ജാട്ടിനൊപ്പം നിന്നു, നഗരവോട്ട് കൈവിട്ടു; ഹരിയാനയില്‍ കോണ്‍ഗ്രസിന് പിഴച്ചതെവിടെ?

ജാട്ട് നേതാവ് ഭൂപിന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് ജാട്ട് വോട്ടുകൾ പൂർണമായും ബാലറ്റിലാക്കാനായില്ല

dot image

ചരിത്ര വിജയം നേടി ഹരിയാനയിൽ ബിജെപി മൂന്നാമതും അധികാരത്തിലേക്ക് കടക്കുകയാണ്. പ്രതീക്ഷിച്ചതിൽ നിന്ന് വിഭിന്നമായി ജമ്മു കശ്മീരിൽ നിന്ന് തികച്ചും വ്യത്യസ്തമായി മാറി മറിയുകയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്തുകൊണ്ടാണ് ഹരിയാന വോട്ടെണ്ണൽ പുരോഗമിച്ചത്. ആദ്യ ഒന്നര മണിക്കൂറിൽ മുന്നിൽ നിന്ന കോൺഗ്രസ് പൊടുന്നനെ പിന്നിലേക്ക് പോകുകയും ബിജെപി കേവല ഭൂരിപക്ഷത്തിനൊത്ത ലീഡ് നേടുകയുമായിരുന്നു. രണ്ട് ടേം ഭരിച്ച ബിജെപി സർക്കാരിന് നേരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയുമ്പോഴാണ് ബിജെപിയുടെ ഈ അവിശ്വസനീയ മുന്നേറ്റം. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്നതാണ് ഇതിനോടകം ലീഡ് നിലനിർത്തിയ ബിജെപിയുടെ പെർഫോർമൻസ്. കോൺഗ്രസിന്റെ കെെവെള്ളയിൽ നിന്ന് വിധി നിഷ്പ്രയാസം തങ്ങളുടെ കൈകളിലേക്കെത്തിക്കാൻ ബിജെപിക്കായി എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം.

കേവല ഭൂരിപക്ഷം നേടാൻ 90ൽ 46 സീറ്റ് വിജയം മതിയെന്നിരിക്കെ, ഉച്ചയ്ക്ക് 3.30 ആകുമ്പോൾ ബിജെപിക്ക് 50 സീറ്റിൽ ലീഡ് നിലനിർത്താനായിട്ടുണ്ട്. ഇതോടെ ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ (ഐഎൻഎൽഡി) സഹായത്തോടെയോ ഒറ്റയ്ക്കോ ബിജെപിക്ക് ഭരണത്തിലേറാനാകും. ഹരിയാനയിൽ ഇത് ചരിത്ര വിജയമാണ്. 1966 ൽ പഞ്ചാബിൽ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാർട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. ഹരിയാന കോൺഗ്രസിനെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് സംഭവിക്കില്ലെന്ന് കരുതിയ ഒന്ന് ബിജെപി സാധ്യമാക്കിയിരിക്കുന്നത്. എന്നാൽ കർഷക പ്രക്ഷോഭം, അഗ്നിവീർ പദ്ധതി, ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിങ്ങനെ സംസ്ഥാനം നേരിടുന്ന ഒരു പ്രശ്നത്തിലും പരിഹാരമുണ്ടാക്കാതെ ബിജെപി എങ്ങനെ ഈ വിജയം നേടി?

വോട്ടായ ജാട്ട് ഫാക്ടർ

ഹരിയാനയിൽ ജാട്ട് വോട്ടുകൾ പരമപ്രധാനമാണ്. പൂർണമായും ജാട്ട് വോട്ടുകൾ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് ഹരിയാനയിൽ പ്രവർത്തിച്ചത്. ഇതോടെ ബിജെപിക്ക് അനുകൂലമായി ജാട്ട് വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടു. എന്നാൽ ജാട്ട് നേതാവ് ഭൂപിന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് ജാട്ട് വോട്ടുകൾ പൂർണമായും ബാലറ്റിലാക്കാനുമായില്ല. എന്നാൽ ബിജെപിക്ക് ജാട്ട് വോട്ട് പോക്കറ്റിലാക്കാനായെന്നും വേണം വിലയിരുത്താൻ. ജാട്ട് ഭൂരിപക്ഷ സീറ്റുകളിൽ 36 എണ്ണത്തിൽ 19 എണ്ണത്തിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 36 ൽ 27 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഭൂരിപക്ഷം നേടാനായിരുന്നു.

നഗരങ്ങളിലെ ബിജെപി വോട്ട്, അഹിർവാൾ മേഖലയിലെ സ്വാധീനം

കിഴക്കൻ ഹരിയാനയിലെ അഹിർവാൾ മേഖലയിലെ വോട്ടുകളാണ് 2014 ലും 2019 ലും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ സഹായിച്ചത്. 11 മണ്ഡലങ്ങൾ ഉൾപ്പെട്ട ഈ മേഖല ബിജെപി തൂത്തുവാരിയെന്ന് വിധി വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും വിധി മറിച്ചായിരുന്നില്ല. 11 ൽ 10 സീറ്റും ബിജെപിക്ക് അനുകൂലമായിരുന്നു. ഹരിയാനയിലെ സൈബർ ഹബ്ബായ ഗുരുഗ്രാമും ബിജെപിക്ക് അനുകൂലമായി വിധിയെഴുതി.

നയാബ് സിങ് സയ്നി ബിജെപി പ്രവർത്തകർക്കൊപ്പം

അഹിർവാൾ നേതാവായ കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്ത് സിങ് ആറാം തവണയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുരുഗ്രാമിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മേഖലയിൽ പ്രചാരണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. മാത്രമല്ല, നഗരങ്ങളിലെ വോട്ടർമാരും ബിജെപിക്കൊപ്പം നിന്നു, നഗരങ്ങളിലെ വോട്ട് സ്വാംശീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞെില്ലെന്നത് പരാജയ കാരണമായി.

നയാബ് സിങ് സയ്നി നേതൃത്വം

നയാബ് സിങ് സയ്നിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായ പ്രചാരണ പരിപാടികൾ ബിജെപിയെ ഹാട്രിക് വിജയത്തിലെത്തിച്ചു. തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് സയ്നി ഹരിയാനയുടെ മുഖ്യമന്ത്രിയായത്. മനോഹർ ലാൽ ഖട്ടറിന്റെ ജനകീയത നഷ്ടപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം. ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നതിനാൽ പുലർത്തിയ വിജയിക്കുമെന്ന അമിത വിശ്വാസം കോൺഗ്രസിന് തിരിച്ചടിയായി. എളുപ്പം വിജയിക്കാമായിരുന്ന ഗെയിം ശ്രമകരമാക്കി മറുചേരിക്ക് നൽകിയെന്ന വിലയിരുത്തലാണ് ഹരിയാനയിലെ കോൺഗ്രസിന്റെ പരാജയത്തിൽ പൊതുവിൽ പുറത്തുവരുന്നത്. സയ്നി തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഖട്ടറെ കേന്ദ്രമന്ത്രിയാക്കിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമോ മറ്റൊരു തടസ്സമോ ബിജെപിക്ക് ഹരിയാനയിൽ ഉണ്ടാകില്ല.

കോൺഗ്രസ് പ്രചാരണത്തിനിടെ

എന്നാൽ ആദ്യം മുതലേ ബിജെപി ഉയർത്തുന്ന വിമർശനം, വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നേതാക്കൾ കടിപിടി കൂടുന്നത് കാണേണ്ടി വരും എന്നതാണ്. സമാനമായി കോൺഗ്രസ് പാളയത്തിൽ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവും 2005 മുതൽ 2014 വരെ മുഖ്യമന്ത്രിയുമായിരുന്ന ഭുപീന്ദർ സിങ് ഹൂഡയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടിരുന്നത്. എന്നാൽ ദളിത് നേതാവ് കുമാരി സെൽജ, റൺദീപ് സുർജേവാല, ഭുപിന്ദറിന്റെ മകൻ ദീപേന്ദർ സിങ് ഹൂഡ എന്നിവരും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരാണ്. 90 സീറ്റിൽ 72 സീറ്റും ഹൂഡ തന്റെ വിശ്വസ്തർക്ക് നൽകി. വെറും 9 സീറ്റ് മാത്രമാണ് മറുപക്ഷത്തിന് ലഭിച്ചത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുപോകാതിരിക്കാനുള്ള ഹൂഡയുടെ ഈ നീക്കം പാർട്ടിക്ക് ലഭിക്കേണ്ടിയിരുന്ന വിജയം കൈവിട്ടുപോകുന്നതിന് ഒരു ഘടകമായി.

Content Highlight:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us