വിപ്ലവകാരികളുടെ വിജയപ്രതീക്ഷ; മരണമില്ലാതെ ചെഗുവേര, രക്തസാക്ഷിത്വത്തിന് 57 വയസ്

അവസാന ആഗ്രഹം എന്താണെന്ന് ചോദിച്ച ഉദ്യോഗസ്ഥരോട് ചെ ആവശ്യപ്പെട്ടത് പട്ടാളം പിടിച്ചുവെച്ച തന്റെചുരുട്ട് വേണമെന്നായിരുന്നു. അവർ നൽകിയ ചുരുട്ടുംവലിച്ച് അവസാനമായി ചെഗുവേര അവരെനോക്കി പുഞ്ചിരിച്ചു. ലോക വിപ്ലവകാരികൾക്ക് വിജയപ്രതീക്ഷയും ആവേശവും നൽകുന്ന അയാളുടെ ക്ലാസിക് ചിരി.

റാംഷ സി പി
1 min read|09 Oct 2024, 06:44 pm
dot image

1967 ഒക്ടോബർ 9. ബൊളീവിയയിലെ ലാഹിഗ്വര ഗ്രാമത്തിലെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഒന്നിന് പുറകെ ഒന്നായി ഒമ്പത് വെടിയൊച്ചകൾ. വെടിയുതിർത്ത മറിയോ ടെറാൻ തൊട്ടടുത്ത മുറിയിലെത്തി. അവിടെ കാത്തുനിന്നിരുന്ന സി എ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്രസിനോട് ഭയം വിട്ടുമാറാത്ത കണ്ണുമായി ടെറാൻ പറഞ്ഞു- 'മിഷൻ അക്കമ്പ്ളിഷ്ഡ്'. സന്ദേശം പെട്ടന്ന് അധികാരികളിലെത്തിക്കാൻ പട്ടാള ബാരിക്കേഡിലെ ട്രാന്‌സിസ്റ്ററിനടുത്തേക്ക് ഓടിയെത്തി. ആ സന്ദേശം ട്രാന്‌സിസ്റ്ററിലൂടെ മുഴങ്ങി. 'ഏർനെസ്റ്റോ ഗുവേര ഈസ് നോ മോർ'. ലോക വിപ്ലവത്തിന്റെ സൂര്യ തേജസ് ഏണസ്റ്റോ റാഫേൽ ഗുവേര ഡി ലാ സെർന എന്ന ചെ ഗുവേര കൊല്ലപ്പെട്ടിരിക്കുന്നു. വിജയകരമായ ക്യുബൻ വിപ്ലവത്തിന് ശേഷം അധികാരക്കസേരകളിൽ അമർന്നിരുന്ന് ശിഷ്ടകാലം സുഖ ജീവിതം നയിക്കാമായിരുന്നിട്ടും ആ വിപ്ലവകാരി അതിന് തയ്യാറായിരുന്നില്ല. ലാറ്റിനമേരിക്കൻ വിമോചന സ്വപ്നവുമായി അയാൾ വീണ്ടും കാടുകയറി. ബൊളീവിയയുടെ വിമോചനത്തിനായി പോരാടാൻ നാഷണൽ ലിബറേഷൻ ആർമി ചെ ആരംഭിച്ചു. ബൊളീവിയൻ സൈന്യത്തെ നേരിടാൻ ചെയുടെ ഈ ഗറില്ലാ സംഘത്തിൽ ഉണ്ടായിരുന്നത് 47 ഗറില്ലാ പോരാളികൾ മാത്രമാണ്.

ബാറ്റിസ്റ്റയുടെ കിരാത ഭരണത്തിൽ പൊറുതിമുട്ടിയ ക്യൂബൻ ‍ജനതയയുടെ മോചനത്തിനായി ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടന്ന സായുധ വിപ്ലവത്തിൽ ഫിദലിനൊപ്പം നിന്ന് വിപ്ലവം വിജയിപ്പിച്ച ചെ ക്യൂബയുടെ അധികാര കസേരകളിൽനിന്ന് ഇറങ്ങിവന്നാണ് ബൊളീവിയയിലേക്ക് പോരാട്ടത്തിനായി പോയത്.

ചെഗുവേര ഫിദല്‍ കാസ്ട്രോയ്ക്കൊപ്പം

ബാറ്റിസ്റ്റയെ തുരത്തിയോടിച്ച ക്യൂബൻ വിപ്ലവത്തിന്റെ നായകൻ ബൊളീവിയൻ വിമോചനമെന്ന ലക്ഷ്യവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ബൊളീവിയൻ കാടുകളിൽനിന്ന് ആ ഗറില്ലാ പോർവിളി അമേരിക്കയുടെ അധികാര കേന്ദ്രങ്ങളിൽ ഇടിമുഴക്കം സൃഷ്ടിച്ചു. വഷളായ ആരോഗ്യ സ്ഥിതിയും പ്രതികൂല സാഹചര്യങ്ങളും ചെയുടെ പോരാട്ടങ്ങൾക്ക് തിരിച്ചടിയായി. 1967 ഒക്.8 ന് ക്യാപ്റ്റൻ ഗ്യാരി പ്രാഥിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പട്ടാളം ലാ ഹിഗ്വാര പൂർണ്ണമായും വളഞ്ഞു. ഉച്ചയോടെ പട്രോളിംഗ് നടത്തുകയായിരുന്ന പട്ടാളക്കാരുടെ ഒരു സംഘം ചെഗുവേരയെയും കൂട്ടാളികളെയും കണ്ടെത്തിയെങ്കിലും പിടിക്കാനായില്ല. ഏറ്റുമുട്ടലിൽ 2 പട്ടാളക്കാർ കൊല്ലപ്പെടുകയും ചെയ്തു. ഈ വിവരമറിഞ്ഞ ക്യാപ്റ്റൻ പ്രാഥിയും സംഘവും ചെഗുവേരയും കൂട്ടരും ഒളിച്ചിരുന്ന കാട് വളഞ്ഞു. ചെ പട്ടാളത്തിന്റെ പിടിയിലായി. പടിയിലാകുന്ന അവസാന നിമിഷംവരെ ചെഗുവേര വീറോടെ പോരാടി.

ചെ​ഗുവരയെ പിടികൂടി സ്‌കൂൾ കെട്ടിടത്തിൽ എത്തിച്ച ബൊളിവീയൻ സേനയിലെ ഉദ്യോഗസ്ഥരിലൊരാൾ ആ സംഭവത്തെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെയാണ്. 'ചെയുടെ വലതുകാലിൽ വെടിയുണ്ടകൾ ഏറ്റ മുറിവുണ്ടായിരുന്നു. മുടി പൊടികൊണ്ട് ജടകെട്ടിയിരുന്നു.വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. എങ്കിലും അയാൾ തലയുയർത്തിപ്പിടിച്ചാണ് നിന്നത്. കണ്ണുകളിൽ നോക്കിയാണ് സംസാരിച്ചത്'.

അവസാന ആഗ്രഹം എന്താണെന്ന് ചോദിച്ച ഉദ്യോഗസ്ഥരോട് ചെ ആവശ്യപ്പെട്ടത് പട്ടാളം പിടിച്ചുവെച്ച തന്റെ ചുരുട്ട് വേണമെന്നായിരുന്നു. അവർ നൽകിയ ചുരുട്ടുംവലിച്ച് അവസാനമായി ചെ അവരെനോക്കി പുഞ്ചിരിച്ചു. ലോക വിപ്ലവകാരികൾക്ക് വിജയപ്രതീക്ഷയും ആവേശവും നൽകുന്ന അയാളുടെ ക്ലാസിക് ചിരി. ചെഗുവേരയ്ക്ക് നേരെ തോക്കുചൂണ്ടി നിന്ന മാരിയോ ടെറാൻ സൈലെന്‌സർ എന്ന പട്ടാളക്കാരനെ നോക്കി പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞു 'I KNOW YOU ARE HERE TO KILL ME, SHOOT, YOU ARE ONLY GOING TO KILL A MAN'. തീക്ഷ്ണമായ ആ കണ്ണിൽ നോക്കി കാഞ്ചിവലിക്കാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല. പോയിന്റ് ബ്ലാങ്കിൽ നിർത്തി അയാളുടെ കണ്ണുകളിൽനോക്കാതെ ടെറാൻ നിറയൊഴിച്ചു. ഒന്നല്ല ഒമ്പത് തവണ. തന്റെ ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ നിമിഷങ്ങൾ എന്നാണ് ആ സംഭവത്തെക്കുറിച്ച് ടെറാൻ പിന്നീട് പറഞ്ഞത്.

ഒക്ടോബർ 15ന് ഫിദൽ കാസ്‌ട്രോ ചെഗുവേരയുടെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഹവാനയിൽ ജനങ്ങളെ അഭിസംബോധനചെയ്ത് ഫിദൽ ഇങ്ങനെ പറഞ്ഞു. 'നമ്മുടെ അടുത്ത തലമുറ എങ്ങനെ ആകണമെന്നത്തിനുള്ള ഉദാഹരണമാണ് ചെ. നമ്മുടെ കുട്ടികൾ ചെഗുവേരയെപ്പോലെ വളരണം'. ക്യുബൻ ജനത ആ വാക്കുകളെ കേട്ടത് കാതുകൾകൊണ്ടല്ല ഹൃദയംകൊണ്ടാണ്. പിന്നീട് ഭാഷാന്തരങ്ങൾക്ക് അപ്പുറവും ഭൂഖണ്ഡങ്ങൾ കടന്നും ചെ എന്ന പോരാളിയെ ആളുകൾ നെഞ്ചിലേറ്റി. വിമോചന സ്വപ്നം പേറുന്ന ഏതൊരു സമൂഹത്തിനും അയാൾ ഊർജവും മാർഗ ദർശിയുമായി. മനുഷ്യ വിമോചനത്തിന്റെ സ്വപ്നവും പേറി ചെഗുവേര എന്ന പോരാളി കോടാനുകോടി ജനങ്ങളുടെ മനസ്സിൽ ഒരു വെളിച്ചമായി ഇന്നും ജീവിക്കുന്നു. വിപ്ലവകാരികൾക്ക് മരണമില്ലെന്നത് വെറും വാക്കല്ലെന്ന് തെളിയിച്ചുകൊണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us