വംശീയ വൈര്യങ്ങൾക്കിടയിൽ വർഗരാഷ്ട്രീയം വിജയിക്കുമോ; ശ്രീലങ്കയിൽ ആദ്യ മാർക്സിസ്റ്റ് പ്രസിഡൻ്റ് എത്തുമ്പോൾ!

'വംശീയമോ മതപരമോ ആയ വർഗീയതയെ ആശ്രയിക്കാതെയാണ് ദിസനായകെ 'മനോഹരമായ വിജയം' നേടിയത്'

dot image

'വംശീയമോ മതപരമോ ആയ വർഗീയതയെ' ആശ്രയിക്കാതെയാണ് ദിസനായകെ 'മനോഹരമായ വിജയം' നേടിയത്.

എം എ സമിന്തരൻ

മാ‍ർക്സിസ്റ്റ് അഭിമുഖ്യമുള്ള ആദ്യ ശ്രീലങ്കൻ പ്രസി‍ഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയുടെ വിജയത്തെ ഇത്രയും മനോഹരമായി അടയാളപ്പെടുത്താൻ ആകില്ല. നിലവിലെ പ്രതിപക്ഷ നേതാവും പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ പ്രധാന എതിരാളികളിൽ ഒരാളുമായിരുന്ന സജിത് പ്രേമദാസയെ പിന്തുണച്ച തമിഴ് നാഷണൽ അലയൻസിൻ്റെ വക്താവ് എം എ സമിന്തരനാണ് ദിസനായകെയുടെ വിജയത്തെ ഈ നിലയിൽ അടയാളപ്പെടുത്തിയത്. ശ്രീലങ്കയെ സംബന്ധിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി വേട്ടയാടിയിരുന്ന യാഥാർത്ഥ്യമായിരുന്നു വംശീയമോ മതപരമോ ആയ വിഭാ​ഗീയതയെ അടിസ്ഥാനമാക്കിയുള്ള അഭ്യന്തര സംഘർഷം. എന്നാൽ വംശീയമായും മതപരമായും ഉള്ള എല്ലാഭിന്നതകളെയും അപ്രസക്തമാക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ പട്ടിണിയും ദുരിതവുമെല്ലാമായിരുന്നു ഇത്തവണ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഘട്ടത്തിൽ ശ്രീലങ്കൻ ജനതയുടെ മുന്നിലുണ്ടായിരുന്നത്.

വർഗീയതയും വംശീയതയുമെല്ലാം പിന്നോട്ട് പോയപ്പോൾ ശ്രീലങ്കയിലെ ഒരുവലിയ വിഭാ​ഗം ജനത വർഗപരമായി ചിന്തിച്ചുവെന്നാണ് ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലസൂചനകളിൽ നിന്ന് വ്യക്തമാക്കുന്നത്. ശ്രീലങ്കയിലെ സാധാരണക്കാരായ ജനങ്ങളുടെ മുന്നിൽ ആകെയുണ്ടായിരുന്നത് ജീവിതദുരിതങ്ങളെ മറികടക്കാനുള്ള ശുഭപ്രതീക്ഷയുടെ ഒരുമുനമ്പ് മാത്രമായിരുന്നു. അവിടെ വിഭാ​ഗീയമായ ഒരു അജണ്ടയ്ക്കും പ്രസക്തിയുണ്ടായിരുന്നില്ല. പ്രതിസന്ധിയെ ഏറ്റവും രൂക്ഷമായി നേരിടേണ്ടി വന്ന വലിയൊരു വിഭാ​ഗം രക്ഷകനായി ഇടതുപക്ഷ നയസമീപനം മുന്നോട്ടുവെച്ച അനുര കുമാര ദിസനായകെയെ പിന്തുണച്ചുവെന്നാണ് ശ്രീലങ്കൻ പ്രസിഡ‍ൻ്റ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

ശ്രീലങ്കയെ സംബന്ധിച്ച് ചരിത്രപരമായിരുന്നു ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് രാജ്യം പതിച്ചപ്പോൾ ജീവിത ദുരിതത്തിലായ ജനക്കൂട്ടം 2022ൽ നിയമം കയ്യിലെടുത്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. പ്രസിഡൻ്റിൻ്റെ ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ നിയന്ത്രണം പ്രതിഷേധക്കാർ ഏറ്റെടുത്തു. പ്രകോപിതരായ പ്രതിഷേധക്കാർ അതിക്രമിച്ചു കയറുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഗോതബായ രാജപക്സെ തൻ്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഓടിപ്പോയി. പിന്നീട് അദ്ദേഹം വിദേശത്തേക്ക് പലായനം ചെയ്യുകയും രാജിവെക്കുകയും ചെയ്തു. പിന്നാലെ അന്നത്തെ പ്രസിഡൻ്റ് ഗോതബായ രാജപക്സെയ്ക്ക് അധികാരം ഒഴിയേണ്ടിയും വന്നു.

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഈ ഘട്ടത്തിൽ ശ്രീലങ്ക അഭിമുഖീകരിച്ചത്. താൽക്കാലിക പ്രസിഡൻ്റായി ചുമതല ഏറ്റെടുത്ത റെനിൽ വിക്രമസിം​ഗെയ്ക്കും ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലായിരുന്നു ശ്രീലങ്ക പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധികളെ ജനപക്ഷത്ത് നിന്ന് ജനകീയമായി അഭിസംബോധന ചെയ്യുന്നത് ആരാണെന്ന് കൂടിയാവും ശ്രീലങ്കൻ ജനത വിലയിരുത്തുക എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്തായാലും മാ‍‌ർ‌ക്സിസ്റ്റ് പശ്ചാത്തലമുള്ള ഇടത് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കൻ ജനത വിശ്വാസത്തിലെടുത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വിലയിരുത്തേണ്ടത്.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2022ലെ സാഹചര്യം മറികടക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് ദിസനായകെ പ്രഖ്യാപിച്ചിരുന്നു. ഗോതബായ രാജപക്സെയെ പുറത്താക്കിയ പൊതു പ്രതിഷേധത്തിൻ്റെ ഭാഗമായവരെ താൻ സേവിക്കുമെന്നും ദിസനായകെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം തൻ്റെ ഭരണത്തിലൂടെ കൊണ്ടുവരുമെന്നും ദിസനായകെ വാഗ്ദാനം ചെയ്തിരുന്നു. മികച്ച സമ്പദ്വ്യവസ്ഥ, അഴിമതിരഹിത സമൂഹം എന്ന മുദ്രാവാക്യവും ദിസനായകെ ഉയ‍‌ർത്തിയിരുന്നു. 2022ലെ ജനകീയ പ്രക്ഷോഭത്തിൻ്റെ അന്ത:സത്ത ഉൾക്കൊള്ളുന്ന ഒരുമാറ്റം രാജ്യത്ത് വന്നില്ലെന്ന നിലപാടും ദിസനായകെ ശക്തമായി ഉന്നയിച്ചിരുന്നു. പ്രസിഡൻ്റിനെ പുറത്താക്കുക എന്നതിനപ്പുറം ഒരു പദ്ധതിയും പ്രതിഷേധക്കാർക്ക് ഇല്ലാതിരുന്നതിനാലും ആരും ചുമതല ഏറ്റെടുക്കാൻ സജ്ജരാകാത്തതിനാലും ഒരു മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം 2022ൽ സാക്ഷാത്കരിക്കപ്പെട്ടില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ദിസനായകെയുടെ നിലപാട്.

പാർലമെൻ്റിൽ മൂന്ന് സീറ്റുകൾ മാത്രമുള്ള പാർട്ടിയുടെ നേതാവായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ അനുര കുമാര ദിസനായകെ. 2019-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വെറും മൂന്ന് ശതമാനം വോട്ട് മാത്രമായിരുന്നു ദിസനായകെയ്ക്ക് നേടാൻ കഴിഞ്ഞത്. എന്നാൽ ഇത്തവണ കാര്യങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായാണ് ദിസനായകെ ഇത്തവണ മത്സരത്തിനിറങ്ങിയത്. രാഷ്ട്രീയ പാർട്ടികൾ, യുവജന ഗ്രൂപ്പുകൾ, വനിതാ ഗ്രൂപ്പുകൾ, ട്രേഡ് യൂണിയനുകൾ, മറ്റ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ 21 വ്യത്യസ്ത ഗ്രൂപ്പുകൾ ചേർന്ന ഒരു രാഷ്ട്രീയ സഖ്യമായിരുന്നു എൻപിപി. 2022ലെ ജനകീയ പ്രതിഷേധത്തിൽ അണിനിരന്ന വലിയൊരു വിഭാഗത്തെ ഈ സഖ്യം പ്രതിനിധീകരിച്ചിരുന്നു. അത് തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ കൈമുതൽ.

'ബുള്ളറ്റിലൂടെ' ഭരണം നേടുന്നത് പരാജയപ്പെട്ടു, ഒടുവിൽ ബാലറ്റിലൂടെ നേടിയെടുത്ത് ജെവിപി

ആദ്യഘട്ടത്തിൽ വിജയത്തിന് ആവശ്യമായ നിർദ്ദിഷ്ട വോട്ടുകൾ ആരും നേടാതായതോടെ പ്രഫറൻഷ്യൽ വോട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ദിസനായകെയുടെ വിജയം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ രണ്ടാം സ്ഥാനത്തേയ്ക്കും നിലവിലെ താൽക്കാലിക പ്രസിഡൻ്റ് റെനിൽ വിക്രമസിംഗയെ മൂന്നാംസ്ഥാനത്തേയ്ക്കും പിന്തള്ളിയാണ് ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ശ്രീലങ്കയിൽ ഭരണം പിടിക്കാൻ രണ്ട് സായുധ അട്ടിമറികൾക്ക് ശ്രമിച്ച് പരാജയപ്പെട്ട ജനതാ വിമുക്തി പെരമുന (ജെവിപി) ശ്രീലങ്കയിൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവിലെ സായുധകലാപം പരാജയപ്പെട്ട് മൂന്നര തിറ്റാണ്ടിലേറെ കഴിഞ്ഞാണ് ഒരു ജെവിപി പ്രതിനിധി ജനവിശ്വാസം ആർജ്ജിച്ച് തിരഞ്ഞെടുപ്പിലൂടെ അധികാത്തിൽ എത്തിയിരിക്കുന്നത്.

1971ലായിരുന്നു മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര അടിത്തറയുള്ള ജെവിപി ആദ്യമായി സായുധ അട്ടിമറിക്ക് മുൻകൈ എടുത്തത്. പക്ഷെ അതിൽ വിജയിക്കാൻ അവർക്ക് സാധിച്ചില്ല. ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 1988-89ലായിരുന്നു ഭരണകൂടത്തെ താഴെയിറക്കാനുള്ള ജെവിപിയുടെ രണ്ടാമത്തെ സായുധ സമരാഹ്വാനം. ഈ സമരഘട്ടത്തിൽ ജെവിപി അംഗമായിരുന്ന നേതാവ് കൂടിയാണ് ദിസനായകെ. 1987ലായിരുന്നു ദിസനായകെ ജെവിപിയിൽ അംഗമാകുന്നത്. ഭരണകൂടത്തിനെതിരായ ജെവിപിയുടെ കലാപം അക്ഷാർത്ഥത്തിൽ ശ്രീലങ്കൻ തമിഴർക്കെതിരായ ആക്രമണമായും വഴിമാറിയിരുന്നു. എൽടിടിയുടെ സായുധ ആക്രമണങ്ങളും ജെവിപിയുടെ സായുധകലാപവും അക്കാലത്ത് ശ്രീലങ്കയെ രക്തരൂക്ഷിതമാക്കി. രണ്ടാം തവണയും സായുധ കലാപം ലക്ഷ്യത്തിലെത്തിക്കാൻ ജെവിപിയ്ക്ക് സാധിച്ചിരുന്നില്ല. ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന സിംഹള ദേശീയതയുടെ വക്താക്കളായി മാറിയെന്ന വിമർശനങ്ങളെ അക്കാലത്ത് ജെവിപിയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

എല്ലാക്കാലത്തും ശ്രീലങ്കൻ ഭരണകൂടം എൽടിടിഇയോട് സ്വീകരിച്ച അനുനയ സമീപനത്തെ ശക്തമായി എതിർത്ത ചരിത്രവും ജെവിപിയ്ക്കുണ്ട്. അതിനാൽ തന്നെയാണ് രാജപക്സെ ഭരണകൂടം എൽടിടിഇയെ അടിച്ചമർത്താൻ രക്തരൂക്ഷിതമായ യുദ്ധം അഴിച്ചുവിട്ടപ്പോൾ അതിനെ പിന്തുണയ്ക്കുന്ന സമീപനം ജെവിപി സ്വീകരിച്ചത്. ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ രണ്ടാം സായുധസമരത്തിന് ജെവിപി ആഹ്വാനം ചെയ്യാനിടയായ പശ്ചാത്തലത്തിലും എൽടിടിഇ വിരോധത്തിൻ്റെ ഘടകങ്ങളുണ്ട്. 1987ലെ ഇന്ത്യ-ശീലങ്ക സമാധാനകരാറിനെതിരെ ശക്തമായ നിലപാടായിരുന്നു ജെവിപി സ്വീകരിച്ചത്. ഇന്ത്യ എൽടിടിഇയെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ജെവിപിയുടെ ആക്ഷേപം. ഈ നിലയിൽ ജെവിപി സ്വീകരിച്ച എൽടിടിഇ വിരുദ്ധ നിലപാട് തമിഴ്വിരുദ്ധതയായി മാറിയതായ ആക്ഷേപം നിലനിൽക്കെയാണ് ദിസനായകെ അധികാരത്തിലെത്തുന്നത്.

രാജപക്സെ കാലത്തെ എൽടിടിഇ വിരുദ്ധ യുദ്ധത്തെ പിന്തുണച്ച നടപടിയിൽ ഖേദമില്ലെന്ന നിലപാടാണ് ദിസനായകെയുടേത്. 1988-89ലെ കലാപത്തിൽ തമിഴ്വംശജരെ കൊലപ്പെടുത്തിയത് വംശീയകൊലപാതകങ്ങളായി കണ്ട് വിചാരണ നടത്തണമെന്ന തമിഴ്സംഘടനകളുടെ ആവശ്യത്തെയും ദിസനായകെ നിരാകരിച്ചിരുന്നു. അപ്പോഴും 1980കളുടെ അവസാനത്തിൽ നടന്ന സായുധകലാപത്തിലെ വീഴ്ചകളെ ജെവിപി നേതൃത്വം ഏറ്റെടുത്ത 2014ൽ ദിസനായകെ തള്ളിപ്പറഞ്ഞിരുന്നു. 'സായുധ പോരാട്ടത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചു' എന്നായിരുന്നു 2014 ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. 'ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളുടെ കൈകളിൽ സംഭവിച്ചതിൽ ഞങ്ങൾ ഞെട്ടിപ്പോയി. അതിൽ ഞങ്ങൾക്ക് എപ്പോഴും അഗാധമായ ദുഃഖവും ഞെട്ടലുമുണ്ട്' എന്നായിരുന്നു ദിസനായകെയുടെ സ്വയംവിമർശനം. അതിനാൽ തന്നെ ജെവിപിയുടെ സിംഹള അനുകൂല തമിഴ്വിരുദ്ധ പ്രതിച്ഛായ മറികടക്കുകയെന്ന വെല്ലുവിളിയും ദിസനായകെയെ കാത്തിരിക്കുന്നുണ്ട്. 2014ൽ ജെവിപിയുടെ നായകത്വം ഏറ്റെടുത്ത ശേഷം ഇത്തരം പ്രതിചച്ഛായകളെ മറികടക്കാനും വർഗ്ഗരാഷ്ട്രീയത്തിന് മാത്രമേ ശ്രീലങ്കയെ പുനരുജ്ജീവിപ്പിക്കാൻ കഴിയൂ എന്ന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാനും ദയനായകെയ്ക്ക് സാധിച്ചിരുന്നു. ഈ വഴിയെ ഇനിയെത്രദൂരം ജനകീയ വിശ്വാസം കാത്ത്സൂക്ഷിച്ച് മുന്നേറാൻ സാധിക്കുമെന്നത് ദിസനായകെയയും ശ്രീലങ്കയെയും സംബന്ധിച്ച് നിർണ്ണായകമാണ്.

രാഷ്ട്രീയ വഴിയിലെ ദിസനായകെ

1968 നവംബർ 24-ന് ശ്രീലങ്കയിലെ അനുരാധപുരയിലെ ജില്ലയിലെ തമ്പുട്ടേഗമയിലെ തൊഴിലാളി കുടുംബത്തിലായിരുന്നു അനുര കുമാര ദിസനായകെയുടെ ജനനം. പിതാവ് കൂലിത്തൊഴിലാളിയും മാതാവ് വീട്ടമ്മയുമായിരുന്നു. പിന്നാക്ക അവസ്ഥയെ മറികടന്ന സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു ദിസനായകെ. ദിസനായകെയുടെ യൂണിവേഴ്സിറ്റി പഠനകാലം ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കാറുംകോളും നിറഞ്ഞ കാലഘട്ടമായിരുന്നു. 1980കളുടെ മധ്യപകുതിയോടെ ജെവിപി അന്നത്തെ ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. പ്രസിഡൻ്റുമാരായ ജയവർദ്ധനെയുടെയും ആർ പ്രേമദാസയുടെയും 'സാമ്രാജ്യത്വ-മുതലാളിത്ത' ഭരണത്തിനെതിരെ ജെവിപി സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് 1988-89ലെ സായുധകലാപത്തിലേയ്ക്ക് വഴിതുറന്നത്. ഇക്കാലത്താണ് 1987ൽ ക്യാമ്പസിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ ഭാഗമായിരുന്ന ദിസനായകെ ജെവിപിയുടെ ഭാഗമാകുന്നത്. പരാജയപ്പെട്ട സായുധ കലാപത്തിനൊടുവിൽ ജെവിപി രാഷ്ട്രീയ വെല്ലുവിളി നേരിട്ട കാലഘട്ടത്തിലായിരുന്നു അനുര കുമാര ദിസനായകെ ജെവിപിയുടെ നേതൃനിരയിലേയ്ക്ക് കടന്ന് വരുന്നത്.

1995-ൽ സോഷ്യലിസ്റ്റ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ ദേശീയ സംഘാടക പദവിയിലേക്ക് നിയോഗിതനായത് ദിസനായകെയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായി. പിന്നാലെ ജെവിപിയുടെ കേന്ദ്ര പ്രവർത്തക സമിതിയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ ജെവിപിയുടെ പൊളിറ്റ് ബ്യൂറോയിലും ദിസനായകെ അംഗമായി. വെറും 30 വയസ്സ് മാത്രമായിരുന്നു അപ്പോൾ ദിസനായകെയുടെ പ്രായം. ശ്രീലങ്കയുടെ രാഷ്ട്രീയ മുഖ്യധാരയിൽ നിന്നും മാറി നിന്നിരുന്ന ജെവിപി വീണ്ടും സജീവമാകാൻ തീരുമാനിച്ച സമയമായിരുന്നു അത്. ഇതിന് പിന്നാലെ 2000ത്തിൽ ദിസനായകെ പാർലമെൻ്റ് അംഗമായി. 2004ലെ തിരഞ്ഞെടുപ്പിൽ സോമവൻസ അമരസിംഗയുടെ നേതൃത്വത്തിലുള്ള ജെവിപി ചന്ദ്രിക കുമാരതുംഗയുടെ പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. ഈ സർക്കാരിൽ കൃഷി, കന്നുകാലികൾ, ഭൂമി, ജലസേചനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രിയായി 2004ൽ ദിസനായകെ അംഗമായി. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ജെവിപി അധികാരത്തിൽ പങ്കാളികളായി. എന്നാൽ സുനാമി ദുരിതാശ്വാസ ഏകോപനത്തിനായി സർക്കാരും എൽടിടിഇയും തമ്മിൽ സംയുക്ത കരാർ രൂപപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2005-ൽ ദിസനായകെയും ജെവിപി അംഗങ്ങളും മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തുടർന്ന് രാജപക്സെ കാലത്ത് എൽടിടിഇ വിരുദ്ധ നീക്കങ്ങളെയും സോമവാൻസ അമരസിംഗയുടെ നേതൃത്വത്തിലുള്ള ജെവിപി പിന്തുണച്ചിരുന്നു. 2024ലാണ് അമരസിംഗയുടെ പിൻഗാമിയായി ദിസനായകെ ജെവിപിയുടെ നേതൃത്വത്തിലെത്തുന്നത്. എൽടിടിഇയെ തുടച്ചു നീക്കുകയും രാജപക്സെ കുടുംബം ശ്രീലങ്കയുടെ രാഷ്ട്രീയ രംഗത്തെ അതികായരായി മാറിയ സമയത്തായിരുന്നു ദിസനായകെ ജെവിപിയുടെ നേതൃത്വത്തിലെത്തിയത്. 2019-ൽ ജെവിപിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ദിസനായകെ മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്താൻ ദിസനായകെയ്ക്ക് കഴിഞ്ഞിരുന്നു.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പ്കുത്തുകയും രാജപക്സെ കുടുംബത്തിനെതിരായ ജനരോക്ഷം ശക്തമാകുകയും ചെയ്ത ഘട്ടത്തിൽ ദിസനായകെയുടെ നേതൃത്വത്തിൽ ജെവിപി ജനപക്ഷ നിലപാടുകൾ സ്വീകരിച്ചു. ഐഎംഎഫ് വ്യവസ്ഥകളെ എതിർത്ത ദസനായകെ പേ-ആസ്-യു-ഇർൺ ടാക്സ് പോലുള്ള നികുതികൾ കുറയ്ക്കാനുള്ള ആവശ്യവും മുന്നോട്ടുവെച്ചു. അവശ്യ വസ്തുക്കളുടെ വാറ്റ് ഒഴിവാക്കണമെന്നും അദ്ദേഹം വാദിച്ചു. സാമൂഹ്യക്ഷേമം മുൻനിർത്തിയുള്ള നയങ്ങൾക്ക് വേണ്ടി വാദിച്ച ദിസനായകെയുടെയും ജെവിപിയുടെയും ജനപ്രീതി ഈ ഘട്ടത്തിൽ വലിയ തോതിൽ ഉയർന്നിരുന്നു. 2022ലെ ജനകീയ പ്രക്ഷോഭത്തിൽ ജനങ്ങൾക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാൻ ജെവിപിയ്ക്ക് സാധിച്ചിരുന്നു. വർഗ്ഗരാഷ്ട്രീയത്തിൻ്റെ നിലപാടുകളും നയങ്ങളും ഈ ഘട്ടത്തിൽ ജെവിപി ശക്തമായി മുന്നോട്ടുവെച്ചു. ജനരോഷത്തിന് കാരണമായ വിഷയങ്ങൾ ഉന്നയിച്ച് ദേശീയ പണിമുടക്കുകളും പ്രക്ഷോഭങ്ങളും ജെവിപി സംഘടിപ്പിച്ചു. ഇതിൻ്റെയെല്ലാം നേതൃമുഖം ദിസനായകെയായിരുന്നു. ജനകീയ പ്രക്ഷോഭത്തിലൂടെ ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ ജനകീയ പ്രതിച്ഛായ ലഭിച്ച നേതാവായി ദിസനായകെ മാറിയിരുന്നു.

ദിസനായകെ എത്തുമ്പോൾ ഇന്ത്യ-ശ്രീലങ്കാ ബന്ധത്തിലെ ആശങ്കകൾ

ദിസനായകെ പ്രസിഡൻ്റായി എത്തുമ്പോൾ നെഞ്ചിടിപ്പേറുന്നത് ഇന്ത്യയ്ക്കാണ്. ചരിത്രപരമായി തന്നെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച പാർട്ടിയായിരുന്നു ജെവിപി. നിലവിൽ ശ്രീലങ്കയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിക്കുന്ന ആശങ്കകളെയെല്ലാം ജെവിപി നയപരമായി തന്നെ എതിർക്കുന്നുണ്ട്. 1987ൽ ഒപ്പുവെച്ച ഇന്ത്യ-ശ്രീലങ്ക കരാറിന്റെ ഭാഗമായ ശ്രീലങ്കൻ ഭരണഘടനയുടെ 13-ാം ഭേദഗതി(13A) സംബന്ധിച്ചും ഇന്ത്യയുടെ ആശങ്ക ഇനി അതേ നിലയിൽ പരിഗണിക്കപ്പെടാനുള്ള സാധ്യത ഏതാണ്ട് ഇല്ലാതായെന്ന് തന്നെ വേണം വിലയിരുത്താൻ. ശ്രീലങ്കയുടെ കേന്ദ്ര അധികാരങ്ങൾ വിഭജിക്കുക, ഫെഡറലിസത്തിനും പ്രവിശ്യകളുടെ ശാക്തീകരണത്തിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് പതിമൂന്നാം ഭേദഗതിയിലുള്ളത്. ശ്രീലങ്കയിൽ നീതി, സമത്വം, സമാധാനം എന്നിവ ഉറപ്പാക്കുന്നതിന് ഈ ഭേദഗതി നടപ്പിലാക്കുന്നത് നിർണ്ണായകമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയത്തിൽ പ്രവിശ്യാ തിരഞ്ഞെടുപ്പ് നടത്താൻ പ്രതിജ്ഞാബദ്ധനാണെന്ന നിലപാട് മാത്രമാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അംഗീകരിച്ചത്. മറ്റുവിഷയങ്ങളിൽ പുതിയ ഭരണഘടനാ സാധ്യതകളെപ്പറ്റിയായിരുന്നു ദിസനായകെ ചൂണ്ടിക്കാണിച്ചത്.

തമിഴ് സ്വാധീനമുള്ള ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ഭൂവുടമകളുടെയും പോലീസിൻ്റെയും മേൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായി സൃഷ്ടിച്ച ഭരണഘടനയുടെ 13-ാം ഭേദഗതിയെ തുടക്കം മുതൽ ജെവിപി എതിർത്തിരുന്നു. തമിഴർക്ക് അധികാരം വിഭജിക്കുന്നതിനെയും ഇവർ എതിർത്തിട്ടുണ്ട്. 1987ലെ ഇന്ത്യ-ലങ്ക കരാറിനെയും ജെവിപി എതിർത്തിരുന്നു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ കൂടുതൽ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന വ്യാപാരം സംബന്ധിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനും (സിഇപിഎ) എതിരാണ് ജെവിപി. കച്ചത്തീവ് ദ്വീപ് ഇന്ത്യക്ക് തിരികെ നൽകാനുള്ള ശ്രമങ്ങളെയും ജെവിപി എതിർത്തിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ബിജെപിയും കച്ചത്തീവ് വിഷയം തിരഞ്ഞെടുപ്പ് അജണ്ടയായി ഉയർത്തിക്കൊണ്ട് വരാൻ ശ്രമിച്ചിരുന്നു.

ചൈനയോട് പ്രത്യയശാസ്ത്ര ചേർച്ചയുണ്ടാകുമോ?

ഇന്ത്യയോടുള്ള സമീപനം പോലെയായിരിക്കില്ല ദിസനായകെയുടെ ചൈനയോടുള്ള സമീപനം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിൽ ശ്രീലങ്കയിലെ ചൈനീസ് ഇടപെടലുകളെ പ്രത്യയശാസ്ത്ര ആഭിമുഖ്യത്തിലൂടെ ശ്രീലങ്കയ്ക്ക് അനുകൂലമാക്കിയെടുക്കാൻ ദിസനായകെ പരിശ്രമിച്ചേക്കുമെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭാവിയിൽ അധികാരത്തിലെത്തുന്നവർക്ക് അന്താരാഷ്ട്ര നാണ്യ നിധിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടി വരുമെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 2022ലെ ജനകീയ പ്രക്ഷോഭകാലത്ത് ഐഎംഎഫ് വ്യവസ്ഥകളെ എതിർത്തിരുന്ന ദസനായകെ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണ്ണായകമാണ്. അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) കൂടിയാലോചിച്ച് എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ ദിസനായകെ പ്രതികരിച്ചിരുന്നു.

ശ്രീലങ്കയിൽ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ദിസനായകെയുടെ പ്രധാനവെല്ലുവിളി. പൊതുചെലവ് നിയന്ത്രിക്കുകയും പൊതുവരുമാനം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനഃസ്ഥാപിക്കാം എന്നവെല്ലുവിളിയാണ് പുതിയ പ്രസിഡൻ്റിനെ കാത്തിരിക്കുന്നതെന്ന് നിരവധി സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശ്രീലങ്കയെ സംബന്ധിച്ച് സാമ്പത്തികമായി ഏറ്റവും ആശ്രയിക്കാവുന്ന രാജ്യം ഇന്ത്യയെക്കാൾ ചൈനയാണെന്നാണ് നിലവിലെ നിക്ഷേപപങ്കാളിത്തങ്ങൾ വ്യക്തമാക്കുന്നത്. മാർക്സിസ്റ്റ് പശ്ചാത്തലമുള്ള ആദ്യ ശ്രീലങ്കൻ പ്രസിഡൻ്റിനോട് ആശയപരമായ ഐക്യദാർഢ്യം കൂടി ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചാൽ ചൈന-ശ്രീലങ്ക ബന്ധം ദിസനായകെ കാലത്ത് കൂടുതൽ ശക്തിപ്പെടുമെന്നും നിരീക്ഷണങ്ങളുണ്ട്. പുതിയ രാഷ്ട്രീയ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയുടെ പ്രതിസന്ധികളെ മറികടക്കാനുള്ള കൈത്താങ്ങാകാൻ ചൈന രാഷ്ട്രീയമായി തീരുമാനിക്കുമോ എന്നതും നിർണ്ണായകമാണ്. ഇത് ഇന്ത്യാ-ശ്രീലങ്ക ബന്ധത്തിൽ എത്രമാത്രം കല്ലുകടിയുണ്ടാക്കുമെന്ന് എന്തായാലും കാത്തിരുന്ന് കാണേണ്ടതുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us