ഹമാസ്, ഹിസ്ബുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ട പ്രധാന നേതാക്കൾ ഇവരെല്ലാം

നിരവധി ഹമാസ്, ഹിസ്ബുള്ള നേതാക്കളെയാണ് യുദ്ധത്തിൻ്റെ ചുവട് പിടിച്ച് ഇസ്രയേൽ ആസൂത്രിതമായി കൊന്നൊടുക്കിയത്

dot image

സ്വന്തം നാടിൻ്റെ വിമോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലുമായി പോരാട്ടം നടത്തുന്ന സായുധസംഘങ്ങളാണ് ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും. ഈ രണ്ട് സായുധസംഘങ്ങൾക്കും ഇറാൻ 'ആളും അർത്ഥവും' നൽകി സഹായിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഇറാൻ ഇസ്രയേലിനെതിരെ നിഴൽയുദ്ധത്തിന് ഉപയോ​ഗിക്കുന്ന സംഘമെന്ന നിലയിലാണ് അമേരിക്ക ഉൾപ്പെടെയുള്ള ഇസ്രയേലിൻ്റെ സഖ്യരാജ്യങ്ങൾ ഇവരെ കണക്കാക്കുന്നത്. ഏഴുപതിറ്റാണ്ടിലേറെയായി തുടരുന്ന പലസ്തീൻ വിമോചന പോരാട്ടങ്ങൾ പലവട്ടം അറബ്-ഇസ്രയേൽ യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. മധ്യേഷ്യയിലെ സംഘർഷങ്ങളുടെ പ്രധാനകാരണമായും ഇസ്രയേലിൻ്റെ പലസ്തീൻ അധിനിവേശം മാറിയിട്ടുണ്ട്. ഈ സംഘർഷങ്ങളിൽ 1980കൾ മുതൽ പങ്കാളികളായ സായുധസംഘങ്ങളാണ് ഹമാസും ഹിസ്ബുള്ളയും.

നിലവിൽ മധ്യേഷ്യയിലെ രൂക്ഷമായ സംഘർഷങ്ങൾക്ക് കാരണമായത് ഹമാസിൻ്റെ ഇസ്രയേൽ ആക്രമണവും അതിന് പിന്നാലെയുള്ള ഇസ്രയേലിൻ്റെ തിരിച്ചടിയുമാണ്. ഹമാസിനെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ഒക്ടോബർ ഏഴിന് ശേഷം ​ഗാസയിൽ ഇസ്രയേൽ സൈനികനീക്കം ആരംഭിച്ചത്. ഗാസയിൽ ഇസ്രയേൽ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ ലെബനൻ അതിർത്തി കേന്ദ്രീകരിച്ച് ഹിസ്ബുള്ള ഇസ്രയേലിനെതിരെ യുദ്ധമുഖം തുറക്കുകയായിരുന്നു.

ഈ സംഘർഷങ്ങളുടെ ചുവട് പിടിച്ച് ഹമാസിൻ്റെയും ഇസ്രയേലിൻ്റെയും ഉന്നത നേതൃത്വത്തെ തിരഞ്ഞ്പിടിച്ച് വധിക്കുന്ന രീതിയാണ് ഇസ്രയേൽ സ്വീകരിക്കുന്നത്. ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും തലവന്മാരെ അവരുടെ സുരക്ഷിത കേന്ദ്രങ്ങളിൽ വെച്ച് തന്നെ കൊലപ്പെടുത്തിയാണ് ഇസ്രയേൽ ഇരുസായുധ സംഘങ്ങളെയും ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഹമാസ് നേതാവ് യഹിയ സിൻവാറിനെയാണ് ഈ നിലയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത്. ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകനായാണ് യഹിയ സിൻവാർ കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ സിൻവാറിൻ്റെ കൊലപാതകത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡൻ്റ് ബൈഡനുമെല്ലാം വലിയ ലക്ഷ്യം കൈവരിച്ചുവെന്ന നിലയിലാണ് പ്രതികരിച്ചത്. ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ അവസാന നിമിഷങ്ങളെന്നവകാശപ്പെടുന്ന വീഡിയോ ഇസ്രയേൽ പുറത്ത് വിട്ടിരുന്നു. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൈ അറ്റനിലയിൽ ഇരിക്കുന്ന ആളുടെ വീഡിയോ ആണ് പുറത്ത് വിട്ടത്. ഇത് സഹിയ സിൻവാറാണ് എന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. എന്തായാലും യഹിയ സിൻവാർ കൊല്ലപ്പെട്ടുവെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ നിലയിൽ നിരവധി ഹമാസ്, ഹിസ്ബുള്ള നേതാക്കളെയാണ് യുദ്ധത്തിൻ്റെ ചുവട് പിടിച്ച് ആസൂത്രിതമായി ഇസ്രയേൽ കൊന്നൊടുക്കിയത്. ഇസ്രയേൽ വധിച്ച പ്രധാപ്പെട്ട ഹമാസ് ഹിസ്ബുള്ള നേതാക്കളുടെ പട്ടിക പരിശോധിക്കുമ്പോഴാണ് ഇസ്രയേൽ എത്ര സൂക്ഷ്മമായാണ് ഈ സായുധസംഘങ്ങളുടെ ഉന്മൂലനത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് കൂടിയാണ് വ്യക്തമാകുന്നത്.

ഇസ്രയേൽ കൊലപ്പെടുത്തിയ ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും നേതാക്കളുടെ പട്ടിക

യഹിയ സിൻവാർ: ഹമാസ് നേതാവ് യഹിയ സിൻവാറിനെ ഗാസയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം വധിച്ചത്. ഹമാസിൻ്റെ സുരക്ഷിതമായ ഒളിയിടങ്ങളിൽ കടന്ന് കയറിയായിരുന്നു ഈ കൊലപാതകം. യഹിയയുടെ അവസാന നിമിഷങ്ങൾ ചിത്രീകരിച്ചതായി അവകാശപ്പെടുന്ന വീഡിയോയും ഇസ്രയേൽ പുറത്തുവിട്ടിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കയറിയുള്ള ഹമാസ് ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനാണ് യഹിയ സിൻവാർ എന്നാണ് ഇസ്രയേലിൻ്റെ ആരോപണം. പലസ്തീന് മേലുള്ള ഇസ്രയേൽ അധിനിവേശത്തെ നഖശിഖാന്തം എതിർത്ത നേതാവാണ് സിൻവാർ. ഹമാസിൻ്റെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തോട് അഗാധമായ പ്രതിബദ്ധതയുള്ള നേതാവായാണ് യഹിയ സിൻവാർ അറിയപ്പെടുന്നത്.

ഹസൻ നസറല്ല: 2024 സെപ്തംബർ 28-നായിരുന്നു ഹിസ്ബുള്ളയുടെ ഒളിടത്ത് കടന്നെത്തി ഇസ്രയേൽ ഹസൻ നസറല്ലയെ കൊലപ്പെടുത്തിയത്. ഹിസ്ബുള്ളയുടെ രാഷ്ട്രീയ-ആത്മീയ നേതാവ് എന്ന നിലയിൽ അറബ് ലോകത്ത് വിശേഷിച്ച് ഷിയ വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ഹസൻ നസറല്ല ഇസ്രയേലിനെ നേരിട്ട് വെല്ലുവിളിക്കാൻ ശേഷിയുള്ള സായുധസംഘം എന്ന നിലയിലേയ്ക്ക് ഹിസ്ബുള്ളയെ വളർത്തിയത് ഹസൻ നസറല്ലയായിരുന്നു. 'വീരോചിതവും ധീരവും സർഗ്ഗാത്മകവുമായ മഹത്തായ പ്രവർത്തി' എന്നായിരുന്നു2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ച ഹമാസിൻ്റെ നീക്കത്തെ നസറല്ല വിശേഷിപ്പിച്ചത്. ഹമാസ് ആക്രമണത്തിനും ഇസ്രയേലിൻ്റെ പ്രത്യാക്രമണത്തിനും പിന്നാലെ ലെബനീസ് അതിർത്തിയിൽ നിന്ന് ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചു വിട്ടു. ഹിസ്ബുള്ളയെ ഒരു പ്രാദേശിക ഒരു സൈനിക ശക്തിയായി മാറ്റിയ ഹസൻ നസറല്ലയെ തന്നെ കൊലപ്പെടുത്താനുള്ള ഇസ്രയേൽ നീക്കം ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്മായിൽ ഹനിയ്യ: ഹമാസിൻ്റെ തലവനായിരുന്ന ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ കൊലപ്പെടുത്തുന്നത് ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ വെച്ചാണ്. മസൂദ് പെസെഷ്‌കിയൻ പങ്കെടുത്ത ചടങ്ങിന് ശേഷം ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സിൻ്റെ ഗസ്റ്റ് ഹൌസിൽ വെച്ചായിരുന്നു ഹനിയ്യ കൊലപ്പെട്ടത്. 2024 ജൂലൈ 31നായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാനിയൻ ഇന്റലിജൻസ് സംവിധാനത്തിൻ്റെയും സൈനിക സംവിധാനങ്ങളുടെയും പരാജയമായി ഹനിയ്യയുടെ കൊലപാതകം വിലയിരുത്തപ്പെട്ടിരുന്നു. ഹ്രസ്വദൂര പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നായിരുന്നു ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്‌സ് വ്യക്തമാക്കിയിരുന്നത്. ഇസ്രയേലിനെ സംബന്ധിച്ച് ഇറാൻ്റെ മണ്ണിൽവെച്ച് ഹനിയ്യയെ കൊലപ്പെടുത്തിയത് വലിയ മാനസിക മുൻതൂക്കവും നൽകിയിരുന്നു. 1987ൽ ഹമാസ് രൂപീകരിച്ചത് മുതൽ അതിൻ്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് ഹനിയ്യ. ഹമാസിൻ്റെ തലവനായും പലസ്തീൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായും ഹനിയ്യ ചുമതല നിർവ്വഹിച്ചിരുന്നു. 2017ലാണ് ഹനിയ്യ ഹമാസിൻ്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫതഹ് ഷെരീഫ്: 2024 സെപ്തംബർ 30നായിരുന്നു ഹസൻ നസറല്ലയുടെ കൊലപാതകത്തിന് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവായ ഫതഹ് ഷെരീഫിനെ ഇസ്രയേൽ വധിച്ചത്. അയൽരാജ്യത്തെ ഇറാൻ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചത് തുടരുന്നതിനാൽ, ലെബനനിലെ ഹമാസിൻ്റെ നേതാവ് ഷെരീഫിനെ തങ്ങളുടെ സൈന്യം "ഉന്മൂലനം" ചെയ്തതായി 2024 സെപ്റ്റംബർ 30-ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

അലി കാരാക്കി: നസറല്ലയെ വധിച്ച വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാരിൽ ഒരാളായ അലി കരാക്കി കൊല്ലപ്പെട്ടത്. ഭൂഗർഭ ബങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ20ലധികം ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ ആവകാശപ്പെട്ടിരുന്നു.

നബീൽ കൗക്ക്: 2024 സെപ്തംബർ 28 ന് തന്നെ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കൗക്ക്, ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിലിൻ്റെ ഡെപ്യൂട്ടി ഹെഡ് ആയിരുന്നു.

മുഹമ്മദ് സ്രൂർ: ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റിൻ്റെ തലവനായിരുന്നു സ്രൂർ. ഒക്ടോബർ ഏഴിന് ശേഷം ലെബനനിൽ നിന്നും ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൻ്റെ പ്രധാന ആസൂത്രകനായിരുന്നു മുഹമ്മദ് സ്രൂർ. ഹിസ്ബുള്ളയുടെ റോക്കറ്റ് ഡ്രോൺ വിഭാഗത്തിൻ്റെ തലവൻ എന്ന നിലയിൽ ഹിസ്ബുള്ള നേതൃത്വത്തിൽ നിർണ്ണായക പങ്കുണ്ടായിരുന്നു നേതാവായിരുന്നു മുഹമ്മദ് സ്രൂർ.

ഇബ്രാഹിം ഖുബൈസി: ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിൻ്റെ തലവനായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിം ഖുബൈസി.

ഇബ്രാഹിം അക്വിൽ: 2024 സെപ്തംബർ 20-നായിരുന്നു ഇസ്രായേലിൻ്റെ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഓപ്പറേഷൻസ് കമാൻഡറായ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത്. 1983-ലെ ബെയ്റൂട്ടിലെ അമേരിക്കൻ എംബസിയിലും യു എസ് മറൈൻ ബാരക്കുകളിലും 300-ലധികം പേരെ കൊന്നൊടുക്കിയ രണ്ട് ട്രക്ക് ബോംബാക്രമണങ്ങളുടെ പേരിൽ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടിരുന്ന നേതാവാണ് ഇബ്രാഹിം അക്വിൽ.

അഹമ്മദ് മഹ്മൂദ് വഹബി: 2024ൻ്റെ തുടക്കം വരെ റദ്‌വാൻ പ്രത്യേക സേനയുടെ സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാൻഡറായിരുന്നു അഹമ്മദ് വഹ്ബി. ഇബ്രാഹിം അക്വിൽ ഉൾപ്പെടെയുള്ള ഹിസ്ബുള്ളയുടെ നിരവധി ഉന്നത കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണത്തിൽ സെപ്തംബർ 20നാണ് അഹമ്മദ് മഹ്മൂദ് വഹബി കൊല്ലപ്പെട്ടത്.

ഫുവാദ് ഷുക്കർ: ജൂലൈ 30ന് ബെയ്റൂത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടത്. ഹിസ്ബുള്ള സ്ഥാപിക്കപ്പെട്ടത് മുതൽ അതിൻ്റെ മുൻനിര സൈനികരിൽ ഒരാളായി 1982-ൽ ഇറാൻ്റെ റെവല്യൂഷണറി ഗാർഡുകൾ സ്ഥാപിച്ചതു മുതൽ ഹിസ്ബുള്ളയുടെ മുൻനിര സൈനികരിൽ ഒരാളായിരുന്നു ഷുക്കർ.

മുഹമ്മദ് നാസർ: ജൂലൈ 3ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് നാസർ കൊല്ലപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ലെബനനിൽ നിന്ന് ഇസ്രായേലിനു നേരെ വെടിയുതിർത്തിരുന്ന യൂണിറ്റിൻ്റെ തലവനായിരുന്നു മുഹമ്മദ് നാസർ എന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. ഹിസ്ബുള്ളയുടെ സീനിയർ കമാൻഡറായിരുന്നു നാസർ.

തലേബ് അബ്ദുല്ല: തെക്കൻ ലെബനനിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് 2024 ജൂൺ 12നാണ് ഹിസ്ബുള്ളയുടെ മുതിർന്ന ഫീൽഡ് കമാൻഡർ അബ്ദുല്ല കൊല്ലപ്പെട്ടത്.

മുഹമ്മദ് ദീഫ്: ഹമാസ് നേതാവായ മുഹമ്മദ് ദീഫ്ഓ ഗസ്റ്റ് 1-ന് ഇസ്രായേൽ സൈന്യത്തിൻ്റെ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2000കളുടെ തുടക്കം മുതൽ ഡീഫ് ഇസ്രായേലിൻ്റെ പട്ടികയിൽ ഉണ്ടായിരുന്നു.

സലേഹ്-അൽ അരൂരി: ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയെഹിൽ വെച്ചായിരുന്നു ഹമാസിൻ്റെ ഡെപ്യൂട്ടി മേധാവിയായിരുന്ന സലേഹ്-അൽ അരൂരി കൊല്ലപ്പെട്ടത്. 2024 ജനുവരി 2-നായിരുന്നു ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ഹമാസിൻ്റെ ഡെപ്യൂട്ടി മേധാവി കൊല്ലപ്പെട്ടത്. ഹമാസിൻ്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിൻ്റെ സ്ഥാപകൻ കൂടിയായിരുന്നു അരൂരി.

മർവാൻ ഇസ: ഹമാസ് ഡെപ്യൂട്ടി കമാൻഡർ മർവാൻ ഇസയെ മാർച്ചിലാണ് ഇസ്രയേൽ സൈന്യം വിധിച്ചത്. ഇസ്രായേലിൻ്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഡെയ്ഫിനും സിൻവാറിനും ഒപ്പം ഒന്നാം സ്ഥാനത്തായിരുന്നു മർവാൻ ഇസ.

Content Highlights: Heres a list of Hamas and Hezbollah leaders who have been killed in the ongoing war

dot image
To advertise here,contact us
dot image