പുഷ്പനെ അറിയാതിരിക്കുന്നതെങ്ങനെ കേരളം!

കൂത്തുപറമ്പ് രക്തസാക്ഷിത്വം വാഴ്ത്തിപ്പാടിയ പാർട്ടി പിൽക്കാലത്ത് പക്ഷേ സ്വാശ്രയവിദ്യാഭ്യാസത്തെ കൂട്ടുപിടിച്ചു. നയവ്യതിയാനങ്ങളുടെ പേരിൽ പാർട്ടി വിമർശനങ്ങൾ നേരിട്ടപ്പോഴും പുഷ്പൻ എതിർശബ്ദമുയർത്തിയില്ല, പരാതിപ്പെട്ടില്ല. പാർട്ടിക്കപ്പുറം ഒരു വാക്കില്ലായിരുന്നു അയാൾക്ക്.

dot image

നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവർ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവർക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ…


സിപിഐഎം മേനപ്രം ലോക്കൽ കമ്മിറ്റി തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് നൽകിയ ഫലകത്തിലെ വരികൾ ഇങ്ങനെയായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ ആയിരുന്നു ആ സഖാവ്. മൂന്നു പതിറ്റാണ്ടോളം കിടക്കയിൽത്തന്നെ കഴിയേണ്ടിവന്ന പുഷ്പനെക്കാൾ വലിയൊരു വൈകാരിക പ്രതീകം സിപിഐഎം എന്ന പാർട്ടിക്ക് കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വെടിയേറ്റ് വീണിട്ടും വെളിച്ചം മങ്ങിയില്ല, ആ കരുത്തും ആത്മവീര്യവും പിൽക്കാലത്ത് പാർട്ടിക്കും സാധാരണക്കാരായ പാർട്ടിപ്രവർത്തകർക്കും പകർന്ന ചൂടും ചെറുതായിരുന്നില്ല.

കർഷത്തൊഴിലാളി കുടുംബത്തിലായിരുന്നു പുഷ്പന്റെ ജനനം. എട്ടാം ക്ലാസ് വരെ മാത്രം നീണ്ട ഔപചാരിക വിദ്യാഭ്യാസം. ആ പ്രായത്തിൽ തന്നെ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും ജീവിതമാർ​ഗം തേടി ബം​ഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്കുകടയിൽ ജീവനക്കാരനായി. ഒരു അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ആ വരവ് ജീവിതത്തെ തന്നെ കീഴ്മേൽമറിച്ചു.

പാർട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്ഐ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ ചൂടിൽ എരിപൊരികൊള്ളുന്ന സമയമായിരുന്നു. ആ തീച്ചൂളയിലേക്ക് പുഷ്പൻ എടുത്തുചാടുകയായിരുന്നു. 1994 നവംബർ 25, ആ വെള്ളിയാഴ്ചയാണ് എല്ലാം മാറിമറിഞ്ഞത്. സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രിമാരെ വഴിയിൽ തടയാൻ ഡിവൈഎഫ്‌ഐ പദ്ധതിയിട്ടു. അപ്പോഴാണ് കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്‌ഘാടനത്തിന് മന്ത്രി എം വി രാഘവൻ എത്തിയത്. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ രാമകൃഷ്‌ണൻ പരിപാടിക്കെത്തിയില്ല. പക്ഷേ,അങ്ങനെ പിൻമാറാൻ എം വി രാഘവൻ ഒരുക്കമല്ലായിരുന്നു. കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം സജ്ജമാക്കി. എതിർപക്ഷത്ത് രണ്ടായിരത്തോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ. ഉച്ചയ്ക്ക് 12 മണിയോടെ പൊലീസ് തീർത്ത സംരക്ഷണവലയത്തിൽ മന്ത്രി പരിപാടി നടക്കുന്നിടത്തേക്ക് എത്തി.

മുദ്രാവാക്യം മുഴക്കി ആർത്തിരമ്പിയെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ തിരിച്ചു കല്ലേറുണ്ടായി. മന്ത്രി പരിപാടിക്കായി വേദിയിലേക്ക് കയറുന്നതിനിടയിൽ റോഡിൽ വെടിവെപ്പ് തുടങ്ങിയിരുന്നു. പൊലീസുകാർ ഒരുക്കിയ വലയത്തിനുളളിൽനിന്നു നിലവിളക്കുകൊളുത്തി മന്ത്രി ബാങ്ക് ഉദ്‌ഘാടനം നിർവ്വഹിച്ചു, 13 മിനിറ്റ് പ്രസംഗിച്ചു. ആ പ്രസംഗവും ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ സംരക്ഷണത്തിൽ മന്ത്രി തിരികെ കണ്ണൂരിലേക്ക് പോയി. ഇതിനിടയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവെപ്പ് ആരംഭിച്ചു. രണ്ടുമണിക്കൂറോളം നീണ്ട വെടിവെപ്പിനൊടുവിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷൻ, പ്രവർത്തകരായ വി മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചുവീണു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്ക് പരിക്കേറ്റു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേൽപിച്ചത്. അതോടെ കഴുത്തിനു താഴേക്കു തളർന്നു. അന്നു മുതൽ ശയ്യാവലംബിയായി. പാർട്ടി പ്രവർത്തകരുടെ താങ്ങിലായിരുന്നു പിന്നീട് ജീവിതം.

കൂത്തുപറമ്പ് രക്തസാക്ഷിത്വം വാഴ്ത്തിപ്പാടിയ പാർട്ടി പിൽക്കാലത്ത് പക്ഷേ സ്വാശ്രയവിദ്യാഭ്യാസത്തെ കൂട്ടുപിടിച്ചു. നയവ്യതിയാനങ്ങളുടെ പേരിൽ പാർട്ടി വിമർശനങ്ങൾ നേരിട്ടപ്പോഴും പുഷ്പൻ എതിർശബ്ദമുയർത്തിയില്ല, പരാതിപ്പെട്ടില്ല. പാർട്ടിക്കപ്പുറം ഒരു വാക്കില്ലായിരുന്നു അയാൾക്ക്. കിടക്കയ്ക്കപ്പുറത്തേക്ക് ജീവിതമില്ലെന്ന തിരിച്ചറിവ് പാകപ്പെടുത്തിയ സഹനശക്തിയായിരുന്നു പുഷ്പന്റെ കരുത്ത്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിദേശ സർവകലാശാലകൾക്ക് സിപിഐഎം പച്ചക്കൊടി കാണിച്ചപ്പോഴും പാർട്ടി കൂത്തുപറമ്പ് രക്തസാക്ഷികളെ ഒറ്റുകൊടുക്കുകയാണെന്ന രാഷ്ട്രീയ വിമർശനം ശക്തിപ്പെട്ടു. പക്ഷേ, പാർട്ടിവേദികളിലും സാധാരണ പ്രവർത്തകരുടെ മനസിലും പുഷ്പൻ ആഘോഷിക്കപ്പെട്ടുകൊണ്ടേയിരുന്നു, പുഷ്പനെ അറിയാമോ എന്ന് പാടി വരും തലമുറയോടും ആ പോരാളിയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

'ഇവരഞ്ചുപേർ നെറികേടുകൾക്കെതിരെ
വിരിമാറുകാട്ടി
നിറനെഞ്ചു ഭൂമിക്ക് ബലികൊടുത്തോർ
ഇനിവരും സൂര്യോ​ദയങ്ങളും പൂക്കളും
ഈ പൊന്നുണ്ണികൾക്കന്യമെന്നാൽ
ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ്
ഇവിടെ വന്നെത്തി തലകുനിക്കും'
എന്ന് കൂത്തുപറമ്പിലെ രക്തസാക്ഷികൾക്കായി ചെങ്കൊടിയേന്തിയ ഓരോ മനസും പാടിയപ്പോഴും അവർ പുഷ്പനെയും മനസിൽചേർത്തിരുന്നു. ഇപ്പോൾ ആ അ‍ഞ്ച് പേർക്കൊപ്പം പുഷ്പനും ഓർമ്മയായിരിക്കുന്നു. അപ്പോഴും ഒരു കാര്യം ഉറപ്പ്, ഇനി വരും തലമുറകളും ഏറ്റുപാടും… ഞങ്ങൾക്ക് പുഷ്പനെ അറിയാം!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us