പെരിയാർ, കാമരാജ്, അംബേദ്കർ എന്നിവർക്കൊപ്പം വിജയ്‌യുടെ പാർട്ടിക്ക് വഴികാട്ടി; അഞ്ജലൈ അമ്മാള്‍ ആരാണ്?

തമിഴ്നാടിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള അഞ്ജലൈ അമ്മാളിൻ്റെ കട്ടൗട്ട് വലിയ പ്രധാന്യത്തോടെയാണ് കാമരാജ്, അംബേദ്കർ, പെരിയാർ എന്നിവർക്കൊപ്പം തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഇടംപിടിച്ചത്

dot image

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ആദ്യത്തെ സംസ്ഥാന സമ്മേളനത്തിന് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ കൊടിയുയർന്നിരിക്കുകയാണ്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ആ​ഗസ്റ്റ് 22ന് പാർട്ടിയുടെ പതാകയും ഫ്ലാ​ഗ് സോങ്ങും വിജയ് പുറത്തിറക്കിയിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷം തമിഴക വെട്രി കഴകത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടിയായി അം​ഗീകരിച്ചെന്നും വിജയ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴക വെട്രി കഴകത്തിൻ്റെ കരുത്ത് തെളിയിക്കുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

വിജയ്‌യുടെ പാർട്ടിയുടെ സമ്മേളനവേദിയുടെ ചുറ്റും തമിഴ്-ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ തലയെടുപ്പുള്ള നേതാക്കളുടെ കട്ടൗട്ടുകൾ ഇടംപിടിച്ചിട്ടുണ്ട്. കാമരാജിൻ്റെയും പെരിയാറിൻ്റെയും

നാച്ചിയാറിന്‍റെയും കട്ടൗട്ടുകൾക്കൊപ്പം അംബേദ്കറുടെയും കട്ടൗട്ട് വേദിക്ക് ചുറ്റും ഉയർന്നിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയപാ‍ർട്ടിയുടെ യോ​ഗത്തിന് ഒരുപക്ഷെ തമിഴകത്ത് മറ്റുനേതാക്കൾക്കൊപ്പം പ്രധാന്യത്തോടെ ഉയർന്നിട്ടുള്ള വനിതാ നേതാവിൻ്റെ ചിത്രം ഒരുപക്ഷെ ജയലളിതയുടേത് മാത്രമാകും. എന്നാൽ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ടുകളിൽ ഇടംപിടിച്ചിരിക്കുന്ന വനിതയാണ് ഇപ്പോൾ എല്ലാവരുടെയും സവിശേഷ ശ്രദ്ധ ആക‍ർഷിച്ചിരിക്കുന്നത്.

വിജയ്‌യുടെ പാർട്ടിയുടെ സമ്മേളനവേദിയിലെ കട്ടൗട്ടിൽ ഇടംപിടിച്ച അഞ്ജലൈ അമ്മാളിനെ അറിയാം

തമിഴ്നാടിൻ്റെ രാഷ്ട്രീയ-നവോത്ഥാന ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച, മഹാത്മാ​ഗാന്ധി 'ദക്ഷിണേന്ത്യയിലെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ച അഞ്ജലൈ അമ്മാളിൻ്റെ കട്ടൗട്ടാണ് വലിയ പ്രാധാന്യത്തോടെ തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളന വേദിക്ക് പുറത്ത് ഇടംപിടിച്ചിരിക്കുന്നത്. സ്ത്രീകൾ വീടിന് പുറത്തിറങ്ങാൻ മടിച്ചിരുന്ന കാലത്താണ് അഞ്ജലൈ അമ്മാൾ പൊതുരംഗത്തേയ്ക്ക് വന്നതെന്നാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാടിൻ്റെ നവോത്ഥാന ചരിത്രത്തിൽ അഞ്ജലൈ അമ്മാൾ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ ഈ അടയാളപ്പെടുത്തൽ തന്നെ ധാരാളമാണ്. തമിഴ്നാട്ടിലെ പ്രധാന നേതാക്കളായ രാജാജി, കാമരാജ് തുടങ്ങിയവരും ഏറെ ബഹുമാനിച്ചിരുന്ന നേതാവായിരുന്നു അഞ്ജലൈ അമ്മാൾ.

1890 ജൂൺ 1ന് കടലൂരിലെ ഒരു സാധാരണ നെയ്ത്തുകാരുടെ കുടുംബത്തിലായിരുന്നു അഞ്ജലൈ അമ്മാളുടെ ജനനം. ഗ്രാമത്തിലെ സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ച അഞ്ജലൈ അമ്മാൾ 1908ൽ വിവാഹിതയായി. ഗാന്ധിജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ ആവേശം തമിഴ്നാട്ടിലും അലയടിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഭർത്താവ് മുരുകപ്പയ്ക്കൊപ്പം സ്വാതന്ത്ര്യസമരത്തിൽ ഇവർ പങ്കാളിയാകുന്നത്. 1921ലെ നിസ്സഹകരണ സമരത്തിൽ ഇവർ പങ്കാളിയായി. പക്ഷെ അഞ്ജലൈ അമ്മാളുടെ പോരാട്ടവീര്യം പ്രകടമാകുന്നത് 1927ലായിരുന്നു. കേണൽ നീലിൻ്റെ പ്രതിമ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന സമരം സ്വാതന്ത്ര്യ പോരാട്ടത്തിൽ അഞ്ജലൈ അമ്മാളിൻ്റെ പ്രതിബദ്ധതയുടെ അടയാളമായി മാറി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായ ദേശസ്നേഹികളെ അതിക്രൂരമായി തൂക്കിലേറ്റിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ നീൽ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ അവർക്കുള്ള മറുപടിയായിരിക്കും തൂക്കുമരങ്ങൾ എന്ന മുന്നറിയിപ്പ് നൽകിയായിരുന്നു നീലിൻ്റെ ക്രൂരത അരങ്ങേറിയത്. എന്നാൽ പിന്നീട് നടന്ന ഉപരോധത്തിൽ നീൽ കൊല്ലപ്പെട്ടു. 1860ൽ നീലിൻ്റെ പ്രതിമ ഇത്തത്തെ ചെന്നൈയിലെ അണ്ണാശാലയിലെ സ്പെൻസർ കോംപ്ലക്സിൽ സ്ഥാപിച്ചു.

1927-ൽ മദ്രാസ് മഹാജനസഭയും ഇന്ത്യൻ നാഷണൽ കോൺഗ്രസും (INC) ഈ പ്രതിമ നീക്കം ചെയ്യുന്നതിനായി ഒരുവലിയ സംയുക്ത സമരം സംഘടിപ്പിച്ചു. അഞ്ജലൈ അമ്മാളും അവരുടെ ഭർത്താവും ഈ സമരത്തിൽ സജീവമായി പങ്കെടുത്തു. ഇവർക്കൊപ്പം അവരുടെ ഒൻപത് വയസ്സുകാരി മകൾ അമ്മപ്പൊണ്ണും സമരത്തിൽ പങ്കെടുത്തിരുന്നു. ഒടുവിൽ പ്രക്ഷോഭകാരികൾ പ്രതിമ തകർത്തു. പ്രതിമ തകർത്തതിന്റെ പേരിൽ അഞ്ജലൈ അമ്മാളിനെയും ഭർത്താവ് മുരുകപ്പയെയും ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു. മകൾ അമ്മപ്പൊണ്ണിനെ നാലര വർഷത്തോളം റിഫോം സ്കൂളിലേയ്ക്ക് അയച്ചു. അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം രണ്ട് സ്ത്രീകളെയാണ് ഈ സംഭവത്തിൽ തടവിലാക്കിയത്. ഒരാൾ അഞ്ജലൈ അമ്മാളും മറ്റൊരാൾ മധുരൈ പത്മസിനി അമ്മാളുമായിരുന്നു.

തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തിയ ഗാന്ധിജി കടലൂരിലെ ജയിലെത്തി അഞ്ജലൈ അമ്മാളിനെയും മുരുഗപ്പയെയും സന്ദർശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത് ശിക്ഷ അനുഭവിക്കുന്ന ഇവരുടെ മകൾ അമ്മപ്പൊണ്ണിനോടും ഗാന്ധിജി സവിശേഷമായ വാത്സല്യം കാണിച്ചിരുന്നു. ശിക്ഷ അവസാനിച്ചതിന് ശേഷം അമ്മപ്പൊണ്ണിന് ലീലാവതി എന്ന് പേരിടുകയും വാർദ്ധ ആശ്രമത്തിൽ കൊണ്ടുപോയി വളർത്തുകയും ചെയ്തു. അഞ്ജലൈ അമ്മാളെ സംബന്ധിച്ച് അത് അവസാന

ജയിൽജീവിതമായിരുന്നില്ല. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ 1931 ജനുവരി 10ന് അഞ്ജലൈ അമ്മാളെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട് വെല്ലുർ ജയിലിൽ അടയ്ക്കപ്പെടുമ്പോൾ അവർ ആറ് മാസം ഗർഭിണിയായിരുന്നു. പരോളിൽ ഇറങ്ങി പ്രസവിച്ച അഞ്ജലൈ അമ്മാളിന് 15 ദിവസം പ്രായമായ കുട്ടിയുമായി ശിക്ഷാകാലാവധി പൂർത്തിയാക്കാൻ വീണ്ടും ജയിൽ കഴിയേണ്ടി വന്നു. ജയിൽ ശിക്ഷയ്ക്കിടെ പരോളിൽ ജനിച്ച ആൺകുട്ടിക്ക് 'ജയിൽ വീരൻ' എന്നാണ് പേര് നൽകിയത്. പിന്നീട് ഈ കുട്ടി 'ജയവീരൻ' എന്നാണ് അറിയപ്പെട്ടത്.

1931-ൽ ചെന്നൈയിൽ നടന്ന അഖിലേന്ത്യാ മഹിളാ കോൺഗ്രസിൻ്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചത് അഞ്ജലൈ ആയിരുന്നു. 1932ൽ ഗാന്ധിജിയുടെ മദ്യനിരോധന നയത്തെ പിന്തുണച്ച് മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യുന്ന റാലി അഞ്ജലൈയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഈ സമരത്തിൻ്റെ പേരിൽ 9 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട അഞ്ജലൈ ബെല്ലാരി ജയിലിൽ അടയ്ക്കപ്പെട്ടു. അഞ്ജലൈ പിന്നീട് ജയിൽമോചിതയായി എത്തിയത് മറ്റൊരു സമരമുഖത്തേയ്ക്കായിരുന്നു. 1933-ൽ ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് നടന്ന വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാനുള്ള സമരത്തിൽ അവർ പങ്കെടുത്തു. സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ വീണ്ടുമൊരു മൂന്ന് മാസത്തെ തടവിന് കൂടി അഞ്ജലൈ ശിക്ഷിക്കപ്പെട്ടു. സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തിൻ്റെ പേരിൽ 1940-ൽ ആറുമാസത്തെ കഠിന തടവിനും അഞ്ജലൈ ശിക്ഷിക്കപ്പെട്ടു. കണ്ണൂർ ജയിലിലേയ്ക്കായിരുന്നു അവരെ അയച്ചത്. ജയിൽ മോചിതയായി അഞ്ജലൈ അമ്മാളെത്തിയത് ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ നേതൃത്വത്തിലേയ്ക്കായിരുന്നു. സമരപ്രവർത്തനങ്ങൾക്കായി ഈ കാലയളവിൽ അഞ്ജലൈ തമിഴ്നാട്ടിലുടനീളം സഞ്ചരിച്ചു.

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ അസാമാന്യ ധൈര്യം കാണിച്ച നേതാവായിരുന്നു അഞ്ജലൈ അമ്മാൾ. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതിൻ്റെ പേരിൽ ഏതാണ്ട് നാല് വർഷവും അഞ്ച് മാസവുമാണ് അഞ്ജലൈ അമ്മാൾക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കൈക്കുഞ്ഞുമായി സധൈര്യം ജയിൽ ശിക്ഷയ്ക്കായി കടന്നു ചെന്ന അവരുടെ പോരാട്ടവീര്യം ആ നിലയിൽ തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗാന്ധിജി അവരെ 'ദക്ഷിണേന്ത്യയിലെ ഝാൻസി റാണി' എന്ന് വിളിക്കാനിടയായ സാഹചര്യം അഞ്ജലൈ അമ്മാളിൻ്റെ അസാമാന്യ ധീരതയുടെ ചിത്രം അടയാളപ്പെടുത്തുന്നതാണ്. 1934ൽ കടലൂരിൽ വന്നപ്പോൾ അഞ്ജലൈ അമ്മാളെ കാണാൻ ഗാന്ധിജി ശ്രമിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഇതിന് അനുമതി നൽകിയില്ല. എന്നാൽ ഭരണകൂടത്തിൻ്റെ എതിർപ്പുകളെ മറികടന്ന് ബുർഗ ധരിച്ച് കുതിരവണ്ടിയിൽ വന്ന് അഞ്ജലൈ അമ്മാൾ ഗാന്ധിജിയെ കാണുക തന്നെ ചെയ്തു. ഈ ധീരത കണ്ടായിരുന്നു ഗാന്ധിജി അവരെ 'ദക്ഷിണേന്ത്യയിലെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചത്.

പൊതുപ്രവർത്തന ജീവിതത്തിനിടയിൽ മൂന്ന് വട്ടം കടലൂർ നിയോജകമണ്ഡലത്തിൽ നിന്നും അവർ മദ്രാസ് പ്രവിശ്യാ നിയമസഭാംഗമായി 1937, 1946, 1952 വർഷങ്ങളിലാണ് കടലൂർ നിയോജകമണ്ഡലത്തിൽ നിന്ന് അവർ തിരഞ്ഞെടുക്കപ്പെട്ടത്. 1961 ഫെബ്രുവരി 20-നാണ് അഞ്ജലൈ അമ്മാള്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

തമിഴ്നാടിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള അഞ്ജലൈ അമ്മാളിൻ്റെ കട്ടൗട്ട് വലിയ പ്രധാന്യത്തോടെ കാമരാജ്, അംബേദ്കർ, പെരിയാർ എന്നിവർക്കൊപ്പം തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഇടംപിടിച്ചത് അതിനാൽ തന്നെ വലിയ പ്രാധാന്യത്തോടെയാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്. നേരത്തെ 2023 നവംബർ രണ്ടിന് അഞ്ജലൈ അമ്മാളിൻ്റെ പ്രതിമ കടലൂരിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനാച്ഛാദനം ചെയ്തിരുന്നു. ഉദയനിധി സ്റ്റാലിൻ അടക്കം ഡിഎംകെയുടെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രതിമ നാടിന് സമ‍ർപ്പിച്ചത്.

ഡിഎംകെയെ നേരിട്ടെതി‍ർക്കുന്ന രാഷ്ട്രീയ തന്ത്രമായിരിക്കും തമിഴക വെട്രി കഴകം സ്വീകരിക്കുക എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതിനാൽ തന്നെ തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ കാമരാജ്, അംബേദ്കർ, പെരിയാർ എന്നിവർക്കൊപ്പം അഞ്ജലൈ അമ്മാളിനും പ്രധാന്യത്തോടെ ഇടം ലഭിച്ചത് വിജയ്‌യുടെ ഭാവിരാഷ്ട്രീയ നീക്കത്തിൻ്റെ ദിശാസൂചികയാകുന്നുണ്ട്.

Content Highlights: Anjalai Ammal was an Indian freedom fighter, social worker, reformer and politician from Cuddalore|

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us