രത്തന്‍ ടാറ്റയ്ക്കുശേഷം ടാറ്റയുടെ ഭാവി?

വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ കൊണ്ടുവരിക എന്നതുതന്നെയാണ് രത്തന്‍ ടാറ്റ മുന്നോട്ടുവെച്ച ആശയം. പുതിയ തലമുറയ്ക്ക് ഇതൊരു പാഠമാണ്. അതുകൊണ്ടുതന്നെ രത്തന്‍ ടാറ്റയ്ക്ക് പകരം മറ്റൊരു ടാറ്റയെ കണ്ടെത്തുക ടാറ്റ ട്രസ്റ്റിന് എളുപ്പമായിരിക്കില്ല

ആഷിക്ക് കെ പി
13 min read|16 Oct 2024, 03:32 pm
dot image

ചില വ്യക്തികള്‍ ചരിത്രം സൃഷ്ടിച്ച് ചരിത്രത്തോടൊപ്പം നീങ്ങിക്കൊണ്ടിരിക്കെ അപ്രത്യക്ഷമാവും. എന്നാല്‍ അവര്‍ക്ക് ശേഷം എന്ത് എന്നത് ചോദ്യചിഹ്നമായി അവശേഷിക്കും. ഗാന്ധിജി സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചിരുന്നു. നെഹ്‌റുവിന് ശേഷം കോണ്‍ഗ്രസ് എന്തായി എന്ന് പരിശോധിക്കുമ്പോള്‍ നെഹ്‌റുവിനെപ്പോലുള്ളവരുടെ നേതൃത്വത്തിന്റെ പ്രാധാന്യത്തിന് മാറ്റ് കൂടുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ വലിയ അധികാരങ്ങള്‍ ഇല്ലെങ്കിലും ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം സൃഷ്ടിച്ച മാസ്മരികത ഇന്നും മായാതെ നില്‍ക്കുന്നു. വ്യവസായ ലോകത്ത് ഇതേ രീതിയിലെ സ്വഭാവ സവിശേഷതകളും പ്രവര്‍ത്തന മാതൃകകളും തിരയുമ്പോള്‍ രത്തന്‍ ടാറ്റയുടെ ഉജ്വല നേതൃത്വം അതില്‍പെടും.

ഇന്ന് ടാറ്റാ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ അദ്ദേഹം ഇല്ല. ടാറ്റയ്ക്ക് ശേഷം ഇനി ടാറ്റാ പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ ആര് എന്നത് വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. കാരണം ഉയര്‍ച്ചകളിലും കാഴ്ചകളിലും ടാറ്റാ പ്രസ്ഥാനങ്ങളില്‍ എക്കാലത്തും അവസാന ഉത്തരം രത്തന്‍ ടാറ്റയുടെത് തന്നെയായിരുന്നു. സൈറസ് പല്ലോണ്‍ജി മിസ്ത്രിയില്‍ നിന്ന് ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനം പിടിച്ച് വാങ്ങേണ്ടി വന്നപ്പോഴും കോര്‍പറേറ്റ് ലോകത്തും സമൂഹത്തിലും അതൊരു കോളിളക്കം സൃഷ്ടിച്ച് അസ്വസ്ഥത ജനിപ്പിക്കാതിരുന്നത് സംരംഭത്തിലെ സാമൂഹ്യ ഉത്തരവാദിത്വം (CSR), നൈതികത എന്ന ടാറ്റയുടെ ഉറച്ച തീരുമാനമായിരുന്നു. ഇടക്കാലത്ത് രത്തന്‍ ടാറ്റ റിട്ടയര്‍ ചെയ്ത് നേതൃത്വം ഏറ്റെടുത്ത സൈറസ് മിസ്ത്രി ടാറ്റയില്‍ നിന്ന് വ്യത്യസ്തനായ സംരംഭകനും വ്യവസായിയുമായിരുന്നു. ബിസിനസ്സിന്റെ ആത്യന്തിക ലക്ഷ്യം വൈവിധ്യങ്ങളും ലാഭ വര്‍ദ്ധനയും തന്നെയാണെന്ന ബിസിനസ് മാനേജ്‌മെന്റ് തന്ത്രമായിരുന്നു മിസ്ത്രി നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഒരു ബിസിനസ് ടൈക്കൂണ്‍ എന്ന രീതിയില്‍ അതൊരു അബദ്ധവുമല്ല. എന്നാല്‍ അതിനിടയില്‍ ഉണ്ടാവേണ്ടതും ഉള്‍ച്ചേര്‍ന്നു പോവേണ്ടതുമായ സാമൂഹ്യ ഉത്തരവാദിത്വങ്ങളോ സാമൂഹ്യ നീതിയോ അത്രയേറെ പരിഗണിക്കേണ്ടതില്ല എന്നതാണ് ലാഭ വര്‍ദ്ധന കണക്കിലെടുക്കുന്ന സൈറസ് മിസ്ത്രിക്ക് ഉണ്ടായിരുന്നത്.

ബിസിനസ് വിദ്യാര്‍ത്ഥിയുടെ കണ്ണിലൂടെ നോക്കിയാല്‍ സൈറസ് മിസ്ത്രി ചെയ്യുന്നതില്‍ അബദ്ധങ്ങള്‍ കാണാന്‍ കഴിയില്ല. കാരണം ഒരു സംരംഭം അതിന്റെ സാമ്പത്തിക മാനേജ്‌മെന്റില്‍ ലാഭ വര്‍ധന (Profit Maximisation), ആസ്തി വര്‍ധന(Wealth Maximisation) എന്ന രണ്ട് പ്രധാന ലക്ഷ്യങ്ങളില്‍ തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ വ്യവസായങ്ങളുടെ മുടിചുടാമന്നനായ രത്തന്‍ ടാറ്റയുടെ ലക്ഷ്യം വളര്‍ച്ച, മുന്നേറ്റം, ഉയര്‍ച്ച എന്നീ മൂന്ന് തത്വങ്ങളിലായിരുന്നു. ലാഭത്തേക്കാളും ധനസമ്പാദനത്തേക്കാളും ഏറെ തന്റെ സംരംഭങ്ങള്‍ നൈതികതയും മൂല്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നേറി അതിലൂടെ വളര്‍ച്ചയും ലാഭവും ഉയര്‍ച്ചയും ഉണ്ടാക്കുക എന്നുള്ളതായിരുന്നു. ലാഭം എന്നത് കേവലം അല്‍പകാലത്തേക്ക് മാത്രമുള്ളതാണെന്നും നീതിബോധത്തോടെയും സാമൂഹ്യ ഉത്തരവാദിത്വത്തോടെയും സ്ഥാപനം നയിക്കപ്പെടുമ്പോള്‍ മാത്രമേ വളര്‍ച്ച ഉണ്ടാകൂ എന്നുമുള്ള നിലപാടാണ് രത്തന്‍ ടാറ്റയുടേത്. കാലത്തിനനുസരിച്ച് അടിസ്ഥാന സ്വഭാവത്തെ മാറ്റാതെ മുന്നോട്ടുപോയാലേ ബിസിനസിന് സ്ഥായിയായ ഉയര്‍ച്ച ഉണ്ടാവൂ എന്നും അദ്ദേഹം വിശ്വസിച്ചു. അത്തരം ചിന്തയോടെ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോയ ആ മനുഷ്യന്‍ ഇന്നില്ല.

അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയെ തല്‍ക്കാലം ചെയര്‍മാനായി, പിന്‍ഗാമിയായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ആര് ടാറ്റയെ നയിക്കും എന്നത് വലിയ ചോദ്യചിഹ്നമായിതന്നെ അവശേഷിക്കുന്നു. കാരണം നോയല്‍ ടാറ്റയ്ക്ക് എത്ര മാത്രം ടാറ്റയെ മുന്നോട്ട് പോകാന്‍ കഴിയുമെന്നത് സംശയാസ്പദമാണ്. രത്തന്‍ ടാറ്റയുടെ വാക്കുകള്‍ കടമെടുത്താല്‍ ഈ ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ട്. തന്റെ ഇരുമ്പുരുക്ക് വ്യവസായം ലോകത്തിലെ തന്നെ വന്‍കിട സ്റ്റീല്‍ വ്യവസായമായി കാലങ്ങളായി നിലനില്‍ക്കുന്നതിനെക്കുറിച്ച് ഒരു പത്രക്കാരന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മനോഹരമായ മറുപടി ''ഇരുമ്പിനെ തകര്‍ക്കാന്‍ മറ്റാര്‍ക്കും കഴിയില്ല ഇരുമ്പിനുള്ളില്‍ ഉള്ള തുരുമ്പിന് മാത്രമേ അത് കഴിയൂ''( No one can destroy iron but it's own rest can)എന്നതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രത്തന്‍ ടാറ്റയുടെ രീതികള്‍ വ്യത്യസ്തമായിരുന്നു. വളരെ കോളിളക്കം സൃഷ്ടിച്ച മിസ്ത്രിയില്‍ നിന്നുള്ള അധികാര കൈമാറ്റം വളരെ ലളിതമായി അദ്ദേഹം അവതരിപ്പിച്ചതും അങ്ങനെ തന്നെയായിരുന്നു. ''ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഞാന്‍ തീരുമാനങ്ങള്‍ എടുക്കുകയും അത് പിന്നീട് ശരിയാവുകയുമായിരുന്നു.''( I don't believe in taking the right decisions I take decisions and then make them right )

''നിങ്ങള്‍ക്ക് വേഗത്തില്‍ എത്താന്‍ നിങ്ങള്‍ക്ക് ആരെയും കൂട്ടാതെ ഒറ്റയ്ക്ക് നടന്നാല്‍ മതി. പക്ഷേ നിങ്ങള്‍ക്ക് വളരെ ദൂരം എത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഒരുമിച്ച് മറ്റുള്ളവരോടൊപ്പം തന്നെ നടക്കേണ്ടിവരും'' എന്നായിരുന്നു ടാറ്റയുടെ മറുപടി

ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. എന്തുകൊണ്ട് കാലത്തിനനുസരിച്ച് ടാറ്റ മുന്‍പന്തിയില്‍ എത്താതെ തന്റെ സഹപ്രവര്‍ത്തകരെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് അവരെ സ്‌നേഹിച്ചുകൊണ്ട് അവര്‍ക്കൊപ്പം നീങ്ങുന്നു എന്ന ചോദ്യത്തിന് ''നിങ്ങള്‍ക്ക് വേഗത്തില്‍ എത്താന്‍ നിങ്ങള്‍ക്ക് ആരെയും കൂട്ടാതെ ഒറ്റയ്ക്ക് നടന്നാല്‍ മതി. പക്ഷേ നിങ്ങള്‍ക്ക് വളരെ ദൂരം എത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഒരുമിച്ച് മറ്റുള്ളവരോടൊപ്പം തന്നെ നടക്കേണ്ടിവരും'' എന്നായിരുന്നു മറുപടി. ''നിങ്ങളുടെ പ്രവര്‍ത്തികളില്‍ ആളുകള്‍ നിങ്ങളെ കല്ലെറിയുമ്പോള്‍ ആ കല്ലുകള്‍ ഉപയോഗിച്ച്‌കൊണ്ട് പടവുകള്‍ കെട്ടുക, അത്തരം ഹര്‍മ്യങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദനവും പരാജയങ്ങളില്‍ നിന്നുള്ള പാഠവുമായി തീരും'' എന്നും അദ്ദേഹം പറഞ്ഞു. കാഴ്ചപ്പാടുകള്‍കൊണ്ടും ദീര്‍ഘവീക്ഷണങ്ങള്‍ കൊണ്ടും ശുഭാപ്തി വിശ്വാസം കൊണ്ടും വ്യത്യസ്തനായ വ്യവസായി തന്റെ മരണത്തിന്റെ തൊട്ട് മുമ്പത്തെ ആഴ്ചയിലും തന്റെ ജീവിതത്തില്‍ ഇനിയുമേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നുള്ള വലിയ സൂചനകള്‍ നല്‍കിയിരുന്നു.

രത്തന്‍ ടാറ്റയെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണ്. വ്യവസായങ്ങള്‍ സാമൂഹ്യ സൃഷ്ടിയാണെന്നും സമൂഹത്തിന്റെ വസ്തുക്കളും പ്രകൃതി വിഭവങ്ങളും ഉപയോഗിച്ചുകൊണ്ടുതന്നെയാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്, അതുകൊണ്ടുതന്നെ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭങ്ങളേ നാട്ടില്‍ നടത്താവൂ എന്നും അതിനുവേണ്ടി സംരംഭകന്‍ മുന്നേറുമ്പോള്‍ സംരംഭകത്വം വളരുകയും അതോടൊപ്പം ഒരു സാമൂഹ്യ നിര്‍മ്മിതിയുടെ സൃഷ്ടിപ്പ് തന്നെ ഉണ്ടാവുകയും ചെയ്യും എന്നുള്ള വലിയ സങ്കല്പമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. അതുകൊണ്ടുതന്നെയാണ് ടാറ്റയ്ക്കുശേഷം ആര് എന്ന വലിയ ചോദ്യം ഉയരുന്നത്.

വൈവിധ്യവും വ്യത്യസ്തവുമായ ടാറ്റാ പ്രസ്ഥാനങ്ങളുടെ വന്‍ ഓഹരിയുള്ള ടാറ്റ ട്രസ്റ്റ് കൈകാര്യം ചെയ്യുന്നത് വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉള്ള വ്യവസായികളാണ്. അതില്‍ ടാറ്റ എന്ന പേരുള്ള വ്യക്തികള്‍ തന്നെ ഇല്ല. തന്റെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റ ഒഴികെ. പേരിന് എന്ത് പ്രസക്തി എന്ന് വേണമെങ്കില്‍ ചോദിക്കാവുന്നതാണ്. എന്നാല്‍ പേരിനും പ്രസക്തി ഉണ്ട് എന്നുള്ളതാണ് വ്യവസായ ലോകത്ത് പ്രത്യേകിച്ച് കമ്പനി വ്യവസ്ഥയില്‍ അതിന്റെ സമൂലമായ വികസനത്തിനും വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യഘടകം ആയിട്ടുള്ളത്. പേരില്‍ പോലും ടാറ്റ എന്നത് ഇല്ലെങ്കില്‍ ടാറ്റ കമ്പനികളുടെ ബ്രാന്‍ഡിന് ഭാവിയില്‍ അതെങ്ങനെ പ്രതികൂലമായി ബാധിക്കും എന്നുള്ളത് ചോദ്യമായി അവശേഷിക്കുന്നു. ടാറ്റ മരിക്കുന്നതിന് മുമ്പ് തന്നെ ടാറ്റ ട്രസ്റ്റ് ഓഹരി ഉടമകളുടെ ഇടയില്‍ അധികാര വടംവലികളും വലിയ പിടിവലികളും നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ടാറ്റാ പ്രസ്ഥാനങ്ങളില്‍ വലിയ ഓഹരികള്‍ ഉള്ള റുസ്സി മോഡി (സ്റ്റീല്‍ ), അജിത്ത് കേല്‍ക്കര്‍ (ഹോട്ടല്‍), ദര്‍ബാരി സേത്ത് (സാള്‍ട്ട് ആന്‍ഡ് കെമിക്കല്‍) തുടങ്ങിയവരൊക്കെ പല കാരണങ്ങളാലും പടിയിറങ്ങി സ്വന്തം സംരംഭങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അവര്‍ ഇനി കൂടിച്ചേരുകയും അധികാര കേന്ദ്രത്തില്‍ എത്തുകയും ചെയ്യുമോ എന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട ചര്‍ച്ച.

ഓരോ മേഖലയിലെയും സംഘര്‍ഷങ്ങളെ മറികടന്ന് ടാറ്റ വ്യവസായികരംഗത്തെ മുടിചൂടാമന്നനായി നിന്നത് രത്തന്‍ടാറ്റയുടെ കാഴ്ചപ്പാടും ബിസിനസ് പരിചയങ്ങളും തന്നെയായിരുന്നു. ഇന്ന് ടാറ്റ ആഗോളവ്യാപകമായ ഒരു പേരായി മാറിയിരിക്കുകയാണ്. ടാറ്റ സണ്‍സ് എന്ന ഒരു പേര് തന്നെ ടാറ്റയും മക്കളും എന്ന തരത്തിലേക്ക് ടാറ്റ പ്രസ്ഥാനങ്ങളെ വളര്‍ത്തിയിട്ടുണ്ട്.

സൈരസ് മിസ്ത്രിക്കും വലിയ ഓഹരി തന്നെ ടാറ്റാ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഉണ്ട്. മിസ്ത്രി ഒരിക്കല്‍ ചെയര്‍മാനായി, പിന്തുടര്‍ച്ചക്കാരനായി വന്നുവെങ്കിലും പിന്നീട് സ്വന്തമായ സംരംഭത്തിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇനി വീണ്ടും അദ്ദേഹത്തിന്റെ നേതൃത്വം തന്നെ മടങ്ങിവരുമോ എന്നുള്ളതും പ്രധാനപ്പെട്ട ചോദ്യമായി അവശേഷിക്കുന്നു. ഇത്തരക്കാരെയൊക്കെ നേരിടാന്‍ രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിചയങ്ങള്‍ക്കും കഴിഞ്ഞിരുന്നു. ഇനി അത് അത്ര എളുപ്പമാകില്ലെന്നാണ് തോന്നുന്നത്. ഓരോ മേഖലയിലെയും ഇത്തരം സംഘര്‍ഷങ്ങളെ മറികടന്ന് ടാറ്റ വ്യവസായികരംഗത്തെ മുടിചൂടാമന്നനായി നിന്നത് രത്തന്‍ടാറ്റയുടെ കാഴ്ചപ്പാടും ബിസിനസ് പരിചയങ്ങളും തന്നെയായിരുന്നു. ഇന്ന് ടാറ്റ ആഗോളവ്യാപകമായ ഒരു പേരായി മാറിയിരിക്കുകയാണ്. ടാറ്റ സണ്‍സ് എന്ന ഒരു പേര് തന്നെ ടാറ്റയും മക്കളും എന്ന തരത്തിലേക്ക് ടാറ്റ പ്രസ്ഥാനങ്ങളെ വളര്‍ത്തിയിട്ടുണ്ട്. നാനോ കാര്‍ എന്ന പ്രോജക്ട് കൊണ്ടുവന്നപ്പോള്‍ അത് കേവലമൊരു കാര്‍ പുറത്തിറക്കിയതിലപ്പുറം സാധാരണക്കാരന്റെ സ്വപ്‌നങ്ങളെ ഒരു സംരംഭകന്‍ എങ്ങനെ കാണേണ്ടതുണ്ട് എന്നുള്ള വലിയ സന്ദേശം ലോകത്തിന് നല്‍കുകയായിരുന്നു രത്തന്‍ ടാറ്റ. എയര്‍ ഇന്ത്യ എന്ന പ്രസ്ഥാനം ടാറ്റയിലേക്ക് തന്നെ തിരിച്ചു കൊണ്ടു വന്നതും രത്തന്‍ ടാറ്റയുടെ വലിയ സ്വപ്‌നവും ദീര്‍ഘവീക്ഷണവുമായി കരുതുന്നു. കാഴ്ചപ്പാടുകള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും പ്രവര്‍ത്തി കൊണ്ടും വ്യത്യസ്തനായ ഉജ്ജ്വല നക്ഷത്രം തന്നെയാണ് രത്തന്‍ ടാറ്റ.

പേരില്‍ എന്ത് എന്ന് ചിലപ്പോള്‍ ചോദിക്കാം പക്ഷേ പേരിലും ചിലത് ഉണ്ട്. ടാറ്റയ്ക്കപ്പുറം മറ്റൊരു നാമവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ടാറ്റാ പ്രസ്ഥാനങ്ങളുടെ മൂല്യം ഉയര്‍ത്തില്ല എന്നതിനാല്‍ നോയല്‍ ടാറ്റ എന്ന പിന്‍ഗാമിക്ക് ഒട്ടേറെ സാധ്യതതളുണ്ട് എന്നും കാണാ.

1868ല്‍ ജാം ഷഡ്ജി ടാറ്റ ആരംഭിച്ച ടാറ്റ ഗ്രൂപ്പ് പിന്നീട് ലോകോത്തര വ്യവസായമായി വ്യത്യസ്ത സംരംഭങ്ങളുമായി 2024 വരെ അനുസ്യൂതം മുന്നോട്ടു നയിക്കുന്നതിന്റെ പിന്നില്‍ ടാറ്റ കരങ്ങള്‍ തന്നെയാണ് ഏറെക്കുറെ മുഖ്യ പങ്കു വഹിച്ചത്. ജംഷഡ്ജി ടാറ്റയില്‍ നിന്ന് ജിആര്‍ഡി ടാറ്റയിലേക്കും രത്തന്‍ ടാറ്റയിലേക്കും ടാറ്റ ടെസ്റ്റ് ചെയര്‍മാന്‍ സ്ഥാനം എത്തുമ്പോള്‍ ടാറ്റ എന്ന നാമം തന്നെയാണ് ടാറ്റാ വ്യവസായങ്ങളുടെ അലകും പിടിയും. നടരാജന്‍ ചന്ദ്രശേഖര്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോഴും രത്തന്‍ ടാറ്റയുടെ നിഴലില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ടാറ്റാപ്രസ്ഥാനങ്ങളുടെ വിശ്വാസ്വതയും ബ്രാന്‍ഡ് ഇമേജും നിലനിര്‍ത്താന്‍ ഒരു ടാറ്റ, അതായത് നോയല്‍ടാറ്റ തന്നെ ട്രസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ടാറ്റ ഇന്നില്ലെങ്കിലും അദ്ദേഹം അവശേഷിപ്പിച്ചുപോയ തന്റെ സംരംഭങ്ങളില്‍ മൊട്ടുസൂചി മുതല്‍ വിമാന എഞ്ചിന്‍ വരെയും ഉപ്പു മുതല്‍ കര്‍പ്പൂരം വരെയും ഉണ്ട് എന്നുള്ളതാണ് വസ്തുത. ഒരു സമൂഹത്തിന്റെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കും സമൂഹത്തിന്റെ സൃഷ്ടിപ്പിനും വികസനത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കൃത്യമായ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്നെയാണ് ഈ കാലയളവില്‍ രത്തന്‍ ടാറ്റ മടങ്ങിയത്. ഇന്നത്തെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ ഈ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. രത്തന്‍ ടാറ്റയുടെ ജീവിതരീതികള്‍ മുഴുവന്‍ പഠിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മാനവികത ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളും എന്നും ബിസിനസ് ലോകത്തിന് പഠിക്കാനും മുന്നോട്ട് പോകാനുമുള്ള വലിയ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉറച്ച ആത്മവിശ്വാസമുള്ള ഒരു വ്യക്തി ആയതുകൊണ്ട് തന്നെ ആയിരിക്കാം വളരെ ശാന്തനായി 86-ാമത്തെ വയസ്സിലും ആരോഗ്യത്തെക്കുറിച്ച് അത്ര വലിയ ഉത്കണ്ഠയില്ലാതെ ഒരു റെഗുലര്‍ ചെക്കപ്പ് എന്ന രീതിയില്‍ ആശുപത്രിയില്‍ അദ്ദേഹം പോയത്. തന്റെ ആരോഗ്യത്തെക്കുറിച്ച് വ്യത്യസ്ത കോണുകളില്‍ പ്രചരിപ്പിക്കുന്ന പലതും ഇല്ലാത്തതാണ് എന്ന് അദ്ദേഹം തന്റെ അടുത്ത സഹപ്രവര്‍ത്തകരോട് മരണത്തിന്റെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്.

2019 ഡിസംബറില്‍ ഇന്‍സ്റ്റാഗ്രാം എന്ന സോഷ്യല്‍ മാധ്യമത്തിലൂടെ ടാറ്റ പുതുതലമുറ സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചു. 75-ാമത് വയസ്സില്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം റിട്ടയര്‍ ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി രത്തന്‍ നോയല്‍ ട്രസ്റ്റ് അസോസിയേറ്റ്‌സ് എന്ന സ്വന്തമായ ഒരു ഇന്‍വെസ്റ്റ്‌മെന്റ് സംവിധാനം ടാറ്റ ഉണ്ടാക്കിയിരുന്നു

1962ല്‍ ടാറ്റ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും 1991 അദ്ദേഹം ടാറ്റയുടെ നേതൃത്വത്തില്‍ എത്തുകയുമായിരുന്നു. 2019 ഡിസംബറില്‍ ഇന്‍സ്റ്റാഗ്രാം എന്ന സോഷ്യല്‍ മാധ്യമത്തിലൂടെ ടാറ്റ പുതുതലമുറ സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചു. 75-ാമത് വയസ്സില്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം റിട്ടയര്‍ ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി രത്തന്‍ നോയല്‍ ട്രസ്റ്റ് അസോസിയേറ്റ്‌സ് എന്ന സ്വന്തമായ ഒരു ഇന്‍വെസ്റ്റ്‌മെന്റ് സംവിധാനം ടാറ്റ ഉണ്ടാക്കിയിരുന്നു. ഇതിലൂടെ ടാറ്റയുടെ ഉപദേശം 2019 മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുകയും പല സ്റ്റാര്‍ട്ടപ്പുകളെയും വലിയ ഉയര്‍ച്ചയില്‍ എത്തിക്കുവാനും കഴിഞ്ഞു. യൂണികോണ്‍ പദവിയില്‍(100 കോടി) സ്റ്റാര്‍ട്ടപ്പുകളെ എത്താന്‍ എന്തൊക്കെ വേണമെന്നുള്ള കൃത്യമായ ധാരണ കൊടുക്കാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും നടത്തിയ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 2015 ല്‍ 20 കോടി രൂപ 10 സ്റ്റാട്ടപ്പുകള്‍ക്ക് 18 മാസത്തിനിടയില്‍ അദ്ദേഹം നല്‍കി. ഒരു ഘട്ടത്തില്‍ മിക്ക വ്യവസായികളെയും അത്ഭുതപ്പെടുത്തിയത് ആയിരുന്നു അത്. പുതുതലമുറയിലെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍, സ്വപ്‌നങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കാന്‍ സാമ്പത്തിക സഹായം, പ്രോത്സാഹനം, ഉപദേശം എന്നിവ പരിചയ സമ്പന്നരായ വ്യവസായികള്‍ തന്നെയാണ് ചെയ്യേണ്ടത് എന്ന് വലിയ സന്ദേശമാണ് വ്യവസായ ലോകത്തിന് ടാറ്റ നല്‍കിയത്. ചില നിക്ഷേപം ലക്ഷത്തില്‍ ഒതുങ്ങിയപ്പോള്‍ ചിലത് അതിന്റെ പ്രാധാന്യവും വൈവിധ്യവും അനുസരിച്ച് കോടികളില്‍ എത്തി. ഉദാഹരണത്തിന് ഓല എന്ന സംരംഭത്തെ ടാറ്റ സഹായിച്ചത് 6 മുന്‍ഗണന ഓഹരികള്‍ എടുത്തുകൊണ്ടായിരുന്നു. എന്നാല്‍ കാര്‍ ദേഖോ കമ്പനിയില്‍ ടാറ്റ ഇന്‍വെസ്റ്റ് ചെയ്തത് 163 ഓഹരികള്‍ എടുത്തുകൊണ്ടാണ്. 237 ഓഹരികള്‍ snapdeal എന്ന സ്റ്റാര്‍ട്ടപ്പിന് നിന്ന് ലഭിച്ചു. ഇതൊക്കെ അത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ ഒരു ഉയര്‍ച്ച ഉണ്ടാക്കി.

ഇതേ കാലയളവില്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളായ ദിവാമി, അര്‍ബന്‍ ലേഡര്‍, പേ.ടി.എം എന്നിവയ്ക്കും അദ്ദേഹം വലിയ നിക്ഷേപങ്ങള്‍ നല്‍കി. അര്‍ബന്‍ കമ്പനി ലെന്‍സ് കാര്‍ട്ട് എന്നീ രണ്ട് കമ്പനികളെ യൂണികോണ്‍ പദവിയില്‍ എത്തിച്ചതും ടാറ്റയുടെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ സഹായങ്ങള്‍ തന്നെയാണ്. ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയും അതില്‍ ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ എന്തായിരുന്നു ടാറ്റ അര്‍ത്ഥമാക്കിയത് എന്ന് 2016ല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഫൗണ്ടര്‍ കുനല്‍ ബാഹല്‍ ബോംബെയില്‍ വച്ച് നടന്ന ടൈകോണ്‍ കോണ്‍ഫറന്‍സില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരാള്‍ പഠിക്കുന്നു. ജോലി നേടുന്നു, സ്വയംതൊഴില്‍ കണ്ടെത്തുന്നു, സംരംഭകരാകുന്നു, അവിടെ തീരുന്നില്ല പിന്നീട് നിക്ഷേപകനായി മാറുന്നു എന്നതാണ് ജീവിതചക്രം എന്നായിരുന്നു. നിക്ഷേപകനായി മാറുമ്പോള്‍ മാത്രമേ പുതുതലമുറയ്ക്ക് വളരാനും വികസിക്കാനും കഴിയും. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് മാത്രമേ പൊതു സംരംഭകരെ സൃഷ്ടിക്കാന്‍ കഴിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശവും. രത്തന്‍ ടാറ്റയുടെ ദീര്‍ഘവീക്ഷണത്തിന് ഇതിനപ്പുറം ഒരു സന്ദേശം വേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. 2014 ല്‍ 10 കോടി രൂപയാണ് snapdeal എന്ന സംരംഭത്തിന് അദ്ദേഹം കൊടുത്തത് . സ്‌നാപ്പ് ഡീലിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും അതൊരു വലിയ പ്രോത്സാഹനം തന്നെയാണ് നല്‍കിയത് എന്ന് ഇന്നും സ്‌നാപ്ഡീല്‍ ഫൗണ്ടര്‍ കുനാല്‍ ഓര്‍ക്കുന്നു .

ബ്ലൂ സ്‌റ്റോണ്‍ എന്ന ജ്വല്ലറി ബ്രാന്‍ഡിന് ടാറ്റ സഹായിച്ചതും ഈ രീതിയില്‍ തന്നെയാണ്. ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഇന്റര്‍മീഡിയറിയുടെ സഹായത്തോടുകൂടിയാണ് ബ്ലുസ്‌റ്റോണ്‍ ടാറ്റ ഇന്‍വസ്റ്റ് ചെയ്തത്. ജ്വല്ലറി ഡിസൈനിങ്ങിലും മാനുഫാക്ചറിംഗ് സാങ്കേതികവിദ്യയിലും ബ്ലുസ്‌റ്റോണ്‍ ലോകത്തിലെ സംവിധാനമായി മാറിയത് രത്തന്‍ ടാറ്റയുടെ ദീര്‍ഘവീക്ഷണം കൊണ്ട് തന്നെയാണെന്ന് സ്ഥാപകനായ ഗൗരവ് സിംഗ് കുശുവ'' പ്രതിപാദിക്കുന്നുണ്ട്. ഇതിന് പുറമെ സംരംഭകര്‍ക്ക് ആവശ്യമായ ഒട്ടേറെ സഹായങ്ങള്‍ പരിധിക്ക് അപ്പുറത്ത് നിന്നുകൊണ്ട് ചെയ്യാനും ടാറ്റ ശ്രമിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാത്ത ആശയങ്ങളെ അവസരങ്ങള്‍ ആക്കി മാറ്റുന്ന സംരംഭകത്വം പ്രവര്‍ത്തനങ്ങളെ ലാഭം നോക്കാതെ സഹായിച്ചതിന്റെയും അവയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും നിദാനമായി മാറിയതിനു ഇത്തരത്തില്‍ എത്രയോ ഉദാഹരണം ടാറ്റയുടെ അകമഴിഞ്ഞ സഹായത്തിലൂടെ ലഭിച്ചിട്ടുണ്ട്.

20020 കോവിഡിന് ശേഷം സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനപ്പെടുത്തി ടാറ്റ വ്യാപകമായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തിയിട്ടുണ്ട്. പല സംരംഭകര്‍ക്കും അതില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് വളരാനും വികസിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ തന്റെ സംരംഭങ്ങളെ വിജയിക്കുന്നതിനോടൊപ്പം പുതുതലമുറ സംരംഭങ്ങളെ കൂടെ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് രത്തന്‍ ടാറ്റ വഹിച്ചത്. ടാറ്റയുടെ ജീവിതരീതികളും അതേപോലെതന്നെയായിരുന്നു. ഒരുഭാഗത്ത് സാമൂഹ്യ പ്രതിബദ്ധതയിലുന്നികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ തെരുവില്‍ നിന്ന് ലഭിച്ച ഒരു നായക്കുട്ടിയെയും ഒപ്പം അദ്ദേഹം കൂട്ടിയിരുന്നു. ഒഴിവുസമയങ്ങളില്‍ ക്രിക്കറ്റ് കളിക്കാനും വ്യായാമത്തില്‍ ഏര്‍പ്പെടാനും ശ്രമിച്ചിരുന്ന ഈ വ്യവസായി ഒരു ട്രെയിന്‍ഡ് പൈലറ്റ് കൂടിയായിരുന്നു.

നാനോ കാര്‍ പുറത്തിറക്കുമ്പോള്‍ തന്നെ ടാറ്റ ഈ സന്ദേശം നല്‍കി. ചില സംരംഭങ്ങളിലും മറ്റും നഷ്ടം നേരിടുമ്പോഴും ടാറ്റ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രവര്‍ത്തിക്കുക, മുന്നേറുക, വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ കൊണ്ടുവരിക എന്നതുതന്നെയാണ് രത്തന്‍ ടാറ്റ മുന്നോട്ടുവെച്ച ആശയം.

എല്ലാ ബിസിനസ് തീരുമാനങ്ങളും വിജയിക്കണമെന്നില്ല. എന്നാല്‍ അവ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. നാനോ കാര്‍ പുറത്തിറക്കുമ്പോള്‍ തന്നെ ടാറ്റ ഈ സന്ദേശം നല്‍കി. ചില സംരംഭങ്ങളിലും മറ്റും നഷ്ടം നേരിടുമ്പോഴും ടാറ്റ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രവര്‍ത്തിക്കുക, മുന്നേറുക, വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ കൊണ്ടുവരിക എന്നതുതന്നെയാണ് രത്തന്‍ ടാറ്റ മുന്നോട്ടുവെച്ച ആശയം. പുതിയ തലമുറയ്ക്ക് ഇതൊരു പാഠമാണ്. അതുകൊണ്ടുതന്നെ രത്തന്‍ ടാറ്റയ്ക്ക് പകരം മറ്റൊരു ടാറ്റയെ കണ്ടെത്തുക ടാറ്റ ട്രസ്റ്റിന് എളുപ്പമായിരിക്കില്ല.

Content Highlights: Tata's future after Ratan Tata?

dot image
To advertise here,contact us
dot image