ദീപാവലിയോട് അനുബന്ധിച്ച് മഹാഭാരതം അവതരിപ്പിക്കാൻ എഴുത്തുകാരനും സിനിമാ സംവിധായകനുമായ മഹമൂദ് ഫാറൂഖിയെ ക്ഷണിച്ച ഐഐടി ബോംബെക്ക് പിന്നീട് നടപടി തിരുത്തേണ്ടി വന്നു. ഒക്ടോബർ 26 വൈകുന്നേരം നടത്താനിരുന്ന 'ദസ്താൻ-ഇ-കർൺ-എസെഡ് മഹാഭാരത്' എന്ന പരിപാടിയിലേക്കാണ് മഹമൂദ് ഫാറൂഖിയെ ക്ഷണിച്ചത്. എന്നാല്‍, ഫാറൂഖിക്കെതിരെ ബലാത്സംഗ ആരോപണം നിലനില്‍ക്കുന്നതിനാല്‍ പിന്നീട് തീരുമാനം മാറ്റേണ്ടിവരികയായിരുന്നു.
'ഐഐടി ബി ഫോർ ഭാരത്' എന്ന പേരിലുള്ള സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ് ഇതിനെതിരെ ആദ്യം എതിർപ്പ് ഉന്നയിച്ചത്. ഐഐടി ബോംബെയിൽ ഫാറൂഖിയെ ക്ഷണിച്ചത് സ്ഥാപനത്തിലെ എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷയെയും ബഹുമാനത്തെയും അന്തസ്സിനെയും ബാധിക്കുമെന്നും, തങ്ങളുടെ സ്ഥാപനത്തിൻ്റെ നിലപാടിനെ ദുർബലപ്പെടുത്തുമെന്നും ഐഐടി ബി ഫോർ ഭാരത് അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും അംഗീകരിക്കാനാകില്ലെന്നും ഇത് അതിജീവിച്ചവരുടെ അനുഭവങ്ങളെ അസ്വസ്ഥമാക്കുന്നതിനാൽ പിന്തുണയക്കാൻ ആകില്ല എന്നും സംഘടന കൂട്ടി ചേർത്തു.
മഹമൂദ് ഫാറൂഖിക്കെതിരായ ബലാത്സംഗ കേസ് കണക്കിലെടുത്ത് പരിപാടി റദ്ദാക്കണമെന്ന് സന്നദ്ധ സംഘടന ആവശ്യപ്പെട്ടിരുന്നു. ഐഐടി കാമ്പസ് സ്കൂളിലും ജൂനിയർ കോളേജിലും ഇയാളെ മുഖ്യ അതിഥിയായും ക്ഷണിച്ചിരുന്നു. ക്ഷണത്തെച്ചൊല്ലി എതിർപ്പ് ഏറി വന്നതിനെ തുടർന്ന് ഐഐടി-ബോംബെയുടെ അഡ്മിനിസ്ട്രേഷൻ പരിപാടി റദ്ദാക്കാൻ നിർബന്ധിതരായി.
മുഹമൂദ് ഫാറൂഖി ഒരു ഇന്ത്യൻ എഴുത്തുകാരനും, സിനിമാ സംവിധായകനും ആണ്. 2004 മുതൽ ഉറുദു ഭാഷയിൽ പതിനാറാം നൂറ്റാണ്ടിലെ പരമ്പരാഗത കഥപറച്ചിലിൻ്റെ കലയായ ദസ്താംഗോയിൽ വിദഗ്ധനാണ്. ഇതോടൊപ്പം ആധുനിക ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ സാങ്കൽപ്പിക വിവരണമായ ദസ്താൻ-ഇയെ കുറിച്ചുള്ള രചനകളും പ്രകടനങ്ങളും ഫാറൂക്കിയുടെ കൃതികളിൽ ഉൾപ്പെടുന്നു. 2010ൽ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കാർ അവാർഡിന് ഫാറൂക്കി അർഹനായിരുന്നു. ഫാറൂഖിയുടെ പുസ്തകമായ Besiieged: voices from Delhi ഈ വർഷത്തെ മികച്ച നോൺ-ഫിക്ഷൻ പുസ്തകത്തിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം നേടിയിരുന്നു. 2016- ലാണ് മഹമൂദ് ഫാറൂഖിക്ക് എതിരെ കേസ് അമേരിക്കൻ ഗവേഷകയുടെ ബലാത്സംഗ കേസ് പുറത്ത് വന്നത്.
2015 മാർച്ച് 28 ന് തൻ്റെ വസതിയിൽ വച്ച് ഒരു അമേരിക്കൻ ഗവേഷകയെ ബലാത്സംഗം ചെയ്തതായാണ് മഹമൂദിനെതിരെയുള്ള കേസ്. ഫാറൂഖിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ പെൺകുട്ടിയെ മദ്യപിച്ച് പീഡിപ്പിക്കുകയായിരുന്നു. തൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി തന്നെ ചുംബിക്കുകയും ബലാൽക്കാരമായി പീഡനത്തിന് വിധേയം ആക്കുകയുമായിരുന്നു എന്നാണ് അതിജീവിതയുടെ മൊഴി. കുറ്റകൃത്യത്തിൻ്റെ ഹീനമായ സ്വഭാവം ഉയർത്തിക്കാട്ടി അതിജീവിത ഫാറൂഖിക്ക് ഒരു ഇമെയിൽ അയച്ചിരുന്നു. ഇതിന് ബദലായി തൻ്റെ ആത്മാർത്ഥമായ ക്ഷമാപണം എന്ന സന്ദേശമാണ് ഫാറൂഖി അയച്ചത്. 2016 ഓഗസ്റ്റ് 4-ന് ഒരു വിചാരണ കോടതി ഫാറൂഖിയെ 7 വർഷത്തെ തടവിന് ശിക്ഷിച്ചു. 14 മാസത്തോളം ഫാറൂഖി ജയിലിൽ കിടന്നു. പിന്നീട് ഒരു വർഷത്തിനുശേഷം 2017 നവംബർ 25-ന് ഡൽഹി ഹൈക്കോടതി പ്രതിക്ക് 'ബെനിഫ്റ്റ് ഓഫ് ഡൗട്ടിൻ്റെ' പേരിൽ വിധി റദ്ദാക്കി നൽകുകയും ചെയ്തു. ഇരയുടെ ഭാഗത്തുനിന്ന് സമ്മതമില്ലെന്ന് ഫാറൂഖി മനസ്സിലാക്കിയില്ലെന്ന് അവകാശപ്പെട്ട് സിംഗിൾ ജഡ്ജി ബെഞ്ചാണ് എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെവിട്ടത്. പിന്നീട് 2018 ജനുവരിയിൽ സുപ്രീം കോടതിയും വിധി ശരിവെക്കുകയായിരുന്നു.
Content highlight- IIT Bombay invited rape accused Mahmood Farooqui to present Mahabharata.