റെ നേതൃത്വത്തിൽ ഒരു ജനവിഭാ​ഗത്തിന് പകർന്നു കൊടുത്ത തൊഴിലാളി വർ​​ഗ ബോധമായിരുന്നു.

തോട്ടിത്തൊഴിലാളികളെ മാത്രമല്ല കൊച്ചി ന​ഗരത്തിലെ അസംഘടിതരായ ബീഡിത്തൊഴിലാളികളെയും അവകാശപോരാട്ടങ്ങൾക്കായി സംഘടിപ്പിക്കുന്നതിൽ ലോറൻസ് നേതൃപരമായ പങ്കുവഹിച്ചു. താരതമ്യേന രാഷ്ട്രീയബോധം ഉണ്ടായിരുന്ന ബീഡിത്തൊഴിലാളികൾക്കിടയിൽ തൊഴിലാളി യൂണിയൻ ഉണ്ടാക്കാൻ കുറച്ച് കൂടി എളുപ്പമായിരുന്നെന്ന് ലോറൻസ് തന്നെ പറഞ്ഞിട്ടുണ്ട്. ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശപ്പോരാട്ടത്തിനായി യൂണിയൻ ഉണ്ടാക്കാനും ലോറൻസ് നേതൃത്വം നൽകി. ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിക്കാനായി വിളിച്ച യോ​ഗങ്ങളിൽ സിനിമാ നടന്മാരായ പിജെ ആൻ്റണിയും ശങ്കരാടിയും നിരന്തരം പങ്കെടുത്തതും ലോറൻസ് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. എറണാകുളം എംജി റോഡിലെ പത്മ കഫെയിലായിരുന്നു കൊച്ചിയിലെ ആദ്യ ഹോട്ടൽ തൊഴിലാളി സമരം നടന്നത്. അസംഘടിതരായിരുന്ന ഹോട്ടൽ തൊഴിലാളികളെ ഒരു തൊഴിലാളി യൂണിയൻ്റെ കൊടിക്കീഴിലാക്കി അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ മുന്നിൽ നിന്ന തൊഴിലാളി നേതാവ് എന്ന് തന്നെയാവും ഇനിയുള്ള കാലവും ലോറൻസ് അടയാളപ്പെടുത്തപ്പെടുക.

കൊച്ചിയിലെ വിവിധ വ്യാപാരമേഖലകളിലെ എല്ലാ അസംഘടിത തൊഴിലാളികളെയും തൊഴിലാളിയൂണിയന് പിന്നിൽ അണിനിരത്താൻ ലോറൻസ് നടത്തിയ നേതൃപരമായ ഇടപെടലുകൾ വളരെ വിശദമായി ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. തുണിക്കട, ഹോട്ടൽ, മരുന്നുകട, ഇരുമ്പുകട തുടങ്ങിയ കൊച്ചിയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളെല്ലാം യൂണിയനുകളുടെ കീഴിൽ അണിനിരക്കാൻ അക്കാലത്ത് സജ്ജമാക്കിയത് ലോറൻസിൻ്റെ നേതൃപാടവം മാത്രമായിരുന്നു.

ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് പാരമ്പര്യമുള്ള വ്യാവസായിക സ്ഥാപനങ്ങളിലും പിന്നീട് കളമശ്ശേരിയും ആലുവയും കേന്ദ്രീകരിച്ച് രൂപപ്പെട്ട വ്യാവസായിക മേഖലയിലും തൊഴിലാളികളെ സംഘടിപ്പിക്കാനും യൂണിയനുകൾ ഉണ്ടാക്കാനും ലോറൻസ് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടക്കമുള്ള കൊച്ചിയിലെ തീരപ്രദേശങ്ങൾ കേരളത്തിൽത്തന്നെ പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങളായിരുന്ന സമയത്ത്, അവിടങ്ങളിലെ തൊഴിലാളി യൂണിയനുകൾക്ക് ഒരു ഏകമാനകമായ രൂപം നൽകുന്നതിൽ എം എം ലോറൻസിന് വലിയ പങ്കുണ്ടായിരുന്നു. തുറമുഖത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ രൂപീകരിച്ചപ്പോൾ അതിന്റെ സാരഥിയായും ലോറൻസുണ്ടായിരുന്നു. അക്കാലത്ത് കൊച്ചിയിൽ നടന്ന തൊഴിലാളി സമരങ്ങളിലെല്ലാം, അത് ഏത് മേഖലയിലെ ആയാലും അതിൻ്റെ സംഘാടനത്തിൽ ലോറൻസ് ഒരു സുപ്രധാന ഘടകമായിരുന്നു. പാരമ്പര്യ തൊഴിൽ മേഖലയെയും അസംഘടിത തൊഴിൽ മേഖലയെയും തോട്ടം തൊഴിലാളി മേഖലയെയും ആധുനിക വ്യാവസായിക തൊഴിൽ മേഖലയെയും സുക്ഷ്മമായി പഠിച്ച് തൊഴിലാളിവർ​​ഗ ബോധ്യത്തിൽ അടിയുറച്ച് നിന്ന് തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിനായി മുന്നിൽ നിന്ന നേതാവായിരുന്നു ലോറൻസ്. കൊച്ചിയിലെ തൊഴിലാളി വർ​​ഗത്തിന് അതിനാൽ തന്നെ അനിഷേധ്യനായ ഒരു പോരാട്ടമുഖവും!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us