പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ ഡോ. പി സരിൻ വാർത്തകളിലും ഫേസ്ബുക്ക് ഫീഡുകളിലും നിറയുകയാണ്. സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയാവാനുള്ള സാധ്യതയാണ് ഏറ്റവുമൊടുവിൽ പറഞ്ഞുകേൾക്കുന്നത്. 'രാഷ്ട്രീയക്കാരന് രണ്ട് മുഖം പാടില്ല, ഒറ്റമുഖമാണ് വേണ്ടത്. അതുവെച്ച് നേരോട് നേര് പറയാനാകണം, ഇല്ലെങ്കില്‍ അത്തരം മുഖമുള്ളവരായി മാറണം' എന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാർത്താസമ്മേളനം നടത്തി ഡോ. പി സരിന്‍ പറഞ്ഞത്. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിന്റെ പേരും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സ്ഥാനാർത്ഥിത്വത്തിലേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ, ഒറ്റപ്പാലം സ്വദേശിയായ സരിനെ തഴഞ്ഞ് പാർട്ടി അന്തിമഘട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിനയുറപ്പിച്ചതാണ് പരസ്യമായ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇതിനു പിന്നാലെയാണ് സരിനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ തിരഞ്ഞ് ഗൂഗിളിലും വാർത്താസൈറ്റുകളിലും ആളുകൾ സജീവമായത്.
ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിൻ സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ്. 2007ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ സരിൻ 2008 ലാണ് ആദ്യമായി സിവില്‍ സർവീസ് പരീക്ഷ എഴുതിയത്. അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു വര്‍ഷം കർണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.
സിവിൽ സർവ്വീസ് ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത് 2016ലാണ്. അത് ഒരു ദിവസത്തെ തോന്നലൊന്നുമല്ലായിരുന്നു എന്നാണ് സരിൻ പറയാറുള്ളത്. മാതാപിതാക്കളുടെയടക്കം എതിർപ്പ് മറികടന്ന് ആ തീരുമാനത്തിലേക്ക് എത്തുക എളുപ്പമല്ലായിരുന്നു. ഭാര്യയും നവജാത ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യയുടെ പൂർണപിന്തുണ ഉറപ്പായതോടെ മറ്റെല്ലാ എതിർപ്പുകളെയും മറികടന്ന് സരിൻ തന്റെ തീരുമാനത്തിലുറച്ചുനിന്നു. ഐഎഎസ് എന്ന പദവി ഉപേക്ഷിച്ച് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. രാഷ്ട്രീയത്തിലൂടെ രാഷ്ട്രനിർമ്മാണം എന്നതാണ് തന്റെ പക്ഷമെന്ന് സരിൻ പറഞ്ഞിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ സരിൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരക്കാരനായി 2023ൽ കെപിസിസി ഡിജിറ്റൽ മീഡിയയുടെ ചുമതലയിലേക്ക് സരിൻ എത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ, എൽഎൽബി പഠനത്തിനുള്ള പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടി സരിൻ എറണാകുളത്തെ സർക്കാർ ലോ കോളജിൽ ത്രിവർഷ കോഴ്സിൽ ചേർന്നു. ജനാധിപത്യത്തിന്റെ മൂന്നാം തൂണിനെ അടുത്തറിയാനുള്ള പഠനമാണെന്നാണ് നിയമപഠനത്തെക്കുറിച്ച് അന്ന് സരിൻ പറഞ്ഞത്.