കുല്‍ഗാം ഒരിക്കല്‍ കൂടി വിളിക്കുന്നു 'ഇങ്ക്വിലാബ് സിന്ദാബാദ്', അഞ്ചാമങ്കത്തിലും തരിഗാമി തന്നെ

'എനിക്ക് മുട്ടാൻ വേറെ വാതിലുകളൊന്നുമില്ല, പക്ഷേ നിങ്ങളുടേതുണ്ട്' എന്നാണ് തരി​ഗാമി കുൽ​ഗാമിലെ ജനങ്ങളോട് പറഞ്ഞത്. ആ വാക്കുകളെ കുൽ​ഗാം വിശ്വാസത്തിലെടുത്തതിന്റെ പ്രതിഫലനമാണ് ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം.

വീണാ ചന്ദ്
1 min read|08 Oct 2024, 02:13 pm
dot image

"അടിച്ചമർത്തലിന്റെ,
സ്വേഛാധിപത്യത്തിന്റെ കാര്യമാണ്
അജ്ഞതയുടെ രാത്രിയാണ്
എനിക്ക് അം​ഗീകരിക്കാനാവില്ല
എനിക്ക് സമ്മതിക്കാനാവില്ല.."

ഹബീബ് ജലീബ് (ദസ്തൂർ)

ഈ വരികൾ എഴുതിച്ചേർത്ത വാഹനത്തിലായിരുന്നു ജമ്മുകശ്മീരിലെ കുൽ​ഗാം നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി യൂസഫ് തരി​ഗാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച ചെങ്കൊടികൾ പാറിച്ച് ആ വാ​ഹനം കുൽ​ഗാമിലെ ഓരോ മുക്കിലും മൂലയിലുമെത്തി, ഓരോ വോട്ടറെയും തരി​ഗാമി നേരിൽക്കണ്ടു. എനിക്ക് മുട്ടാൻ വേറെ വാതിലുകളൊന്നുമില്ല, പക്ഷേ നിങ്ങളുടേതുണ്ട് എന്നാണ് തരി​ഗാമി കുൽ​ഗാമിലെ ജനങ്ങളോട് പറഞ്ഞത്. ആ വാക്കുകളെ കുൽ​ഗാം വിശ്വാസത്തിലെടുത്തതിന്റെ പ്രതിഫലനമാണ് ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം. 1996 മുതൽ തുടരുന്ന വിജയഗാഥ ഇക്കുറിയും തരിഗാമി എന്ന 73കാരൻ ആവർത്തിച്ചിരിക്കുന്നു!

നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് തരിഗാമി ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റെഷിയാണ് രണ്ടാമതെത്തിയത്. പിഡിപി സ്ഥാനാർഥി മുഹമ്മദ് അമീൻ ദർ മൂന്നാമതായി. നാല് തവണ വെന്നിക്കൊടി പാറിച്ച കുൽ​ഗാമിൽ അഞ്ചാമങ്കത്തിനായി ഇക്കുറി തരി​ഗാമി ഇറങ്ങുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന വിലയിരുത്തലാണ് പൊതുവേ ഉയർന്നത്. ജമാ അത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് തരി​ഗാമിക്ക് വെല്ലുവിളിയാകുമെന്ന് അഭിപ്രായങ്ങളുയർന്നിരുന്നു. കാരണം, ജമാ അത്തെ ഇസ്ലാമിക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് കുൽ​ഗാം. അതുമാത്രമല്ല, നിയോജകമണ്ഡല പുനർനിർ‌ണയവും തരി​ഗാമിക്ക് തിരിച്ചടിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2022ൽ അതിർത്തി പുനർനിർണയിച്ചതോടെ കമ്മ്യൂണിസ്റ്റ് വോട്ടുകളുടെ പാളയങ്ങൾ പലതും തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. ഇതിനൊക്കെ പുറമേയായിരുന്നു തരി​ഗാമിയുടെ അടുപ്പക്കാരിലൊരാളായ മുഹമ്മദ് അമീൻ ദറിന്റെ കൂറുമാറ്റം. ഇടതുകോട്ട വിട്ട് പിഡിപിയിലെത്തിയ അമീൻ ദർ തരി​ഗാമിക്കെതിരെ മത്സരത്തിനിറങ്ങിയത് പ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. 2003 മുതൽ തരി​ഗാമിക്കൊപ്പമുണ്ടായിരുന്ന എഞ്ചിനീയർ മൊഹമ്മദ് അഖീബും മാസങ്ങൾക്കു മുമ്പ് പാർട്ടി വിട്ട് പോയി ജമ്മു ആന്റ് കശ്മീർ‌ അപ്നി പാർട്ടി ടിക്കറ്റിൽ മത്സരത്തിനിറങ്ങിയതും വെല്ലുവിളിയായിരുന്നു. എന്നാൽ, ഇതൊന്നും തന്നിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കില്ലെന്ന തരി​ഗാമിയുടെ ആത്മവിശ്വാസം തന്നെ ഒടുവിൽ വിജയിച്ചു.

കർഷക കുടുംബത്തിൽ നിന്ന് ചെങ്കൊടിയേന്തുന്ന നേതാവിലേക്ക് ….

1949ൽ കുൽ​ഗാമിലെ തരി​ഗാമി ​ഗ്രാമത്തിലാണ് യൂസഫ് തരി​ഗാമിയുടെ ജനനം. ഇടത്തരം കുടുംബം, പിതാവ് കർഷകനായിരുന്നു. 1967ലാണ് തരി​ഗാമി രാഷ്ട്രീയരം​ഗത്തേക്ക് എത്തിയത്. കോളേജ് പഠനകാലമായിരുന്നു, കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമായിരുന്നു പൊതുപ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും തരി​ഗാമിയെ കൈപിടിച്ചുനടത്തിയത്. 1970കളിൽ കശ്മീരിലെ ന​ഗരപ്രാന്തങ്ങളിൽ തരി​ഗാമി അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനായി. സോവിയറ്റ് യു​ഗത്തിൽ‌ ശ്രീന​ഗറിലും മറ്റുമുള്ള ഇടതുപ്രവർത്തകരോട് തോൾചേർന്ന് തരി​ഗാമി പ്രവർത്തിച്ചു. എന്നാൽ 1980കളുടെ അവസാനം സോവിയറ്റ് റഷ്യയുടെ പതനത്തോടെ ഉണ്ടായ അരക്ഷിതാവസ്ഥയും ഇൻഡ്യൻ കോഫിഹൗസ് സ്ഫോടനവും തരി​ഗാമിയെയും സുഹൃത്തുക്കളെയും പ്രതിസന്ധിയിലാക്കി. പല സഖാക്കളെയും തരി​ഗാമിക്ക് നഷ്ടമായി. പിന്നാലെ അദ്ദേഹത്തിന് രാഷ്ട്രീയവനവാസത്തിന് പോകേണ്ടി വന്നു. ഒടുവിൽ 1996ൽ വർത്തമാന കശ്മീരിലെ ഏതൊരു സ്വതന്ത്ര രാഷ്ട്രീയനേതാക്കളെയും പോലെ തരി​ഗാമിയും കലാപാനന്തര രാഷ്ട്രീയ ശൂന്യത അവസാനിപ്പിക്കാൻ തീരുമാനിച്ച് പൊതുരം​ഗത്ത് സജീവമായി.

ഇന്ത്യൻ നിയമങ്ങളനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ഹറാമാണെന്ന് ജമാ അത്തെ ഇസ്ലാമിയുടെ ഫത്വ തരി​ഗാമിയുടെ വളർച്ചയ്ക്ക് സഹായകമായി. 1996, 2002, 2008, 2014 തിരഞ്ഞെടുപ്പുകളിൽ കുൽ​ഗാമിൽ നിന്ന് നിയമസഭയിലെത്തി. കശ്മീരിലെ മുത്തശ്ശി പാർട്ടിയായ നാഷണൽ കോൺഫറൻസ് തരി​ഗാമിക്കെതിരെ ശക്തരായ നേതാക്കളെ മത്സരരം​​ഗത്തിറക്കിയില്ല എന്നതും അദ്ദേഹത്തിന് ​ഗുണകരമായി. ഇത്തവണ തിരഞ്ഞെടുപ്പിലും തങ്ങളുടെ സ്ഥാനാർത്ഥിയായ ഇമ്രാൻ നബി ദറിനെ നാഷണൽ കോൺഫറൻസ് പിൻവലിക്കുകയായിരുന്നു.



വിദ്യാർത്ഥിപ്രശ്നത്തിൽ തുടങ്ങി സംസ്ഥാനം നേരിടുന്ന അതീവ​ഗുരുതര സാഹചര്യത്തെ വരെ തരി​ഗാമി അഭിസംബോധന ചെയ്തു, അവയ്ക്കു വേണ്ടി ശബ്ദമുയർത്തി. നിരവധി തവണ തരി​ഗാമി പൊലീസ് കസ്റ്റഡിയിലായി, വീട്ടുതടങ്കലിലാവുന്ന സാഹചര്യം വരെ ഉണ്ടായി. അതേസമയം തന്നെ നിരവധി കൊലപാതകശ്രമങ്ങളെയും അദ്ദേഹം അതിജീവിക്കേണ്ടതായി വന്നു. 2009ൽ ശ്രീന​ഗറിലെ തുൾസിബാ​ഗിലുണ്ടായ ചാവേറാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് തരി​ഗാമി രക്ഷപ്പെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ സമയത്ത് സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിരുന്നു. അന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവ് കൂടിയാണ് തരി​ഗാമി.

രാഷ്ട്രീയം പറയാത്ത, ജനങ്ങളുടെ പ്രശ്നങ്ങൾ പറയുന്ന തരി​ഗാമി

ഇടത് ആശയങ്ങളുടെ വക്താവായി അല്ല ഒരിക്കലും തരി​ഗാമി കുൽ​ഗാമിലെ ജനങ്ങളെ കാണാനെത്തിയത്. പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുക ആയിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ലക്ഷ്യം. അതാണ് തരി​ഗാമിയെ ജനപ്രിയനാക്കിയത്. പ്രാദേശികപ്രശ്നങ്ങളെ മുതൽ വേണ്ട പ്രാധാന്യത്തോടെ തരി​ഗാമി കൈകാര്യം ചെയ്തു. കുൽ​ഗാമിലെ അടിസ്ഥാനവികസനപ്രവർത്തനങ്ങൾക്കും മുൻകൈയ്യെടുത്തു.

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നതിനപ്പുറം, മികച്ചൊരു ജനപ്രതിനിധി കൂടിയായാണ് അദ്ദേഹം എപ്പോഴും നിലകൊണ്ടത് എന്നാണ് രാഷ്ട്രീയവിദ​ഗ്ധർ തരി​ഗാമിയെ വിലയിരുത്തുന്നത്.

രാഷ്ട്രീയവും മതവും അത്രമേൽ ഇടകലർന്ന് സ്വാധീനശക്തിയായി മാറിയ ഒരിടത്ത് തരി​ഗാമി ഒറ്റയ്ക്ക് പട നയിച്ച് ചെങ്കൊടി പാറിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും തന്റേതായ ശൈലിയിൽ കളമുറപ്പിച്ചു. ജനസമ്മതനായ രാഷ്ട്രീയനേതാവ് എന്ന പ്രതിഛായയ്ക്ക് ഒരിക്കലും മങ്ങലേറ്റേതേയില്ല. വോട്ടർമാരോടുള്ള പ്രതിബദ്ധതയും അർപ്പണമനോഭാവവും എല്ലാവിധ എതിർ‌പ്പുകളെയും മറികടക്കാൻ തരി​ഗാമിക്ക് തുണയായി. 2020ൽ കശ്മീരിൽ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ‌ സിപിഐഎമ്മിന് അഞ്ച് സീറ്റുകൾ വരെ നേടിക്കൊടുക്കുന്ന തരത്തിൽ രാഷ്ട്രീയശക്തിയാകാൻ തരി​ഗാമിക്ക് കഴിഞ്ഞു.

"ജമാ അത്തെ ഇസ്ലാമിയുമായി ബിജെപിക്ക് അവിശുദ്ധ കൂട്ടുകെട്ട്"

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായപ്പോഴും പ്രതിസന്ധികൾ ഒന്നൊന്നായി അണികളടക്കം ചൂണ്ടിക്കാട്ടിയപ്പോഴും തരി​ഗാമി ഒന്നേ പറഞ്ഞുള്ളു ജമാഅത്തെ ഇസ്ലാമിക്ക് ബിജെപി സർക്കാരിൽ നിന്ന് ലഭിക്കുന്ന സംരക്ഷണം മാത്രമാണ് വെല്ലുവിളി. ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കിയ കേന്ദ്രസർക്കാർ നടപടിയെ അതിശക്തമായാണ് തരി​ഗാമി വിമർശിച്ചത്. ഇരുകൂട്ടർക്കുമിടയിലുള്ള അവിശുദ്ധ ബന്ധം കശ്മീരിന്റെ നാശത്തിനാണെന്ന് തരി​ഗാമി ആവർത്തിച്ചുകൊണ്ടേയിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു യുഎപിഎ ചുമത്തിയുള്ള നടപടി. സംഘടനയുടെ നേതാക്കളെ വ്യാപകമായി ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനയുടെ നേതാക്കളിൽ പലരും സ്വതന്ത്രരായി മത്സരരം​ഗത്തിറങ്ങുന്നത് കണ്ടു. മൂന്ന് പതിറ്റാണ്ടിനു ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം വന്നത് മുതിർന്ന നേതാക്കളടങ്ങിയ ഉന്നതതല അഞ്ചം​ഗ പാനലിന്റെ നിർദേശപ്രകാരമായിരുന്നു. കേന്ദ്രസർക്കാരിനോട് സംസാരിച്ചിട്ടുണ്ടെന്നും നിരോധനം ഉടനെ നീക്കുമെന്നാണ് പ്രതീക്ഷയെന്നും അന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്തായാലും, ഇക്കഴിഞ്ഞ ​ഓ​ഗസ്റ്റിൽ ഡൽഹിയിലെ ട്രിബ്യൂണൽ കോടതി നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. അതോടെ സ്വതന്ത്രമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന ഉറച്ച തീരുമാനത്തിലേക്ക് സംഘടന എത്തി. പിന്നെ ജമ്മു കശ്മീർ‌ കണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ തിരിച്ചുവരവാണ്. ഉന്നതനേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലി സംഘടന കുൽ​ഗാമിൽ നടത്തി. അത് തരി​ഗാമിക്ക് എതിരെയുള്ളതായി. ഇത്രയും കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് തരി​ഗാമി എന്തു നൽകി എന്ന ചോദ്യത്തിലൂടെ ഭരണവിരുദ്ധ വികാരം ജനങ്ങളിലേക്കെത്തിക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിച്ചു. ഇത് മാറ്റത്തിന്റെ സമയമാണെന്നും വോട്ടർമാർ മാറിച്ചിന്തിക്കണമെന്നും നേതാക്കൾ‌ ആഹ്വാനം ചെയ്തു.

പുതിയ മുഖം വേണ്ട!

ജമാഅത്തെ ഇസ്ലാമിയടക്കം എന്തൊക്കെ പയറ്റിയിട്ടും കുൽ​ഗാം യൂസഫ് തരി​ഗാമിയെ കൈവിട്ടില്ല. ചെങ്കൊടിയേന്തുന്ന ആ കൈകളിൽ‌ തന്നെയാണ് തങ്ങളുടെ ഭാവി സുഭദ്രമെന്ന് കുൽ​ഗാമിലെ ജനങ്ങൾ വിധിയെഴുതി. അടിച്ചമർത്തലും സ്വേഛാധിപത്യവും ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പിച്ച് കുൽ​ഗാം ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്നു, അതിൽ ചുവന്ന് കുൽ​ഗാം തെളിയിക്കുന്നു കനലൊരു തരി മതി എന്ന്!

Content Highlights: CPIM leader Mohammed Yousuf Tarigami won Kulgam again in Jammu Kashmir election

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us