ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെ മിഡിൽ ഈസ്റ്റ് ആസന്നമായ യുദ്ധഭീതിയിലേയ്ക്ക് വീണിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക പിന്മാറ്റം പ്രഖ്യാപിച്ചത് സംഘർഷങ്ങൾക്ക് വിരാമമിടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാൽ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്ന് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആര് ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ പിന്മാറ്റം മിഡിൽ ഈസ്റ്റിലെ പിരിമുറുക്കങ്ങൾക്ക് താൽക്കാലിക ആശ്വാസം പകർന്നിട്ടുണ്ട്. എന്നാൽ ഇസ്രയേലിൻ്റെ തുടർനടപടി എന്തായിരിക്കുമെന്നത് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നേർക്ക് ഇസ്രയേൽ നടത്തുന്ന തുറന്ന യുദ്ധമാണ് ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ഇറാനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഹിസ്ബുള്ള നേതാവ് ഹസൻ നസ്റള്ളയുടെ കൊലപാതകമാണ് ശക്തമായ തിരിച്ചടിയ്ക്ക് ഇറാനെ നിർബന്ധിതമാക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനെതിരെ തൊടുക്കാൻ ബാലസ്റ്റിക് മിസൈലുകൾ തന്നെ ഇറാൻ തിരഞ്ഞെടുത്തതിന് പിന്നിൽ സവിശേഷമായ കാരണങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇസ്രയേലിനെതിരെ വ്യോമാക്രമണം നടത്താനുള്ള ശേഷി ഇറാൻ്റെ വ്യോമസേനയ്ക്കില്ല. ഇസ്രയേലിൻ്റെ യുദ്ധവിമാനങ്ങളുടെ ശേഷിയും കരുത്തും ഇറാൻ്റേതിൽ നിന്നും എത്രയോ ഇരട്ടി കാര്യക്ഷമവും സാങ്കേതിക തികവുള്ളതുമാണ്.
ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിൻ്റെ ശക്തിയും തങ്ങളുടെ ശേഖരത്തിലെ മിസൈലുകളുടെ കരുത്തും പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിലും ഇറാൻ ഈ ആക്രമണത്തെ പരിഗണിച്ചിട്ടുണ്ടാകും
എന്നാൽ ബാലസ്റ്റിക് മിസൈലുകളുടെ എണ്ണത്തിലും വൈവിധ്യത്തിലും ഇസ്രയേലിനെക്കാൾ ഒരുപടി മുന്നിലാണ് ഇറാൻ. ആ മുൻതൂക്കം തന്നെയാവും ആക്രമണത്തിന് ബാലസ്റ്റിക് മിസൈലുകൾ തന്നെ തിരഞ്ഞെടുക്കാൻ ഇറാനെ പ്രേരിപ്പിച്ചിരിക്കുക. ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിൻ്റെ ശക്തിയും തങ്ങളുടെ ശേഖരത്തിലെ മിസൈലുകളുടെ കരുത്തും പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിലും ഇറാൻ ഈ ആക്രമണത്തെ പരിഗണിച്ചിട്ടുണ്ടാകും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വിപുലവും വൈവിധ്യമാർന്നതുമായ ബാലിസ്റ്റിക് മിസൈൽ ആയുധശേഖരം ഇറാൻ്റെ പക്കലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്രയേലിന് കൂടുതൽ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുണ്ടെങ്കിലും എണ്ണത്തിലും തരത്തിലും ഇത് ഇറാൻ്റെ അത്രയും വരില്ല. ആണവായുധ ശേഷിയില്ലാതെ തന്നെ 2000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വികസിപ്പിച്ച ഏക രാജ്യമെന്ന ഖ്യാതിയും ഇറാനുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐസിബിഎം ഉൾപ്പെടെയുള്ള ദീർഘദൂര മിസൈലുകൾ വികസിപ്പിക്കാനുള്ള സാങ്കേതികവും വ്യാവസായികവുമായ ശേഷി ഇറാനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അപ്പോഴും ലക്ഷ്യത്തിലെത്തുന്നതിലെ കൃത്യതയിൽ ഇറാൻ്റെ ദ്രാവക-ഇന്ധന ബാലിസ്റ്റിക് മിസൈലുകളുടെ ശേഷി ദുബലമാണെന്നും നിരീക്ഷണങ്ങളുണ്ട്. അപ്പോഴും ഇസ്രയേൽ അടക്കമുള്ള എതിരാളികളുടെ പ്രധാനലക്ഷ്യങ്ങളെ ആക്രമിച്ച് ഭയം വിതയ്ക്കാനുള്ള ശേഷി ഇറാൻ്റെ ഈ മിസൈലുകൾക്കുണ്ട്.
ബാലിസ്റ്റിക് മിസൈലുകളുടെ ശേഷി വർദ്ധിപ്പിക്കാനുള്ള ഇറാൻ്റെ നീക്കത്തിന് ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള ഷാ കാലത്തോളം പഴക്കമുണ്ട്. ലാൻസ് മിസൈലുകൾക്കായുള്ള ഷായുടെ ആവശ്യം അമേരിക്ക നിരാകരിച്ചതിനെ തുടർന്ന് ഇസ്രയേലുമായി ചേർന്നാണ് ഷാ ഇറാൻ്റെ ബാലസ്റ്റിക് മിസൈൽ ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. പ്രോജക്ട് ഫ്ലവർ എന്നറിയപ്പെടുന്ന പദ്ധതിയിൽ, മിസൈലുകൾ വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇറാന് നൽകിയത് ഇസ്രയേലായിരുന്നു. ഷായുടെ കീഴിൽ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കാനായിരുന്നു 1970കളുടെ പകുതിയോടെ ഇറാൻ്റെ ശ്രമം. അക്കാലത്ത് ഗൾഫിലെ ഏറ്റവും വലിയ വ്യോമസേനയും ഇറാൻ്റേതായിരുന്നു. ഏതാണ്ട് 400ൽ അധികം യുദ്ധവിമാനങ്ങൾ ഇറാനിയൻ വ്യോമസേനയുടെ ഭാഗമായിരുന്നു. പ്രവർത്തനക്ഷമമായാൽ ഇരുരാജ്യങ്ങളുടെ സൈന്യം പുതിയ മിസൈൽ പ്രതിരോധം വാങ്ങുമെന്ന ധാരണയോടെ, ഇസ്രയേലിൻ്റെ സാങ്കേതിക സഹായത്തോടെയായിരുന്നു ഷായുടെ കാലത്ത് ഇറാൻ മിസൈൽ അസംബ്ലിങ്ങും പരീക്ഷണ സൗകര്യങ്ങളും ആരംഭിച്ചത്. ഇസ്രയേലായിരുന്നു ഈ പദ്ധതികളെ നയിച്ചത്. തദ്ദേശിയമായി മിസൈൽ നിർമ്മിക്കാനും വികസിപ്പിക്കാനുമുള്ള ഇറാൻ്റെ ശേഷിക്ക് പിന്നിൽ ഇസ്രയേലുമായുണ്ടായിരുന്ന ഈ സഹകരണമാണ് കരുത്തായത് എന്നതാണ് ഇപ്പോഴത്തെ മറ്റൊരു വിരോധാഭാസം.
എന്നാൽ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാഖുമായുള്ള വർഷങ്ങൾ നീണ്ട യുദ്ധത്തിനിടയിലാണ് ഇറാൻ മിസൈൽ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതികളിലേയ്ക്ക് തിരിഞ്ഞത്. ആദ്യം ലിബിയയിൽ നിന്നും പിന്നീട് സിറിയയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നും സോവിയറ്റ് നിർമ്മിത സ്‌കഡ്-ബി മിസൈലുകൾ ഇക്കാലയളവിൽ ഇറാൻ സ്വന്തമാക്കി. 1985 മുതൽ 1988-ൽ യുദ്ധം അവസാനിക്കുന്നതുവരെ ഇറാഖിനെതിരെ 300 കിലോമീറ്റർ (185 മൈൽ) ദൂരപരിധിയുള്ള ഈ മിസൈലുകൾ ഇറാൻ വ്യാപകമായി ഉപയോഗിച്ചു. യുദ്ധാനന്തരമാണ് മിസൈൽ ആയുധശേഖരം വിപുലീകരിക്കാനുള്ള ദൗത്യത്തിന് ഇറാൻ തുടക്കമിടുന്നത്. തദ്ദേശീയമായി മിസൈൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം വ്യവസായങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഇറാൻ വൻതോതിൽ നിക്ഷേപം നടത്തി. ചില പ്രധാന ഘടകങ്ങൾ ഇപ്പോഴും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും സ്വന്തമായി മിസൈലുകൾ നിർമ്മിക്കാനുള്ള ശേഷി ഇറാൻ ഇതിനകം കൈവരിച്ച് കഴിഞ്ഞു. ഇസ്രായേൽ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൻ്റെ ഏത് ഭാഗത്തെയും ലക്ഷ്യമിടാൻ കഴിയുന്ന മിസൈലുകൾ ഇറാൻ്റെ ആയുധശേഖരത്തിൽ ഇപ്പോഴുണ്ടെന്നാണ് കണക്കാക്കുന്നത്.
1980-കളുടെ അവസാനം വിദേശത്തു നിന്നും ഹ്രസ്വ, ഇടത്തരം മിസൈലുകൾ ഇറാൻ വാങ്ങുന്നത്. പിന്നീട് ഇവയെ തന്ത്രപരമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ നിലയിൽ വികസിപ്പിച്ചെടുത്തു. ഇവയ്ക്ക് 'ഉൽക്കകൾ' എന്ന അർത്ഥം വരുന്ന പേർഷ്യൻ വാക്കായ ഷഹാബ് എന്ന പേരാണ് ഇറാൻ നൽകിയത്. ദ്രാവക ഇന്ധനം ഉപയോഗിച്ച് വിക്ഷേപിക്കുന്ന രീതിയിലേയ്ക്കായിരുന്നു ഇറാൻ ഇവയെ വികസിപ്പിച്ചത്. ഷഹാബ് മിസൈലുകളെ ഷഹാബ്-1സ ഷഹാബ് 2 എന്നിങ്ങനെ പിന്നീട് ഇറാൻ വികസിപ്പിച്ചെടുത്തു. സോവിയറ്റ് സ്കഡ് മിസൈൽ പരമ്പരയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇറാൻ്റെ ഷഹാബ് മിസൈൽ വിപുലീകരണം. സ്‌കഡ്-ബിയെ അടിസ്ഥാനമാക്കിയായിരുന്നു ഷഹാബ് 1 വികസിപ്പിച്ചത്. ഇതിൻ്റെ ദൂരപരിധി ഏകദേശം 300 കിലോമീറ്ററാണ്. ഷഹാബ്-2 സ്കഡ്-സിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൻ്റെ ദൂരപരിധി ഏകദേശം 500 കിലോമീറ്ററാണ്. അയൽരാജ്യങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിൽ എത്താൻ ശേഷിയുള്ള 200-നും 300-നും ഇടയിൽ ഷഹാബ്-1, ഷഹാബ്-2 മിസൈലുകൾ ഇറാൻ്റെ പക്കലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇറാൻ തങ്ങളുടെ ഷഹാബ്-2 മിസൈലുകളുടെ ഒരു പ്രധാന ഭാഗത്തെയാണ് ക്വിയാം മിസൈലുകളാക്കി മാറ്റിയത്. ക്വിയാമിൽ വേർപെടുത്താവുന്ന പോർമുനയാണ് ഉപയോഗിക്കുന്നത്. മേഖലയിൽ വിന്യസിച്ചിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ആക്രമണ സാധ്യതയെ മറികടക്കാനുള്ള ശേഷി ക്വിയാമിന് കൂടുതലാണ്. ക്വിയാമിൻ്റെ രണ്ടാം പതിപ്പിൽ കൃത്യത മെച്ചപ്പെടുത്തുന്നതിനായി ഒരു മാനുവറിംഗ് റീ-എൻട്രി വെഹിക്കിൾ (പോർമുന) സജ്ജീകരിച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 500 മുതൽ 600 കിലോഗ്രാം വരെ ഭാരമുള്ള പോർമുന ഘടിപ്പിച്ചാലും ക്വിയാമിൻ്റെ രണ്ട് പതിപ്പുകൾക്കും 700 മുതൽ 800 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നാണ് കണക്കാക്കുന്നത്. യെമനിലെ ഹൂതി വിമതർക്ക് ഇറാൻ ക്വിയാം കയറ്റുമതി ചെയ്തിട്ടുള്ളതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉത്തരകൊറിയൻ മിസൈലായ നോഡോങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഷഹാബ്-3. ഇതിൻ്റെ ദൂരപരിധി ഏകദേശം 900 കിലോമീറ്റർ ആണെന്നാണ് കണക്കാക്കുന്നത്. ഇതിന് 1,000 കിലോഗ്രാം ഭാരമുള്ള നാമമാത്രമായ പേലോഡും ഉണ്ട്.
ഷഹാബ്-3യുടെ പരിഷ്കരിച്ച പതിപ്പിന് ഗദ്ർ-1 എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഗദ്ർ-1-ൻ്റെ നിരവധി വകഭേദങ്ങളും ഇറാൻ വികസിപ്പിച്ചതായാണ് റിപ്പോർട്ട്. ഇറാൻ്റെ ഷഹാബ്-3 മിസൈലുകളിൽ ഭൂരിഭാഗവും ഗദ്ർ മിസൈലുകളാക്കി മാറ്റിയതായാണ് കരുതപ്പെടുന്നത്. ഏകദേശം 1,600 കിലോമീറ്ററാണ് ഇവയുടെ ദൂരപരിധി. ഇവ 750 കിലോഗ്രാം ഭാരമുള്ള ചെറുകിട പോർമുനകളാണ് ഇവ വഹിക്കുന്നതെന്നാണ് റിപ്പോർട്ട്. മധ്യദൂര ഗദ്ർ മിസൈലിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് 2015ൽ ഇറാൻ പരീക്ഷിച്ച ഇമാദ്. പോർമുനയുടെ അടിയിൽ നാല് ചെറിയ ചിറകുകൾ ഘടിപ്പിച്ച് സൂക്ഷ്മത മെച്ചപ്പെടുത്തിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യക്തതയില്ലെങ്കിലും ഇമാദിനെ ഒരു പ്രിസിഷൻ ഗൈഡഡ് മിസൈലാക്കി ഇറാൻ മാറ്റിയിട്ടുണ്ടെന്ന് സൂചനകളുണ്ട്. ഇമാദിൻ്റ പരമാവധി ദൂരപരിധി 1,500 കിലോമീറ്ററിൽ താഴെയായിരിക്കുമെന്നാണ് നിഗമനങ്ങൾ.
ഇറാൻ്റെ ആയുധശേഖരത്തിലെ മറ്റൊരു പ്രധാനതാരമാണ് സജ്ജിൽ മിസൈലുകൾ. സജ്ജിൽ എന്നാൽ പേർഷ്യൻ ഭാഷയിൽ 'ചുട്ട കളിമണ്ണ്' എന്നാണ് അർത്ഥം. ഖര ഇന്ധനം ഉപയോഗിക്കുന്ന മധ്യദൂര മിസൈലുകളുടെ ഒരു വിഭാഗമാണ് ഇവ. തന്ത്രപരമായ പല നേട്ടങ്ങളും അവകാശപ്പെടാവുന്നതാണ് ഈ ശ്രേണിയിലെ മിസൈലുകൾ. വിക്ഷേപണത്തിന് ചെറിയ തയ്യാറെടുപ്പ് മാത്രമാണ് ഇവയ്ക്ക് ആവശ്യമുള്ളത്. ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പായി തന്നെ ഈ ശ്രേണിയിലുള്ള മിസൈലുകൾ വികസിപ്പിച്ചെടുത്ത ഒരേയൊരു രാജ്യമാണ് ഇറാൻ. ആഭ്യന്തരമായി നിർമ്മിച്ച ഭൂതല-ഉപരിതല മിസൈലായ സജ്ജിൽ-2വാണ് ഈ കുടുംബത്തിലെ മറ്റൊരു താരം. 750 കിലോഗ്രാം പോർമുന വഹിക്കുന്ന ഇവയുടെ ദൂരപരിധി ഏകദേശം 2,000 കിലോമീറ്ററാണ്. 2008ലാണ് ഇറാൻ സജ്ജിൽ എന്ന പേരിൽ പരീക്ഷണം നടത്തുന്നത്. 2009-ൽ കുറച്ച് കൂടി പരിഷ്‌ക്കരിച്ച സജ്ജിൽ-2വിൻ്റെ പരീക്ഷണങ്ങൾ ആരംഭിച്ചു. ഇറാനെ ഭീഷണിപ്പെടുത്തുന്ന ഏത് സ്ഥലത്തെയും ലക്ഷ്യമിടാൻ ഈ മിസൈലിന് കഴിയുമെന്നാണ് ഇറാനിയൻ റെവല്യൂഷനറി ഗാർഡിൻ്റെ ആത്മവിശ്വാസം. എന്നാൽ സജ്ജിൽ-2വിന് സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതായും അതിൻ്റെ പൂർണ്ണ വികസനം മന്ദഗതിയിലായതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ഒരു അണുബോംബ് വികസിപ്പിച്ചാൽ ഈ മിസൈലിൻ്റെ മുകളിൽ ഘടിപ്പിക്കാവുന്നത്ര ചെറിയ ഒരു ബോംബ് നിർമ്മിക്കേണ്ടതുണ്ടെന്നും അത് വലിയ വെല്ലുവിളിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇറാൻ്റെ ദീർഘകാല മിസൈൽ പദ്ധതികൾ ഖര-ഇന്ധന സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് സജ്ജിൽ പ്രോഗ്രാമിൻ്റെ വിജയം സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ ശ്രേണി മിസൈലുകൾ കൂടുതൽ ഒതുക്കമുള്ളതും മൊബൈൽ ലോഞ്ചറുകളിൽ വിന്യസിക്കാൻ എളുപ്പമുള്ളതുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്
ഇറാൻ്റെ ദീർഘകാല മിസൈൽ പദ്ധതികൾ ഖര-ഇന്ധന സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് സജ്ജിൽ പ്രോഗ്രാമിൻ്റെ വിജയം സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ ശ്രേണി മിസൈലുകൾ കൂടുതൽ ഒതുക്കമുള്ളതും മൊബൈൽ ലോഞ്ചറുകളിൽ വിന്യസിക്കാൻ എളുപ്പമുള്ളതുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിക്ഷേപണത്തിന് തയ്യാറെടുക്കാൻ ഈ മിസൈലുകൾക്ക് കുറച്ച് സമയം മാത്രമേ ആവശ്യമുള്ളൂ. യുദ്ധവിമാനം ഉപയോഗിച്ചോ മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചോ ഉള്ള നാശനഷ്ട സാധ്യത ഈ മിസൈലുകൾക്ക് കുറവാണെന്നും പറയപ്പെടുന്നു. പരമാവധി 3,700 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള മൂന്ന് ഘട്ടങ്ങളുള്ള മിസൈൽ നിർമ്മിക്കാൻ സജ്ജിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇറാന് വേണമെങ്കിൽ ശ്രമിക്കാമെന്ന് നിരീക്ഷണങ്ങളുണ്ട്. തൽക്കാലം അത്തരമൊരു നീക്കം ഇറാൻ നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
1,000 കിലോമീറ്റർ മുതൽ 1,400 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതും കൂടുതൽ കൃത്യതയുള്ളതുമായ ഖര-ഇന്ധന മിസൈലുകളുടെ ശ്രേണിയെ വികസിപ്പിക്കാനാണ് ഇപ്പോൾ ഇറാൻ ശ്രമിക്കുന്നതെന്നാണ് ഇറാനിയൻ സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫത്തേ-110 ആണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മിസൈലിലെ പോർമുനയ്ക്ക് തൊട്ടുതാഴെയായി ഘടിപ്പിച്ചിരിക്കുന്ന ചെറിയ ചിറകുകൾക്ക് റോക്കറ്റിനെ അതിൻ്റെ ലക്ഷ്യത്തിലേക്ക് കൂടുതൽ കൃത്യതയോടെ നയിക്കാൻ കഴിയുമെന്നാണ് നിരീക്ഷണം. ഫത്തേ-110 അല്ലെങ്കിൽ അതിൻ്റെ വകഭേദങ്ങളായ ഖലീജ്-ഫാർസ്, ഹോർമുസ് എന്നിവയ്ക്ക് പോയിൻ്റ് ചെയ്യുന്ന ടാർഗെറ്റുകളെ, ലക്ഷ്യമിടുന്ന നിലയിൽ സ്ട്രൈക്ക് ചെയ്യാൻ കഴിയുന്നത്ര കൃത്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഫത്തേ-110-ൻ്റെ ശ്രേണിയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനായി 2010-കളുടെ തുടക്കം മുതൽ ഇറാൻ പരിഷ്കാരങ്ങളുടെ ഒരു പരമ്പര തന്നെയാണ് ആവിഷ്കരിച്ചിട്ടുള്ളത്. യഥാർത്ഥ ഫത്തേ-110ൻ്റെ ദൂരപരിധിയായ 200 കിലോമീറ്റർ എന്നത് ഫത്തേ-313 അവതരിപ്പിച്ചതോടെ ഏകദേശം 500 കിലോമീറ്ററായി ഉയർന്നു. മിസൈലുകൾക്ക് കൂടുതൽ കൃത്യത വർധിപ്പിക്കാൻ ഫത്തേ മൊബിനിൽ ഒരു ഇലക്‌ട്രോ ഒപ്റ്റിക്കൽ സീക്കർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫത്തേ ഇനം മിസൈലുകൾക്ക് ഏകദേശം 450 കിലോഗ്രാം പേലോഡുകൾ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
സോൾഫഗർ, ദെസ്ഫുൾ, ഹജ് ഖാസെം സുലൈമാനി, ഖൈബർ ഷെകാൻ എന്നീ മിസൈലുകൾ ഫത്തേ-ടൈപ്പ് മിസൈലുകളുടെ അതേ അടിസ്ഥാന ഡിസൈൻ തത്വങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ദൂരപരിധി യഥാക്രമം 700, 1,000, 1,400, 1,450 കിലോമീറ്ററാണ്. വലിയ മിസൈലുകൾ 450 മുതൽ 600 കിലോഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാഖിലെ ഐൻ അൽ അസദ് വ്യോമതാവളത്തിൽ 2020 ജനുവരിയിൽ നടന്ന മിസൈൽ ആക്രമണത്തിൽ സോൾഫഗർ മിസൈലുകളും ഫത്തേ-313കളും ക്വിയാം-1കളും ഉപയോഗിച്ചിരിക്കാം എന്നാണ് വിലയിരുത്തപ്പെട്ടത്. ഇറാൻ ബാലസ്റ്റിക് മിസൈൽ രംഗത്ത് കൈവരിച്ച സാങ്കേതിക മികവിൻ്റെ ഉദാഹരണം എന്ന നിലയിലാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
2017 ജനുവരിയിൽ ഇറാൻ പരീക്ഷിച്ച ഖോറംഷാർ മിസൈലുകൾ പക്ഷെ വിജയം കണ്ടില്ല. 2016-ലും പരീക്ഷണം നടത്തിയിരുന്നതായും ചില റിപ്പോർട്ടുകളുണ്ട്. എന്തായാലും രണ്ട് പരീക്ഷണങ്ങളും പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. കാലഹരണപ്പെട്ട സോവിയറ്റ് ആർ-27 (എസ്എസ്-എൻ-6) അന്തർവാഹിനി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിൻ്റെ അല്ലെങ്കിൽ എസ്എൽബിഎമ്മിൻ്റെ പരിഷ്കരിച്ച പതിപ്പായ ഉത്തര കൊറിയയുടെ ഹ്വാസോംഗ്-10 ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐആർബിഎം അടിസ്ഥാനമാക്കിയാണ് ഖോറംഷാർ നിർമ്മിച്ചത്. 2016-ൽ ഉത്തരകൊറിയ കുറഞ്ഞത് എട്ട് തവണയെങ്കിലും മുസുദാൻ എന്ന് വിളിക്കുന്ന ഹ്വാസോങ്-10 പരീക്ഷിച്ച് പരാജയപ്പെട്ടതായി അമേരിക്കൻ രഹസ്വാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൻ്റെ ഇറാനിയൻ പതിപ്പും പരീക്ഷണത്തിൽ പരാജയപ്പെട്ടത്. 1,800 കിലോഗ്രാം പോർമുന വഹിക്കുന്ന ഖോറാംഷാറിന് പരമാവധി 2,000 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഇറാൻ്റെ ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫത്താഹ് 2023 ജൂണിൽ അനാച്ഛാദനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുവരെ പരീക്ഷിക്കാത്ത ഈ മിസൈലിന് 1,400 കിലോമീറ്റർ ദൂരപരിധിയുണ്ടെന്നും ശബ്ദത്തിൻ്റെ 15 മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്നാണ് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിൻ്റെ അവകാശവാദം. 2023 നവംബറിൽ, IRGC ഫത്താഹ്-2 അനാച്ഛാദനം ചെയ്യുകയും ഇതിൻ്റെ ദൂരപരിധി 1,500 കിലോമീറ്ററായി അൽപ്പം വർദ്ധിപ്പിച്ചതായും അവകാശപ്പെട്ടിരുന്നു. ഇറാൻ്റെ പക്കലുള്ള ഖര-ഇന്ധന മിസൈലുകൾ അവയുടെ കൃത്യത കാരണം നേരിട്ടുള്ള യുദ്ധസന്ദർഭങ്ങളിൽ എതിരാളികളെ ലക്ഷ്യമിടാനുള്ള ആയുധങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഗൈഡഡ് മിസൈലുകൾക്കായി കൃത്യമായ ടാർഗെറ്റ് ഡാറ്റ ശേഖരിക്കാനും വിതരണം ചെയ്യാനും കഴിവുള്ള വൈവിധ്യമാർന്ന ഡ്രോണുകളും ഇറാൻ്റെ പക്കലുണ്ട്. തത്സമയ ടാർഗെറ്റിംഗ് പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ ശക്തവും സുരക്ഷിതവുമായ ആശയവിനിമയ ശൃംഖല ഇറാന് ഉണ്ടോ എന്ന കാര്യത്തിൽ പക്ഷെ വ്യക്തതയില്ല.
ഇറാൻ്റെ ആയുധങ്ങൾ ഉപയോഗിച്ചാണ് ഹിസ്ബൊള്ള അടക്കമുള്ള സായുധസംഘങ്ങൾ നിഴൽയുദ്ധം നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്. എന്നാൽ 2017 മുതൽ ഇറാൻ എതിരാളികളുമായി സംഘർഷത്തിൻ്റെ ഭാഗമായി മിഡിൽ ഈസ്റ്റിൽ മിസൈലുകൾ ഉപയോഗിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ആക്രമണങ്ങൾക്ക് പ്രതികാരമായി 2017 ജൂണിൽ കിഴക്കൻ സിറിയയിലേക്ക് ആറ് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം 2018 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാൻ സമാനമായ നിലയിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. 2018 സെപ്റ്റംബറിൽ ഇറാഖിലെ കോയയിലെ കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറാൻ്റെയും ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറാനിയൻ കുർദിസ്ഥാൻ്റെയും ആസ്ഥാനത്തിന് നേരെ ഏഴ് ഫത്തേ-110 മിസൈലുകളാണ് ഇറാൻ തൊടുത്ത് വിട്ടത്. സൗദി അറേബ്യയുടെ അബ്ഖൈഖിലെയും ഖുറൈസിലെയും എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ആളില്ലാ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇറാൻ 2019 സെപ്റ്റംബറിൽ ആക്രമണം നടത്തിയിരുന്നു. ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ 2020 ജനുവരിയിൽ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ബാഗ്ദാദിന് പടിഞ്ഞാറുള്ള അൽ-അസാദ് എയർ ബേസിന് കേടുപാട് സംഭവിക്കുകയും നൂറിലധികം യുഎസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിവരങ്ങൾക്ക് കടപ്പാട്: The Primer Website