മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസ് വിടപറഞ്ഞപ്പോൾ സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം അതൊരു കാലത്തിന്റെ കൂടി അന്ത്യമാണെന്ന് പറയാം. ചാനൽ ചർച്ചകളിലെ സ്ഥിരസാന്നിധ്യമാവുന്നതിനും മുമ്പ് എറണാകുളം ജില്ലയിൽ സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളിൽ പ്രമുഖനായിരുന്നു സഖാവ് എം എം ലോറൻസ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ തലമുറ നേതാക്കളിൽ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു എം എം ലോറന്‍സ്. സിപിഎമ്മിൽ എല്ലാക്കാലത്തും വിഎസ് വിരുദ്ധ ചേരിയിലെ സ്ഥിരസാന്നിധ്യവുമായിരുന്നു ലോറൻസ്. എംഎം ലോറന്‍സിനെ പാലക്കാട് സമ്മേളനത്തിൽ വെട്ടി നിരത്തിയതും തുടർന്ന് കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടതുമൊക്കെ അക്കാലത്തെ വലിയ രീതിയിൽ വാർത്തയായിരുന്നു. 1980-കൾ മുതൽ പാർട്ടിയിൽ പുകയുന്ന പല വിഭാഗീയ ചേരിതിരിവുകളിലും മുഴങ്ങിക്കേട്ട പേര് കൂടിയായിരുന്നു ലോറൻസിൻ്റേതും.
വിപ്ലവവഴിയിൽ ഒരു സിനിമാസ്റ്റൈൽ വിവാഹമായിരുന്നു എം എം ലോറൻസിൻ്റെയും ഭാര്യ ബേബിയുടേതും. സാമുദായിക എതിർപ്പുകളും പള്ളിയിൽ നിന്ന് നടത്തില്ലെന്ന വാശിയും കാരണം മുടങ്ങിയ കല്യാണം ഒടുവിൽ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നടന്നത്. വർഷം 1950 കളുടെ അവസാനം. ചെല്ലാനത്തെ ഭാര്യ ബേബിയുടെ കുടുംബം കമ്യൂണിസ്റ്റ് കുടുംബമായതിനാൽ വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങിപ്പോവുന്ന സമയമാണ്. ഒടുവിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ പാർട്ടി ഇടപെടുന്നു. അന്നത്തെ എഐടിയുസി ഓഫീസ് സെക്രടറി എസ് എൽ ജോസ് അല്ലെങ്കിൽ എം എം ലോറൻസ്, ഇവരിലാരെങ്കിലും ബേബിയെ കല്യാണം കഴിക്കുക. ഇതായിരുന്നു പാർട്ടി തീരുമാനം. എസ് എൽ ജോസിനു മുന്നിൽ അമ്മ വഴിമുടക്കി നിന്നപ്പോൾ കല്യാണച്ചെക്കനാവാനുള്ള നറുക്ക് ലോറൻസിനു വീണു. അങ്ങനെ കൗമാരക്കാരനായ ലോറൻസും സുഹൃത്ത് ഇ കെ യും കൂടി ബോട്ടും ബസ്സും വഞ്ചിയും ഒക്കെ കയറി തെക്കേ ചെല്ലാനത്ത് എത്തി പെണ്ണിനെ കാണുന്നു. പക്ഷേ, അതിനു ശേഷമായിരുന്നു യഥാർഥപ്രശ്നങ്ങൾ ഉടലെടുത്തത്. ബേബിയുടെ സഹോദരൻ ടോമി ഒരു കണ്ടീഷൻ വെക്കുന്നു. കല്യാണം പള്ളിയിൽ തന്നെ നടത്തണം! ആ ഉപാധി സ്വീകരിക്കാൻ കമ്മ്യൂണിസ്റ്റ്‌കാരനായ ലോറൻസ് സമ്മതിക്കില്ലെന്നും അങ്ങനെ എങ്കിലും കല്യാണം മുടങ്ങുമെന്നുമായിരുന്നു ടോമിയുടെ കണക്കുകൂട്ടൽ.
ടോമിയുടെ കണ്ടീഷൻ അംഗീകരിക്കാൻ ലോറൻസ് മടിച്ചതോടെ പാർട്ടി തന്നെ പരിഹാരവുമായി മുന്നോട്ട് വരുന്നു. ഈ വിവാഹം പാർട്ടി ഏറ്റെടുത്ത കാര്യമാണെന്ന് എല്ലാവരും കമ്മിറ്റിയിൽ വാദിക്കുന്നു. കല്യാണച്ചെക്കനായ ലോറൻസിന്റെ എതിർപ്പിനെ മറികടന്ന് വൻഭൂരിപക്ഷത്തോടെ കല്യാണം പള്ളിയിൽ തന്നെ നടക്കട്ടെ എന്ന് തീരുമാനിക്കുന്നു. എന്നാൽ പിന്നെയും പ്രതിബദ്ധങ്ങളൊഴിയുന്നില്ല. ലോറൻസിന്റെ ഇടവടകയായ പോഞ്ഞിക്കര പള്ളിയിലെ വികാരി ഒപ്പിട്ട മാമോദിസ കണക്ക് വേണം. അതിനായി ലോറൻസിന്റെ ജ്യേഷ്ഠൻ എം എം ജോർജ് വികാരിയച്ഛനെ കാണുന്നു. എന്നാൽ അച്ഛൻ ഇങ്ങനെ എഴുതി കൊടുത്തയക്കുന്നു. 'Lawrence S/o Madammakkal Avira wishes to conduct his marriage outside catholic parish. So, I pray whether I could co-operate with his sinful action'. ഈ കത്ത് വായിച്ചതോടെ ലോറൻസ് തീർച്ചപ്പെടുത്തുന്നു. ഈ കല്യാണം നടക്കില്ല!
എങ്കിലും പിന്നീട് എട്ടൊമ്പത് മാസത്തെ ലോക്കപ്പ് വാസത്തിനു ശേഷം തൃപുണിത്തറ നടമേൽ പള്ളിയിൽ വെച്ച് 1959 മെയ് 25 നു ബേബിയുമായുള്ള ലോറൻസിന്റെ സംഭവബഹുലമായ വിവാഹം നടക്കുകയായിരുന്നു.
സ. എം എം ലോറൻസ് തന്നെ പിന്നീട് ഈ സംഭവങ്ങളൊക്കെയും വിശദമായി സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. അത് വായിക്കാം.
വിവാഹം നടന്നതിന്റെ പിന്നിൽ രസകരമായ ചില സംഭവങ്ങൾ ഉണ്ട്.
തോപ്പുംപടിയിൽ ഗെന്ദർ പോലിസ് സബ് ഇൻസ്പെക്ടർ ആയി ചാർജ് എടുത്ത കാലം. തെക്കേ ചെല്ലാനത്തെ പ്രമാണി കുടുംബമായ പൊള്ളയിൽ കുടുംബത്തിലെ സണ്ണി ഉൾപെട്ട ഏതാനും ചില കമ്മ്യൂണിസ്റ്റ്‌കാർ തോപ്പുംപടി ജങ്ഷനിൽ ട്രാന്സ്പോര്ട്ട് തൊഴിലാളികളെ സംഘടിപിച്ചു സമരം നടത്തി. സമരത്തിന് നേർക്ക് കൊടിയ ലാത്തി ചാർജ് നടത്തിയ പോലിസ്, സമരക്കാരെ പിടികൂടി ലോക്കപ്പിൽ ആക്കി. തൃച്ചിയിലെ (തമിൾനാട്) കോളേജിൽ നിന്നും കമ്മ്യൂണിസ്റ്റ് ആയതിനാൽ പുറത്താക്കപ്പെട്ട് നാട്ടിൽ എത്തി സംഘടന പ്രവർത്തനം നടത്തുകയാണ് സണ്ണി. സണ്ണിയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ അദ്ധേഹത്തിന്റെ അമ്മ വഞ്ചി പിടിച്ചും മറ്റും തോപ്പുംപടി പോലിസ് സ്റ്റേഷൻ എത്തി 'മകനെ ഇറക്കി വിടണം' എന്ന് ഗെന്ദർ SI യോട് ആവശ്യപെട്ടു. അങ്ങനെ ഒരാള് ഇവിടെ ഇല്ലെന്നു പോലിസ് പറഞ്ഞപ്പോൾ മകനെ കണ്ടില്ലെങ്കിൽ അവിടെന്നു പോകില്ലെന്നായി ആ അമ്മ. നിവർത്തി കേടായപ്പോൾ മകനെ കാണാൻ അമ്മയെ അനുവദിച്ചു. ശരീരം ആസകലം ഇടികൊണ്ട് അവശനായ മകനെ കണ്ടപ്പോൾ ആ അമ്മ പോലീസിനോട് 'അവൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് നിങ്ങൾ അവനെ തല്ലിയത് അല്ലെ' എന്ന് ചോദിച്ചു. അതെ എന്ന് പോലിസ് മറുപടി കൊടുത്തു. 'എങ്കിൽ ഞാനും ഇനി മുതൽ കമ്മ്യൂണിസ്റ്റ് ആണ്' എന്ന് അമ്മയും മറുപടി കൊടുത്തു. സണ്ണിയെയും അമ്മയെയും പിന്നീട് പോലിസ് വിട്ടയച്ചു. എങ്കിലും ഈ കഥ നാട് മുഴുവൻ പാട്ടായതോടെ അവരുടെ കുടുംബത്തെ 'കമ്മ്യൂണിസ്റ്റ് കുടുംബം' എന്ന് നാട്ടുകാര് വിളിച്ചു തുടങ്ങി.
അന്ന് പി ഗംഗാധരൻ പാർട്ടി ഏറണാകുളം ജില്ല സെക്രട്ടറി. കെ സി മാത്യു, സി ടി സേവ്യർ, കെ എ രാജൻ, ടി കെ രാമകൃഷ്ണൻ, ഇ കെ നാരായണൻ തുടങ്ങിയവരോടൊപ്പം ആ ജില്ല കമ്മിറ്റിയിൽ ഞാനും ഉണ്ട്. ഒരു ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് കുടുംബം തെക്കേ ചെല്ലാനത്ത് ഉണ്ടെന്നും ആ കുടുംബത്തിലെ പാർട്ടി പ്രവർത്തകൻ സണ്ണിയുടെ പെങ്ങൾ ബേബിക്ക്(യഥാർത്ഥ പേര് ജനോ ) വരുന്ന കല്യാണ ആലോചനകൾ അതിനാൽ മുടങ്ങിപോകുന്നുണ്ടെന്നും അറിയിച്ചു. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ ഒക്കെ ഇത്തരം പ്രശ്നം അന്ന് നിലവിലുണ്ട്.
അങ്ങനെ സ.ഗംഗാധരൻ അതിനൊരു പോംവഴി കണ്ടെത്തി. അന്നത്തെ AITUC ഓഫീസ് സെക്രടറി സ.എസ് എൽ ജോസ് അല്ലെങ്കിൽ, സ.എം എം ലോറൻസിനെ കൊണ്ട് അവരെ വിവാഹം കഴിപ്പിക്കുക.
കാര്യം അറിഞ്ഞപ്പോൾ ജോസിനു താല്പര്യകുറവ് ഉണ്ടായില്ല. പക്ഷെ ജോസിന്റെ ചേട്ടന്റെ കല്യാണം കഴിയാതെ ഈ കല്യാണം നടക്കില്ല. എതിർത്താൽ ജോസിന്റെ അമ്മ പിണങ്ങും. അമ്മയെ വേദനിപ്പിച്ചുകൊണ്ട് ഒരു കല്യാണത്തിന് ജോസ് സമ്മതമല്ല.
തീർച്ചയായും അടുത്ത പിടി എന്റെ നേർക്ക്!. എനിക്ക് അന്ന് 28-29 വയസ്സ്. കല്യാണം കഴിച്ചാൽ കൊള്ളാം എന്നൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. ഏതായാലും ജില്ല കമ്മിറ്റി തീരുമാനം എടുത്തു. കല്യാണം നടത്തിക്കാൻ വേണ്ടുന്ന ചാർജ് (ചുമതല) ചെല്ലാനം ഭാഗത്തെ നേതാവ് കൂടിയായ സ.ഇ കെ നാരായണന്. അങ്ങനെ ഞാനും ഇ കെ യും കൂടി ബോട്ടും ബസ്സും വഞ്ചിയും ഒക്കെ കയറി തെക്കേ ചെല്ലാനത്ത് എത്തി പെണ്ണിനെ കണ്ടു. എനിക്ക് അല്പ്പം നാണം ഒക്കെ ഉണ്ടായിരുന്നതിനാൽ പെണ്ണിന്റെ മുഖത്തേക്ക് ശരിക്ക് നോക്കാൻ കഴിഞ്ഞില്ല. ശേഷം എന്റെ അപ്പനും ബന്ധുവായ ഔസേപ്പും കൂടി പെണ്ണിനെ കാണാൻ പോയിരുന്നു. അവര്ക്കും സമ്മതം.
എന്നാൽ ഒരു പ്രശ്നം കൂടി ഉയർന്നു വന്നു. പെണ്ണിന്റെ മറ്റൊരു സഹോദരൻ ടോമിക്ക് ഈ കാര്യത്തിൽ താല്പര്യം ഇല്ല. ടോമി കമ്മ്യൂണിസ്റ്റ് അല്ല!. അവസാനം അവരുടെ അമ്മയുടെ നിര്ബന്ധത്തിനു വഴങ്ങി ടോമി സമ്മതിച്ചു. പക്ഷെ ഒരു 'കണ്ടീഷൻ', കല്യാണം പള്ളിയിൽ തന്നെ നടത്തണം. ആ ഉപാധി സ്വീകരിക്കാൻ കമ്മ്യൂണിസ്റ്റ്‌കാർ സമ്മതിക്കില്ല, അങ്ങനെ എങ്കിലും കല്യാണം മുടങ്ങണം. അതാണ് ടോമിയുടെ ലക്‌ഷ്യം.
ഏതായാലും ശരി, ആ 'കണ്ടീഷൻ' അംഗീകരിക്കാൻ സാധിക്കില്ല! ഞാൻ പാർട്ടിയെ അറിയിച്ചു. വീണ്ടും ഇക്കാര്യത്തിൽ ജില്ല കമ്മിറ്റി കൂടാൻ തീരുമാനം. കമ്മിറ്റിയിൽ പി ഗംഗാധരൻ പറഞ്ഞു തുടങ്ങി, 'ആ കുടുംബത്തെ കൈവിടാൻ കഴിയില്ല..'. എന്നാൽ ഞാൻ പറഞ്ഞു 'പള്ളിയിൽ വെച്ച് കല്യണം എനിക്ക് സമ്മതമല്ല!'. വ്യക്തിപരമായ കാര്യത്തെക്കാൾ ഉപരി ഈ വിവാഹം പാർട്ടി ഏറ്റെടുത്ത കാര്യമാണെന്ന് എല്ലാവരും കമ്മിറ്റിയിൽ വാദിച്ചു. എന്റെ എതിർപ്പ് ശക്തമാക്കിയപ്പോൾ കൈ ഉയർത്തി ഭൂരിപക്ഷത്തോടെ അവർ അത് പാസ്സാക്കി. എതിർത്തത് ഞാൻ മാത്രം.!
ഇനി കല്യാണം നടത്താൻ ഒരു പള്ളി വേണം. നാട്ടിൽ മുളവുകാട് പോഞ്ഞിക്കര ഇടവക പള്ളിയിലെ വികാരി പട്ടമന അച്ഛൻ കമ്മ്യൂണിസ്റ്റ്‌കാരനായ എന്നെ കല്യാണം കഴിപ്പിക്കാൻ സമ്മതമല്ല എന്ന് അറിയിച്ചു. ആ കാലഘട്ടത്തിൽ ക്രിസ്ത്യൻ ലത്തീൻ സഭയുടെ നിലപാട് അതു തന്നെ. അവസാനം കരിങ്ങാച്ചിറ യാകോബ പള്ളി കല്യാണം നടത്താൻ സമ്മതം നല്കി. എന്നാൽ ഞങ്ങളുടെ ഇടവകയായ പോഞ്ഞിക്കര പള്ളിയിലെ വികാരി ഒപ്പിട്ട മാമോദിസ കണക്ക് വേണം. അതിനായി എന്റെ ജ്യേഷ്ഠൻ എം എം ജോർജ് വികാരിയച്ചനെ കണ്ടു. എന്നാൽ അച്ചൻ ഇങ്ങനെ എഴുതി കൊടുത്തയച്ചു. 'Lawrence S/o Madammakkal Avira wishes to conduct his marriage outside catholic parish. So, I pray whether I could co-operate with his sinful action'. 'Sinful action !!' അതായത് 'പാപകരമായ ക്രിയ'. ഞാൻ മനസ്സിൽ ഉറപ്പിച്ചു, ഈ കല്യാണം നടക്കില്ല. അച്ചൻ എഴുതിയ ഈ കത്തെങ്കിലും കൈയ്യിൽ സൂക്ഷിക്കണം. കത്തെടുത്തു വീട്ടിലെ എന്റെ മുറിയിലെ മേശയുടെ വലുപ്പിൽ വെച്ചു. ഒന്നോ രണ്ടോ ആഴ്ച്ചകൾക്കു ശേഷം എന്നെ പാർട്ടിയുമായി ബന്ധപ്പെട്ടു തന്നെയുള്ള ഏതോ കേസിൽ പോലിസ് അറസ്റ്റ്ചെയ്തു. 8-9 മാസം വീണ്ടും ലോക്കപ്പിൽ ആയി. തിരിച്ചു വന്ന ശേഷം മേശ തുറന്നു നോക്കിയപ്പോൾ അതിലുണ്ടായിരുന്ന എല്ലാ കടലാസുകളും ചിതലായി മാറിയിരുന്നു.
കുറച്ചു ദിനങ്ങള്ക്ക് ശേഷം എന്റെ പ്രധാന കൂട്ടുകാരായ പി ജെ ആന്റണി(നടൻ), കേരള ഭൂഷണം പത്രത്തില ജോലിചെയ്യുന്ന അവരാ തരകൻ, എം എം പീറ്റർ എന്നിവരോടൊത്ത് അങ്കമാലി ഭദ്രാസനം ബിഷപ്പിനെ കണ്ടു കാര്യം പറഞ്ഞു. നിശ്ചയിച്ച് ഉറപ്പിച്ച ആ കല്യാണം നടത്താൻ വേണ്ടുന്ന ഏർപ്പാട് ബിഷപ്പ് ചെയ്തു തന്നു. അങ്ങനെ, തൃപുണിത്തറ നടമേൽ പള്ളിയിൽ വെച്ച് 1959 മെയ് 25 നു ബേബിയുമായുള്ള എന്റെ വിവാഹം നടന്നു.!