ഇന്ന് മധ്യേഷ്യ യുദ്ധഭീതിയുടെ മുൾമുനയിലാണ്. എക്കാലത്തെയും പോലെ അരനൂറ്റാണ്ടിലേറെയായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷമാണ് പതിവ് പോലെ മധ്യേഷ്യയിൽ സ്ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത്തവണയും മൂലകാരണമായിരിക്കുന്നത്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനെ പെട്ടെന്നുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെടുത്തി ആത്യന്തീകമായ ശരിതെറ്റുകൾ വിലയിരുത്താൻ ആകില്ല. ചരിത്രപരമായ നിരവധി ശരി-തെറ്റുകളുടെ പേരിലുള്ള ആശങ്കയും അധിനിവേശവും കീഴടക്കലും കീഴടങ്ങലും അടിച്ചമർത്തലും ചെറുത്തുനിൽപ്പുമെല്ലാം ചേരുന്നതാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ ശരിയായ പശ്ചാത്തലം.
എന്തായാലും നിലവിലെ സംഘർഷങ്ങൾ ഈ നിലയിൽ മൂർച്ഛിക്കാനുള്ള പെട്ടെന്നുള്ള കാരണം കൃത്യം ഒരുവർഷം മുമ്പ് ഇസ്രയേലിലേയ്ക്ക് കടന്ന് കയറി ഹമാസ് നടത്തിയ ആക്രണമാണ്. കാലങ്ങളായി ഗാസയെ ഉപരോധം കൊണ്ട് വീർപ്പുമുട്ടിച്ച ഇസ്രയേലിൻ്റെ മനുഷ്യത്യവിരുദ്ധ നിലപാടിനോടുള്ള ഹമാസിൻ്റെ പ്രതിരോധം എന്ന നിലയിൽ ഒരു വിഭാഗവും എന്നാൽ മനുഷ്യത്വരഹിതമായ തീവ്രവാദ ആക്രമണമെന്ന് മറ്റൊരു വിഭാഗവും ഇതിനെ വാദിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നുണ്ട്. എന്തുതന്നെയായാലും നിലവിലെ സംഘർഷത്തിൻ്റെ പെട്ടെന്നുള്ള കാരണം ഹമാസിൻ്റെ ഇസ്രയേലിനെതിരെ ആക്രമണം തന്നെയായിരുന്നു എന്നതിൽ തർക്കമില്ല. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഒരുവർഷമായി ഇതിൻ്റെ ഭാഗമായി ഉണ്ടായ സംഭവവികാസങ്ങളുടെ നാൾവഴികൾ ഇങ്ങനെ അടയാളപ്പെടുത്താം.
2023 ഒക്‌ടോബർ 7
ഇസ്രയേലിന് നേരെ ഹമാസ് സായുധപോരാളികൾ ഏതാണ്ട് നാലായിരത്തിലേറെ റോക്കറ്റുകൾ തൊടുത്തു വിടുന്നു. ഇസ്രയേലിൻ്റെ വിഖ്യാതമായ വ്യോമപ്രതിരോധമായ അയൺഡോമിൻ്റെ പ്രതിരോധം മറികടന്ന് ഇവയിൽ ചിലത് ഇസ്രയേലിൽ ആൾനാശമുണ്ടാക്കുന്നു. ഇതിനൊപ്പം തന്നെ ഒക്ടോബർ 7 ന് പുലർച്ചെ നൂറുകണക്കിന് ഹമാസ് പോരാളികൾ തെക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുന്നു. അതിർത്തിയിൽ ഇസ്രയേൽ തീർത്ത അതിശക്തമായ പ്രതിരോധ സംവിധാനങ്ങളെ തകർത്തായിരുന്നു ഹമാസ് പോരാളികളുടെ ഈ നീക്കം. വാഹനങ്ങളും പാരാമോട്ടറിങ്ങും(പിപിജി) ഉപയോഗിച്ചായിരുന്നു ഈ കടന്ന് കയറ്റം. 7000ത്തോളം സായുധപോരാളികൾ ഈ ഓപ്പറേഷനിൽ പങ്കാളികളായി എന്നാണ് ഇസ്രയേലിൻ്റെ കണക്ക്. ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്’ എന്നായിരുന്നു ഹമാസ് ഈ ഓപ്പറേഷന് നൽകിയ പേര്. ഗാസയെ ഉപരോധിക്കുന്ന മനുഷ്യത്യവിരുദ്ധ സമീപനത്തിന് പുറമെ മസ്ജിദുൽ അഖ്‌സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളോടും അറസ്റ്റുകളോടും കുടിയൊഴിപ്പിക്കലുകളോടുമുള്ള പ്രതികരണമായിരുന്നു നടത്തിയതെന്നായിരുന്നു ഈ കടന്നുകയറ്റത്തിന് കാരണമായി ഹമാസ് ചൂണ്ടിക്കാണിച്ചത്. ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്’ എന്ന് ഈ ഓപ്പറേഷന് ഹമാസ് പേര് നൽകാൻ കാാരണവും ഇതുതന്നെയായിരുന്നു. എന്തായാലും ബ്ലാക്ക് ശബത്ത് എന്നായിരുന്നു ഈ കടന്നുകയറ്റത്തെ ഇസ്രയേൽ വിശേഷിപ്പിച്ചത്. ഹമാസിൻ്റെ കടന്ന് കയറ്റത്തിൽ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിൻ്റെ ഔദ്യോഗിക കണക്ക്. ഡസൻ കണക്കിന് ബലാത്സംഗവും ലൈംഗികാതിക്രമവും കടന്നുകയറ്റത്തിൻ്റെ ഭാഗമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഹമാസ് ഈ ആരോപണങ്ങളെ പാടെ നിരാകരിച്ചിരുന്നു. കടന്നുകയറ്റത്തിനൊടുവിൽ വിദേശികളും ഇസ്രയേലികളുമായി 251 പേരെ ബന്ദികളാക്കിയാണ് ഹമാസ് പോരാളികൾ ഗാസയിലേയ്ക്ക് മടങ്ങിയത്.
2023 ഒക്‌ടോബർ 13
ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിക്കുകയും കര ആക്രമണത്തിൻ്റെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീടും സ്വത്തുക്കളും ഉപേക്ഷിച്ച് വടക്കൻ ഗാസയിൽ നിന്ന് ആളുകളോട് തെക്കോട്ട് പാലായനം ചെയ്യാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഇതിൻ്റെ ഭാഗമായി 2.4 ദശലക്ഷം ജനസംഖ്യയുള്ള വടക്കൻ ഗാസയിൽ നിന്നും ഭൂരിപക്ഷം ജനങ്ങളും പലായനം ചെയ്തുവെന്നാണ് പിന്നീട് യുഎൻ വ്യക്തമാക്കിയത്. ഒക്ടോബർ 13ന് തന്നെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർ ഗാസ മുനമ്പിനെ ലക്ഷ്യം വെച്ച് നീങ്ങി തുടങ്ങിയിരുന്നു.
2023 ഒക്‌ടോബർ 17
കരയാക്രമണ മുന്നറിയിപ്പിനിടെ ഗാസ സിറ്റിയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിൽ ഉണ്ടായ സ്ഫോടനത്തിൽ 471 പേർ കൊല്ലപ്പെടുകയും 342 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നിൽ തങ്ങളല്ലെന്നായിരുന്നു ഇസ്രയേലിന്റെ വാദം. ഹമാസ് തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റിയതാണെന്നും ഇസ്രയേൽ സൈന്യം വാദിച്ചിരുന്നു. ആശുപത്രിക്കെതിരെ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നായിരുന്നു പലസ്തീൻ അധികൃതരും ഹമാസും ആരോപിച്ചത്. എന്തായാലും ഈ വിഷയത്തിൽ ഇപ്പോഴും അവ്യക്തത ബാക്കിയാണ്. സംഭവത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
2023 ഒക്‌ടോബർ 27
വടക്കൻ ഗാസയിലും മധ്യഗാസയിലും നടത്തിയ കനത്ത വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഗാസ മുനമ്പിൽ കാത്ത് നിന്നിരുന്ന ഐഡിഎഫ് വടക്കൻ ഗാസയിലേയ്ക്ക് കരവഴി ഇരച്ച് കയറി.
2023 ഒക്ടോബർ 31
വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും 150ഓളം പേർക്ക് പരിക്കേറ്റതുമായാണ് പലസ്തീൻ അരോഗ്യമന്ത്രാലയം അറിയിച്ചത്. എന്നാൽ മരണപ്പെട്ട 129 പേർ അടക്കം 400പേരെ ആശുപത്രിയിലെത്തിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2023 നവംബർ 15
ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ പ്രവേശിച്ചു. നിരവധി ദിവസങ്ങൾ നീണ്ടുനിന്ന ഉപരോധത്തിന് ശേഷമായിരുന്നു ഈ നടപടി. വൈദ്യുതി വിതരണം അടക്കമുള്ള അടിസ്ഥാന സേവനങ്ങൾ നിലച്ചത് മൂലം നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള രോഗികൾ മരിച്ചുവെന്ന പരാതികൾക്കിടെയായിരുന്നു അൽ ഷിഫ ആശുപത്രി ലക്ഷ്യമാക്കി ഐഡിഎഫ് സൈനിക നടപടിക്ക് തുനിഞ്ഞത്. ആറ് ടാങ്കുകളും 100ഓളം സൈനീകരുമാണ് ആശുപത്രിയിലേയ്ക്ക് പ്രവേശിച്ചതെന്നായിരുന്നു ഈ ഘട്ടത്തിൽ റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നത്. ഹമാസിൻ്റെ ഒരു ഭൂഗർഭ കേന്ദ്രത്തിന് മറയായി ആശുപത്രി ഉപയോഗിച്ചുവെന്നായിരുന്നു ഐഡിഎഫിൻ്റെ വാദം. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിച്ചിരുന്നു.
2023 നവംബർ 20
ഗാസയിലെ ഇന്തോനേഷ്യൻ ഹോസ്പിറ്റലിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ രോഗികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. ഖത്തർ മുൻകൈ എടുത്ത് നടന്നു വന്നിരുന്ന വെടിനിർത്തൽ നീക്കങ്ങളെയും ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നു. ഗുതുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നവർ ഉൾപ്പെടെ ആക്രമണത്തിന് ഇരയായിരുന്നു. ആക്രമണത്തിനെതിരെ ലോകാരോഗ്യ സംഘടനയും പ്രതിഷേധം അറിയിച്ചു. ആശുപത്രികളിൽ കഴിയുന്ന രോഗികളും സാധാരണക്കാരും ഇത്തരത്തിൽ ഭീകരമായി ആക്രമിക്കപ്പെടുന്നതിനെതിരെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതിഷേധം.
2023 നവംബർ 24
ഇസ്രയേലും ഹമാസും തമ്മിലുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻകാർക്ക് പകരമായി 80 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിന് പുറമെ ബന്ദികളായ 25 തായ്ലാൻഡ് തൊഴിലാളികളെയും മോചിപ്പിച്ചിരുന്നു. ഈജിപ്ത് വഴി ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനുള്ള അനുമതി ഈ ഘട്ടത്തിൽ ഇസ്രയേൽ നൽകിയിരുന്നു. ഇന്ധനവും വെള്ളവും ഭക്ഷണവും ഇല്ലാതെ നരകയാതനയിലായിരുന്ന ഗാസയിലെ ജനങ്ങൾക്ക് പരിമിതമായ തോതിലെങ്കിലും ഇവ ലഭ്യമാകാനുള്ള സാഹചര്യവും വെടിനിർത്തലിനോട് അനുബന്ധിച്ച് ലഭിച്ചു.
2023 ഡിസംബർ 1
ഒരാഴ്ച നീണ്ട വെടിനിർത്തലിന് ശേഷം യുദ്ധം പുനരാരംഭിച്ചു. വെടിനിർത്തൽ നീട്ടണമെന്ന ആവശ്യം നിരാകരിച്ച് തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ സൈന്യം അവരുടെ ആദ്യത്തെ വലിയ കര ആക്രമണം നടത്തി.
2023 ഡിസംബർ 6
വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഒരേ കുടുംബത്തിലെ 22 പേർ കൊല്ലപ്പെട്ടു.
2023 ഡിസംബർ 8
യുഎൻ സുരക്ഷാ കൗൺസിലിൽ മാനുഷിക പരിഗണന വെച്ച് അടിയന്തര വെടിനിർത്തൽ എന്ന ആവശ്യം ഉയർന്നു. എന്നാൽ ഈ ആവശ്യത്തെ അമേരിക്ക വീറ്റോ ചെയ്തു. ബ്രിട്ടൻ യോഗത്തിൽ നിന്നും വിട്ടുനിന്നു.
2023 ഡിസംബർ 15
മൂന്ന് ഇസ്രായേലി ബന്ദികളെ സൈനിക നടപടിക്കിടെ ഇസ്രയേലി സൈന്യം അബദ്ധത്തിൽ വെടിവെച്ച് കൊന്നു. ബന്ദികളെ മോചിപ്പിക്കാൻ നടത്തിയ നീക്കത്തിനിടെയായിരുന്നു സംഭവം.
2023 ഡിസംബർ 18
ജബാലിയ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 110 പേരോളം കൊല്ലപ്പെട്ടു. ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ജബാലിയയിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിൻ്റെ വാദം.
2024 ജനുവരി 12
പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ ഭരണകൂടം വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രാരംഭ വാദങ്ങൾ കേൾക്കാൻ ആരംഭിച്ചു. ആരോപണം ഇസ്രായേൽ നിഷേധിച്ചു.
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകൾക്കെതിരെ ആക്രമണം അഴിച്ച് വിട്ടിരുന്നു. പ്രധാനചരക്ക് കപ്പൽ റൂട്ടായ ചെങ്കടലിലെ ഹൂതി ആക്രമണം അന്താരാഷ്ട്ര വ്യാപരത്തിന് ഭീഷണിയായിരുന്നു ഈ സാഹചര്യത്തിലായിരുന്നു ജനുവരി പന്ത്രണ്ടിന് അമേരിക്കയും ബ്രിട്ടനും യെമനനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയത്.
2024 ജനുവരി 22
സെൻട്രൽ ഗാസയിൽ ഒരൊറ്റ സംഭവത്തിൽ 21 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ സൈന്യത്തിന് ഏറ്റവും മാരകമായ തിരിച്ചടി കിട്ടിയ ദിവസം ഇതായിരുന്നു.
2024 ഫെബ്രുവരി 29
ഭക്ഷണ സഹായവുമായി പോയിരുന്ന ഒരു കോൺവേയെ ഇസ്രയേൽ സൈന്യം ആക്രമിക്കുകയും 120 വടക്കൻ ഗാസ നിവാസികൾ ഇസ്രായേൽ സൈന്യത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഫെബ്രുവരി അവസാനമായപ്പോഴേയ്ക്കും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഈ ഘട്ടത്തിൽ പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഈ സമയത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾ അഭയം പ്രാപിച്ചിരുന്ന തെക്കൻ നഗരമായ റഫയിലേക്ക് സൈനിക ആക്രമണം നടത്താനുള്ള ഇസ്രായേലിൻ്റെ പദ്ധതിയെക്കുറിച്ചുള്ള ആശങ്കയും ഈ ഘട്ടത്തിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. വടക്കൻ ഗാസയിൽ പട്ടിണി ആസന്നമാണെന്നും 1.1 ദശലക്ഷം ആളുകൾ പട്ടിണിയിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
2024 മാർച്ച്
മാർച്ച് ആദ്യം മുതൽ പല രാജ്യങ്ങളും ഗാസയിലേക്ക് എയർഡ്രോപ്പ് സഹായം എത്തിക്കുന്നു. മാർച്ച് 15 ന് സൈപ്രസിൽ നിന്നുള്ള പ്രഥമ ശുശ്രൂഷാ കപ്പൽ ഗാസയിൽ എത്തി.
2024 ഏപ്രിൽ 1
സിറിയയിലെ ഇറാനിയൻ എംബസിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഒരു ഉന്നത ജനറൽ ഉൾപ്പെടെ നിരവധി ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാൻ ആരോപിച്ചു. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡിലെ എട്ട് ഉദ്യോഗസ്ഥർ അടക്കം 16 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുഎസ് ചാരിറ്റി വേൾഡ് സെൻട്രൽ കിച്ചണിലെ സഹായികളായ ഏഴ് തൊഴിലാളികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഉണ്ടായിരുന്നു.'ദാരുണമായ തെറ്റ്' എന്നായിരുന്നു ഇസ്രയേലി സൈന്യം ഇതിനോട് പ്രതികരിച്ചത്.
2024 ഏപ്രിൽ 13
ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടു.ഇതിൽ ഭൂരിപക്ഷവും ഇസ്രയേലിൻ്റെ വ്യോമപ്രതിരോധം തകർത്തു. ആളപായം റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഇറാൻ്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
2024 ഏപ്രിൽ 19
ഇറാൻ്റെ മിസൈൽ ആക്രമണത്തിന് പകരം ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. മധ്യ ഇറാനിലെ നഗരമായ ഇസ്ഫഹാനിലെ ഒരു പ്രധാന സൈനിക വ്യോമതാവളത്തിനും ഒരു ആണവകേന്ദ്രത്തിനും ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇത് നിഷേധിച്ചിരുന്നു. ഇതിനിടെ ഏപ്രിലിൽ പതിനായിരക്കണക്കിന് ആളുകൾ ഇസ്രായേലിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. ബന്ദികളെ മോചിപ്പിക്കുന്നതിനായി വെടിനിർത്തൽ കരാറിലെത്താൻ പ്രതിഷേധക്കാർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
2024 മെയ്
മെയ് ആദ്യവാരം കെയ്‌റോയിൽ നടന്ന ചർച്ചകൾ വെടിനിർത്തൽ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. ഇസ്രയേലും ഹമാസും വെടിനിർത്തലിനുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈജിപ്ഷ്യൻ തലസ്ഥാനത്ത് ചർച്ചകൾ നടന്നത്. ഈജിപ്തും ഖത്തറും നിർദ്ദേശിച്ച വെടിനിർത്തൽ അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം ഇസ്രയേൽ റഫയിൽ ആക്രമണം നടത്തി. മെയ് 7ന് ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയിൽ ഇസ്രായേൽ സൈന്യം കര ആക്രമണം ആരംഭിച്ചു.
2024 ജൂൺ
ജൂൺ ആദ്യം ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയിൽ നാല് ബന്ദികളെ രക്ഷപെടുത്തി. ജൂൺ മാസത്തിൽ മധ്യ ഗാസയിലെ അൽ നുസെയ്‌റാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണമുണ്ടായി.
2024 ജൂലൈ
ജൂലൈ 13ന് തെക്കൻ ഗാസയിൽ നടന്ന ഒരു ആക്രമണത്തിൽ ഹമാസിൻ്റെ സായുധ വിഭാഗത്തിൻ്റെ തലവൻ മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേലിൻ്റെ സെറ്റിൽമെൻ്റ് നയം സംബന്ധിച്ച് ജൂലൈ 19ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്നു. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിൻ്റെ സെറ്റിൽമെൻ്റ് നയം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു വിധി. 'കുടിയേറ്റക്കാരെ ഇസ്രയേൽ വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും മാറ്റുന്നതും ഇസ്രയേൽ അവിടെ അവരുടെ സാന്നിധ്യം നിലനിർത്തുന്നതും നാലാം ജനീവ കൺവെൻഷൻ്റെ ആർട്ടിക്കിൾ 49 ന് വിരുദ്ധമാണ്', എന്നായിരുന്നു ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജഡ്ജിമാരുടെ പാനൽ വിധിപറഞ്ഞത്. സെറ്റിൽമെൻ്റുകളുടെ നിർമ്മാണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഹൂതികൾ ടെൽ അവീവിൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി ജൂലൈ 20ന് ഇസ്രയേൽ യെമനെ ആക്രമിച്ചു. ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ, ഇസ്രായേൽ സൈന്യവും ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷവും ജൂലൈ മാസത്തോടെ രൂക്ഷമായിയ ജൂലൈ 27 ന് ഇസ്രയേൽ പിടിച്ചടക്കിയ ഗോലാൻ കുന്നുകളിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടു. എന്നാൽ ഹിസ്ബുള്ള ഇതിൻ്റെ ഉത്തരവാദിത്തം നിഷേധിച്ചു. ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഫുവാദ് ഷുക്കർ ജൂലൈ 30 ന് ബെയ്‌റൂത്തിൻ്റെ പ്രാന്തപ്രദേശത്ത് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂലൈ മാസത്തിലെ ഏറ്റവും പ്രധാന സംഭവം ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകമായിരുന്നു. ജൂലൈ 31ന് ഇറാനിൽ വെച്ചായിരുന്നു ഇസ്രയേൽ ഹനിയ്യയെ വധിച്ചത്. പകരം നേതാവാായി യഹ്യ സിൽവാറിനെ ഹമാസ് നിയോഗിച്ചു.
2024 ഓഗസ്റ്റ്
ആഗസ്റ്റ് 10 ഗാസ സിറ്റിയിലെ ഒരു സ്‌കൂളിലെ അഭയകേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയിലെ മരണസംഖ്യ 40,000 കടന്നതായി ഓഗസ്റ്റ് 15ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 16-ന് അമേരിക്ക ഒരു പുതിയ സന്ധി കരാർ അവതരിപ്പിച്ചു. എന്നാൽ അത് ഹമാസ് ഉടൻ നിരസിച്ചു. ഈജിപ്തിൻ്റെ മധ്യസ്ഥതയിൽ, പിന്നീട് ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾ ഓഗസ്റ്റ് 22 ന് പുനരാരംഭിച്ചു. ആഗസ്റ്റ് 25ന്, ലെബനനിലേക്ക് നടത്തിയ വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ വലിയ തോതിലുള്ള ആക്രമണം പരാജയപ്പെടുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഡ്രോണുകളും നൂറുകണക്കിന് റോക്കറ്റുകളും ഇസ്രയേലിലേയ്ക്ക് വിജയകരമായി വിക്ഷേപിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ജൂലൈ 30ന് ബെയ്‌റൂട്ടിൽ ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ആക്രമണമെന്നായിരുന്നു ഹിസ്ബുള്ള വ്യക്തമാക്കിയത്.
ആഗസ്റ്റ് 28 ന്, അധിനിവേശ വെസ്റ്റ്ബാങ്കിൽ പലസ്തീൻ തീവ്രവാദികളെ തിരയാനെന്ന് പേരിൽ ഇസ്രയേൽ ഒരു വലിയ ഓപ്പറേഷൻ ആരംഭിച്ചു. റെയ്ഡ് ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ആഗസ്റ്റ് 31 ന് ഗാസയിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യം വീണ്ടെടുത്തു. പിന്നാലെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ ഗവൺമെൻ്റിന് മേൽ സമ്മർദ്ദം ഉണ്ടായെങ്കിലും നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയില്ല.
2024 സെപ്റ്റംബർ 17-18
സെപ്റ്റംബർ 17, 18 തീയതികളിൽ ലെബനനിലുട നീളം ഹിസ്ബുള്ള അംഗങ്ങൾ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ഇതിൽ കുറഞ്ഞത് 39 പേർ കൊല്ലപ്പെടുകയും 3,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2024 സെപ്തംബർ 27
സെപ്തംബർ 27 ന് തെക്കൻ ബെയ്റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുല്ല കൊല്ലപ്പെട്ടു. നസറല്ലയുടെ കൊലപാതകം മധ്യേഷ്യയിലെ സംഘർഷങ്ങളെ പൊടുന്നനെ സ്ഫോടനാത്മകമാക്കി. നസറല്ലയുടെ മരണം വെറുതെയാകില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പ്രഖ്യാപിച്ചു.
2024 ഒക്‌ടോബർ 1
ഇസ്രയേലിൻ്റെ നേർക്ക് ഇറാൻ 200ലേറെ മിസൈലുകൾ തൊടുത്തുവിട്ടു. ഹിസ്ബുള്ള മേധാവി നസറല്ലയുടെയും ഹമാസ് മേധാവി ഹനിയ്യയുടെയും കൊലപാതകങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നായിരുന്നു ഇസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടെ വിശദീകരണം. ഇസ്രയേൽ ലെബനനെതിരെ നിയന്ത്രിത കരയുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇറാൻ്റെ ആക്രമണം. ഒക്ടോബറിൽ തുടങ്ങിയ ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ലെബനനിൽ 1900 ആളുകൾ കൊല്ലപ്പെട്ടതായാണ് ലെബനീസ് അധികൃതർ പറയുന്നത്.
2024 ഒക്ടോബർ 6
വടക്കൻ ഗാസയിൽ നിന്നും തെക്കൻ ഇസ്രയേലിലേയ്ക്ക് റോക്കറ്റുകൾ തൊടുത്തതായി ഇസ്രയേൽ ആരോപിച്ചു. നിരവധി റോക്കറ്റുകൾ അതിർത്തി കടന്നെത്തിയെന്നും അതിൽ ഒരെണ്ണം തടഞ്ഞെന്നും ബാക്കിയുള്ളവ തുറസ്സായ സ്ഥലങ്ങളിൽ പതിച്ചെന്നുമായിരുന്നു ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 41,870 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗാസ ജനസംഖ്യയിൽ 55ൽ ഒരാൾ വീതം കൊല്ലപ്പെട്ടതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 16,756 പേർ കുട്ടികളാണ്. 11,346 സ്ത്രീകളും കൊല്ലപ്പെട്ടു. ഇസ്രയേലി സൈന്യം ആശുപത്രികളിൽ കൂട്ടസംസ്കാരം നടത്തിയ 520ഓളം മൃതശരീരങ്ങളും ഇതിൽ ഉൾപ്പെടും. ആക്രമണങ്ങളിൽ ഇതുവരെ 97,166 പേർക്ക് ഗാസയിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗാസ ജനസംഖ്യയിൽ 33ൽ ഒരാൾക്ക് പരിക്കേറ്റതായാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രയേലിൽ ഹമാസ് നടത്തിയ അക്രമണത്തിൽ 1139 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Content Highlights: One year of war in Gaza, The key dates in the Israel-Hamas conflict