കാപ്പി കർഷകർക്ക് വ്യാവസായിക ലാഭം ഉറപ്പ് നൽകുന്ന 'പച്ചമാമ ' ; കര്‍ഷക ഉടമസ്ഥതയിലൊരു രാജ്യാന്തര കൂട്ടായ്മ

കാപ്പി കർഷകരുടെ നിലവിലെ പ്രതിസന്ധികൾക്ക് മറുപടിയും അതിനെ മറികടക്കാനുള്ള പ്രചോദനവുമാകുന്നുണ്ട് പച്ചമാമ

dot image

ഇന്ത്യയിൽ ക‍‍ർഷക സമരം നടന്നപ്പോൾ ഉയ‍‍ർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു കോ‍ർപ്പറേറ്റുകൾ വേണ്ട കോ-ഓപ്പറേറ്റീവുകൾ മതിയെന്നത്. ക‍ർഷകർക്ക് വ്യാവസായിക ലാഭം കൂടി ഉറപ്പുനൽകുന്ന കാർഷിക ഉദ്പാദന വിപണന സഹകരണ സംഘങ്ങളായിരുന്നു ആ മുദ്രാവാക്യം മുന്നോട്ടുവെച്ച ബ​ദൽ. പിന്നീട് രാജ്യത്ത് പലയിടത്തും ചെറിയ രീതിയിൽ കാർഷിക ഉദ്പാദന വിപണന സഹകരണ സംഘങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ലക്ഷ്യബോധവും ഇച്ഛാശക്തിയും എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയും കഠിനാധ്വാനം ചെയ്യാൻ താൽപ്പര്യവും ഉള്ള ഒരു കൂട്ടായ്മയ്ക്ക് കാർഷിക ഉദ്പാദന വിപണന സഹകരണ സംഘങ്ങൾ വിജയിപ്പിക്കാൻ സാധിക്കുമെന്ന് നമുക്ക് മുമ്പിൽ തെളിവുകളുണ്ട്. ഇത്തരമൊരു വിജയഗാഥ നമുക്ക് പരിചയപ്പെടാം.

പച്ചമാമ; കാപ്പി കർഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനം

പച്ചമാമ കോഫി കോ-ഓപ്പറേറ്റീവ് ഓഫ് സ്‌മോൾ സ്‌കെയിൽ കോഫി പ്രൊഡ്യൂസേഴ്സ് ഇത്തരം ഒരു വിജയഗാഥയുടെ ബദൽ പതിപ്പാണ്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മൂന്നാംലോക രാജ്യങ്ങളിലാണ് ഈ കൂട്ടായ്മ പിറന്നത്. കാർഷിക മേഖലയിലെ സഹകരണ ഉടമസ്ഥതയുടെ പ്രാധാന്യവും ശക്തിയും വിളിച്ചു പറയുന്നുണ്ട് പച്ചമാമ. കാപ്പി കർഷകരുടെ സ്വന്തം കോഫിബ്രാൻഡ് സ്വന്തമാക്കുക എന്ന ധീരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പച്ചമാമ സ്ഥാപിക്കപ്പെടുന്നത്. കർഷകനിൽ നിന്ന് നേരിട്ട് കാപ്പി വാങ്ങുക. അതിന്റെ വ്യാവസായി ഉത്പന്നത്തിന്റെ അന്തിമ റീട്ടെയിൽ വിലയിൽ നിന്ന് കർഷകന് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചമാമ സ്ഥാപിക്കപ്പെട്ടതും പ്രവർത്തിക്കുന്നതും.

'നമുക്ക് എന്തുകൊണ്ട് നമ്മുടെ സ്വന്തം കാപ്പി വറുത്തുകൂടാ? എന്ന പെറുവിലെ കാപ്പി കർഷകരുടെ ചോദ്യത്തിൽ നിന്നാണ് പച്ചമാമ എന്ന ആഗോള സഹകരണ സംഘം പിറവിയെടുക്കുന്നത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും പതിനായിരക്കണക്കിന് കർഷകരുടെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോർണിയയിലെ ഡേവിസ് ആസ്ഥാനമായുള്ള പച്ചമാമ കോഫി കോഓപ്പറേറ്റീവ്. സ്‌പെഷ്യാലിറ്റി കോഫിയുടെ റോസ്റ്ററും റീട്ടെയിലറുമാണ് പച്ചമാമ.

എത്യോപ്യയിലെ ഒറോമിയ, ഗ്വാട്ടിമാലയിലെ മനോസ് കാംപെസിനാസ്, മെക്സിക്കോയിലെ ലാ യൂണിയൻ, നിക്കരാഗ്വയിലെ പ്രൊഡ്കൂപ്പ്, പെറുവിലെ കോക്‌ല എന്നീ അഞ്ചംഗ സഹകരണ ഗ്രൂപ്പുകളാണ് പച്ചമാമയെ നിയന്ത്രിക്കുന്നത്. 8,500ലധികം കുടുംബങ്ങളെയാണ് പെറുവിലെ കോക്‌ല പ്രതിനിധീകരിക്കുന്നത്. 2,300ലധികം കുടുംബങ്ങളെ നിക്കരാഗ്വയുടെ പ്രൊഡ്കൂപ്പ് പ്രതിനിധീകരിക്കുമ്പോൾ ഗ്വാട്ടിമാലയിലെ മനോസ് കാംപെസിനാസ് 1,100 കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നു. 2,000 കുടുംബങ്ങളെ മെക്‌സിക്കോയിലെ ലാ യൂണിയൻ പ്രതിനിധീകരിക്കുന്നു. 4,00,000 കുടുംബങ്ങളെയാണ് എത്യോപ്യയില ഒറോമിയ കോഫി ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് യൂണിയൻ പ്രതിനിധീകരിക്കുന്നത്. പച്ചമാമയുടെ ഡയറക്ടർ ബോർഡ് പൂർണ്ണമായും അതിന്റെ ഈ അഞ്ചംഗ ഗ്രൂപ്പുകളാൽ നിയന്ത്രിക്കപ്പെടുന്നു. ഓരോ അംഗ ഗ്രൂപ്പിനും പച്ചമാമയുടെ 20% ഉടമസ്ഥതയുണ്ട്. അഞ്ച് അംഗ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ഏഴ് ഒറ്റ ഒർജിൻ കോഫിയാണ് പച്ചമാമയുടെ ബ്രാൻഡ് മൂല്യം.

ലോകബാങ്ക് ധനസഹായമുള്ള പ്ലാറ്റ്ഫോമായ ട്രേസബിൾ കോഫി പച്ചമാമ അവതരിപ്പിച്ചു. ഡയറക്ട്-ടു-കൺസ്യൂമർ സബ്സ്‌ക്രിപ്ഷൻ സേവനം വഴി അമേരിക്കയിൽ കാപ്പി കുടിക്കുന്നവരെ ഏതാണ്ട് മുഴുവനായി ആകർഷിക്കാൻ പച്ചമാമയ്ക്ക് സാധിച്ചു. അമേരിക്കയിൽ റീട്ടെയിൽ കഫേകളുടെ ശ്യംഖലകൾ തുറന്ന പച്ചമാമ സ്വന്തമായി കാപ്പി വറുക്കാൻ റോസ്റ്ററുകളും ആരംഭിച്ചു.


പച്ചമാമയുടെ 2020-ലെ സുതാര്യതാ റിപ്പോർട്ടിലെ കണക്കുകൾ ശ്രദ്ധേയമാണ്. 'ഫാം-ടു-കൺസ്യൂമർ' മോഡലിന്റെ ലാഭ സ്വഭാവം കൂടി ഇതിൽ വ്യക്തമാണ്. 454 ഗ്രാം വറുത്ത കാപ്പിക്ക് ശരാശരി 15.34 ഡോളർ ലഭിച്ചതായാണ് പച്ചമാമയുടെ കണക്ക്. സാധാരണ ലഭിച്ചിരുന്നതിന്റെ 11 മടങ്ങ് ലാഭമാണ് പച്ചമാമ വഴി കർഷകർക്ക് ലഭിച്ചത്. കാപ്പിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വൈവിധ്യവത്കരണം ഉണ്ടാക്കുക വഴി അസംസ്‌കൃത കാപ്പിയ്ക്ക് ലഭിക്കുന്ന മൊത്തത്തിലുള്ള മൂല്യത്തിനൊപ്പം കൂടുതൽ വ്യാവസായിക മൂല്യം കൂടി സമാഹരിക്കാൻ പച്ചമാമയ്ക്ക് സാധിച്ചു. ബിസിനസ് മോഡലിനുള്ള 2021-ലെ സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷൻ്റെ സസ്റ്റൈനബിലിറ്റി അവാർഡും സസ്റ്റൈനബിലിറ്റി പയനിയറിനുള്ള 2024-ലെ സസ്റ്റെയ്‌നബിൾ ഫുഡ് അവാർഡും പച്ചമാമയ്ക്ക് ലഭിച്ചിട്ടുണ്ട്.

കാർഷിക വിദ്യാഭ്യാസം, ആരോഗ്യ സംരംഭങ്ങൾ, ജെൻഡർ ഇക്വിറ്റി പ്രോഗ്രാമുകൾ, അംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പുകൾ, ശുദ്ധജല പദ്ധതികൾ എന്നിങ്ങനെയുള്ള സാമൂഹ്യസുരക്ഷാ പരിപാടികൾ ഈ സഹകരണ സംഘങ്ങളിൽ ഓരോന്നും അവരുടെ അംഗങ്ങൾക്കായി നടപ്പിലാക്കുന്നു. സഹകരണ സംഘാടനത്തിലൂടെയും കർഷകരുടെ വിഭവങ്ങൾ ശേഖരിക്കുന്നതിലൂടെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ചെറുകിട കാപ്പി കർഷകർ ആഗോള സഹകരണ സംഘം രൂപീകരിച്ച് അമേരിക്കൻ വിപണി കേന്ദ്രീകരിച്ച് നേടിയെടുത്ത വിജയത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ ഇന്ത്യയിലെ കർഷകർക്കും ഉൾക്കൊള്ളാവുന്നതാണ്. 'ഞങ്ങൾ ഉപഭോക്താവിന് നേരെ സ്വന്തം പാത ഉണ്ടാക്കി. 2006-ൽ പച്ചമാമ കോഫി സ്ഥാപിച്ചപ്പോൾ, ചെറുകിട കർഷകരെ ലാഭമുണ്ടാക്കുന്നവരായി ശാക്തീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്' എന്നാണ് PRODECOOP-ൻ്റെ ബോർഡ് പ്രസിഡൻ്റും ജനറൽ മാനജരുമായ മെർലിംഗ് പ്രെസ വ്യക്തമാക്കുന്നത്.

കാപ്പി കർഷകരുടെ ഉടമസ്ഥതയിലുള്ള പച്ചമാമയ്ക്ക് 2024 ലെ സുസ്ഥിരത പയനിയർ എന്ന നിലയിലുള്ള ബഹുമതി ലഭിച്ചത് ചെറിയ നേട്ടമല്ല. കർഷക ഉടമസ്ഥതയിലുള്ള ഒരു കോഫി ബിസിനസ്സ് മോഡൽ ആഗോളവ്യവസായത്തിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെ ഈ നേട്ടം അടിവരയിടുന്നു. ഉടമസ്ഥാവകാശം, സാമ്പത്തിക സ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകി ചെറുകിട കർഷകരുടെ സുസ്ഥിരതയ്ക്കും ശാക്തീകരണത്തിനുമുള്ള പച്ചമാമയുടെ പ്രതിബദ്ധത കൂടിയാണ് ഈ അവാർഡ് നേട്ടത്തിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കർഷക ഉടമസ്ഥതയിലുള്ള കമ്പനികൾ സ്ഥാപിക്കാൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ചെറുകിട കർഷകർക്ക് പ്രചോദനമാകുന്നുണ്ട് പച്ചമാമയുടെ ആഗോളതലത്തിലുള്ള ഈ നേട്ടങ്ങൾ.

ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കിൽ സ്വന്തമായി ബ്രാൻഡുകൾ സൃഷ്ടിച്ച് കാർഷിക സഹകരണ സംഘത്തിലൂടെ കാർഷിക ഉത്പന്നങ്ങളുടെ ലാഭവും അവയുടെ വ്യാവസായിക മിച്ചമൂല്യവും കൂടി സ്വന്തമാക്കി നമ്മുടെ കർഷകർക്കും കൃഷിയെ ലാഭകരമായ ഒരു മേഖലയാക്കി മാറ്റാൻ സാധിക്കും. കാർഷിക ഉദ്പാദന വിപണന സഹകരണ സംഘങ്ങളിലൂടെയല്ലാതെ കർഷകന് അവൻ ഉദ്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ വ്യാവസായിക മിച്ചമൂല്യം കൂടി ലഭിക്കുന്ന മറ്റൊരു സംവിധാനം ആർക്കെങ്കിലും ചൂണ്ടി കാണിക്കാനുണ്ടോ?


കാർഷിക സഹകരണ സംഘങ്ങൾ ലാഭമാകുമോ എന്ന സംശയത്തിന് അഞ്ച് മൂന്നാംലോക രാജ്യങ്ങളിലെ കർഷകർ ചേർന്ന് രൂപപ്പെടുത്തിയ ആഗോള സഹകരണ സംഘം മറുപടിയാകുന്നുണ്ട്. കാപ്പി കർഷകരുടെ നിലവിലെ പ്രതിസന്ധികൾക്ക് മറുപടിയും അതിനെ മറികടക്കാനുള്ള പ്രചോദനവുമാകുന്നുണ്ട് പച്ചമാമ.

dot image
To advertise here,contact us
dot image