2024 സെപ്റ്റംബർ 28 ന് ഇസ്രയേൽ ആ വാർത്ത എക്സ് പോസ്റ്റിലൂടെ ഔദ്യോഗികമായി ലോകത്തെ അറിയിച്ചു. 30 വർഷത്തിലധികമായി ഇസ്രയേലിന്റെ നമ്പർ വൺ ശത്രുക്കളിലൊരാളായിരുന്ന ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയെ വ്യോമാക്രമണത്തിലൂടെ വധിച്ച വിവരമായിരുന്നു അത്. നസ്റള്ളയുടെ കൊലപാതകം ചരിത്രപരമായ വഴിത്തിരവെന്നാണ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടത്. പശ്ചിമേഷ്യ യുദ്ധത്തിലേയ്ക്കോ എന്നാണ് ഈ ഘട്ടത്തിൽ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കിയിരുന്നത്. കാരണം കൊല്ലപ്പെട്ടത് ലൈബനനിലെ ഷിയാ മുസ്ലീം സംഘടനയായ ഹിസ്ബുള്ളയുടെ തലവനാണ്. എന്തായാലും നസ്റള്ളയുടെ കൊലപാതകത്തിൽ കൈകെട്ടിയിരിക്കാൻ ഇറാന് കഴിയുമായിരുന്നില്ല. ഇസ്രയേലിനെതിരെ 180ലേറെ ബാലസ്റ്റിക് മിസൈലുകൾ തൊടുത്തായിരുന്നു ഇറാൻ്റെ മറുപടി. ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയെ വധിച്ചതിന്റെ തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ ഔദ്യോഗികമായി തന്നെ വ്യക്തമാക്കി.
2023 ഒക്ടോബർ 7ന് ഹമാസ് ഭീകരർ 1200 ഓളം ഇസ്രായേലികളെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ പുകയാൻ തുടങ്ങുന്നത്. ഇസ്രയേൽ ഹമാസ് സംഘർഷം രൂക്ഷമായതോടെ ലൈബനൻ അതിർത്തിയിൽ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെതിരെ ഒളിയുദ്ധം ശക്തമാക്കി. ഇതോടെയാണ് ഹമാസിന് പിന്നാലെ ഹിസ്ബുള്ളയെയും നാമാവശേഷമാക്കാനുള്ള പദ്ധതി ഇസ്രയേൽ രൂപപ്പെടുത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ആസൂത്രണം തുടങ്ങിയെന്ന് കരുതപ്പെടുന്ന ഒരു ആക്രമണം ഹിസ്ബുള്ളയ്ക്ക് നേരെയുണ്ടായി. 2024 സെപ്റ്റംബർ 17ന് ഹിസ്ബുള്ള പോരാളികൾ ഉപയോഗിച്ചിരുന്ന പോജറുകളിലും വാക്കിടോക്കികളിലും ഇസ്രയേൽ നടത്തിയ സ്ഫോടന പരമ്പര അക്ഷരാർത്ഥത്തിൽ ഹിസ്ബുള്ളയെ ഞെട്ടിച്ചു. സ്ഫോടന പരമ്പരയിൽ 40 ഓളം പേർ കൊല്ലപ്പെടുകയും 5000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ പങ്കാളിത്തത്തോടെയാണ് ആക്രമണം എന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയെ ഇസ്രയേൽ വധിച്ചത്. തൊട്ടുപിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിൽ കരയുദ്ധവും ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെടുകയും ആറായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ആരൊക്കെ വധിക്കപ്പെട്ടാലും തകരാത്ത ഉരുക്ക് ശക്തിയാണ് ഹിസ്ബുല്ല എന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചത്. ഹിസ്ബുല്ലയുടെ പ്രധാന ശത്രുവാണ് ഇസ്രയേൽ. ആരാണ് ഹിസ്ബുള്ള? എന്തിനാണ് ഇസ്രയേൽ ഹിസ്ബുള്ളയെ ഇത്ര ഭയപ്പെടുന്നത്?
ലെബനനിലെ ഷിയാ മുസ്ലിം വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഹിസ്ബുള്ള. അല്ലാഹുവിന്റെ പാർട്ടി എന്നാണ് അർത്ഥം. കേരളത്തിന്റെ മൂന്നിലൊന്ന് വലിപ്പവും 50 ലക്ഷത്തോളം ജനസംഖ്യയും വരുന്ന കൊച്ചു രാജ്യമാണ് ലെബനൻ. ലെബനിനകത്ത് ഹിസ്ബുള്ള സാമുദായിക സംഘടന മാത്രമല്ല, രാഷ്ട്രീയ പാർട്ടി കൂടിയാണ്. 1992 മുതൽ ഇവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇവർക്ക് മാത്രമായി 15ഓളം സീറ്റുകളും രണ്ടോ അതിലധികമോ മന്ത്രിമാരുമുണ്ട്. ഹിസ്ബുള്ളക്ക് ജിഹാദ് കൗൺസിൽ എന്നറിയപ്പെടുന്ന ശക്തമായ സായുധസേനയും സ്വന്തമായുണ്ട്. സായുധസേനയിൽ ഒന്നര ലക്ഷത്തോളം പട്ടാളക്കാരും മിസൈലുകൾ ഉൾപ്പെടെ വലിയ ആയുധശേഖരവും ഉണ്ടെന്നാണ് ഹിസ്ബുള്ളയുടെ അവകാശ വാദം.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മിസൈലുകൾ, ആളില്ലാ ഡ്രോണുകൾ എന്നിവയാണ് ഹിസ്ബുള്ളയുടെ പ്രതിരോധത്തിലെ മൂർച്ചയുള്ള ആയുധങ്ങൾ. 180-700 കിലോ മീറ്റർ ദൂരപരിധിയുള്ള 400 ദീർഘദൂര റോക്കറ്റുകളും മിസൈലുകളും, 70-250 കിലോമീറ്റർ ദൂരപരിധിയുള്ള പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ, 40-180 കിലോമീറ്റർ ദൂരപരിധിയുള്ള നൂറുകണക്കിന് മിഡിൽ റേഞ്ച് റോക്കറ്റുകൾ, 20-40 കിലോമീറ്റർ ദൂരപരിധിയുള്ള 65,000 ഹ്രസ്വദൂര റോക്കറ്റുകൾ, 140,000 മോർട്ടറുകൾ എന്നിവയും ഹിസ്ബുള്ളയുടെ ആയുധശേഖരത്തിൻ്റെ കരുത്ത് കൂട്ടുന്നുണ്ട്. നിരീക്ഷണത്തിനും യുദ്ധ പ്രവർത്തനങ്ങൾക്കുമായി വിപുലമായ രീതിയിൽ ആളില്ലാ ഡ്രോണുകൾ സമാഹരിക്കാൻ ഹിസ്ബുള്ളയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മധ്യ, തെക്കൻ ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള ഹിസ്ബുള്ളയുടെ ശേഷിയായി കൂടിയാണ് ഈ ആയുധങ്ങൾ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് ഇസ്രയേൽ-ഹമാസ് യുദ്ധത്തിനേക്കാൾ ഹിസ്ബുളളയുമായി യുദ്ധമുണ്ടായാൽ അതിൽ ആശങ്കപ്പെടാൻ ഒരുപാടുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുളളയെ ഇന്ന് കാണുന്ന സായുധ ശക്തിയായി വളർത്തിയതിൽ പ്രധാന പങ്ക് കൊല്ലപ്പെട്ടഹസൻ നസ്റള്ള വലിയ പങ്കുവഹിച്ചിട്ടുണ്ട്. പല പ്രധാനപ്പെട്ട ലോകരാജ്യങ്ങളും ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ, ജിസിസി രാജ്യങ്ങൾ തുടങ്ങിയവ ആ കൂട്ടത്തിൽപ്പെടുന്നവയാണ്.
1982 ൽ ലെബനനിലെ ഒരു കൂട്ടം ഷിയാ പുരോഹിതന്മാർ ലെബനനിൽ നിന്ന് ഇസ്രയേലിനെ തുരത്തി അവിടെ ഒരു ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിസ്ബുള്ള രൂപീകരിക്കുന്നത്. ലെബനനിലെ ഇസ്രായേലി അധിനിവേശത്തിനെതിരെയായിരുന്നു ഇവരുടെ പ്രവർത്തനം. ഷെയ്ഖ് സുബഹിക്കും അബ്ബാസ് മുസവിക്കും ശേഷം 1992ലാണ് ഹസൻ നസ്റള്ള ഹിസ്ബുള്ളയുടെ അമരത്തേക്ക് എത്തുന്നത്. ഇറാനിലെ ഇസ്ലാമിക് റെവലൂഷ്യനറി ഗാർഡിൻ്റെ സഹായത്തോടെയാണ് ഹിസ്ബുള്ള സായുധസംഘമായി സംഘടിക്കപ്പെട്ടത്. ഹിസ്ബുള്ളയിൽ ആളുകളെ ചേർത്ത് പരിശീലിപ്പിക്കുന്നതിനായി സിറിയയുടെ സഹായത്തോടെ 1500 ഇറാനിയൻ പട്ടാളക്കാർ ലെബനനിലെത്തി. ലെബനനിൽ പ്രവർത്തിച്ചിരുന്ന വിവിധ ഷിയാ തീവ്രവാദ ഗ്രൂപ്പുകളെ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു. 1979ൽ ആയത്തുള്ള അൽ ഖമേനിയുടെ നേതൃത്വത്തിൽ ഇറാനിൽ നടന്ന ഇസ്ലാമിക് വിപ്ലവവും ഹിസ്ബുള്ളയ്ക്ക് പ്രചോദനമായി. നസ്‌റുല്ല മിലിറ്ററി കമാൻഡർ ആയി മാറിയതോടെ ഹിസ്ബുള്ള കൂടുതൽ അപകടകാരിയായി മാറി.
ലെബനനിലെ വിദേശ ശക്തികളെ പുറത്താക്കുക എന്നതായിരുന്നു ഹിസ്ബുള്ളയുടെ പ്രധാന ലക്ഷ്യം. അമേരിക്കയേയും ഫ്രഞ്ചുകാരേയും അവരുടെ കൂട്ടാളികളേയും പുറത്താക്കുകയാണ് ലക്ഷ്യമെന്ന് അവരുടെ മാനിഫെസ്റ്റോയിൽ തന്നെയുണ്ട്. അതിനായി നടത്തിയ ചില പോരാട്ടങ്ങൾ വിജയം കാണുകയും ചെയ്തു. 1983ലും 1984ലും അമേരിക്കയുടേയും ഫ്രാൻസിന്റെയും സൈനിക കേന്ദ്രങ്ങളിലും എംബസികളിലും നടത്തിയ ചാവേർ ആക്രമണങ്ങൾ അതിന് ഉദാഹരണമാണ്. പിന്നീട് ഹിസ്ബുള്ളയുടെ പ്രധാന ലക്ഷ്യമായി ഇസ്രയേൽ മാറി. 1990ൽ ലെബനനലിലെ ആഭ്യന്തര യുദ്ധം അവസാനിക്കുമ്പോൾ ഹിസ്ബുള്ളയെ മാത്രം സിറിയ നിരായുധരാക്കിയില്ല. ഹിസ്ബുള്ളയുടെ സൈനിക ശക്തിക്ക് ഇറാനിൽ നിന്നുള്ള ഗണ്യമായ സാമ്പത്തിക സൈനിക പിന്തുണയുണ്ട്.
ഷിയ മുസ്ലീങ്ങൾക്ക് സ്വാധീനമുള്ള തെക്കൻ ലെബനനും ബെക്കാ താഴ്‌വരയും തെക്കൻ ബെയ്‌റൂട്ടുമാണ് ഹിസ്ബുള്ളയുടെ പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ. ഇസ്രയേൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2006 ജൂലൈയിൽ ഹിസ്ബുല്ല ഇസ്രയേലിനെതിരെ സൈനിക ആക്രമണം നടത്തിയിരുന്നു. പക്ഷേ ഇസ്രയേൽ അതിശക്തമായി പ്രത്യാക്രമണം നടത്തി. പ്രത്യാക്രമണത്തിൽ ലെബനനിലെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. എന്നാലും ഇസ്രയേലിനെ ആക്രമിക്കാൻ ഹിസ്ബുളള കാണിച്ച ധൈര്യം അറബ് ലോകത്ത് പ്രകീർത്തിക്കപ്പെട്ടു. അതോടെ ഹിസ്ബുള്ളയും ഹസൻ നസ്റള്ളയും അറബ് ലോകത്തെമ്പാടും വാഴ്ത്തപ്പെട്ടു.
2006ന് ശേഷം ഹിസ്ബുള്ളയുടെ സൈനിക ശക്തി വർധിച്ചു. സ്വന്തമായി റേഡിയോ നിലയങ്ങളും ടെലിവിഷൻ കേന്ദ്രങ്ങളുമുള്ള ഹിസ്ബുള്ള ലെബനനിലുള്ളിൽ മറ്റൊരു രാഷ്ട്രമായാണ് പ്രവർത്തിച്ച് വരുന്നത്. എന്തായാലും ഹിസ്ബുള്ളയെ മുച്ചൂടും മുടിക്കാനുള്ള നീക്കവുമായി ഇസ്രയേൽ മുന്നോട്ട് പോകുമ്പോൾ ഹമാസിനെപ്പോലെ ചെറുത്ത് നിൽപ്പില്ലാതെ ഹിസ്ബുള്ള ആയുധം വെച്ച് കീഴടങ്ങുമോ അതോ ശക്തമായ പ്രത്യാക്രമണം നടത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഹിസ്ബുള്ളയ്ക്കെതിരായ നീക്കങ്ങൾ ഇസ്രയേൽ കടുപ്പിച്ചാൽ ഇറാൻ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണ്ണായകമാണ്. കാര്യങ്ങൾ കൈവിട്ട് പോയാൽ മൂന്നാമതൊരു ലോകയുദ്ധത്തിന് ഇത് വഴിതുറക്കുമോ എന്ന ആശങ്കയും ശക്തമാണ്.