'പുലിയെ മടയിൽ ചെന്ന് വീഴ്ത്തി' ഇസ്രയേൽ; നസറല്ലയില്ലാത്ത ഹിസ്ബുള്ളയ്ക്ക് അതിജീവിക്കാനാവുമോ?

എന്തായാലും ഹിസ്ബുള്ളയുടെ ഇസ്രയേലുമായുള്ള പോരാട്ട ചരിത്രം നസറള്ളയ്ക്ക് മുമ്പ് ശേഷം എന്നിങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്ന് തീർച്ചയാണ്

dot image

ലോകത്തിന് മുന്നിൽ അധികം പ്രത്യക്ഷപ്പെടാതെ മധ്യേഷ്യയിലെ സംഘർഷങ്ങളിൽ ഏറ്റവും നിറഞ്ഞു നിന്ന പേരായിരുന്നു ഹസൻ നസറല്ല എന്നത്. ഇസ്രയേലിനെ നേരിട്ട് വെല്ലുവിളിക്കാൻ ശേഷിയുള്ള സായുധസംഘം എന്ന നിലയിലേയ്ക്ക് ഹിസ്ബുള്ളയെ വളർത്തിയ നസറല്ല പക്ഷെ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്ന് തന്നെ പറയാം. സ്വന്തം അനുയായികൾക്കും സഖ്യകക്ഷികൾക്കും മുന്നിൽ പോലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന നസറല്ലയുടെ ജീവിതത്തിന് ഏറ്റവും ഒടുവിൽ അദ്ദേഹത്തിൻ്റെ മരണം പോലെ തന്നെ രഹസ്യാത്മകതയുടെ ഒരു ആവരണമുണ്ടായിരുന്നു.

ഇസ്രയേലിന് ഭീഷണിയുയർത്തുന്ന ഒരു സായുധസംഘത്തിൻ്റെ തലവൻ എന്ന നിലയിൽ മൊസാദിൻ്റെ ലക്ഷ്യങ്ങളിൽ ഒന്ന് താനാണെന്ന് നസറല്ലയ്ക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നസറല്ല സ്വീകരിച്ച കരുതലുകൾ വ്യക്തമാക്കുന്നത്. എന്നാൽ സ്വന്തം അനുയായികളുടെ വലയത്തിൽ ഏറ്റവും സുരക്ഷിതനാണെന്ന കരുതുന്ന ഒളിയിടത്തിൽ വെച്ചായിരുന്നു ഇസ്രയേൽ നസറല്ലയുടെ ജീവനെടുത്തത്. ഹിസ്ബുള്ളയുടെ ആത്മവീര്യം തകർക്കുന്ന നിലയിലായിരുന്നു ഇസ്രയേലിൻ്റെ ഈ കടന്നാക്രമണം. സെപ്റ്റംബർ 27നായിരുന്നു ഹിസ്ബുള്ള എല്ലാ സുരക്ഷിതത്വത്തോടെയും ഒരുക്കിയ ബങ്കറിൽ നസറല്ല കൊല്ലപ്പെട്ടത്. നേരത്തെ പേജർ-വാക്കിടോക്കി സ്ഫോടനങ്ങളിലൂടെ ഹിസ്ബുള്ളയുടെ നിരവധി നേതാക്കളെ ഇസ്രയേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെ നസറല്ലയുടെ കൊലപാതകം അക്ഷരാർത്ഥത്തിൽ ഹിസ്ബുള്ളയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

നസ്റുള്ളയുടെ കൊലപാതകത്തിൻ്റെ പിറ്റേന്ന് ഇറാഖിൽ പിറന്ന നൂറോളം നവജാതശിശുക്കൾക്ക് നസറല്ലയുടെ പേര് നൽകിയത് മധ്യേഷ്യയിലെ ഷിയാ വിഭാഗങ്ങൾക്കിടയിൽ നസറുള്ളയുടെ സ്വാധീനത്തിന് അടവരയിടുന്നുണ്ട്

നസറല്ലയുടെ കൊലപാതകം ലോകവ്യാപകമായി ഷിയാ വിഭാഗക്കാരെ വൈകാരികമായി വേദനിപ്പിച്ചിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി തന്നെ നസറല്ലയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. നസറല്ലയുടെ കൊലപാതകത്തിൻ്റെ പിറ്റേന്ന് ഇറാഖിൽ പിറന്ന നൂറോളം നവജാതശിശുക്കൾക്ക് അദ്ദേഹത്തിൻ്റെ പേര് നൽകിയത് മധ്യേഷ്യയിലെ ഷിയാ വിഭാഗങ്ങൾക്കിടയിൽ നസറല്ലയുടെ സ്വാധീനത്തിന് അടവരയിടുന്നുണ്ട്. ഹിസ്ബുള്ളയെ സംബന്ധിച്ച് കേവലം സൈനീകതന്ത്രജ്ഞൻ മാത്രമായിരുന്നില്ല നസറല്ല. ഹിസ്ബുള്ളയുടെ രാഷ്ട്രീയ-ആത്മീയ പ്രകാശനത്തിൻ്റെ തലയും നാവുമായിരുന്നു നസറല്ല. അതിനാൽ തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗത്തെ അതിജീവിക്കാനുള്ള ശേഷി ഹിസ്ബുള്ളയ്ക്കുണ്ടാകുമോ എന്ന സന്ദേഹം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്.

ഹിസ്ബുള്ളയുടെ പോരാട്ടവീര്യം നസറല്ലയുടെ തലയിൽ വിരിഞ്ഞത്

ലെബനനിലെ ഒരുപച്ചക്കറി വിൽപ്പനക്കാരൻ്റെ മകനായി ദരിദ്രസാഹചര്യത്തിലായിരുന്നു നസറല്ലയുടെ ജനനം. പിന്നീട് ഇറാഖിലെ നജാഫിൽ മതം പഠിക്കാൻ പോയ കാലഘട്ടമാണ് നസറല്ലയിലെ പോരാളിയെ രൂപപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. ഷിയാ പുരോഹിതന്മാരുമായുള്ള ഇടപഴകൽ തീവ്രനിലപാടുകാരനായിരുന്ന അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെ കൂടുതൽ തീവ്രമാക്കി. നജാഫിൽ വെച്ച് സയ്യിദ് അബ്ബാസ് മുസ്സാവിയെ കണ്ടുമുട്ടിയത് നസറല്ലയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1978ൽ സദ്ദാംഹുസൈൻ്റെ ബാത്ത്പാർട്ടിക്കാർ ഷിയാകൾക്കെതിരെ ആക്രമണം അഴിച്ച് വിട്ടതോടെ 1978ൽ നസറല്ല മുസ്സാവിക്കൊപ്പം ലെബനനിലേയ്ക്ക് മടങ്ങി. നേരത്തെ ലെബനൻ ആഭ്യന്തര യുദ്ധത്തിന് മുമ്പായി തെക്കൻ ലെബനനെ സംരക്ഷിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ഷിയാ സായുധ സംഘമായ അമലിൻ്റെ (മൂവ്‌മെൻ്റ് ഓഫ് ദി ഡിപ്രൈവ്ഡ്) ഭാഗമായിരുന്നു നസറല്ല.

ഇറാനിലെ ഇസ്ലാമിക വിപ്ലവം മിഡിൽ ഈസ്റ്റിലെ ഷിയാ വിഭാഗങ്ങളുടെ ചെറുത്ത് നിൽപ്പുകൾക്ക് കൂടുതൽ ഊർജ്ജം പകർന്നിരുന്നു. ഏതാണ്ട് ഈ ഘട്ടത്തിലാണ് ലെബനനിലെ ഷിയാ വിഭാഗത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്ന ഇറാനിയൻ ഷിയാ പണ്ഡിതനായ മൂസ അൽ-സദറിനെ നസറല്ല കണ്ടുമുട്ടുന്നത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയനിലപാടുകൾ പരുവപ്പെടുന്നത് ഇതിന് ശേഷമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

1982ൽ പിഎൽഒയ്ക്കെതിരായ യുദ്ധപ്രഖ്യാപനവുമായി ഇസ്രയേൽ ലെബനന്‍ ആക്രമിച്ചത് നസറല്ലയുടെ ജീവിതത്തിലെ നിർണ്ണായക സന്ദർഭമായി മാറി. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ സായുധ വിഭാഗമായ അബു നിദാൽ ഓർഗനൈസേഷൻ ലണ്ടനിലെ ഇസ്രായേൽ അംബാസഡറായിരുന്ന ഷ്ലോമോ അർഗോവിനെ വധിക്കാൻ ശ്രമിച്ചതിന് പിന്നാലെയായിരുന്നു പിഎൽഒയെ തുരത്താനായി ഇസ്രയേൽ ലെബനനിലേയ്ക്ക് കടന്ന് കയറിയത്. അന്ന് 'അമലി'നോട് ചേർന്ന് പ്രവർത്തിച്ചിരുന്ന നനസറല്ലയും മുസ്സാവിയും ലെബനനിൽ രൂപീകരിച്ച ദേശീയ സമിതിയിൽ അമൽ പങ്കാളികളായതിൽ നിരാശരായി. ഇതിന് പിന്നാലെ ഇസ്ലാമിക് ജിഹാദ് എന്ന കൂട്ടായ്മയുടെ ഭാഗമായി നസറല്ല പ്രവർത്തിച്ചു. ഈ ഘട്ടത്തിൽ ശത്രുക്കൾക്കെതിരെ നിരവധി ചാവേർ ആക്രമണങ്ങളാണ് ഈ കൂട്ടായ്മ നടത്തിയത്. 1982ലാണ് ഹിസ്ബുള്ള രൂപീകരിക്കപ്പെടുന്നത്. ദൈവത്തിൻ്റെ പാർട്ടി എന്നായിരുന്നു ഹിസ്ബുള്ളയുടെ അർത്ഥം. 1985ൽ ഹിസ്ബുള്ളയുടെ മാനിഫെസ്റ്റോ പുറത്തിറങ്ങി. ഇസ്രയേലിനെ തകർക്കുകയും ലെബനനിലെ വിദേശ ശക്തികളെ പുറത്താക്കുകയുമായിരുന്നു ഹിസ്ബുള്ളയുടെ പ്രധാന ലക്ഷ്യം.

1985ലാണ് നസറല്ല ഹിസ്ബുള്ളയുടെ പ്രധാനനേതാവ് എന്ന നിലയിൽ ശ്രദ്ധേയനാകുന്നത്. ഇതേ വർഷമാണ് അദ്ദേഹം ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവനായും ശൂറ കൗൺസിൽ അംഗവുമായി മാറിയത്. ഇക്കാലയളവിൽ ഇറാനിലെ ഷിയാ നേതൃത്വവുമായി വിശേഷിച്ച് ആത്മീയ നേതാവ് അയത്തൊള്ള ഖമനയിയുമായി നസറല്ല അടുത്ത ബന്ധം സ്ഥാപിച്ചു. ഹിസ്ബുള്ള മേധാവിയായിരുന്ന അബ്ബാസ് അൽ മുസാവിയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ 1992ലാണ് നസറല്ല ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ കീഴിൽ ഹിസ്ബുള്ള ഗറില്ലാ യുദ്ധതന്ത്രങ്ങൾ സ്വീകരിക്കുന്ന ഇസ്രയേലിനെ വെല്ലുവിളിക്കാൻ ശേഷിയുള്ള സായുധസംഘമായി മാറി. ഇറാൻ്റെ പിന്തുണ ഇക്കാലയളവിൽ ഹിസ്ബുള്ളയ്ക്ക് നിർലോഭം ലഭിച്ചു.

നീണ്ട പോരാട്ടത്തിനൊടുവിൽ 2000ത്തിൽ ഇസ്രയേൽ ദക്ഷിണ ലെബനനിൽ നിന്ന് പിൻവാങ്ങിയത് ഹിസ്ബുള്ളയുടെയും നസറല്ലയുടെ വിജയമായി ലോകം നിരീക്ഷിച്ചു. തെക്കൻ ലെബനനിൽ ഇസ്രയേലിൻ്റെ 30 വർഷത്തെ അധിനിവേശമാണ് ഇതോടെ അവസാനിച്ചത്. അറബ് ലോകത്ത് വിശേഷിച്ച് ഷിയാ വിഭാഗത്തിനിടയിൽ നസറല്ല വീരനായകനായി പ്രകീർത്തിക്കപ്പെട്ടു. ഈ യുദ്ധത്തിൽ നസറല്ലയുടെ മകൻ കൊല്ലപ്പെട്ടിരുന്നു. 2006-ൽ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ നടന്ന യുദ്ധത്തിൽ വിജയം അവകാശപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇസ്രയേൽ സേനയ്ക്ക് വരുത്തിവെച്ച നാശനഷ്ടവും ചെറുത്ത് നിൽപ്പും ഹിസ്ബുള്ളയുടെ സൈനികശേഷിയുടെ കരുത്തായി വിലയിരുത്തപ്പെട്ടിരുന്നു. 34 ദിവസത്തെ യുദ്ധത്തിനൊടുവിൽ ഇസ്രയേലിനെതിരെ ‘ദൈവിക വിജയം’ നേടിയെന്നായിരുന്നു നസറല്ലയുടെ പ്രസ്താവന.

രണ്ടായിരത്തിൻ്റെ അവസാനത്തോടെ ഇസ്രയേൽ വിരുദ്ധതയ്ക്കൊപ്പം ലെബനീസ് ദേശീയതയ്ക്ക് കൂടി ഊന്നൽ നൽകുന്ന രാഷ്ട്രീയലൈൻ നസറല്ല സ്വീകരിച്ചു. ഇത് ലെബനനിലും ഹിസ്ബുള്ളയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. ലെബനീസ് സർക്കാരിൽ പങ്കാളികളായി രാജ്യത്തിൻ്റെ രാഷ്ട്രീയഘടനയിലും തങ്ങളൊരു ഭാഗമാണ് എന്ന പ്രതീതി സൃഷ്ടിച്ച് കേവലം ഗറില്ലാ സായുധസംഘം എന്ന ഹിസ്ബുള്ളയുടെ പ്രതിച്ഛായയെ മറികടക്കാനുള്ള തന്ത്രവും അദ്ദേഹം പരീക്ഷിച്ചിരുന്നു. ഒരേ സമയം സൈനികമേധാവിയുടെയും രാഷ്ട്രീയ നേതാവിൻ്റെയും ആത്മീയ നേതാവിൻ്റെയും പരിവേഷം സൃഷ്ടിക്കാൻ ഹിസ്ബുള്ളയെ നയിച്ച മൂന്ന് പതിറ്റാണ്ടിനിടയിൽ നസറല്ലയ്ക്ക് സാധിച്ചിരുന്നു. ലെബനനുള്ളിലെ മറ്റൊരു രാജ്യമായും ഭരണകൂടത്തിനുള്ളിലെ മറ്റൊരു ഭരണകൂടമായും ഹിസ്ബുള്ള മാറിയെന്ന വിമർശനം ലെബനനിൽ ഹിസ്ബുള്ളയുടെ വേര് പടർന്ന് കിടക്കുന്നതിൻ്റെ ആഴം വ്യക്തമാക്കുന്നുണ്ട്.

ലെബനൻ്റെ ചെറുത്തുനിൽപ്പിൽ മാത്രമല്ല ഹിസ്ബുള്ളയുടെ പോരാട്ടവീര്യം അടയാളപ്പെടുത്തിയിരിക്കുന്നത്. സിറിയയിലെ ബഷർ-അൽ-അസദിനെ അധികാരഭ്രഷ്ടനാക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാനും ഹിസ്ബുള്ള പോരാളികൾ രംഗത്തിറങ്ങിയിരുന്നു. ഇറാൻ്റെ അഭ്യർത്ഥന മാനിച്ചാണ് നസറുള്ള ആയിരക്കണക്കിന് ഹിസ്ബുള്ള പോരാളികളെ സിറിയയിലേയ്ക്ക് അയച്ചതെന്ന് അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. അസദിൻ്റെ പതനം ലെബനൻ്റെ സഖ്യകക്ഷിയുടെ നഷ്ടമാകുമെന്ന് വ്യക്തമാക്കി നസറള്ള ഈ നീക്കത്തിന് ലെബനന്റെ താൽപ്പര്യം മുൻനിർത്തിയുള്ള നയതന്ത്രമാനവും സൃഷ്ടിച്ചിരുന്നു. എന്നാൽ ലെബനനിൻ്റെ പ്രതിസന്ധികൾക്ക് കാരണം ഹിസ്ബുള്ളയും നസറുള്ളയുമാണെന്നും വിശകലനങ്ങളുണ്ട്. അയൽരാജ്യങ്ങളുമായുള്ള ലെബനൻ്റെ സാമ്പത്തിക-കച്ചവട സഹകരണങ്ങൾ മോശമായതും രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചതും ഹിസ്ബുള്ള സംഘർഷാത്മകമായ നിലപാടുകളെ തുടർന്നാണ് എന്നാണ് വിമർശനം. ഹിസ്ബുള്ളയുടെ സിറിയൻ ഇടപെടലും വ്യാപക വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഹമാസിനെ പിന്തുണച്ച് ഇസ്രയേലിനെതിരെ യുദ്ധമുഖം തുറന്നു

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ച ഹമാസിൻ്റെ നീക്കമാണ് വീണ്ടും ഹിസ്ബുള്ള ഇസ്രയേൽ സംഘർഷവും ആളിക്കത്തിച്ചത്. 'വീരോചിതവും ധീരവും സർഗ്ഗാത്മകവുമായ മഹത്തായ പ്രവർത്തി' എന്നായിരുന്നു ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തെ നസറല്ല വിശേഷിപ്പിച്ചത്. ഹമാസ് ആക്രമണത്തിനും ഇസ്രയേലിൻ്റെ പ്രത്യാക്രമണത്തിനും പിന്നാലെ ലെബനീസ് അതിർത്തിയിൽ നിന്ന് ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചു വിട്ടു. ഏതാണ്ട് ഇതുവരെ ഇസ്രയേലിലേയ്ക്ക് ഹിസ്ബുള്ള 8,000ത്തോളം റോക്കറ്റുകൾ തൊടുത്തുവിട്ടതായാണ് കണക്കാക്കുന്നത്. ഗാസയിൽ ഹമാസിനെതിരായ പോരാട്ടത്തിനിടയിൽ ലെബനീസ് അതിർത്തിയിൽ ഹിസ്ബുള്ള മറ്റൊരു യുദ്ധമുഖം തുറന്നത് കഴിഞ്ഞ ഒരുവർഷമായി ഇസ്രയേലിന് തലവേദനയായിരുന്നു. നസറല്ല തന്നെയായിരുന്നു ഈ തന്ത്രത്തിൻ്റെ തലയെന്ന് ഇസ്രയേലിന് വ്യക്തമായിരുന്നു.

അനുചരന്മാരുടെ സംരക്ഷണവലയത്തിൽ അതീവസുരക്ഷിതനായി കഴിയുന്ന വ്യക്തിയായിരുന്നു നസറല്ല. എന്നാൽ ഇസ്രയേൽ ആക്രമണം മുൻകൂട്ടി കണ്ട് ബങ്കറിൽ സുരക്ഷിതനായി ഇരുന്ന നസറല്ലയെയാണ് ഇസ്രയേൽ വധിച്ചത്. പുലിമടയിൽ ചെന്ന് പുലിയെ കീഴടക്കുക ഇസ്രയേലിൻ്റെ തന്ത്രത്തിൽ ഹിസ്ബുള്ള മാത്രമല്ല ഇറാനും അക്ഷരാർത്ഥത്തിൽ അമ്പരന്ന് പോയിട്ടുണ്ട്

എന്തായാലും ഗാസയിൽ ഹമാസിനെ നാമാവശേഷമാക്കിയതിന് പിന്നാലെ അടുത്ത ലക്ഷ്യം ഹിസ്ബുള്ളയാണെന്ന് ഇസ്രയേൽ പ്രഖ്യാപിക്കുകയായിരുന്നു. അതിൻ്റെ മുന്നറിയിപ്പായിരുന്നു ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്ഫോടനം നടത്തിയത്. മൊബൈലുകൾ ഉപയോഗിക്കുന്നത് ആശയവിനിമയം ഹാക്ക് ചെയ്യാൻ കാരണമാകുമെന്ന് കണ്ട് പേജറുകളും വാക്കിടോക്കികളും ഉപയോഗിക്കാനുള്ള തീരുമാനത്തിന് പിന്നിൽ നസറല്ലയായിരുന്നു. ഈ നീക്കം തന്നെ ഹിസ്ബുള്ളയ്ക്ക് വിനയാകുന്നതായിരുന്നു കണ്ടത്. ഇസ്രയേലിൻ്റെ അടുത്തലക്ഷ്യം നസറല്ലയാണെന്ന് വ്യക്തമായിരുന്നു. ഇറാൻ്റെ മണ്ണിൽവെച്ച് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ വധിച്ച ഇസ്രയേലിന് ഹിസ്ബുള്ള മേധാവിയെ ലക്ഷ്യം വെയ്ക്കുക എളുപ്പമല്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. പൊതുഇടപെടൽ വലിയ നിലയിൽ പരിമിതപ്പെടുത്തി, അനുചരന്മാരുടെ സംരക്ഷണവലയത്തിൽ അതീവസുരക്ഷിതനായി കഴിയുന്ന വ്യക്തിയായിരുന്നു നസറല്ല. എന്നാൽ ഇസ്രയേൽ ആക്രമണം മുൻകൂട്ടി കണ്ട് ബങ്കറിൽ സുരക്ഷിതനായി ഇരുന്ന നസറല്ലയെയാണ് ഇസ്രയേൽ വധിച്ചത്. പുലിമടയിൽ ചെന്ന് പുലിയെ കീഴടക്കുക ഇസ്രയേലിൻ്റെ തന്ത്രത്തിൽ ഹിസ്ബുള്ള മാത്രമല്ല ഇറാനും അക്ഷരാർത്ഥത്തിൽ അമ്പരന്ന് പോയിട്ടുണ്ട്. അദ്ദേഹത്തെ വധിക്കാൻ ഇസ്രയേൽ സ്വീകരിച്ച തന്ത്രം വരും ദിവസങ്ങളിൽ പുറത്ത് വന്നേക്കാം. എന്തായാലും അത് വിരൽചൂണ്ടുന്നത് നസറല്ലയുടെ സുരക്ഷാസംവിധാനത്തിൽ വരെ ഇസ്രയേൽ ചാരന്മാർ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന സൂചനയിലേയ്ക്ക് തന്നെയാണ്.

ഗാസയിലെ ഹമാസിൻ്റെ ഗതി തന്നെയാകുമോ ലെബനനിൽ ഹിസ്ബുള്ളയെ കാത്തിരിക്കുന്നതെന്നാണ് നസറല്ലയുടെ വധത്തിന് പിന്നാലെ ഉയരുന്ന ചോദ്യം. ഹിസ്ബുള്ളയുടെ പവർബാറ്ററിയായിരുന്ന നസറല്ലയുടെ അപ്രതീക്ഷിതമായ കൊലപാതകം സായുധപോരാളികളുടെ ഊർജ്ജം ചോർത്തികളഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നസറല്ലയുടെ മൃതദേഹം അജ്ഞാത പ്രദേശത്താണ് സംസ്കരിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തങ്ങളുടെ ആത്മീയ-സൈനീക-രാഷ്ട്രീയ സ്വരൂപത്തിൻ്റെ കൊലപാതകത്തിന് പകരം വീട്ടുമെന്നും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഒരുക്കുമെന്നും ഹിസ്ബുള്ള പോരാളികൾ പ്രതിജ്ഞയെടുത്താൽ ഇസ്രയേലിന് കാര്യങ്ങൾ കടുപ്പമാകും. നസറല്ലയുടെ കൊലപാതകത്തിന് പിന്നാലെ ആത്മവീര്യം ചോർന്ന് ആസൂത്രണങ്ങൾ തകർന്ന് ഹിസ്ബുള്ള നിർവീര്യമായാൽ ഗാസയിൽ സംഭവിച്ചത് തന്നെ ലെബനനിലും സംഭവിക്കും. ഹിസ്ബുള്ളയെ സംബന്ധിച്ച് അനവസരത്തിലുള്ള തിരിച്ചടി തന്നെയാണ് നസറല്ലയുടെ കൊലപാതകം. ഇസ്രയേലിനെ സംബന്ധിച്ച് ഹിസ്ബുള്ളയെന്ന ഭീഷണിയെ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള വലിയ അവസരവുമാണ് ഇത്. നസറല്ലയില്ലാത്ത ഹിസ്ബുള്ളയ്ക്ക് അദ്ദേഹത്തിൻ്റെ കാലത്ത് നേരിട്ടത് പോലെ ഇസ്രയേലിനെ നേരിടാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. എന്തായാലും ഹിസ്ബുള്ളയുടെ ഇസ്രയേലുമായുള്ള പോരാട്ട ചരിത്രം നസറല്ലയ്ക്ക് മുമ്പ് ശേഷം എന്നിങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്ന് തീർച്ചയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us