കാഴ്ചയെ അന്ധമാക്കും വിധം ശക്തമായ ഫ്ലാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ പല കുടുംബങ്ങളും ഉറക്കമുണർന്നു. കഴുത്തിൽ അമർന്നിറങ്ങുന്ന കത്തിയും, തങ്ങൾക്ക് നേരെ ചൂണ്ടിയ തോക്കുകളുമായി തലയും മുഖവും മൂടിയ, സ്‌കി മാസ്ക് ധരിച്ച ഒരാൾ അവരുടെ കട്ടിലുകൾക്ക് പിന്നിലായി നിൽക്കാറുണ്ടായിരുന്നു.
"ജീവിക്കണമെങ്കിൽ ഞാൻ പറയുന്നത് നിങ്ങൾ ചെയ്യണം"..
ഭർത്താവും മക്കളും നോക്കിനിൽക്കേ അമ്പതോളം സ്ത്രീകൾ അവരുടെ വീടുകളിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പതിമൂന്നിലധികം പേരെ കൊന്നുതള്ളി. 1970കളിൽ കാലിഫോർണിയയിൽ നൂറിലധികം കുടുംബങ്ങൾ കൊള്ളയടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നിൽ ഒരേയൊരാൾ മാത്രമായിരുന്നു.
അതിവിദഗ്ദമായായിരുന്നു അയാളുടെ നീക്കങ്ങൾ. ക്രൈം സീനുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന സൂചനകൾ ബാക്കിയാക്കിയായിരുന്നു പ്രതിയുടെ മടക്കം. അന്വേഷണത്തിനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിദഗ്ദമായി വഴിതിരിച്ചുവിട്ടു. വീണ്ടും കാലിഫോർണിയയിലുടനീളം സഞ്ചരിച്ച് വീടുകൾ തോറും കയറിയിറങ്ങി അയാൾ ക്രൂരകൃത്യങ്ങൾ ആവർത്തിച്ചു.
പലപ്പോഴും സീരിയൽ കില്ലിങ്ങുകളിൽ കൊലപ്പെടുന്നവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകാറുണ്ട് . എന്നാൽ ഈ മുൻവിധിയെ മാറ്റിക്കുറിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായവർ തമ്മിൽ യാതൊരു വിധ ബന്ധവും ഉണ്ടായിരുന്നില്ല. ഇതോടെ ഈ സീരിയൽ കില്ലറിന്റെ കൊലപാതകങ്ങൾ ചുരുളഴിയാതെ മൂടപ്പെട്ടത് നാൽപത് വർഷത്തോളമാണ്. മാസ്ക് ധാരിയായ കൊലപാതകിയിൽ നിന്നും രക്ഷപെട്ടവർ ജീവൻ ഭയന്ന് പലയിടത്തേക്കായി താമസം മാറി. എന്നാൽ കൃത്യം നടന്ന് വർഷങ്ങൾക്ക് ശേഷവും പ്രതിയുടെ ഭീഷണികൾ തുടർന്നിരുന്നതായി പല കുടുംബങ്ങളും പിൽക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. 1986ന് ശേഷം കുറ്റകൃത്യങ്ങൾ നടക്കാതെയായി. ഇതോടെ അന്വേഷണവും മന്ദഗതിയിലായി.
44 വർഷങ്ങൾ കാലിഫോർണിയയെ ഭീതിയിലാഴ്ത്തിയ കൊലപാതകി. 'ദി വിസാലിയ റാൻസക്കർ', 'ദി ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്', 'ദ ഒറിജിനൽ നൈറ്റ് സ്റ്റോക്കർ', ഏറ്റവും ഒടുവിലായി 'ദ ഗോൾഡൻ സ്റ്റേറ്റ് കില്ലർ'. മനുഷ്യരെ നിഷ്ഠൂരം കൊന്നുതള്ളുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത 'ജോസഫ് ജെയിംസ് ഡി അഞ്ചെലോ' എന്ന കൊലയാളിക്ക് ലോകം നൽകിയ പേരുകളാണിത്.
സാധാരണ കുട്ടിക്കാലമായിരുന്നു ഡി അഞ്ചെലോയുടേത്. 1945-ൽ ന്യൂയോർക്കിലെ ബാത്തിൽ ആയിരുന്നു ഡി അഞ്ചെലോയുടെ ജനനം. ജോസഫ് ഡി അഞ്ചെലോ സീനിയർ-കാത്‌ലീൻ ബോസാങ്കോ ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളായിരുന്നു അഞ്ചലോ. യു എസ് ആർമി സർജന്റായിരുന്നു ഡി അഞ്ചെലോയുടെ പിതാവ്. തന്റെ സഹോദരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പത്തു വയസുകാരനായ ഡി അഞ്ചെലോ ദൃക്‌സാക്ഷിയാകേണ്ടി വന്നത് പിൽക്കാലത്ത് ചർച്ചയായിരുന്നു. ജർമനിയിൽ താമസിച്ചിരുന്ന കുടുംബം ഇതിന് ശേഷമാണ് കാലിഫോർണിയയിലെ സാക്രമെന്റോയിലേക്ക് താമസം മാറിയത്.
ക്രൈം സീനുകളിലൊന്നിൽ ഡി അഞ്ചെലോ ചില കുറിപ്പുകളും ഉപേക്ഷിച്ചിരുന്നു. 'ഹോംവർക് എവിഡൻസ്' എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ് ആരംഭിച്ചത്. 'രോഷം, ഭ്രാന്ത്.. ഈ വാക്കുകൾ എന്റെ ആറാം ക്ലാസ്സിനെ കുറിച്ച് ഓർമിപ്പിക്കുന്നു. ജീവിതത്തിൽ ഞാനേറ്റവും വെറുക്കുന്ന വർഷമാണത്', കുറിപ്പിൽ ഡി അഞ്ചെലോ തന്റെ അധ്യാപകനെ കുറിച്ചും എഴുതിയിരുന്നു. 'ക്ലാസ്സെടുക്കുന്നതിനിടെ സംസാരിച്ചതിന് അധ്യാപകൻ ഒരേ വാചകം നൂറ്റിയമ്പതോളം തവണ എഴുതിപ്പിച്ചു. അദ്ദേഹത്തെ വെറുത്തത് പോലെ ഞാൻ ഇതുവരെ ആരെയും വെറുത്തിട്ടില്ല. ചെറിയ കാര്യത്തിന് എന്നെ അത്രത്തോളം ശിക്ഷിക്കേണ്ടിയിരുന്നില്ല. നാണക്കേട് കൊണ്ട് അന്ന് ഞാൻ ഒരുപാട് കരഞ്ഞു. മരണം വരെ എന്റെ ആറാം ക്ലാസ്സിനെയും ആ വർഷത്തെ ഞാൻ വെറുക്കും' എന്നായിരുന്നു ഡി അഞ്ചെലോയുടെ കുറിപ്പ്.
പിൽക്കാലത്ത് താൻ ബലാത്സംഗത്തിനിരയാക്കിയ സ്ത്രീകളോട് 'ഐ ഹേറ്റ് യൂ ബോണി' എന്ന് ഡി അഞ്ചെലോ പറഞ്ഞിരുന്നതായി ഇരകൾ വെളിപ്പെടുത്തിയിരുന്നു
എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനോ വഴി തെറ്റിക്കാനോ ഉള്ള ഡി അഞ്ചെലോയുടെ കെട്ടുകഥ മാത്രമാണെന്ന വാദങ്ങളും പിൽക്കാലത്ത് ഉയർന്നിരുന്നു. എന്നാൽ ഡി അഞ്ചെലോയുടെ കുറിപ്പ് തനിക്ക് മനുഷ്യരോട് വെറുപ്പുണ്ടാക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു.
1964ൽ ഡി അഞ്ചെലോ അമേരിക്കയുടെ നാവിക സേനയിൽ ചേർന്നു. രണ്ട് വർഷത്തോളം മാത്രം നീണ്ട സേവനത്തിന് ശേഷം പൊലീസ് സയൻസ്, ക്രിമിനൽ ജസ്റ്റിസ് തുടങ്ങിയ വിഷയങ്ങളിൽ അഞ്ചെലോ ബിരുദമെടുത്തു. ഇതിനിടെ ഡി അഞ്ചെലോയും തന്റെ കാമുകിയായ ബോണി ജീൻ കോൾവെള്ളുമായുള്ള വിവാഹ നിശ്ചയവും നടന്നു. എന്നാൽ പിന്നീട് ഡി അഞ്ചെലോയുടെ സ്വഭാവത്തിലുണ്ടായ വൈകൃതങ്ങൾ മൂലം ബോണി ബന്ധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. പിൽക്കാലത്ത് താൻ ബലാത്സംഗത്തിനിരയാക്കിയ സ്ത്രീകളോട് 'ഐ ഹേറ്റ് യൂ ബോണി' എന്ന് ഡി അഞ്ചെലോ പറഞ്ഞിരുന്നതായി ഇരകൾ വെളിപ്പെടുത്തിയിരുന്നു.
1973ലാണ് ഡി അഞ്ചെലോ കാലിഫോർണിയയിലെ പൊലീസ് സേനയുടെ ഭാഗമാകുന്നത്. അന്ന് തുലാരെ കൗണ്ടിയിലെ എക്സ്റ്ററിൽ ബർഗ്ലറി (മോഷണം) യുണിറ്റിലെ പൊലീസ് ഓഫീസർ ആയിരുന്നു ഡി അഞ്ചെലോ. അന്ന് മുതൽക്കേ കൂട്ടത്തിൽ വിശ്വസിക്കാൻ പറ്റാത്തവൻ,കൂട്ടത്തിൽ കൂടാത്തവൻ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തെ സഹപ്രവർത്തകർ വിശേഷിപ്പിച്ചിരുന്നത്. ഒരിക്കലും അവരുമായി പൊരുത്തപ്പെടാത്ത സ്വഭാവമായിരുന്നു ഡി അഞ്ചെലോയുടേത്. വല്ലാത്തൊരുതരം ഏകാന്തതയ്ക്കായുള്ള തിരച്ചിലിലായിരുന്നു അയാൾ.
അയല്പക്കങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഡി അഞ്ചെലോയുടെ ആദ്യകാലത്തെ നീക്കങ്ങൾ. വീടുകൾ കയറി അവിടെ നിന്നും വിലപിടിപ്പുള്ളതല്ലാത്ത വസ്തുക്കൾ മോഷ്ടിക്കുക ഡി ആഞ്ചലോയുടെ പതിവായിരുന്നു. പിന്നീട് പാത്രങ്ങളോ കുപ്പികളോ വാതിലുകളിൽ കെട്ടിതൂക്കുകയും ചെയ്യും.1975 സെപ്റ്റംബർ 11 ന്, 16 വയസ്സുള്ള ബെത്ത് സ്നെല്ലിങ്ങിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ
കുട്ടിയുടെ പിതാവും ജേർണലിസം പ്രൊഫസറുമായ ക്ലോഡ് സ്നെല്ലിങ്ങിനെ ഡി അഞ്ചെലോ വെടി വെച്ച് കൊന്നു. മോഷണത്തിനായി എത്തിയതായിരുന്നു ഡി അഞ്ചെലോ. പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞതിനായിരുന്നു സ്നെല്ലിങ്ങിനെ പ്രതി കൊലപ്പെടുത്തിയത്.
ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ പലവട്ടം ബലാത്സംഗം ചെയ്തു. കെട്ടിയിട്ട് മർദിച്ചു. പലപ്പോഴും സ്വർണവും പണവും തിരിച്ചറിയൽ രേഖകളും മോഷ്ടിച്ചു
1976ലാണ് 'ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്' എന്ന ഡി അഞ്ചെലോയുടെ ആദ്യ ബലാത്സംഗം. സാക്രമെന്റോയിലെ റഞ്ചോ കോർഡോവയിലായിരുന്നു സംഭവം. 1976-79 കാലഘട്ടത്തിൽ മോഷണത്തിന് ഡി അഞ്ചെലോയെ അധികാരികൾ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. അന്ന് ഡോഗ് റിപ്പല്ലെന്റുകളും ഒരു വലിയ ചുറ്റികയുമായിരുന്നു ഡി അഞ്ചെലോ മോഷ്ടിച്ചത്. ഇതിനിടെ സാക്രമെന്റോയുടെ കിഴക്കൻ മേഖലകളിൽ ബലാത്സംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും ക്രമാതീതമായി ഉയർന്നിരുന്നു. വീടുകളുടെ ജനലോ വാതിലോ തകർത്തായിരുന്നു ഡി അഞ്ചെലോ അകത്തു കയറിയിരുന്നത്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ പലവട്ടം ബലാത്സംഗം ചെയ്തു. കെട്ടിയിട്ട് മർദിച്ചു. പലപ്പോഴും സ്വർണവും പണവും തിരിച്ചറിയൽ രേഖകളും മോഷ്ടിച്ചു.
1979ഓടെയാണ് ഡി അഞ്ചെലോയുടെ കൊലപാതക പരമ്പരയുടെ തുടക്കം. ഡോ. റോബർട്ട് ഓഫർമാൻ ഡബ്രാ മാനിംഗ് ദമ്പതികളായിരുന്നു ഡി അഞ്ചെലോയുടെ ആദ്യ ഇരകൾ. പ്രത്യേകിച്ച് പ്രകോപനമൊന്നും ഇല്ലാതെയായിരുന്നു ഡി അഞ്ചെലോ ഇവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. മാസങ്ങൾക്കുള്ളിൽ തന്നെ പ്രദേശത്ത് മറ്റൊരു കൊലപാതകവും ഡി അഞ്ചെലോ നടത്തിയിരുന്നു. ലൈമാൻ, ചാർളിൻ സ്മിത്ത്, കെയ്ത്, പാട്രീ ഹാറിങ്ടോൺ എന്നിങ്ങനെ നീണ്ടു പിന്നീട് ഡി അഞ്ചെലോയുടെ ക്രൂരതയിൽ കൊല്ലപ്പെട്ടവരുടെ പട്ടിക.
1990-91 കാലഘട്ടത്തിലാണ് ഡി അഞ്ചെലോ അവസാനമായി തന്റെ ഇരകളെ ബന്ധപ്പെടുന്നത്. 'ഞാൻ മടങ്ങിവരും' എന്ന മുന്നറിയിപ്പ് നൽകി പോയ സീരിയൽ കില്ലറെ പിന്നീടാരും കണ്ടില്ല.
കാലിഫോർണിയയിൽ നടന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ചെയ്ത 'ദ ഗോൾഡൻ സ്റ്റേറ്റ് കില്ലറെ' കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടേയിരുന്നു. വിവിധ ക്രൈം സീനുകളിൽ നിന്നും ശേഖരിച്ച തെളിവുകളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും മറ്റും 2001ഓടെയാണ് വിദഗ്ധ പരിശോധനയ്ക്കെത്തുന്നത്. ഇതോടെയാണ് മോഷണങ്ങൾ നടത്തിയ ദി വിസാലിയ റാൻസക്കറും, കിഴക്കൻ സാക്രമെന്റൊയിൽ ബലാത്സംഗങ്ങൾ നടത്തിയ ദി ഈസ്റ്റ് ഏരിയ റേപ്പിസ്റ്റും ദ ഒറിജിനൽ നൈറ്റ് സ്റ്റോക്കറുമെല്ലാം ഒരാൾ തന്നെയാണെന്ന നിഗമനത്തിലെത്തുന്നത്. ലഭിച്ച സൂചനകൾ ചേർത്തിണക്കി പ്രതിയുടെ ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു.
നാൽപതു വർഷങ്ങൾക്ക് ശേഷം 2018 ജനുവരിയിൽ ഓൺലൈൻ ഡാറ്റബേസിന്റെ സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തുകയും പ്രതിയെ പൊലീസ് തിരിച്ചറിയുകയും ചെയ്തു. 2018 ഏപ്രിൽ 25 ഡി അഞ്ചെലോയെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഡി അഞ്ചെലോയുടെ പ്രായം 74 വയസ്സായിരുന്നു. മൂന്ന് പെൺകുട്ടികളുടെ അച്ഛൻ കൂടിയായിരുന്നു അന്ന് ഡി അഞ്ചെലോ.
'ഐ വിൽ ബി ഗോൺ ഇൻ ദി ഡാർക്ക്: വൺ വുമൻസ് ഒബ്സസീവ് സെർച്ച് ഫോർ ദി ഗോൾഡൻ സ്റ്റേറ്റ് കില്ലർ' എന്ന തലക്കെട്ടിൽ ക്രൈം എഴുത്തുകാരിയായ മിഷേൽ മക്‌നമാരയാണ് ദി ഗോൾഡൻ സ്റ്റേറ്റ് കില്ലർ എന്ന വിളിപ്പേര് ഡി അഞ്ചെലോയ്ക്ക് നൽകിയത്. 2018 ഫെബ്രുവരി 27ന് ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് മിഷേൽ മരണപ്പെട്ടിരുന്നു. വിവിധ ഡിറ്റെക്റ്റീവ്മാരുമായും മനഃശാസ്ത്രജ്ഞരുമായും മിഷേൽ കൂടി കാഴ്ച നടത്തുകയും ഇത് സംബന്ധിച്ച് പുസ്തകമെഴുതുകയും ചെയ്തിരുന്നു. ഡി അഞ്ചെലോയുടെ അറസ്റ്റിന് രണ്ട് മാസം മുൻപാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഡി അഞ്ചെലോ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം നിരവധി പേരാണ് തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചവനെതിരെ മൊഴി പറയാൻ കോടതിമുറിയിൽ എത്തിച്ചേർന്നത്. 'ഞാൻ രക്തത്തിൽ കുളിച്ചിരുന്നു. ശരീരവും മനസും ആകെ മരവിച്ചതു പോലെ. കയ്യിലെയും കാലിലെയും കെട്ടുകൾ എങ്ങനെയൊക്കെയോ പൊട്ടിച്ചെറിഞ്ഞ് ഞാൻ അച്ഛന്റെ അടുത്തേക്ക് ഓടി. അച്ഛാ എന്നെയൊരാൾ ബലാത്സംഗം ചെയ്തു. അയാളൊരു പൊലീസുകാരനാണ്' - എന്നായിരുന്നു ഡി അഞ്ചെലോ ബലാത്സംഗം ചെയ്ത മേരി ബെർവെർട്ട് ആ ദിവസത്തെ കുറിച്ച് ഓർത്തെടുക്കുന്നത്.
ജോസഫ് ജെയിംസ് ഡി അഞ്ചെലോ എന്ന പൊലീസുകാരന്റെ അതിക്രൂര ബലാത്സംഗത്തിന് ഇരയാകുമ്പോൾ പതിമൂന്ന് വയസു മാത്രമായിരുന്നു മേരി ബെർവെർട്ടിന്റെ പ്രായം. 'എന്നെ നദിക്കരയിൽ വച്ചു കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു അയാൾ പറഞ്ഞത്. ഒഴിവുസമയങ്ങളിൽ നദിക്കരയിൽ പോകുന്നതും ബീച്ചിൽ പോകുന്നതും എനിക്കൊരുപാട് ഇഷ്ടമായിരുന്നു. പക്ഷെ അതുകൊണ്ടുണ്ടായ വേദനയോർക്കുമ്പോൾ എനിക്ക് നദിയോടും കടലിനോടുമെല്ലാം വെറുപ്പായിരുന്നു' എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ മൊഴി.
വീൽചെയറിലായിരുന്നു ഡി അഞ്ചെലോ കോടതിയിലെത്തിയത്.
'നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു. അതെല്ലാം ചെയ്തത് ഞാനാണ്. ഞാൻ വിഷമിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നു'. 'അതെല്ലാം' എന്ന ഒറ്റ വാക്കിൽ ജോസഫ് ജെയിംസ് ഡി അഞ്ചെലോ ഒതുക്കിയത് അത്രകാലം താൻ ചെയ്ത ക്രൂരകൃത്യങ്ങൾ ആയിരുന്നു
തനിക്കെതിരായ മൊഴികൾ കേട്ട് 74കാരനായ ഡി അഞ്ചെലോ പറഞ്ഞത് ഇത്രമാത്രമായിരുന്നു. 'നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു. അതെല്ലാം ചെയ്തത് ഞാനാണ്. ഞാൻ വിഷമിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നു'. 'അതെല്ലാം' എന്ന ഒറ്റ വാക്കിൽ ജോസഫ് ജെയിംസ് ഡി അഞ്ചെലോ ഒതുക്കിയത് അത്രകാലം താൻ ചെയ്ത ക്രൂരകൃത്യങ്ങൾ ആയിരുന്നു.
വിചാരണയ്ക്കിടെ 1975-1986 കാലഘട്ടത്തിൽ 87 ഇരകൾക്കെതിരെ നടത്തിയ 53 കുറ്റകൃത്യങ്ങൾ വിചാരണ വേളയിൽ ഡി അഞ്ചെലോ സമ്മതിച്ചിരുന്നു. ഇയാൾക്ക് 13 കൊലപാതകങ്ങൾക്ക് 11 വർഷത്തെ തടവും 13 തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ജീവപര്യന്തവും ആയുധം ഉപയോഗിച്ചതിന് എട്ട് വർഷവും കോടതി തടവ് വിധിച്ചിരുന്നു. അഴിക്കുള്ളിൽ ഡി അഞ്ചെലോ മരണം വരിക്കട്ടെയെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജിയുടെ പ്രതികരണം.