മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ്; പിണറായി വിജയൻ കോഴിക്കോട് നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം

'കേരളം: മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം' എന്ന പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം

dot image

'കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം' എന്ന സഖാവ് പി ജയരാജന്റെ ഗ്രന്ഥം സന്തോഷപൂർവ്വം ഞാൻ പ്രകാശനം ചെയ്യുന്നു.
ഈ കൃതി ഒന്നോടിച്ചു നോക്കാനേ സാവകാശം കിട്ടിയിട്ടുള്ളൂ. വിശദമായി വായിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതിലെ എല്ലാ പരാമർശങ്ങളും അതേപോലെ ഞാൻ പങ്കുവെക്കുന്നു എന്ന് അർത്ഥമില്ല. എന്നുമാത്രമല്ല, ഓരോ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിൻ്റെതായ അഭിപ്രായമുണ്ടാവാം. അതേ അഭിപ്രായമുള്ളവരേ ആ കൃതി പ്രകാശനം ചെയ്യാവൂ എന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് നമ്മുടെ പൊതുമണ്ഡലത്തിൽ വേണ്ടത്ര ഇടമുണ്ട്. അവ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്.
ഞങ്ങൾ ഇരുവരും ഒരേ പ്രസ്ഥാനത്തിൽപ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നിടത്തൊക്കെ യോജിപ്പുണ്ടാവും. വ്യക്തിപരമായ വിലയിരുത്തലുകളിൽ സ്വാഭാവികമായും വ്യത്യസ്ത വീക്ഷണങ്ങളുമുണ്ടാവും. അത്രയേ കരുതേണ്ടൂ.

ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നമ്മുടെ രാഷ്ട്രീയം, പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയും ചെയ്യൂ എന്നതാണ് ഈ കൃതിയുടെ പൊതുസമീപനം. ഇന്നത്തെ കാലത്ത് ആ കാഴ്ചപ്പാടിന് വർദ്ധിച്ച പ്രസക്തിയുണ്ട്. അതുതന്നെയാണ് ഇത്തരമൊരു കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നതും. ഏറെ പഠന-ഗവേഷണങ്ങൾ നടത്തി കാര്യങ്ങളെ അപഗ്രഥിച്ച് തന്റേതായ വിലയിരുത്തലുകൾ രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയതിന് ഞാൻ സഖാവ് പി ജയരാജനെ അഭിനന്ദിക്കുന്നു. പതിമൂന്ന് അധ്യായങ്ങളിലായി, ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള വരവു മുതൽക്കുള്ള ചരിത്രം, അപഗ്രഥനാത്മകമാം വിധം പരിശോധിച്ച് അവതരിപ്പിക്കുകയാണു ജയരാജൻ ഈ കൃതിയിൽ ചെയ്തിട്ടുള്ളത്. കേരളത്തിലെ ഇസ്ലാമിന്റെ, ഇസ്ലാം രാഷ്ട്രീയതയുടെ, അതു കേരളീയ പൊതുസമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനത്തിന്റെ ക്രോണിക്കിൾ ആണ് ഈ ഗ്രന്ഥം എന്നു പറയാം. ഏഴാം നൂറ്റാണ്ടിൽ കച്ചവടക്കാരായി ഇവിടെ എത്തിയവരുടെ തൊട്ടുള്ള ചരിത്രത്തിന്റെ പ്രതിപാദനമിതിലുണ്ട്. മതവ്യാപനത്തിന്റെ വഴികളുണ്ട്. സൂഫി പണ്ഡിതരുടെ ഇവിടേക്കുള്ള വരവുണ്ട്. മാപ്പിള സമുദായം ഇവിടെ രൂപപ്പെട്ടതിന്റെ പശ്ചാത്തലമുണ്ട്. ഇതിനൊക്കെയൊപ്പം മുസ്ലീം സമുദായത്തിന്റെ ഇവിടുത്തെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രവും പി ജയരാജൻ അടയാളപ്പെടുത്തിയിരിക്കുന്നു. പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയുമായി യോജിച്ചു നടത്തിയ സമരം തൊട്ട് മലബാർ കലാപത്തിലെ ചരിത്രപരമായ പങ്കുവരെ അടയാളപ്പെടുത്തിയിരിക്കുന്നു.

മലബാർ കലാപം, ബ്രിട്ടീഷുകാർ വിളിക്കുന്ന മാപ്പിള ലഹളയല്ല, ജന്മിത്വത്തിന്റെ അടിച്ചമർത്തലിനും അതിനു കുടപിടിച്ച സാമ്രാജ്യത്വാധിപത്യത്തിനുമെതിരായ ദേശീയ മോചന സ്വഭാവത്തോടു കൂടിയതായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതും അങ്ങനെതന്നെ. ഇങ്ങനെയുള്ള വിലയിരുത്തലുകളാണ് ചരിത്രപരമായ ഈ വസ്തുതാകഥനത്തെ ചരിത്ര വിദ്യാർത്ഥികൾക്കും സമൂഹത്തിനാകെയും ആകർഷകമാക്കുന്നത്

വെറുതെ പോരാട്ടങ്ങളെ പരാമർശിച്ചുപോവുകയല്ല, മറിച്ച്, അവയെ ചരിത്ര പശ്ചാത്തലത്തിൽ രാഷ്ട്രീയമായി വിശകലനം ചെയ്യുകയാണ്. ആ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂതിരിയുമായി യോജിച്ചു നടത്തിയ പോരാട്ടം മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ളതായിരുന്നില്ല എന്നും സാമ്രാജ്യത്വാധിനിവേശത്തെ ചെറുക്കാനുള്ള ദേശീയ സ്വഭാവത്തോടു കൂടിയതായിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ കലാപം, ബ്രിട്ടീഷുകാർ വിളിക്കുന്ന മാപ്പിള ലഹളയല്ല, ജന്മിത്വത്തിന്റെ അടിച്ചമർത്തലിനും അതിനു കുടപിടിച്ച സാമ്രാജ്യത്വാധിപത്യത്തിനുമെതിരായ ദേശീയ മോചന സ്വഭാവത്തോടു കൂടിയതായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതും അങ്ങനെതന്നെ. ഇങ്ങനെയുള്ള വിലയിരുത്തലുകളാണ് ചരിത്രപരമായ ഈ വസ്തുതാകഥനത്തെ ചരിത്ര വിദ്യാർത്ഥികൾക്കും സമൂഹത്തിനാകെയും ആകർഷകമാക്കുന്നത്. എം പി നാരായണ മേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും മറ്റും ചേർന്ന് കുടിയാൻ സംഘം രൂപീകരിച്ചതിന്റെ മതേതര സ്വഭാവം ഇഴ പിരിച്ച് അവതരിപ്പിക്കുന്നുണ്ട് ഇതിൽ. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടതും മഹാത്മാ ഗാന്ധി മുതൽ മൗലാനാ ഷൗഖത്ത് അലി വരെ കോഴിക്കോടു സന്ദർശിച്ചതും അതിന്റെ സാമൂഹ്യ - സാമുദായിക പശ്ചാത്തലത്തിൽത്തന്നെ അവതരിപ്പിക്കുന്നു. ഖിലാഫത്തിന്റെ ഭാഗമായി കോൺഗ്രസ് സമരങ്ങളിൽ മാപ്പിള കുടിയാന്മാർ വൻതോതിൽ വന്നതും ജന്മിമാരധികവും ഹിന്ദുക്കളായിരുന്നു എന്നതുകൊണ്ടു ജന്മിത്വത്തിനെതിരായ കാർഷിക പോരാട്ടം ഹിന്ദുത്വത്തിനെതിരായ പോരാട്ടമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും ഉദാഹരണങ്ങൾ സഹിതം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. തുടക്കത്തിൽ ഖിലാഫത്തിന്റെ കൂടെയുണ്ടായിരുന്ന കോൺഗ്രസ് പിന്നീട് ഒരു ഘട്ടത്തിൽ അതിനെ കൈയൊഴിഞ്ഞതും അങ്ങനെ പാവപ്പെട്ട മുസ്ലീം കർഷകർക്കും മറ്റും അതിനെതിരെയുള്ള അടിച്ചമർത്തലുകളാകെ തനിച്ച് സഹിക്കേണ്ടിവന്നതും കൃത്യമായിത്തന്നെ എടുത്തുപറയുന്നുണ്ട്.

നിലമ്പൂർ കോവിലകത്തെ തോക്കുമോഷണ സംഭവവുമായി ബന്ധപ്പെട്ട് ആലിമുസലിയാരെ അറസ്റ്റു ചെയ്യാൻ ശ്രമമുണ്ടായതും അതിനെ ചെറുക്കാൻ ജനങ്ങൾ വൻതോതിൽ അണിനിരന്നതും മാപ്പിള കൃഷിക്കാർ വൻതോതിൽ പോലീസിനെതിരെ അണിചേർന്നതും വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നതും തുടർന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ജനങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തുന്ന നില വന്നതും ബ്രിട്ടീഷ് സർക്കാർ ഗൂർഖാ പട്ടാളത്തെ കൊണ്ടുവന്ന് അടിച്ചമർത്തിയതും പ്രക്ഷോഭം ഒരു ഘട്ടത്തിലെത്തിയപ്പോൾ സമരത്തിനു വർഗ്ഗീയ നിറം വന്നതും ഉൾപ്പെടെയുള്ള ചരിത്രകാര്യങ്ങൾ ഈ കൃതി അടയാളപ്പെടുത്തുന്നു. എന്നാൽ, കുഞ്ഞഹമ്മദ് ഹാജി അക്കാലത്ത് ഹിന്ദു പത്രത്തിനയച്ച കത്തുയർത്തിക്കാട്ടി, സഖാവ് ജയരാജൻ സമരത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് അടിവരയിടുന്നുമുണ്ട്. മതസൗഹാർദമില്ലാതായി എന്നും മതംമാറ്റ ആരോപണം സത്യമല്ലെന്നും കാണിക്കുന്ന ആ കത്ത് ചരിത്രത്തെ നേർവഴിക്കാക്കാൻ ഒട്ടൊന്നുമല്ല പ്രയോജനപ്പെടുന്നത്.

മലബാർ കലാപത്തിന്റെ കാർഷിക ഉള്ളടക്കത്തെ കാണാതെ വർഗ്ഗീയ അംശം മാത്രമേ അതിലുള്ളു എന്നു തെറ്റായി വ്യാഖ്യാനിച്ചതിനെ തിരുത്താൻ കമ്മ്യൂണിസ്റ്റു നേതാവ് അബനി മുഖർജി തയ്യാറാക്കിയ 'ദ മാപ്പിള റയ്‌സിങ്ങ്' ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റു റിവ്യൂവിൽ പ്രസിദ്ധീകരിച്ചതുൾപ്പെടെ ഈ കൃതിയിൽ ചേർത്തുകൊണ്ട് ജയരാജൻ ഇതിലെ നിലപാടുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നുണ്ട്

മലബാർ കലാപത്തിന്റെ കാർഷിക ഉള്ളടക്കത്തെ കാണാതെ വർഗ്ഗീയ അംശം മാത്രമേ അതിലുള്ളു എന്നു തെറ്റായി വ്യാഖ്യാനിച്ചതിനെ തിരുത്താൻ കമ്മ്യൂണിസ്റ്റു നേതാവ് അബനി മുഖർജി തയ്യാറാക്കിയ 'ദ മാപ്പിള റയ്‌സിങ്ങ്' ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റു റിവ്യൂവിൽ പ്രസിദ്ധീകരിച്ചതുൾപ്പെടെ ഈ കൃതിയിൽ ചേർത്തുകൊണ്ട് ജയരാജൻ ഇതിലെ നിലപാടുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നുണ്ട്.

കവി രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠൻ സുധീന്ദ്രനാഥ ടാഗോറിന്റെ മകൻ സൗമ്യേന്ദ്രനാഥ ടാഗോർ ഇവിടെയെത്തി കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കി എഴുതിയതും ബ്രിട്ടീഷ് സർക്കാർ നിരോധിച്ചതുമായ 'പെസന്റ്‌സ് റിവോൾട്ട് ഇൻ മലബാർ', മലബാർ കലാപത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം അന്നേ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. 1939 ൽ തന്നെ സഖാവ് ഇ എം എസ്സും പ്രഭാതത്തിലെ തന്റെ ലേഖനത്തിൽ മാർക്‌സിയൻ പരിപ്രേക്ഷ്യത്തിൽ 1921 ലെ കലാപത്തെ കൃത്യമായി വിശകലനം ചെയ്തിരുന്നു.
മലബാർ കലാപത്തിന്റെ 25-ാം വർഷത്തിൽ, അതായത് 1946 ആഗസ്റ്റ് 20 ന് ഇ എം എസ്സിന്റെ 'ആഹ്വാനവും താക്കീതും' പ്രസിദ്ധീകരിക്കപ്പെട്ടതും പിന്നീടതു പാർട്ടി പ്രമേയമായി അംഗീകരിക്കപ്പെട്ടതും എല്ലാവർക്കും അറിയാം. കാർഷികസമരങ്ങൾ ഉയർന്നുവരണം എന്നതായിരുന്നു ആഹ്വാനം. അവസാനം അവ വർഗ്ഗീയമായി വഴിതിരിഞ്ഞു പോകരുത് എന്നതായിരുന്നു താക്കീത്. അന്ന്, അതു പ്രസിദ്ധീകരിച്ചപ്പോൾ ഇ എം എസ്സിനെ അറസ്റ്റു ചെയ്തു, ദേശാഭിമാനിയെ നിരോധിച്ചു. അന്നു കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് എന്തായിരുന്നു? കോൺഗ്രസ് സമരത്തെ തള്ളിപ്പറഞ്ഞു. ലീഗാകട്ടെ, ഇങ്ങനെ പോയി അടികൊള്ളേണ്ട കാര്യമില്ലെന്ന നിലപാട് കൈക്കൊണ്ടു.

വാഗൺ ട്രാജഡി ഇന്ന് എല്ലാവർക്കും അറിയാം. അന്ന്, അറസ്സിലായവരെ ആന്തമാനിലേക്കു നാടുകടത്തുകയും മദ്രാസ് സ്റ്റേറ്റിലെ പല ജയിലുകളിലടയ്ക്കുകയും ചെയ്തതുമറിയാം. എന്നാൽ, മലബാർ കലാപം എന്ന പേരിൽ കണ്ണൂർ ജയിലിലടച്ചവരിൽ പത്തുപേരെ ജയിലിലിട്ടു വെടിവെച്ചു കൊന്നതിന്റെ വിശദാംശങ്ങൾ വേണ്ടത്ര പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത. ഈ കൃതിയിൽ പി ജയരാജൻ അതിന്റെ വിശദാംശങ്ങൾ തേടിച്ചെല്ലുന്നുണ്ട്.

The book written by P Jayarajan - Kerala: Muslim politics and political Islam speaks about how radical Islamic ideas and political Islam has influenced the youth in Kerala.

കോൺഗ്രസിന്റെ രൂപപരിണാമം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന ജാതിക്കാരുടെയും സമ്പന്നരുടെയും പാർട്ടിയായിരുന്നു കോൺഗ്രസ്. അതു സ്വാഭാവികമായും കൃത്യമായ വലതുപക്ഷ നിലപാടുകളെടുത്തു. ചെറുകിട കൃഷിക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി. അതു സ്വാഭാവികമായും ഇടതുപക്ഷ നിലപാടെടുത്തു. ഈ ഇടതുപക്ഷ - വലതുപക്ഷ വേർതിരിവു കനത്തുവന്നതെങ്ങനെ എന്നത് ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. വലതുപക്ഷം മുസ്ലീം വിരുദ്ധ നിലപാടുകളിലേക്കും മുസ്ലീം വിരുദ്ധ നിലപാട് പിന്നീട് ലീഗുവിരോധത്തിലേക്കും മാറിയതിന്റെ ചരിത്രം ഇതിൽ വിവരിക്കുന്നുണ്ട്. വലതുപക്ഷത്തിന്റെ ലീഗിനോടുള്ള എതിർപ്പ് പതുക്കെ മുസ്ലീം വിരുദ്ധ എതിർപ്പായതിന്റെ ചരിത്രവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

1948 ൽ കുറുമ്പ്രനാട് താലൂക്ക് പര്യടനത്തിനിടയിൽ കെ പി സി സി പ്രസിഡന്റായിരുന്ന കേളപ്പൻ നാദാപുരത്തു നടത്തിയ പ്രസംഗം മാതൃഭൂമി അന്നു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 'മുസ്ലീങ്ങൾ രാജ്യത്തിന്റെ വിശ്വാസത്തിന് അർഹരാവണം' എന്നതായിരുന്നു ആ പ്രസംഗം. എന്താണ് ഇതിലെ ധ്വനി എന്നു ഞാൻ വിശദീകരിക്കുന്നില്ല. ഇന്നത്തെ കോൺഗ്രസ് നേതാക്കളോട് ലീഗു നേതാക്കൾ ചോദിച്ചു മനസ്സിലാക്കട്ടെ.

ഹിന്ദു മഹാസഭ കേരള ഘടകം രൂപീകരിക്കാനെത്തിയപ്പോൾ തിരുനാവായ ഹിന്ദു മഹാസഭാ സമ്മേളന സംഘാടനത്തിനു കോൺഗ്രസിലെ വലതുപക്ഷ നേതൃത്വമാണു മുൻകൈ എടുത്തത്. മാതൃഭൂമി ആ വലതുപക്ഷത്തിനൊപ്പം നിന്നപ്പോൾ മുഹമ്മദ് അബ്ദുറഹ്‌മാന്റെ 'അൽ അമീൻ' വലതുപക്ഷ നേതൃത്വത്തിനെതിരായുള്ള നിലപാടെടുത്തു. പത്രങ്ങളുടെ നിഷ്പക്ഷതയും മതനിരപേക്ഷതയും ഒക്കെ ആധുനിക കാലത്തു ചർച്ചയാവുമ്പോൾ ഇതും ചർച്ചയ്ക്കു വിഷയമാക്കാവുന്നതാണ്. അങ്ങനെയായാൽ പുതിയ നിലപാടുകളിൽ വലിയ അമ്പരപ്പൊന്നും ഉണ്ടാവാതിരിക്കും.

പഴയകാല ചരിത്രത്തിൽ ഊന്നിനിന്നുകൊണ്ട് മുസ്ലീം സമുദായവും മതനിരപേക്ഷ സമൂഹമാകെയും നേരിടുന്ന പുതുകാല പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട് സഖാവ് പി ജയരാജൻ. കേരള മുസ്ലീങ്ങളും പൗരത്വ പ്രശ്‌നവും ഈ കൃതി ചർച്ച ചെയ്യുന്നുണ്ട്. ഇൻഡോ - പാക് വിഭജന ഘട്ടത്തിൽ തൊഴിലിനായി കറാച്ചിയിലായിരുന്നവർ അവിടെ നിന്നയച്ച മണി ഓർഡർ കൊണ്ട് കഴിഞ്ഞിരുന്ന കുടുംബങ്ങൾ മലബാറിലുണ്ട്. എന്നാൽ, അവർ ഉപജീവനാർത്ഥമാണവിടെ കഴിഞ്ഞിരുന്നത് എന്നതുപോലും മറന്ന് അവരെ പാക് പൗരന്മാരായി കാണുന്ന സ്ഥിതിയുണ്ടായി. ആ പ്രശ്‌നത്തിന്റെ ദുരന്തം കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ പലരും അനുഭവിച്ചു. ഇന്തോ - പാക് യുദ്ധത്തെ തുടർന്ന് എനിമി പ്രോപ്പർട്ടി ആയി കണക്കാക്കി ഇവരുടെ സ്വത്ത്. ഇതിന്റെ അറിയപ്പെടാത്ത വശങ്ങൾ ഈ കൃതിയിലുണ്ട്.

ഖിലാഫത്തിനെ തുടർന്നു രാഷ്ട്രീയത്തോടു വിരക്തി കാട്ടിയ ഇസ്ലാം ജനവിഭാഗങ്ങളിൽ പെട്ടവരെ മതസംഘടനകൾ എങ്ങനെ തങ്ങളുടെ സ്വാധീനത്തിലാക്കി എന്നത് ഈ കൃതി പരിശോധിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥ 1957 ലെ കമ്മ്യൂണിസ്റ്റു സർക്കാർ വന്നതോടെ മാറിത്തുടങ്ങിയതിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ട് ആ രംഗത്തെ പുരോഗതിയെ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്.

മുസ്ലീങ്ങളും കേരള രാഷ്ട്രീയ പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നിടത്ത് മൂന്നു ധാരകളുണ്ടായിരുന്നതായി പുസ്തകം വിലയിരുത്തുന്നുണ്ട്. ഒന്ന് : ദേശീയ മുസ്ലീങ്ങൾ, രണ്ട് : മുസ്ലീം ലീഗ്, മൂന്ന് : കമ്മ്യൂണിസ്റ്റ്. മസ്ജിദ് പുനർനിർമ്മാണത്തിലെ നിയന്ത്രണം നീക്കൽ, സ്‌കൂൾ വ്യാപിപ്പിക്കൽ, മലപ്പുറം ജില്ല രൂപീകരിക്കൽ, സച്ചാർ കമ്മിറ്റിക്കു പിന്നാലെ രൂപീകരിച്ച പാലൊളി കമ്മിറ്റി തുടങ്ങിയവയൊക്കെ വിശദീകരിച്ചുകൊണ്ട് മുസ്ലീം ജനസാമാന്യത്തിന്റെ താൽപര്യങ്ങൾ കമ്മ്യൂണിസ്റ്റുകാർ എങ്ങനെ മുമ്പോട്ടു കൊണ്ടുപോയി എന്ന് പുസ്തകം വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം, ലീഗിനോടുള്ള കോൺഗ്രസ് സമീപനത്തിൽ വന്ന മാറ്റംമറിച്ചിലുകളും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

കോൺഗ്രസ് ലീഗിനെ തൊടുന്നതിൽ അയിത്തം പുലർത്തിയിരുന്നതും നെഹ്‌റു ലീഗിനെ ചത്ത കുതിര എന്നു വിശേഷിപ്പിച്ചതും അറുപതിൽ കോൺഗ്രസ് - ലീഗ് - പി എസ് പി മുക്കൂട്ടുമുന്നണിയുണ്ടായെങ്കിലും ലീഗിനു മന്ത്രിസ്ഥാനം നിഷേധിച്ചതും 67 ലെ തെരഞ്ഞെടുപ്പിൽ ലീഗു സി പി ഐ എമ്മിനൊപ്പം ഐക്യ മുന്നണിയിൽ ഒരുമിച്ചതും, എന്നാൽ 69 ൽ വിട്ടുപോയശേഷമുള്ള പ്രസംഗത്തിൽ സി എച്ച് മുഹമ്മദ് കോയ, ജനസംഘ - ആർ എസ് എസ് ശക്തികളെ പ്രീണിപ്പിക്കാൻ നേട്ടങ്ങളുടെ പട്ടികയിൽ നിന്നു മലപ്പുറം ജില്ലാ രൂപീകരണം ഒഴിവാക്കിയതും ഒക്കെ സന്ദർഭോചിതമായി പി ജയരാജൻ വിലയിരുത്തുന്നുണ്ട്.

മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്ലാമി തീർത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേതു പരിഷ്‌ക്കരണത്തിന്, രണ്ടാമത്തേതു പഴയതിന്റെ പുനരുജ്ജീവനത്തിന്

ഈ കൃതിയുടെയും വർത്തമാനകാല മുസ്ലീം രാഷ്ട്രീയതയുടെയും പശ്ചാത്തലത്തിൽ സമകാലികമായ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടി ഈ സന്ദർഭം ഉപയോഗിക്കട്ടെ. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ടു കാണുന്നതു ശരിയാവില്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാൽ, ലീഗ് അങ്ങനെയൊരു നിലപാടിലല്ല. മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്ലാമി തീർത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേതു പരിഷ്‌ക്കരണത്തിന്, രണ്ടാമത്തേതു പഴയതിന്റെ പുനരുജ്ജീവനത്തിന്. മുസ്ലീം ലീഗിന്റെ ചരിത്രം നോക്കിയാൽ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനമായിരുന്നു എന്നു കാണാം. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്നിവ ഉറപ്പാക്കി സമുദായത്തെ പരിഷ്‌ക്കരിക്കുക, ഇതായിരുന്നു തുടക്കത്തിലെ കാഴ്ചപ്പാട്.

ജമാഅത്തെ ആവട്ടെ, പഴയ കാലത്തേക്ക്, അതായതു ഖലീഫാമാരുടെ കാലത്തേക്കു സമുദായത്തെ തിരിച്ചു കൊണ്ടുപോവണമെന്ന നിർബ്ബന്ധമുള്ള പ്രസ്ഥാനമാണ്. ലീഗ് ഇന്ത്യയ്ക്കകത്തുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ, ജമാഅത്തെ ഇസ്ലാമി അന്താരാഷ്ട്ര രാഷ്ട്രീയ പരിവർത്തനത്തിന്, അതായത് ഇസ്ലാമികാധിഷ്ഠിത പരിവർത്തനത്തിനു പ്രതിജ്ഞാബദ്ധമായി നിൽക്കുന്നു. മുസ്ലീം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്ലാമിക ദേശീയത എന്നിവയിൽ കേന്ദ്രീകരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക സാമ്രാജ്യസ്ഥാപന (ഇസ്ലാമിക് ഇംപീരിയലിസം) ത്തിനായി നിലകൊള്ളുന്നു. മുസ്ലീം ലീഗിന് ഇന്ത്യയ്ക്കു പുറത്തു സഖ്യങ്ങളില്ല. എന്നാൽ, ജമാഅത്തെ ഇസ്ലാമിക്ക് യമനിലെ ഷിയാ ഭീകരപ്രവർത്തകർ മുതൽ ഈജിപ്തിലെ ബ്രദർഹുഡ് വരെയുള്ളവരുമായി ബന്ധങ്ങളുണ്ട്.

സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങൾ നടത്തുമ്പൊഴും സാമ്രാജ്യത്വവുമായി ചേർന്നു ശത്രുക്കളെ ഇല്ലാതാക്കാൻ മടിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമി. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനിൽ ജനാധിപത്യപരമായി അധികാരത്തിൽ വന്ന നജീബുള്ള ഭരണം തകർക്കാൻ അവിടുത്തെ ജമാഅത്തെ ഇസ്ലാമി അമേരിക്കൻ സാമ്രാജ്യത്വവുമായി കൈകോർത്തുനിന്നു. ഈജിപ്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകർക്കാൻ ഇസ്ലാമിക് ബ്രദർഹുഡ് - സാമ്രാജ്യത്വ കൂട്ടുകെട്ടിൽ നിന്നു. പലസ്തീനിൽ ഫത്താ പാർട്ടിയെ തകർക്കാനും ഇവർ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി നിന്നു.

ചില സവിശേഷ ഘട്ടങ്ങളിൽ സാമ്രാജ്യത്വവിരുദ്ധത പറയും. എന്നാൽ, സാമ്രാജ്യത്വത്തിന്റെ തന്നെ പിന്തുണയോടെ രക്തപങ്കിലമായ അട്ടിമറി നടത്തുന്ന ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ലീഗിനു സാർവദേശീയ ബന്ധങ്ങളില്ല; പാകിസ്ഥാനുമായിപ്പോലും ബന്ധങ്ങളില്ല. എന്നാൽ, ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂട. അവർ വർഗ്ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേർന്നുനിന്ന് ഇവിടെ കമ്മ്യൂണിസ്റ്റുകാർക്കെതിരെ പ്രവർത്തിക്കാൻ മടികാട്ടുന്നില്ല. നേരിട്ടു സാർവദേശീയ ഭീകരബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേർന്നുനിൽക്കാൻ ലീഗ് മടിക്കുന്നില്ല. കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേർന്ന് സി പി ഐ എം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ എതിർത്തു. ഇവിടെ ലീഗ് ബി ജെ പിയും കോൺഗ്രസുമായി ചേർന്ന് സി പി ഐ എമ്മിനെ എതിർക്കുന്നു.

ആർ എസ് എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്ഥാൻ മുസ്ലീം രാഷ്ട്രമായപ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമാവട്ടെ എന്ന ആർ എസ് എസ് നിലപാടിലായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇരുകൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരു കൂട്ടർക്കും ഇതിൽ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്

ആർ എസ് എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്ഥാൻ മുസ്ലീം രാഷ്ട്രമായപ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമാവട്ടെ എന്ന ആർ എസ് എസ് നിലപാടിലായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇരുകൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരു കൂട്ടർക്കും ഇതിൽ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്. മതേതര ജനാധിപത്യത്തോടും ഇരുകൂട്ടർക്കും കടുത്ത അസഹിഷ്ണുതയാണുള്ളത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. അവർക്കു വേണ്ടതു ഇസ്ലാമിക സാർവദേശീയതയാണ്. ലീഗിന് ഈ നിലപാടില്ല. ലോകത്തെവിടെയുള്ള മുസ്ലീങ്ങളും ഒറ്റ രാഷ്ട്രത്തിലെ പൗരരാണ് ജമാഅത്തെ ഇസ്ലാമിക്ക്. ലീഗിന് അങ്ങനെയല്ല. ആദ്യം മതാടിസ്ഥാനത്തിൽ രാഷ്ട്രങ്ങളെ വേർതിരിക്കുക. പിന്നീട് ഇസ്ലാമിക സാമ്രാജ്യശക്തിയിൽ ഇതര മതരാഷ്ട്രങ്ങളെ തകർത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക. ഇതാണു ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി.

ഇതിൽ ആദ്യത്തേതിനോട്, രാഷ്ട്രത്തെ മതാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കുന്നതിനോട് സംഘപരിവാറിനും പൂർണ്ണ യോജിപ്പുതന്നെ. രണ്ടാം ഘട്ടത്തിൽ ഹിന്ദുസാമ്രാജ്യം സ്ഥാപിക്കലും സംഘപരിവാറിന്റെ ആഗ്രഹത്തിലുണ്ട്. അപ്പോൾ രണ്ടും ഒരേ തൂവൽ പക്ഷികൾ തന്നെ.

ലീഗ് ഉണ്ടാക്കുന്ന വലിയ ആപത്ത്, കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കാനുള്ള വ്യഗ്രതയിൽ അവർ എസ് ഡി പി ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും എന്നുവേണ്ട ഏതു വർഗ്ഗീയ ഭീകര സംഘടനയുമായും കൂട്ടുചേരുന്നു എന്നതാണ്. ഭീകര സംഘടനകൾക്ക് മാന്യത നൽകുന്ന പരിപാടിയാണിത്. ഇത് ലീഗ് അണികൾ തന്നെ തീവ്രവാദ - ഭീകരവാദ ശക്തികളുടെ കുടക്കീഴിലേക്ക് ഒഴുകുന്നതിനാണു വഴിതെളിക്കുക; ലീഗ് അപ്രസക്തമാവുന്നതിനും. അതോടൊപ്പം തന്നെ ഈ കൂട്ടുകെട്ടു ചൂണ്ടിക്കാട്ടി സംഘപരിവാറിന് ധ്രുവീകരണം ശക്തമാക്കൽ എളുപ്പമാക്കിക്കൊടുക്കുക കൂടിയാണിവർ ചെയ്യുന്നത്. ലീഗ് ചെയ്യേണ്ടത് മത തീവ്രവാദ - ഭീകര ശക്തികളോട് സഹകരിക്കില്ല എന്നു പ്രഖ്യാപിക്കലാണ്. ലീഗിന് അതു കഴിയുന്നുമില്ല.

കേരളം ഐ എസ് ഐ എസിലേക്കുള്ള റിക്രൂട്ട്‌മെന്റ് വലിയ തോതിൽ നടക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞാൽ അതു സത്യമല്ല. എന്നു മാത്രമല്ല, അത് കേരളത്തിൽ ഏതുവിധേനയും ഇടപെടാൻ വ്യഗ്രതപ്പെടുന്ന കേന്ദ്രത്തിന് ആയുധം കൊടുക്കലാവുകയേ ഉള്ളൂ. അതോടൊപ്പം തന്നെ സംഘപരിവാറിന് ജനസ്വാധീനമുറപ്പിക്കാനുള്ള പ്രചാരണ ആയുധമാവുക കൂടി ചെയ്യും അത്. അവർ നേരത്തേ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന് ശക്തി പകരലാവും അത്. അത്തരം പ്രചാരണങ്ങളെ എതിർക്കണം. അതോടൊപ്പം തന്നെ ലീഗിന്റെ അവസരവാദങ്ങൾ തുറന്നുകാട്ടുകയും വേണം.

മസ്ജിദിനും മതനിരപേക്ഷതയ്ക്കും കാവൽ നിന്നു രക്തസാക്ഷിത്വം വരിച്ച തലശ്ശേരിയിലെ കുഞ്ഞിരാമന്റെ പാർട്ടിയാണു സി പി ഐ (എം). അതിനെ സംഘപരിവാറുമായി രഹസ്യബന്ധമുണ്ടാക്കുന്ന പാർട്ടിയായി ചിത്രീകരിക്കുന്നതോ? ആർ എസ് എസ് ശാഖയ്ക്കു കാവൽ നിന്നുവെന്ന് അഭിമാനത്തോടെ പറയുന്ന കെ സുധാകരന്റെ പാർട്ടി. ആ സുധാകരൻ ലീഗിന്റെ മുന്നണിയുടെ നേതാവാണ്. ആ കൂടാരത്തിൽ ചെന്നു നിന്നുകൊണ്ടാണ് ലീഗ് സി പി ഐ എമ്മിനെ ആക്ഷേപിക്കുന്നത്

മസ്ജിദിനും മതനിരപേക്ഷതയ്ക്കും കാവൽ നിന്നു രക്തസാക്ഷിത്വം വരിച്ച തലശ്ശേരിയിലെ കുഞ്ഞിരാമന്റെ പാർട്ടിയാണു സി പി ഐ (എം). അതിനെ സംഘപരിവാറുമായി രഹസ്യബന്ധമുണ്ടാക്കുന്ന പാർട്ടിയായി ചിത്രീകരിക്കുന്നതോ? ആർ എസ് എസ് ശാഖയ്ക്കു കാവൽ നിന്നുവെന്ന് അഭിമാനത്തോടെ പറയുന്ന കെ സുധാകരന്റെ പാർട്ടി. ആ സുധാകരൻ ലീഗിന്റെ മുന്നണിയുടെ നേതാവാണ്. ആ കൂടാരത്തിൽ ചെന്നു നിന്നുകൊണ്ടാണ് ലീഗ് സി പി ഐ എമ്മിനെ ആക്ഷേപിക്കുന്നത്.

മുസ്ലീംലീഗ് ഇപ്പോൾ മലപ്പുറം ജില്ലയിൽ വലിയ ഒരു പ്രചാരണ പരിപാടി അഴിച്ചുവിട്ടിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തി അപകീർത്തിപ്പെടുത്തുന്നു എന്നതാണത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ലീഗ് ഇതിൻറെ ഭാഗമായി പ്രചരിപ്പിച്ചുവരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൽ പോലീസ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ് എന്നുള്ളതാണ്. സത്യത്തിൽ മുസ്ലീം ലീഗാണ് മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തുന്നത്. കേരളാ പോലീസ് ഏറ്റവും കൂടുതൽ കേസ്സെടുത്തിട്ടുള്ളത് മലപ്പുറം ജില്ലയിലല്ല. അസത്യമാണ് ലീഗ് പ്രചരിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസ്സെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ഒരു ഔദ്യോഗിക രേഖയിലും അങ്ങനെയില്ല. എന്നു മാത്രമല്ല, താരതമ്യേന ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള ജില്ലകളുടെ പട്ടികയിലാണ് മലപ്പുറം. പറയാത്തതു പറഞ്ഞു എന്നു പ്രചരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലീഗ് അവിടെ ചെയ്യുന്നത്.

യാഥാർത്ഥ്യം എന്താണ്? 2023 ൽ മലപ്പുറം ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ് ഐ ആറുകളുടെ എണ്ണം 42,676 ആണ്. എറണാകുളം സിറ്റിയിൽ 70,874 എഫ് ഐ ആറുകളും, എറണാകുളം റൂറലിൽ 37,689 എഫ് ഐ ആറുകളും ഉൾപ്പെടെ എറണാകുളം ജില്ലയിൽ മാത്രം 2023 ൽ ഒരു ലക്ഷത്തിലധികം കേസുകൾ ഉണ്ട് എന്നതാണ് സത്യം. തിരുവനന്തപുരം ജില്ലയിലും ഒരു ലക്ഷത്തിലധികമുണ്ട്.
ആ നിലയ്ക്ക് 40,000 ത്തിൽ ചില്വാനം മാത്രം എഫ് ഐ ആറുകളുള്ള മലപ്പുറത്തെയാണ് ഏറ്റവുമധികം കേസ്സെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അപമാനിക്കുന്നത് എന്നു പറഞ്ഞാൽ അതെങ്ങനെ ശരിയാകും? ശരിയല്ലാത്തതു പ്രചരിപ്പിച്ച് മലപ്പുറം ജില്ല ഏറ്റവും അധികം കുറ്റകൃത്യമുണ്ടാകുന്ന ജില്ലയാണ് എന്ന പ്രതീതി സമൂഹമധ്യത്തിൽ സൃഷ്ടിക്കുന്നതല്ലേ യഥാർത്ഥത്തിൽ ആ ജില്ലയ്ക്ക് എതിരായ അപകീർത്തിപ്പെടുത്തൽ? അത് ചെയ്യുന്നത് ലീഗല്ലേ?

കേസിൻറെ ജനസംഖ്യാപരമായ അനുപാതമെടുത്താലും മലപ്പുറം ജില്ലയിൽ അസാധാരണായി ഒന്നുമില്ല. എന്നുമാത്രമല്ല, പല ജില്ലകളെയും അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലാണ് എന്നു കാണുകയും ചെയ്യാം.

2023 ൽ രജിസ്റ്റർ ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയിലെ എഫ് ഐ ആറുകളുടെ ജനസംഖ്യാനുപാതം 31.51 ശതമാനമാണെങ്കിൽ മലപ്പുറം ജില്ലയിൽ അത് 10.35 ശതമാനം മാത്രമാണ്. ജനസംഖ്യാനുപാതികമായി നോക്കിയാൽ കേരളത്തിലെ ഏറ്റവും കുറഞ്ഞതാണ് ഈ നിരക്ക്. ഈ സത്യം മറച്ചുവെച്ചുകൊണ്ടാണ് മലപ്പുറം ജില്ലയിൽ ഉള്ളവർക്കെതിരെ ഒറ്റതിരിച്ച് കേസ് കുന്നുകൂട്ടുന്നുവെന്ന് ഇവർ പ്രചരിപ്പിക്കുന്നത്. ഉള്ള കേസുകളിൽ തന്നെ വഞ്ചനാക്കുറ്റം, ഭാര്യാ പീഡനം, മോഷണം, അനിയന്ത്രിത ഡ്രൈവിംഗ്, വാഹനാപകടം എന്നിവയുമായി ബന്ധപ്പെട്ടവയാണ് പല കേസുകളും. ഇതാണ് സത്യമെന്നിരിക്കെ ലീഗിൻറെ പ്രചാരണത്തിൽ സത്യമേതുമില്ല.

ഒരു കേസ് ഉണ്ടാകണമെങ്കിൽ ഒരു പരാതി വേണം. പോലീസിന് ലഭിക്കുന്ന പരാതിയിൽ കേസ്സെടുക്കാൻ പാടില്ലായെന്നാണോ ഇവർ പറയുന്നത്. അങ്ങനെ വന്നാൽ അത് നിയമവാഴ്ചയുടെ തകർച്ചയാണ്. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ കേസ്സെടുത്ത് ഫലപ്രദമായ നടപടി സ്വീകരിക്കുക എന്നതാണ് നിയമവാഴ്ച. കേസ്സെടുക്കരുത് എന്നു പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും ഫലപ്രദമായി കേസ് നടപടികൾ നീക്കുന്നതുകൊണ്ടാണ് നിയമവാഴ്ചയിൽ ഒന്നാമതായി നിൽക്കുന്ന സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത്.

കുറ്റകൃത്യം ചെയ്യുന്നവർക്കെതിരായാണ് കേസ്. അത് ഏതെങ്കിലും ജില്ലയിൽപ്പെട്ടവർക്കോ ജനവിഭാഗങ്ങൾക്കോ എതിരായല്ല. മറിച്ച് വ്യാഖ്യാനിച്ച് കുറ്റവാളികളെ സംരക്ഷിക്കാമെന്ന് ആരും കരുതേണ്ടതുമില്ല. ഒരു പ്രത്യേക വിഭാഗത്തെ അക്രമകാരികളായി ചിത്രീകരിക്കുകയാണ് എന്നുപറഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടുത്താമെന്നും കരുതേണ്ടതില്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ, പ്രത്യേക പ്രദേശത്തുള്ളവരെയോ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ അനുവദിക്കുകയുമില്ല. ഒരു കുറ്റവും ചെയ്യാത്ത നിഷ്ക്കളങ്കരായ ജനങ്ങളെ പരിചയാക്കി കുറ്റവാളികളെ സംരക്ഷിച്ചെടുക്കാമെന്ന് കരുതേണ്ടതില്ല.

മലപ്പുറം എന്നു കേട്ടാലുടൻ ഇസ്ലാമിനെതിരെ പറഞ്ഞു എന്നാവും ലീഗു പ്രചാരണം. മലപ്പുറം മതജില്ലയാണെന്നും കുട്ടിപാകിസ്ഥാനാണെന്നുമൊക്കെ വാദിക്കുന്ന സംഘപരിവാറുകാരുടെ വാദം ഏറ്റെടുക്കലല്ലേ അത്? എന്തിനാണീ നിലപാട്? ഇപ്പോൾ, മലപ്പുറം ജില്ലയുണ്ടാക്കിയതു ഞങ്ങൾ കൂടിയാണെന്നു ലീഗു പറയുന്നുണ്ട്. എന്നാൽ, ആ ജില്ല ഉണ്ടാക്കിയതിന്റെ പേരിൽ ആക്ഷേപം കേൾക്കാൻ കമ്മ്യൂണിസ്റ്റുകാർ മാത്രമേ ഉണ്ടായുള്ളൂ

മലപ്പുറം എന്നു കേട്ടാലുടൻ ഇസ്ലാമിനെതിരെ പറഞ്ഞു എന്നാവും ലീഗു പ്രചാരണം. മലപ്പുറം മതജില്ലയാണെന്നും കുട്ടിപാകിസ്ഥാനാണെന്നുമൊക്കെ വാദിക്കുന്ന സംഘപരിവാറുകാരുടെ വാദം ഏറ്റെടുക്കലല്ലേ അത്? എന്തിനാണീ നിലപാട്? ഇപ്പോൾ, മലപ്പുറം ജില്ലയുണ്ടാക്കിയതു ഞങ്ങൾ കൂടിയാണെന്നു ലീഗു പറയുന്നുണ്ട്. എന്നാൽ, ആ ജില്ല ഉണ്ടാക്കിയതിന്റെ പേരിൽ ആക്ഷേപം കേൾക്കാൻ കമ്മ്യൂണിസ്റ്റുകാർ മാത്രമേ ഉണ്ടായുള്ളൂ.

ആ ആക്ഷേപം കത്തിനിൽക്കുമ്പോൾ തന്നെ, അങ്ങനെ ആക്ഷേപിക്കുന്നവരുടെ, മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജാഥ നയിച്ചവരുടെ വണ്ടിയിൽ കേറി പോയില്ലേ നിങ്ങൾ? അന്ന് മുന്നണി വിട്ടുപോവുമ്പോൾ ലീഗു നേതാവു നടത്തിയ പ്രസംഗത്തിൽ മലപ്പുറം ജില്ലാ രൂപീകരണം തങ്ങളുടെ നേട്ടമാണെന്നു പറയാതിരുന്നതുപോലും ജില്ലാ വിരുദ്ധരെ സന്തോഷിപ്പിക്കാനായിരുന്നില്ലേ?

ഒരു പോലീസുകാരൻ ആർ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആർ എസ് എസ് നേതാക്കളുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുൻ കേരള അമീർ കൂടിയായ അതിന്റെ ദേശീയ സെക്രട്ടറിയുടെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂർ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താൻ സംഘപരിവാറിനേക്കാൾ ആവശേം?

ഈയൊരു വർത്തമാന സാഹചര്യത്തിലാണ് ഇന്നു പ്രകാശിതമാവുന്ന പി ജയരാജന്റേതു പോലത്തെ കൃതികൾ പ്രസക്തമാകുന്നത്. കാരണം, അവ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് ഭൂതകാലത്തെയും വർത്തമാനകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി നിലകൊള്ളുന്നു. ഇത്തരം പാലങ്ങൾ കൂടുതലായി പണിത് ഭാവിയിലേക്കുള്ള നമ്മുടെ പ്രയാണത്തെ സുഖകരമാക്കുക എന്നത് ഈ സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഏതൊരു വ്യക്തിയുടെയും കടമയാണ്. ആ കടമ നിർവ്വഹിച്ച സഖാവ് പി ജയരാജനെ അഭിനന്ദിച്ചുകൊണ്ടും ഈ കൃതി വായനാസമൂഹത്തിനു പുതിയ ഉൾക്കാഴ്ചകൾ നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഉപസംഹരിക്കുന്നു.

Content Highlights: Full version of Pinarayi Vijayan's Kozhikode speech, which mentions the Muslim League, Jamaat-e-Islami, and RSS

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us