പശ്ചിമേഷ്യ പുകയുന്നു; 'കരുക്കൾ' നീക്കി ഇറാനും ഇസ്രയേലും

ഇസ്രയേലിൻറെ തിരിച്ചടിയനുസരിച്ചിരിക്കും ഇറാൻ്റെ ഇനിയുള്ള നീക്കങ്ങൾ

അഖിലശ്രീ ജെ
5 min read|03 Oct 2024, 05:01 pm
dot image

1967 അറബ് ഇസ്രയേലി യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും ഭീതി പടരുകയാണ്. ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയുടെ മരണത്തിൻറെ പ്രകമ്പനം സൃഷ്ടിച്ച അലയൊലികൾ കെട്ടടങ്ങും മുന്നേ ഇസ്രയേൽ ലെബനനിൽ കരയാക്രമണം നടത്തിയിരുന്നു. ഇനിയൊരിക്കലും എഴുന്നേറ്റ് വരാൻ കെൽപ്പില്ലാത്ത വിധം ഹിസ്ബുള്ളയെ നിലംപരിശാക്കുക എന്നതാണ് ഇസ്രയേലിൻറെ ലക്ഷ്യം. ഹിസ്ബുള്ളയെ ഇസ്രയേൽ തൊട്ടപ്പോൾ പക്ഷേ പൊള്ളിയത് ഇറാനാണ്. അതുകൊണ്ടുതന്നെ ഇറാൻ വെറുതേയിരുന്നില്ല . രണ്ടുമണിക്കൂർ നേരത്തേക്കെങ്കിലും ഇസ്രയേലികളെ ബങ്കറിലൊളിപ്പിക്കാൻ 1600 കിലോമീറ്റർ അകലെ നിന്ന് ഇറാൻ 180 മിസൈലുകളാണ് തൊടുത്തത്. ജോർദാൻറെ ആകാശത്തുവച്ച് ഇവയിലെല്ലാം തന്നെ തടയാൻ കഴിഞ്ഞുവെങ്കിലും ഇറാൻ്റെ നീക്കത്തിൽ ഇസ്രയേൽ അൽപമെങ്കിലും വിറച്ചുവെന്ന് വേണം കരുതാൻ.

എവിടെയാണ് തുടക്കം

ഇറാൻറെ തണലിൽ വളരുന്ന, പരിശീലനം നേടിയ ഹിസ്ബുള്ള, ഹമാസ്, ഹൂതി എന്നീ വിമത സംഘടനകളെ പശ്ചിമേഷ്യൻ മണ്ണിൽ നിന്ന് ഉന്മൂലനം ചെയ്യലാണ് ഇസ്രയേലിൻറെ ലക്ഷ്യം. പരസ്പരം ബദ്ധവൈരികളായ ഇസ്രയേലും വിമതരും ഇടയ്ക്കും തലയ്ക്കും നേരിട്ടുള്ള പോരാട്ടം നടത്താറുമുണ്ട്. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി ആരംഭിക്കുന്നത്. ഗാസയിൽ ആക്രമണം ശക്തമാക്കിയതോടെ ലെബനനിലെ ഹിസ്ബുള്ള ഇസ്രയേലിനെതിരെ തലങ്ങും വിലങ്ങും റോക്കറ്റാക്രമണം നടത്തി. യെമനിലെ ഹൂതി വിമതരാകട്ടെ , ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകൾ കത്തിച്ചു. ഇസ്രയേലിനെ അരയും തലയും മുറുക്കി ആക്രമിക്കലാണ് ഇറാൻ്റെ പിന്തുണയുള്ള ഈ സായുധ സംഘങ്ങളുടെ ലക്ഷ്യം.

ഇറാൻറെ ലക്ഷ്യം

പശ്ചിമേഷ്യയിലെ വരത്തനായി നിലകൊള്ളുന്ന ഇറാന് മേഖലയിൽ പ്രത്യേക താത്പര്യങ്ങളുണ്ട്. പേർഷ്യനും അറബിയും സംസാരിക്കുന്ന ഷിയ-സുന്നി മുസ്ലീങ്ങൾ പാർക്കുന്ന പ്രദേശമാണ് ഇറാൻ. കാലങ്ങളായി പടിഞ്ഞാറന്മാരുടെ സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞിരിക്കുകയാണെങ്കിലും മേഖലയിലെ സിംഹഭാഗം വരുന്ന പ്രദേശങ്ങളിലെ വിമത ശക്തികൾക്കെല്ലാം സൈനിക പരിശീലനം നൽകുന്നത് ഇറാനാണ്. ഇറാൻ്റെ തണലിൽ നിൽക്കുന്നതിനാലാണ് ഹമാസും ഹിസ്ബുള്ളയും ഹൂതിയും ഇസ്രയേലിന് നോട്ടപ്പുള്ളകളാകുന്നത്. എന്നാൽ ഇസ്രയേലുമായി നേരിട്ടൊരു യുദ്ധത്തിന് ഇറാൻ സമീപകാലത്ത് തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ റോക്കറ്റാക്രമണം ആരംഭിച്ചപ്പോഴും തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞൊഴിയുകയാണ് ഇറാൻ ചെയ്തത്. കാര്യങ്ങളിങ്ങനെയാണെങ്കിലും വലിയ ആയുധശേഖരമാണ് ഇറാൻ്റെ കൈമുതൽ. ആണവനിലയങ്ങൾ വേറെ.

പുതിയ ആക്രമണത്തിന് പിന്നിൽ

2006ലെ ഹിസ്ബുള്ള ഇസ്രയേൽ പോരാട്ടത്തിൽ കൃത്യമായ വിജയം ആർക്കും അവകാശപ്പെടാനാകാതെ വന്നതുമുതൽ അസ്വസ്ഥതരാണ് ഇസ്രയേൽ. യുദ്ധവിജയം തങ്ങൾക്കാണെന്ന ഹിസ്ബുള്ളയുടെ പ്രചാരണങ്ങളിൽ പൊള്ളിയ ഇസ്രയേൽ അന്നുമുതൽ ഹിസ്ബുള്ളയെ ലക്ഷ്യമിടുന്നു. ഇതിനിടെയാണ് ഗാസാ ആക്രമണമുണ്ടാകുന്നത്. ഹിസ്ബുള്ളയുടെ സൈനികരിൽ വരെ ഇസ്രയേൽ സേന നുഴഞ്ഞുകയറിയെന്നാണ് റിപ്പോട്ടുകൾ. ഗസാ യുദ്ധം ശക്തമാകുന്നതിനിടെ ഇസ്രയേൽ ലെബനൻ അതിർത്തികളിൽ ഹിസ്ബുള്ള ആക്രമണം പതിവാക്കി. ലെബനൻ അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് ഇസ്രയേലികൾക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു. ഇസ്രയേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയതോടെ ഇസ്രയേൽ തിരിച്ചടിക്കൊരുങ്ങി. ഇറാൻ്റെ മണ്ണിൽവെച്ച് ഹമാസ് തലവൻ ഇസ്മയിൽ ഹനിയയെ ഇക്കഴിഞ്ഞ ജൂലൈയിൽ ഇസ്രേയേൽ വധിച്ചതോടെയാണ് തുറന്ന ആക്രമണമാരംഭിക്കുന്നത്. ഇസ്രയേലിൻറെ കഴുകൻ കണ്ണുകളിൽ നിന്നൊളിക്കാൻ ഫോണുകളുടെ ഉപയോഗം വിലക്കിയ ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ള ആശയവിനിമയം പൂർണമായും പേജറുകളിലേക്കും വാക്കിടോക്കികളേക്കും മാറ്റി. ഹിസ്ബുള്ള മാനത്ത് കണ്ടത് ഇസ്രയേൽ മനസിൽ കണ്ടു. ഷെൽ കമ്പനികളുണ്ടാക്കി, ഹിസ്ബുള്ളയുടെ ആശയവിനിമയോപാധികളായ പേജറുകളിലും വാക്കിടോക്കികളിലും ഇറാൻ സ്ഫോടക വസ്തുനിറച്ച് വലിയ ആക്രമണം നടത്തി. 37 പേരാണ് പേജർ, വാക്കിടോക്കി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനിടെ സ്വയം രക്ഷതേടാൻ നസ്റള്ള ശ്രമിക്കുന്നതിനിടെ ബങ്കറിനുള്ളിൽ വച്ച് നസ്റള്ളയെയും ഇസ്രയേൽ കൊലപ്പെടുത്തിയതോടെ സ്ഥിതിഗതികൾ സങ്കീർണമായി. ഹിസ്ബുള്ളയുടെ നേതൃനിരയെ ഒന്നാകെ തുടച്ചുനീക്കിയാണ് ഇസ്രയേൽ പ്രതികാരം വീട്ടിയത്. കഴിഞ്ഞില്ല, നസ്റള്ളയെ വധിച്ചതിന് പിറ്റേന്ന് കരയുദ്ധവും തുടങ്ങി ഇസ്രയേൽ.

ലക്ഷ്യം ഇറാൻ ?

2024 ഏപ്രിലോടെയാണ് ഇറാനിലേക്ക് ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിസ്ബുള്ളയേയും ഹമാസിനേയും ഹൂതിവിമതരെയും ഒതുക്കണമെങ്കിൽ ഇറാനെയാണ് ആദ്യം പിടിക്കേണ്ടതെന്ന് ഇസ്രയേൽ മനസിലാക്കി.തുടർന്ന് ഈ വർഷം ഏപ്രിലിൽ ഡമാസ്കസിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തി. അന്ന് ബ്രിഗേഡിയർ ജനറൽ റാസ സഹേദിയടക്കം നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാൻ തത്ക്ഷണം തിരിച്ചടിച്ചു. ദിവസങ്ങൾക്കുള്ളിൽ ഇസ്രയേലിലേക്ക് 300 ഡ്രോണുകളയച്ചു. പരമാധികാരത്തിന് അടിയേറ്റാൽ തിരിച്ചടിക്കുക എന്നതാണ് ഇറാൻറെ രീതി. ഇസ്രയേൽ തുടരെ പ്രകോപനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.സംഘർഷസ്ഥിതി തുടരവേ, മേയ് മാസം പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. പിന്നീട് ജൂലൈയിൽ ഹസൻ നസ്റള്ളയുടെ സീനിയർ കമാൻഡറേയും ഇസ്രയേൽ വധിച്ചു. മണിക്കൂറകൾക്കകം ഹമാസ് തലവൻ ഇസ്മയിൽ ഹനിയയേയും ഇറാനിയൻ തലസ്ഥാനത്ത് വധിച്ചത്. ഗാസയിലെ സമാധാനചർച്ചകളെ കരുതി ഇറാൻ മൗനം പാലിച്ചുവെന്ന് വേണം കരുതാൻ. തിരിച്ചടിയുണ്ടായില്ല. ഈ സമയമാണ് ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത്. ഇറാൻറെ കണ്ണിലുണ്ണിയായ ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയെ പൂവിറുക്കുന്നത് പോലെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. കരയുദ്ധം കൂടി തുടങ്ങിയതോടെ ഇറാൻ വെറുതേയിരുന്നില്ല. 180 മിസൈലുകളാണ് ഇസ്രയേലിലേക്ക് ഇറാൻ അയച്ചത്. ഇസ്രയേലിൻറെ എയർബേസുകളിലടക്കം ആക്രമണം നടത്തി. ശേഷം തങ്ങൾക്കേറ്റ തിരിച്ചടികൾക്ക് മറുപടി നൽകിയെന്നും ഇനി യുദ്ധത്തിനില്ലെന്നും ഇറാൻ അറിയിച്ചുകഴിഞ്ഞു.

ഇനിയെന്ത്

തത്കാലം പതുങ്ങിയെങ്കിലും 2006ലേതുപോലെ ഹിസ്ബുള്ള ശക്തമായി തിരിച്ചടിക്കൊരുങ്ങുമോയെന്ന് കണ്ടറിയണം. ക്ഷമയോടെ കാത്തിരിക്കാനാണ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിം ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ച് ഉപരോധങ്ങളിൽ തകർന്ന ഇറാൻ വലിയൊരു തിരിച്ചടിക്കൊരുമോയെന്നും അറിയേണ്ടതുണ്ട്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ നിർദേശപ്രകാരമാണ് ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ വർഷിച്ചതെന്ന് ഖമനയിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. ഇറാനിലെ ഭരണമാറ്റത്തിനൊപ്പം നിൽക്കുമെന്ന നെതന്യാഹുവിൻറെ പ്രഖ്യാപനവും ജാഗ്രതയോടെ കാണേണ്ടതുണ്ട്. ഇറാനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് ഇസ്രയേലിലെ ഭരണ പ്രതിപക്ഷം ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. ആണവനിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ അമേരിക്ക കൂട്ടുനിൽക്കില്ലെന്ന് ബൈഡനും അറിയിച്ചിട്ടുണ്ട്. ഇസ്രയേലിൻറെ തിരിച്ചടിയനുസരിച്ചിരിക്കും ഇറാൻ്റെ ഇനിയുള്ള നീക്കങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us