മെഡിക്കല്‍ കോളേജിന് വിട്ടുനൽകുന്ന മൃതശരീരത്തിന് പിന്നീട് സംഭവിക്കുന്നതെന്ത്?

പലരുടെയും മൃതശരീരം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകാറുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അതിനായുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത മൃതശരീരങ്ങള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ?

dot image

സിപിഐഎം നേതാവ് എം എം ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനൽകുന്നതിനെച്ചൊല്ലി അദ്ദേഹത്തിന്റെ മക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതും സംഭവം കോടതികയറിയതും കഴിഞ്ഞദിവസങ്ങളിൽ കേരളം കണ്ടതാണ്. അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോൾ ഹൈക്കോടതിനിർദേശപ്രകാരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആഴ്ച്ചകൾക്കു മുമ്പാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചത്. അ​ദ്ദേഹത്തിന്റെ ‌മൃതശരീരം വൈദ്യ പഠനത്തിനായി വിട്ട് നല്‍കിയതും വാർത്തയായിരുന്നു. അതുപോലെ പ്രശസ്തരും സാധാരണക്കാരുമായ പലരുടെയും മൃതശരീരം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകാറുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അതിനായുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത മൃതശരീരങ്ങള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ?

മരണത്തിന് ശേഷം നശിച്ച് പോയേക്കാവുന്ന ശരീരം വൈദ്യശാസ്ത്രത്തിന് വിട്ട് നല്‍കണം എന്ന് തീരുമാനിക്കാനുള്ള നല്ല മനസാണ് ആദ്യം വേണ്ടത്. അങ്ങനെ തീരുമാനമെടുക്കുന്നവര്‍ ബന്ധുക്കളേയും മറ്റും തീരുമാനമറിയിച്ച് അവരെ മനസിലാക്കിയതിന് ശേഷം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എവിടെയാണ് ശരീരം പഠനാവശ്യത്തിനായി നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ആദ്യം തീരുമാനിക്കണം. മെഡിക്കല്‍ കോളേജിലെ അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. അവരെ വിവരമറിയിച്ച് ഇക്കാര്യത്തിൽ തീരുമനമെടുത്തശേഷം ചില നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്.

അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ഡോണര്‍ ഫോം ഫില്‍ ചെയ്യണം. ശേഷം 100 രൂപയുടെ മുദ്രപ്പത്രം വാങ്ങി മൃതദേഹം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് കാണിച്ച് സമ്മതപത്രം വാങ്ങണം. ഉറ്റ ബന്ധുക്കളുടെ എല്ലാം ഒപ്പ് ആ സമ്മതപത്രത്തില്‍ ഉണ്ടായിരിക്കണം. രണ്ട് സാക്ഷികളുടെ ഒപ്പ് കൂടി ആവശ്യമാണ്. സമ്മതപത്രത്തിന്റെ കോപ്പി കയ്യില്‍ കരുതുകയും ചെയ്യണം. ഇത് നേരിട്ടോ പോസ്റ്റ് മുഖേനയോ മെഡിക്കല്‍ കോളേജില്‍ എത്തിക്കാവുന്നതാണ്.

ഇത്തരം നടപടി ക്രമങ്ങള്‍ പാലിച്ചില്ലെങ്കിലും അടുത്ത രക്തബന്ധമുള്ളവര്‍ എല്ലാവരും ഒരുമിച്ച് തീരുമാനമെടുത്താല്‍ മൃതദേഹം പഠനത്തിനായി വിട്ട് നല്‍കാം. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അനാഥ മൃതദേഹങ്ങളും പഠനാവശ്യത്തിനായി വിട്ട് നല്‍കാറുണ്ട്. നിയമപരമായി അറിയിപ്പ് നല്‍കി അന്വേഷിച്ച് വരാന്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പൊലീസിന്റെ അനുമതിയോടെയായിരിക്കും വിട്ട് നല്‍കുക. പല സമിതികളും സന്നദ്ധ പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജിന് മൃതദേഹം വിട്ടുനല്‍കുന്ന കാര്യത്തിനായി മുന്‍പന്തിയിലുണ്ട്. ഒരു കൂട്ടം സമ്മതപത്രവുമായി ആയിരിക്കും അവര്‍ എത്തുക.

മരണ ശേഷം മൃതദേഹം കൈമാറുന്ന സമയത്ത് മരിച്ച വ്യക്തിയുടെയും ഡൊണേറ്റ് ചെയ്യാനായി വരുന്ന ആളുടേയും ഐഡി പ്രൂഫ്, സമ്മത പത്രത്തിന്റെ കോപ്പി, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മെഡിക്കല്‍ കോളേജില്‍ നല്‍കേണ്ടത്. മരണം സംഭവിക്കുന്നത് രാത്രി സമയത്താണെങ്കില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് മതപരമായ ചടങ്ങുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് നടത്തിയതിന് ശേഷം മെഡിക്കല്‍ കോളേജിന് കൈമാറാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ക്ക്, മൃതദേഹം വിട്ട് നല്‍കിയതിന് ശേഷം മൃതശരീരം കാണാനുള്ള അനുമതിയുണ്ടാവില്ല. വൈകാരിക ബന്ധങ്ങള്‍ക്ക് പിന്നെ സ്ഥാനമില്ല. പൂര്‍ണമായും അത് മെഡിക്കല്‍ കോളേജിന്റേതായി മാറും.

മെഡിക്കല്‍ കോളേജിന് ലഭിക്കുന്ന മൃതശരീരത്തിന് പിന്നീട് സംഭവിക്കുന്നതെന്ത്?

ഒരു ശരീരം ലഭിച്ചാല്‍ അവയിലെ രോമങ്ങളൊക്കെ നീക്കം ചെയ്ത് ബോഡി എംബാം ചെയ്യുകയാണ് ആദ്യം ചെയ്യുന്ന നടപടി. അതിനായി ഫോര്‍മലിന്‍ എന്ന ലായനി രക്തക്കുഴലുകളിലൂടെ പമ്പ് ചെയ്ത് കയറ്റി വിടും. ഏകദേശം 7 ലിറ്ററോളം അങ്ങനെ പമ്പ് ചെയ്യും. അപ്പോഴേക്കും ഒരുവിധം അണുവിമുക്തമാകും.

ശേഷം ഫോര്‍മാലിന്‍ ലായനി അടങ്ങിയ ടാങ്കിലേക്ക് ശരീരം നിക്ഷേപിക്കും. മൂന്ന് മാസത്തിന് ശേഷമായിരിക്കും ശരീരം വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വിട്ട് നല്‍കുക. ഒരു ശരീരം ഒരു വര്‍ഷത്തേക്ക് കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കാം. 6 വര്‍ഷം വരെ ശരീരം സൂക്ഷിക്കാം. പക്ഷേ ചില അവയവങ്ങൾ വർഷങ്ങളോളം ഉപയോ​ഗിക്കാൻ കഴിയുന്നവയാണ്. അതുപോലെ അസ്ഥിക്ക് നാശം സംഭവിക്കില്ല. പഠനത്തിന് ശേഷം വരുന്ന അവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

ശരീര ദാനത്തിന് പ്രായപരിധിയുണ്ടോ?

ശരീര ദാനത്തിന് പ്രായപരിധിയില്ല. ഏത് പ്രായമുള്ളവരുടേയും ശരീരം പഠനാവശ്യത്തിനായി സ്വീകരിക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഒഴിവാക്കേണ്ടി വരാറുള്ളൂ. സാംക്രമിക രോഗങ്ങള്‍ ഉണ്ടായിരുന്നവരുടേയും വല്ലാതെ ശരീരഭാരം ഉണ്ടായിരുന്നവരുടേയും അസ്വാഭാവിക മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടി വന്നവരുടേയും ബോഡി ചില സാഹചര്യങ്ങളില്‍ ഒഴിവാക്കിയേക്കാം. മരണ ശേഷം ശരീരം ദാനം ചെയ്യുന്നതിലൂടെ മെഡിക്കല്‍ രംഗത്ത് വരുന്ന പുരോഗതിക്ക് നമ്മള്‍ കൂടി ഭാഗമാവുകയാണ് ചെയ്യുന്നത്.



dot image
To advertise here,contact us
dot image