ആശയപരമായ വിയോജിപ്പുകളുടെ സമരമരം; എം എൻ വിജയൻ്റെ നിലപാടുകളുടെ വർത്തമാനകാല പ്രസക്തി

എം എൻ വിജയൻ ഉയർത്തിയ പ്രത്യയശാസ്ത്രപരമായ വിമർശനങ്ങളുടെ ദീർഘദൃഷ്ടി ഏറിയും കുറഞ്ഞും പ്രകടമാകുന്ന പ്രതിസന്ധികളിലൂടെ കേരളത്തിലെ സിപിഐഎം കടന്നു പോകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ 17-ാമത് ചരമദിനം ഒരു രാഷ്ട്രീയ ഓർമ്മപ്പെടുത്തൽ കൂടിയായി മാറുന്നത്

dot image

ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കിയാലും ചോദ്യം അവിടെ ശേഷിക്കുമെന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ വിമ‍ർശനം കൂടുതൽ പ്രസകത്മാകുന്നൊരു കാലത്താണ് പ്രൊ.എം എൻ വിജയൻ്റെ മറ്റൊരു ചരമവാ‍‌‍ർഷികം കൂടി കടന്ന് പോകുന്നത്. സാഹിത്യ നിരൂപകനിൽ നിന്നും രാഷ്ട്രീയ വിമർശകൻ എന്ന നിലയിലേയ്ക്കുള്ള എംഎൻ വിജയൻ്റെ പരിണാമം സിപിഐഎമ്മിനുള്ളിലെ ആശയപ്പോരാട്ടത്തിൻ്റെ ഒരുകാലഘട്ടത്തെക്കൂടിയാണ് പ്രതിനിധീകരിക്കുന്നത്. ആശയപരമായ അപചയങ്ങൾക്കെതിരെ എം എൻ വിജയൻ ഉയ‍ർത്തിയ ശബ്ദം സിപിഐഎമ്മിലെ ഉൾപ്പാർട്ടി ത‍ർക്കത്തിൽ ഒരുവിഭാ​ഗത്തിന് നൽകിയിരുന്ന ആശയപരമായ പിന്തുണയായി വിലയിരുത്തപ്പെട്ടിരുന്നു.

കമ്മ്യൂണിസ്റ്റ് ആശയം വ്യക്തികേന്ദ്രീകൃതമാകുന്ന അപകടത്തെക്കുറിച്ച് എം എൻ വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചപ്പോൾ അത് ഊതിക്കത്തിച്ചത് ജനാധിപത്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ് തത്വത്തെ വ്യക്തികേന്ദ്രീകൃതമാക്കുന്നുവെന്ന സിപിഐഎമ്മിനുള്ളിലെ ഉൾപ്പാർട്ടി തർക്കത്തെ കൂടിയായിരുന്നു. പാർട്ടിക്കുള്ളിൽ വിഎസ് അച്യുതാനന്ദൻ നടത്തിയ പേരാട്ടത്തെ പാ‍ർട്ടിക്ക് പുറത്തുള്ള ഇടതുപക്ഷത്തിനുള്ളിൽ ആശയപോരാട്ടമാക്കി മാറ്റുന്നതായിരുന്നു എംഎൻ വിജയൻ്റെ ഇടപെടൽ എന്ന നിരീക്ഷണം ഉണ്ടായിരുന്നു. സിപിഐഎമ്മിൻ്റെ ഔദ്യോ​ഗിക വിഭാ​ഗത്തെ സംബന്ധിച്ച് പാ‌‍ർട്ടിക്കുള്ളിൽ വിഎസ് നടത്തിയ പോരാട്ടങ്ങളെക്കാൾ അപകടകമായിരുന്നു ആശയപരമായി എം എൻ വിജയൻ നടത്തിയ ഇടപെടലുകൾ. അതിനാൽ തന്നെ ഇടതുപക്ഷത്തോട് ചേർന്നു നിന്നിരുന്ന എംഎൻ വിജയൻ വളരെ വേ​ഗം സിപിഐഎമ്മിൻ്റെ ഔദ്യോ​ഗിക നേതൃത്വത്തിന് അനഭിമതനായി. ഇടതുപക്ഷത്തിൻ്റെ ബൗദ്ധിക-സാംസ്കാരിക ഇടങ്ങളിൽ എംഎൻ വിജനുണ്ടായിരുന്ന സ്വീകാര്യതയെ ദുർബലപ്പെടുത്താൻ പാ‍ർട്ടിയുടെ ഇടങ്ങളിൽ നിന്നും എംഎൻ വിജയനെ മാറ്റി നിർത്തുക എന്നത് സിപിഐഎം നേതൃത്വത്തിന് അനിവാര്യമായി മാറിയതും ചരിത്രം.

പുരോ​ഗമന കലാസാഹിത്യ സംഘത്തിൻ്റെ പ്രസിഡൻ്റ്, ദേശാഭിമാനി വാരികയുടെ പത്രാധിപർ തുടങ്ങിയ സമുന്നതമായ ചുമതലകൾ വഹിച്ചിരുന്ന എം എൻ വിജയൻ ഇഎംഎസിൻ്റെ മരണശേഷം ഒരുപരിധിവരെ സാസ്കാരിക മേഖലയിൽ ആശയപരമായി സിപിഐഎമ്മിൻ്റെ ശബ്ദമായിരുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ പോലും ആശയപരമായ തലത്തിൽ നിന്ന് എം എൻ വിജയൻ സിപിഐഎമ്മിന് വേണ്ടി ന്യായീകരിക്കുന്ന സാഹചര്യമുണ്ടായി. ഇവിടെ നിന്നായിരുന്നു പിന്നീട് സിപിഐഎമ്മിൻ്റെ നയവ്യതിയാനങ്ങളുടെ വിമർശകൻ എന്ന നിലയിലേയ്ക്ക് അദ്ദേഹം മാറുന്നത്.

സിപിഐഎമ്മിനെതിരായ എംഎൻ വിജയൻ്റെ വിമർശനങ്ങൾ പിണറായി വിജയനെതിരായി വ്യാഖ്യാനിക്കപ്പെട്ടതോടെ പാർട്ടി ഏൽപ്പിച്ച് നൽകിയ ചുമതലകൾ ഇരുകൂട്ടരെ സംബന്ധിച്ചും മുൾക്കിരീടമായി മാറി. വിഭാ​ഗീയത കൊടികുത്തിവാണ സിപിഐഎമ്മിൻ്റെ 2004ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് എംഎൻ വിജയൻ്റെ പേര് ഉൾപ്പെടുത്തിയിട്ടും പിന്നീട് വെട്ടിമാറ്റിയതായും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. രാജിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് വ്യക്തമാക്കിയായിരുന്നു ആശയപോരാട്ടങ്ങൾ തീക്ഷണമായിരിക്കെ എം എൻ വിജയൻ പുകസയുടെ അധ്യക്ഷപദവി ഒഴിഞ്ഞത്.

1990കളുടെ അവസാനം സിപിഐഎമ്മിൽ ഉയർന്നു വന്ന ആശയപരമായ വിവിധ വിഷയങ്ങളുടെ ചുവടുപിടിച്ചായിരുന്നും എംഎൻ വിജയൻ നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഉന്നയിച്ചത്. ജനകീയാസൂത്രണം പോലുള്ള സിപിഐഎമ്മിൻ്റെയും സർക്കാരിൻ്റെയും നയസമീപനങ്ങളെ മാർക്സിസത്തിൻ്റെ അടിസ്ഥാന ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമെന്ന നിലയിലായിരുന്നു എംഎൻ വിജയൻ അവതരിപ്പിച്ചത്. വിജയൻ്റെ നിലപാടുകൾ സിപിഐഎമ്മിനുള്ളിലെ ഉൾപ്പാർട്ടി തർക്കങ്ങളിലും സ്വാധീനം ചെലുത്തി. പുകസയുടെ നേതൃനിരയിൽ എംഎൻ വിജയന് വലിയ സ്വീകാര്യതയുണ്ടാകുകയും അദ്ദേഹത്തിൻ്റെ നിലപാടുകളെ സിപിഐഎമ്മിൻ്റെ ഭാ​ഗമായിരുന്ന പ്രധാനപ്പെട്ട സാസ്കാരിക പ്രവർത്തക‍ർ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി വിഎസ് വിഭാ​ഗത്തിൻ്റെ ഉൾപ്പാർട്ടി സമരത്തിന് ആശയപരമായ തലം നൽകുന്നുവെന്ന് വിലയിരുത്തപ്പെട്ട മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനമാണ് സിപിഐഎം ഔദ്യോ​ഗിക വിഭാ​ഗത്തിന് എം എൻ വിജയനെ പൂ‍ർണ്ണമായും അനഭിമതനാക്കിയത്. 'അരവും കത്തിയും' എന്ന ആ ലേഖനം മലപ്പുറം സമ്മേളനത്തിൻ്റെ ആശയപരമായി സ്വാധീനിക്കുന്ന ഒന്നായി മാറിയിരുന്നു. സിപിഐഎമ്മുമായുള്ള ആശയപോരാട്ടത്തിനൊടുവിൽ 'പുരയ്ക്കു മേലെ ചാഞ്ഞ മരം: എം.എൻ. വിജയന്റെ ഗതിവിഗതികൾ' എന്ന പേരിൽ ചിന്ത പബ്ലിക്കേഷൻസിന് പുസ്തകം ഇറക്കേണ്ടി വന്നുവെന്നത് എംഎൻ വിജയൻ ഉയർത്തിയ ആശയപരമായ വിയോജിപ്പുകൾ സിപിഐഎമ്മിനെ എത്രമാത്രം ഉലച്ചിരുന്നു എന്നതിന് കൂടി സാക്ഷ്യം പറയുന്നുണ്ട്. എം എൻ വിജയൻ ജീവിച്ചിരിക്കെയായിരുന്നു ചിന്ത അത്തരമൊരു പുസ്തകം പുറത്തിറക്കിയത്.

എം എൻ വിജയൻ ഉയർത്തിയ പ്രത്യയശാസ്ത്രപരമായ വിമർശനങ്ങളുടെ ദീർഘദൃഷ്ടി ഏറിയും കുറഞ്ഞും പ്രകടമാകുന്ന പ്രതിസന്ധികളിലൂടെ കേരളത്തിലെ സിപിഐഎം കടന്നു പോകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ 17-ാമത് ചരമദിനം ഒരു രാഷ്ട്രീയ ഓർമ്മപ്പെടുത്തൽ കൂടിയായി മാറുന്നത്. 1990കളുടെ അവസാനം മുതൽ മരിക്കുന്നത് വരെ എംഎൻ വിജയൻ ഉന്നയിച്ച പലവിഷയങ്ങളും വർത്തമാന കാലസഹാചര്യങ്ങളുമായി ബന്ധപ്പെടുത്തി വീണ്ടും ആവർത്തിക്കാം എന്നത് തന്നെയാണ് സിപിഐഎമ്മിൻ്റെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ എംഎൻ വിജയന് ഇന്നുമുള്ള പ്രസക്തി. ഏറ്റവും ഒടുവിൽ അൻവർ വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ ചർച്ചകൾ മലപ്പുറത്തേയ്ക്കും ന്യൂനപക്ഷ വിഭാ​ഗങ്ങളിലേയ്ക്കും ചുരുങ്ങുമ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലേയ്ക്ക് സിപിഐഎം നേതൃത്വം പെട്ട് പോയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം സംജാതമാകുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വിമർശനാത്മകമായ നിലപാട് എംഎൻ വിജയൻ സ്വീകരിച്ചിരുന്നു. 'ജനങ്ങൾ മർദ്ദിതരെന്നും മർദ്ദിക്കുന്നവരെന്നും രണ്ടു വിഭാ​ഗമുണ്ടെന്ന് പറയുന്നതിന് പകരം ജനങ്ങളെ കുട്ടനാട്ടുകാരെന്നും പൊന്നാനിക്കാരെന്നും മറ്റും അവതരിപ്പിക്കുന്നത് രാഷ്ട്രീയത്തെ നശിപ്പിക്കുന്നതിനുള്ള കൃത്യമായ പ്രസ്ഥാനമാണ്. വർക്കേഴ്സ് ഓഫ് ഓൾ കൺട്രീസ് യുണൈറ്റഡ് എന്നാണ് മാർക്സ് പറഞ്ഞത്. അല്ലാതെ വർക്കേഴ്സ് ഓഫ് കേരള യുണൈറ്റഡ് എന്നല്ല. തൊഴിലാളികളോട് സംഘടിക്കണം അവർക്ക് പുതിയൊരു ലോകം ലഭിക്കാനുണ്ടെന്ന് മാർക്സ് പറഞ്ഞിടത്തു നിന്നും നിങ്ങൾ തൊഴിലാളികളല്ല എന്നും തൊഴിലാളികൾ ആവശ്യമില്ലെന്നും നിങ്ങൾ‌ നാട്ടുകാരനാണെന്നും നിങ്ങൾ ജാതിയിലോ മതത്തിലോ പിറന്നവരാണ് എന്നും ബോധ്യപ്പെടുത്തിയിട്ട് നിങ്ങളെ ചുരുക്കി ചരുക്കി ഒരു നാട്ടുകാരാക്കി, ഒരു മതക്കാരനാക്കി വീട്ടിലേക്ക് ഓടിച്ചിട്ട് നിങ്ങളുടെ സ്വന്തം ജനിച്ചുവർന്ന നാട്ടിലേക്ക് മടക്കി കൊണ്ടുവരിക എന്നതാണ് ഇന്നു കാണുന്ന ഭൗതിക പ്രവർത്തനം' എന്ന എംഎൻ വിജയൻ്റെ നിലപാടിന് ഇന്ന് എത്ര അർത്ഥസാമ്യതകളാണ് വായിച്ചെടുക്കാൻ കഴിയുക.

സാഹിത്യ നിരൂപകൻ എന്ന നിലയിൽ മൗലികമായ നിരവധി ലേഖനങ്ങൾ മലയാളിക്ക് സംഭാവന ചെയ്ത സാഹിത്യ വിമർശനകൻ കൂടിയായിരുന്നു എം എൻ വിജയൻ. സാഹിത്യ വിമർശനത്തിൽ മനഃശാസ്ത്രപരമായ കാഴ്ചപ്പാടുകളെ ഉപയോ​ഗപ്പെടുത്തിയ സാഹിത്യ വിമർശകൻ എന്നതും എംഎൻ വിജയനെ വേറിട്ടു നിർത്തുന്നുണ്ട്. കവിതയും മനഃശാസ്ത്രവും, ശീര്‍ഷാസനം, ചിതയിലെ വെളിച്ചം, വര്‍ണങ്ങളുടെ സംഗീതം തുടങ്ങിയ മൗലികമായ കൃതികൾ എംഎൻ വിജയൻ്റെ ധൈഷിണികതയുടെ അടയാളങ്ങളായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്. 1930 ജൂൺ എട്ടിന് കൊടുങ്ങല്ലൂരിൽ ജനിച്ച എംഎൻ വിജയൻ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം അധ്യാപനത്തിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള കോളേജുകളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഔദ്യോ​ഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിന് ശേഷമായിരുന്നു എംഎൻ വിജയൻ സജീവമായി ഇടതുപക്ഷത്തിൻ്റെ ഭാ​ഗമായി മാറിയത്.

കേൾക്കണമെങ്കിൽ ഭാഷവേണം എന്ന് പറഞ്ഞ് സമൂഹത്തോട് സംവദിച്ചു കൊണ്ട് അവസാന ശ്വാസമെടുത്ത എംഎൻ വിജയൻ വർത്തമാനകാലത്തും ആശയപരമായ വിയോജിപ്പുകളുടെ സമരമരമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us